News

ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ആശങ്കയില്‍ കേരളവും

2004ല്‍ ഇന്തോനേഷ്യന്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ കേരളത്തിലെ 136 പേര്‍ കൊല്ലപ്പെട്ടിരുന്നു

കിഴക്കന്‍ ഇന്തോനേഷ്യയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം (Earthquake) റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ശക്തമായ സുനാമിക്ക് (Tsunami) സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചെ 3.20ന് മൗമേര്‍ പട്ടണത്തിന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഫ്‌ലോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 1000 കിലോമീറ്റര്‍ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സമീപകാല ഭൂകമ്പങ്ങള്‍ സുനാമി, മണ്ണിടിച്ചിലുകള്‍ തുടങ്ങിയവയ്ക്ക് കാരണമായിട്ടുണ്ട്. ജപ്പാനില്‍ നിന്ന് തെക്കു കിഴക്കന്‍ ഏഷ്യ വഴി പസഫിക്ക് സമുദ്രത്തിലെത്തുന്ന തീവ്രഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ പസഫികിലെ റിംഗ് ഓഫ് ഫയറിലെ സ്ഥാനം മൂലം ഇന്തോനേഷ്യയെയും ബാധിക്കുകയും ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും പതിവാകുകയും ചെയ്യാറുണ്ട്.

2004ല്‍ റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിലണ്ടായ ഏറ്റവും വലിയ ഭൂചലനം. തുടര്‍ന്ന് സുമാത്ര തീരത്ത് സുനാമി തിരകള്‍ ആഞ്ഞടിക്കുകയും 220,000 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് കേരളത്തെയും സാരമായി ബാധിച്ചു. 136 പേരാണ് കേരളത്തില്‍ അന്നുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ഈ ഭൂകബം ‘ബോക്‌സിങ് ഡേ’ ദുരന്തം (Boxing Day Tsunami) എന്നാണ് അറിയപ്പെടുന്നത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്തോനേഷ്യയിലുണ്ടാകുന്ന ഭൂചലനങ്ങള്‍ കേരള തീരത്തെയും ആശങ്കയിലാക്കാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button