Local NewsNews

കണ്ണൂര്‍ വി.സി പുനര്‍നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

മാധ്യമങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ലെന്ന് മന്ത്രി ആര്‍. ബിന്ദു

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ (Kannur University) ഡോ. ഗോപിനാഥ് രവീന്ദ്രനെ (Dr. Gopinath Raveendran) വൈസ് ചാന്‍സിലറായി പുനര്‍നിയമിച്ച ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ (Amit Rawal) സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയത്. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

ഡോ.ഗോപിനാഥിന്റെ പുനര്‍നിയമനത്തിന് ഗവര്‍ണ്ണര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വിവാദം നേരിടുന്ന സര്‍ക്കാരിന് ഈ കോടതി നടപടി ആശ്വാസമായിരിക്കുകയാണ്. അതേസമയം ഡോ. ഗോപിനാഥിനെ വീണ്ടും നിയമിക്കാനും സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് ഏത് ചട്ടപ്രകാരമാണെന്ന് മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു (R. Bindu) പ്രതികരിച്ചു. ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമനം കോടതി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. നിയമനത്തില്‍ എന്തെങ്കിലും അപാകതയുള്ളത് കോടതി കണ്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന ആശയവിനിമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യുന്നത് ധാര്‍മ്മികമല്ല. അതൊരു ഡിപ്ലോമാറ്റിക് ബന്ധമാണ്. ആ ബന്ധത്തിന്റെ മാന്യത കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ മാന്യത കാണിച്ചില്ലെന്ന് പറയാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹത്തിന് തന്റെ പിതാവിനേക്കാള്‍ പ്രായവും ജീവിത പരിചയവുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button