News

ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളൊക്കെ തീവ്രവാദ പ്രവര്‍ത്തനങ്ങളാകുന്നത് എങ്ങനെ?: പോലീസ് തീവ്രവാദ ബന്ധം ആരോപിച്ച അല്‍ അമീന്‍ ചോദിക്കുന്നു

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്(Mofia Parvin) നീതി തേടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് തീവ്രവാദ(Terrorism) ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് ആലുവ ഈസ്റ്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് കീഴ്മാട് തോട്ടുമുഖം അല്‍ അമീന്‍(23)(Al-Ameen), യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കീഴ്മാട് എടയപ്പുറം എം.എ.കെ നജീബ്(43)(MAK Najeeb) എടയപ്പുറം അനസ് പള്ളിക്കുഴി(35)(Anaz Pallikkuzhi) എന്നിവരെയാണ് പോലീസ് ഈമാസം പത്തിന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയിലാണ് ഗൗരവസ്വഭാവമുള്ള തീവ്രവാദ ബന്ധം ആരോപിക്കുന്നത്. അന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇവരെ വീട് വളഞ്ഞ് അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് (Anwar Sadath) എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര അന്വേഷണ ഉത്തരവില്‍ അന്വേഷണം നടത്തിയ ആഭ്യന്തര വകുപ്പ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കറ്റക്കാരാണെന്ന് കണ്ടെത്തുകയും രണ്ട് പേര്‍ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്താനുള്ള പോലീസിന്റെ ശ്രമം നീതിക്ക് നിരക്കാത്തതാണെന്നാണ് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടിയത്. പോലീസിന്റെ നീക്കം ഫാഷിസമാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളൊക്കെ തീവ്രവാദ പ്രവര്‍ത്തനങ്ങളാകുന്നത് എങ്ങനെയാണെന്നാണ് അല്‍ അമീന്‍ ചോദിക്കുന്നത്. അമീന്‍ നാരദ ന്യൂസ് പ്രതിനിധിയുമായി നടത്തിയ സംഭാഷണം.

വെള്ളിയാഴ്ച പുലര്‍ച്ചെ എന്താണ് സംഭവിച്ചത്?

രണ്ടാഴ്ച മുമ്പാണ് മോഫിയ വിഷയത്തില്‍ സമരങ്ങള്‍ ആരംഭിച്ചത്. മോഫിയ ഒരു വിദ്യാര്‍ത്ഥി ആയതിനാല്‍ തന്നെ കെ.എസ്.യു(KSU)വാണ് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതിനാല്‍ തന്നെ സമരം തുടങ്ങിയപ്പോള്‍ മുതല്‍ പോലീസ് കെ.എസ്.യു പ്രവര്‍ത്തകരെ ടാര്‍ജറ്റ് ചെയ്യുന്നുണ്ട്. എന്നെ അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ്. പോലീസ് ജീപ്പിന്റെ ലൈറ്റെല്ലാം ഓഫ് ചെയ്ത് എത്തി വീട് വളയുകയായിരുന്നു. അപ്പോള്‍ വീട്ടില്‍ എന്നെക്കൂടാതെ അമ്മയും ചേട്ടനും ആണ് ഉണ്ടായിരുന്നത്. കോളിംഗ് ബെല്‍ കേട്ടാണ് ഞങ്ങള്‍ എഴുന്നേറ്റത്. ഇട്ടിരുന്ന വസ്ത്രത്തില്‍ തന്നെ പുറത്തേക്ക് എത്തിയപ്പോള്‍ എസ്.ഐയും സംഘവുമായിരുന്നു പുറത്തുണ്ടായിരുന്നത്. അതില്‍ ഒന്ന് രണ്ട് പോലീസുകാരെ എനിക്ക് പരിചയമുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ വൈപ്പിന്‍ പോലീസ് സ്‌റ്റേഷനിലുള്ളവരാണെന്നാണ് അറിഞ്ഞത്. ആദ്യമേ തന്നെ ഫോണ്‍ വാങ്ങി അവര്‍ കയ്യില്‍ വച്ചതിന് ശേഷം കൂടെ വരണമെന്ന് പറഞ്ഞു. മോഫിയയ്ക്ക് നീതി തേടിയുള്ള സമരത്തിന്റെ പേരിലായിരിക്കും അറസ്റ്റ് എന്ന് മനസ്സിലായതുകൊണ്ട് യാതൊരെതിര്‍പ്പും പ്രകടിപ്പിക്കാതെ കൂടെ പോകുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിയപ്പോഴാണ് നജീബിനെയും അനസിനെയും അറസ്റ്റ് ചെയ്തത് അറിഞ്ഞത്.

അനസും നജീബും

എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന പരിചയമുള്ള പോലീസുകാരന്‍ കെ.എസ്.യു ഭാരവാഹികളായ നാല് പേരുടെ വീടുകളും ഇതുപോലെ പോലീസ് വളഞ്ഞിട്ടുണ്ടെന്നും അവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞിരുന്നു. ജില്ലയിലെ പല സ്റ്റേഷനുകളില്‍ നിന്നും ഇതിനായി പോലീസുകാരെ കൊണ്ടുവന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. കെ.എസ്.യുക്കാരെയാണ് പ്രധാനമായും ടാര്‍ജറ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസുകാരില്‍ അവരെ രണ്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. ഞങ്ങളെ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ തന്നെ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തും സ്റ്റേഷനിലെത്തി. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും രാത്രി തന്നെ എസ്.പിയെയും മറ്റും വിളിച്ചതിന്റെ ഫലമായി ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാതിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ രാത്രി അറസ്റ്റ് ചെയ്യരുതെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. എസ്.പിയുടെ ഉത്തരവിനെ തുടര്‍ന്ന് അവരുടെ വീടുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്ന പോലീസിനെ തിരിച്ച് വിളിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ മൂന്ന് പേരില്‍ ആ അറസ്റ്റ് ഒതുങ്ങിയത്. ബാക്കി നാല് പേരും ഞാന്‍ പ്രസിഡന്റായിരിക്കുന്ന ബ്ലോക്ക് കമ്മിറ്റിയിലുള്ളവരാണ്.

മോഫിയയ്ക്ക് നീതി തേടി നടത്തിയ സമരത്തില്‍ ഒട്ടനവധി പേര്‍ പങ്കെടുത്തിരുന്നു. എന്നിട്ടും മുസ്ലിം നാമധാരികള്‍ മാത്രമാണല്ലോ അറസ്റ്റിലായത്?

ആത്മഹത്യ ചെയ്തത് ഒരു മുസ്ലിം പെണ്‍കുട്ടിയാണെങ്കിലും അതൊന്നും ചിന്തിച്ചല്ല ഞങ്ങള്‍ സമരത്തിനിറങ്ങിയത്. കെ.എസ്.യു ഈ സമരത്തെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രശ്നമെന്ന നിലയിലാണ് ഏറ്റെടുത്തത്. സമരത്തില്‍ പങ്കെടുത്തവരില്‍ എല്ലാ മതങ്ങളിലും പെട്ടവരുണ്ടായിരുന്നു. മൂന്ന് നാല് ദിവസം നടന്ന സമരത്തില്‍ ഏറ്റവുമധികം പങ്കെടുത്തതും അറസ്റ്റ് ചെയ്യപ്പെട്ടതും വിദ്യാര്‍ത്ഥികളാണ്. ഇതേവിഷയത്തില്‍ രണ്ടായിരത്തിലേറെ പേരെ പങ്കെടുപ്പിച്ച് ഡി.സി.സി നടത്തിയ മാര്‍ച്ചിലും വിദ്യാര്‍ത്ഥികളാണ് ഏറ്റവുമധികം പങ്കെടുത്തത്. ഹൈബി ഈഡനാണ് ആ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മരിച്ച കുട്ടിയുടെ ജാതിയോ മതമോ സമരത്തിന്റെ വിഷയമല്ല. ആ കുട്ടിയ്ക്ക് നീതി മാത്രമാണ് ലക്ഷ്യം. വെള്ളിയാഴ്ച ഞങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി തീവ്രവാദ ബന്ധം ആരോപിക്കുന്നത് വരെ ഇതില്‍ ഒരു വര്‍ഗ്ഗീയ സ്വഭാവം ഞങ്ങളും ആലോചിച്ചിട്ടില്ല. അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട് വളഞ്ഞ കെ.എസ്.യു നേതാക്കളും മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെയുള്ളവരാണ്.

സ്റ്റേഷനില്‍ വച്ച് ഞങ്ങളെ ഉപദ്രവിക്കാനും ചീത്തവിളിച്ച് തളര്‍ത്താനും പോലീസിന് ഉദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തിയതിനാല്‍ പോലീസിന്റെ ലക്ഷ്യം നടന്നില്ല. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ല. ഇവര്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കിലും ഞങ്ങളെ എങ്ങനെയും റിമാന്‍ഡില്‍ ലഭിക്കാനുള്ള ശ്രമം അവര്‍ നടത്തി. അന്ന് വൈകിട്ട് ഏഴ് മണിയായപ്പോഴേക്കുമാണ് ഞങ്ങളെ കോടതിയില്‍ ഹാജരാക്കി. പരമാവധി വൈകിച്ചാണ് ഞങ്ങളെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കാന്‍ വൈകിയാല്‍ റിമാന്‍ഡില്‍ കിട്ടുമെന്നും പിന്നീടുള്ള ദിവസങ്ങള്‍ രണ്ടാം ശനിയും ഞായറാഴ്ചയും ആയതിനാല്‍ തിങ്കളാഴ്ച വരെ ഞങ്ങളെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് അവര്‍ കണക്കു കൂട്ടിയത്. എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഏഴ് മണിയായപ്പോഴെങ്കിലും ഞങ്ങളെ കോടതിയില്‍ ഹാജരാക്കിയത്.

ഈ സമരങ്ങളില്‍ ആകെ പ്രതി ചേര്‍ത്തിരിക്കുന്നത് അഞ്ഞൂറ് പേരെയാണ്. കണ്ടാലറിയാവുന്ന പ്രതികള്‍ എന്നാണ് അത് കൊടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ മാത്രം അറസ്റ്റ് ചെയ്യുകയും അതില്‍ തന്നെ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ മാത്രം വരികയും ചെയ്തത് കൃത്യമായ ലക്ഷ്യത്തോടെയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് ഈ സമുദായത്തില്‍ നിന്നുള്ളവരുടെ വീടുകളിലേക്ക് മാത്രം പോലീസ് പോയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്.

തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന പോലീസിന്റെ ആവശ്യം നിരാകരിക്കപ്പെട്ടത് എങ്ങനെയാണ്?

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തീവ്രവാദ ബന്ധം ആരോപിച്ച് സത്യത്തില്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്തു. തീവ്രവാദ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് തീവ്രവാദ സ്വഭാവമുണ്ടെന്നുമൊക്കെ ആ റിപ്പോര്‍ട്ടില്‍ രണ്ട് മൂന്ന് ഇടങ്ങളില്‍ പരാമര്‍ശമുണ്ടായിരുന്നു. പൊതുതാല്‍പര്യത്തിന്റെ പേരില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ഒരു സമരത്തില്‍ ഞങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നിരുന്നു. അത്തരമൊരു സമരത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പ്രതികാരബുദ്ധിയോടെ ചെയ്യുന്നതാണെന്ന് ഞങ്ങളുടെ അഭിഭാഷകന്‍ വാദിച്ചു. ഭരണകൂടത്തിനും പോലീസിനും എതിരെ നടന്ന ഒരു ജനകീയ സമരത്തോടുള്ള പ്രതികാര നടപടിയാണ് ഇതെന്ന് കോടതിയെ ബോധിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അങ്ങനെയാണ് ഞങ്ങള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

സമരത്തിന് മുന്നില്‍ സര്‍ക്കാരും പോലീസും മുട്ടുമടക്കിയതാണോ ഇതിലേക്ക് തീവ്രവാദം ആരോപിക്കാനുമുള്ള കാരണം?

കേസില്‍ പ്രതികളായി കരുതുന്നവരെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന ആലുവ ഈസ്റ്റ് സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നുമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. മോഫിയയുടെ ആത്മഹത്യാക്കുറിപ്പ് അനുസരിച്ചാണ് സി.ഐ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുന്നത്. കേസന്വേഷണം നടക്കുമ്പോള്‍ അദ്ദേഹം സര്‍വ്വീസില്‍ തുടരുന്നത് കേസന്വേഷണത്തെ ബാധിക്കും. അതാണ് ഞങ്ങള്‍ അങ്ങനെ ആവശ്യപ്പെട്ടത്. സമരം നാലാമത്തെ ദിവസമായപ്പോഴാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഞങ്ങളുടെ സമരത്തിന്റെ പ്രധാന ലക്ഷ്യവും അതായിരുന്നു.

അതാണ് പോലീസിന് ഞങ്ങളോടുള്ള പ്രതികാര ബുദ്ധി എന്ന് പറഞ്ഞത്. ഞങ്ങളെ അറസ്റ്റ് ചെയ്ത പുതിയ സി.ഐ പറഞ്ഞത് ‘നിങ്ങളോട് ഞങ്ങള്‍ക്ക് യാതൊരു വ്യക്തിവൈരാഗ്യവുമുണ്ടായിട്ടല്ല പുലര്‍ച്ചെ വന്ന് അറസ്റ്റ് ചെയ്തത്. പക്ഷെ, മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ട്’ എന്നാണ്. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമെന്നത് ഏത് തരത്തിലുള്ളതാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഡിപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നാണോ അതോ രാഷ്ട്രീയ സമ്മര്‍ദ്ദം ആണോയെന്ന് വ്യക്തമാകേണ്ടതുണ്ട്.

മുമ്പ് പന്തീരാങ്കാവ് കേസില്‍ അലനും താഹയ്ക്കുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാസങ്ങളോളം ജയിലിലിട്ടിരുന്നു. ഈ കേസും അങ്ങനെ കൊണ്ടുവരാനുള്ള ശ്രമമാണോ നടന്നത്?

കേസില്‍ പ്രതികളായവരുടെ സമുദായവും റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശവും നോക്കുമ്പോള്‍ അത് തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് അത് കൃത്യമായി പ്രതിരോധിക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ കേസും അത്തരത്തിലൊന്നായി മാറുമായിരുന്നു. അതുപോലെ അന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ അവിടെ വന്നിരുന്നെങ്കിലും ഞങ്ങളുടെ അവസ്ഥയെന്താകുമായിരുന്നെന്ന് അറിയില്ല. പോലീസുകാര്‍ക്ക് റിമാന്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് കോടതിയുടെ തീരുമാനം അനുകൂലമാക്കാനുള്ള സാഹചര്യം ലഭിക്കുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിച്ചെന്നാണ് ഇവര്‍ പറയുന്ന മറ്റൊരു കാര്യം. മാര്‍ച്ച് നടന്നപ്പോഴത്തെ ഫോട്ടോകള്‍ ആണ് അവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. സമാധാനപരമായ മാര്‍ച്ചിലേക്ക് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വളരെ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തിരുന്നു. അല്ലാതെ അതില്‍ യാതൊരു വിധത്തിലുള്ള തീവ്രവാദ ബന്ധവും ആരോപിക്കാന്‍ സാധിക്കില്ല. സമരം ചെയ്യുന്നതും പ്രതിഷേധം അറിയിക്കുന്നതും തീവ്രവാദ ബന്ധത്തിലേക്ക് എത്തിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. മോഫിയ വിഷയത്തില്‍ ഞങ്ങള്‍ നടത്തുന്ന സമരം നൂറ് ശതമാനം ന്യായമാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉറപ്പുണ്ട്.

ഇന്ന് കേസില്‍ വീണ്ടും വാദമുണ്ട്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിരിക്കുന്നതിനാല്‍ 72,000 രൂപ കെട്ടിവച്ചാണ് ജാമ്യം അനുവദിച്ചത്. നാളെ കോടതിയില്‍ ഹാജരായ ശേഷം മാനനഷ്ടക്കേസ് കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button