National NewsNews

ഡിജെ പാര്‍ട്ടി വീഡിയോ ദുരുപയോഗം ചെയ്തു: കര്‍മ്മ ന്യൂസിനെതിരെ നെഹ്രു കോളേജ് അധികൃതരുടെ പരാതി

തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ വീഡിയോ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിച്ച മലയാളം ന്യൂസ് പോര്‍ട്ടലിനെതിരെ കോയമ്പത്തൂരിലെ നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (Nehru Group of Institutions) പോലീസില്‍ അനൗദ്യോഗിക പരാതി നല്‍കി. ക്യാമ്പസില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടി (DJ Party) ഡിസംബര്‍ എട്ടിന് കൂനൂരിലുണ്ടായ വിമാനാപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും (Bipin Rawat) ഭാര്യയും 11 സൈനിക ഉദ്യോഗസ്ഥരും മരിച്ചത് ആഘോഷിച്ചതാണെന്ന തരത്തിലാണ് കര്‍മ്മ ന്യൂസ് (Karmma News) പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ദേശവിരുദ്ധരാണ് ഡിജെ പാര്‍ട്ടി നടത്തിയതെന്നും വാര്‍ത്തയില്‍ ആരോപണമുണ്ടായിരുന്നു.

വിമാനാപകടത്തിന് ഒരുദിവസം മുമ്പ് ഡിസംബര്‍ ഏഴിന് കോളേജ് ഹോസ്റ്റലില്‍ ഫ്രഷേഴ്‌സ് ഡേയുടെ ഭാഗമായി നടത്തിയ ഡിജെ പാര്‍ട്ടിയായിരുന്നു ഇതെന്ന് കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയുള്ള നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഡയറക്ടര്‍ എ. മുരളീധരന്‍ പറഞ്ഞു. ‘ഞങ്ങളുടെ ക്യാമ്പസില്‍ നടന്ന ആഘോഷത്തിന്റെ വീഡിയോ ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു. പുരുഷന്മാരുടെ ഹോസ്റ്റലില്‍ വിമാനാപകടം ആഘോഷിച്ച് ഡിജെ പാര്‍ട്ടികള്‍ എന്ന് പറഞ്ഞ് ന്യൂസ് പോര്‍ട്ടല്‍ ഞങ്ങളുടെ സ്ഥാപനത്തെയും കോയമ്പത്തൂരിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണറെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി കര്‍മ്മ ന്യൂസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായ പരാതി ഇന്നാണ് നല്‍കുക’- അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ ഒമ്പതിന് കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും എന്‍സിസി കേഡറ്റുകളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച പി.കെ ദാസ് ആണ് തങ്ങളുടെ സ്ഥാപക ചെയര്‍മാന്‍ എന്നും തങ്ങളുടെ എയറോനൊട്ടിക്കല്‍ കോളേജില്‍ പല ജീവനക്കാരും സൈന്യത്തില്‍ നിന്നും വിരമിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button