National NewsNews

ഒമിക്രോണ്‍ വ്യാപനം: വാക്‌സിനുകള്‍ ഫലപ്രദമാകുമോയെന്ന്‌ സംശയമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി

വേഗത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിനുകള്‍ ഇന്ത്യയിലുണ്ടാക്കണമെന്നും വി.കെ പോള്‍

കോവിഡ് -19 (Covid 19) വകഭേദമായ ഒമിക്രോണ്‍ (Omicron) ആശങ്ക പരത്തുന്നതിനിടയില്‍ വൈറസിന്റെ സ്വഭവം മാറുന്നതിനനുസരിച്ച് വേഗത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിനുകള്‍ ഇന്ത്യയിലുണ്ടാക്കണമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് (Covid Task Force) മേധാവി ഡോ. വി.കെ പോള്‍ (Dr. V.K Paul) പറഞ്ഞു. ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിനുകള്‍ ഫലപ്രദമാകുമോയെന്നത് സംശയമാണെന്നും ഇതിനെപ്പറ്റി വ്യക്തമായ ധാരണ വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

B.1.1.529 എന്ന പുതിയതും കൂടുതല്‍ വ്യാപനശേഷിയുള്ളതുമായ കോവിഡ് വകഭേദം ലോകാരോഗ്യ സംഘടന(WHO) നവംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍, വേഗത്തില്‍ പ്രതിരോധിക്കുന്ന വാക്സിനുകളുണ്ടെന്ന് ഉറപ്പാക്കുകയും, വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് വാക്സിനില്‍ മാറ്റം വരുത്തേണ്ടതുമുണ്ടെന്ന് നീതി ആയോഗ് (Niti Ayog) അംഗം കൂടിയായ ഡോ. പോള്‍ പറഞ്ഞു.

ഈ മഹാമാരി കാലത്ത് ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി മരുന്നാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ മരുന്ന് വ്യവസായത്തിന്റെ സ്വഭാവം പരിശോധിക്കേണ്ടതുണ്ടെന്നും, കോവിഡ് -19 ഉള്‍പ്പെടെയുള്ള മഹാമാരികളെ ചെറുക്കുന്നതിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസുകളെ നിസ്സാരമായി കാണാനാകില്ലെന്ന് കൊറോണ വൈറസ് പഠിപ്പിച്ചുവെന്നും, പകര്‍ച്ച വ്യാധികള്‍ അവസാനിച്ചിട്ടില്ലെന്നും സാധ്യതകളനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button