Local NewsNews

കുപ്പിവെള്ളത്തിന് വിലകുറച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി

കുപ്പിവെള്ളത്തിന്റെ (Bottled Water) വില 13 രൂപയായി കുറച്ച കേരള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വില കുറയ്ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ലെന്നും കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലയിരുത്തി.

വിലവര്‍ധന വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. കുപ്പിവെള്ള വില നിര്‍ണ്ണയത്തില്‍ പാലിക്കേണ്ട നടപടികള്‍ അറിയിക്കാനും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2018 മെയ് 10നാണ് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണവുമായി രംഗത്തെത്തിയത്. കുപ്പിവെള്ളത്തിനെ അവശ്യവസ്തുക്കളില്‍ (Essential Commodity) ഉള്‍പ്പെടുത്തി ഉല്‍പ്പാദകരുടെ എതിര്‍പ്പ് മറികടന്നാണ് വില കുറച്ചത്. ആറ് രൂപയില്‍ താഴെ മാത്രം ഉല്‍പ്പാദന ചെലവുള്ള ശരാശരി എട്ട് രൂപയ്ക്കാണ് കമ്പനികള്‍ കടകളില്‍ കൊടുക്കുന്നത്. ഇത് 12 രൂപയോളം ലാഭമെടുത്താണ് വ്യാപാരികള്‍ വില്‍ക്കുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. വില കുറച്ചതിനൊപ്പം ബിഐഎസ് ഗുണനിലവാരമുള്ള (BIS Standard) കുപ്പിവെള്ളം മാത്രമേ വില്‍ക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഏതാനും കമ്പനികള്‍ വില കുറയ്ക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും 15 രൂപയാക്കണമെന്നായിരുന്നു ഉല്‍പ്പാദകരുടെ ആവശ്യം. ഇത് അംഗീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 13 രൂപയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button