NewsSports

ആഷസില്‍ ചാരമായി ഇംഗ്ലണ്ട്: നാലാം ദിനം കനത്ത തോല്‍വി

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നാലാം ദിനം തന്നെ മുട്ടുകുത്തി ഇംഗ്ലണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം ഇന്നിംഗ്‌സിന് ക്രീസിലെത്തിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയത്തിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഇരുപത് റണ്‍സ് മാത്രം നേടിയാല്‍ ഓസീസിന് വിജയിക്കാമായിരുന്നു.
സ്‌കോര്‍- ഇംഗ്ലണ്ട്: 147, 297. ഓസ്‌ട്രേലിയ: 425, 20/1
രണ്ട് വിക്കറ്റിന് 220 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ട് വളരെ പെട്ടെന്നാണ് തകര്‍ന്നടിഞ്ഞത്. 77 റണ്‍സെടുക്കുന്നതിനിടയില്‍ അവരുടെ ബാക്കിയുള്ള എട്ട് വിക്കറ്റുകളും വീണു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനായി പിരിയുകയും ചെയ്തു. അലക്‌സ് ക്യാരി(Alex Carey)(ഒമ്പത്)യുടെ വിക്കറ്റ് മാത്രം നഷ്ടമാക്കി ആറാം ഓവറില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. മാര്‍ക്കസ് ഹാരിസ്(Marcus Harris) (ഒമ്പത്), മാര്‍നസ് ലബുഷേന്‍(Marnus Labuschagne)(പൂജ്യം) എന്നിവര്‍ പുറത്താകാതെ നിന്നു.

400 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ ബൗളറായ സ്പിന്നര്‍ നാഥാന്‍ ലിയോണിന്റെ(Nathan Lyon) പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്നത്തെ കളിയില്‍ നാലാം ഓവറില്‍ തന്നെ ലിയോണ്‍ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. മൂന്നാം ദിനം ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയ ഡേവിഡ് മലാനെ(Dawid Malan)(82) പുറത്താക്കി ലിയോണ്‍ രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ വിക്കറ്റ് നേടി. അതോടെ അദ്ദേഹം 400 വിക്കറ്റ് ക്ലബ്ബില്‍ എത്തുകയും ചെയ്തു. രണ്ട് ഓവറിന് ഇപ്പുറം ക്യാപ്റ്റന്‍ ജോ റൂട്ടിനെ(Joe Root)(89) മീഡിയം പേസര്‍ കാമറൂണ്‍ ഗ്രീനും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. പിന്നീട് വന്നവര്‍ക്കാര്‍ക്കും ഓസീസ് ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ലിയോണ്‍ നാല് വിക്കറ്റും കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ്(Pat Cummisn) എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജോഷ് ഹസില്‍വുഡ്(Josh Hazlewood), മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc) എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മൂന്നാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം ഡേവിഡ് മലാന്‍ കൂട്ടിച്ചേര്‍ത്ത 162 റണ്‍സ് ഗാബയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. 27 വര്‍ഷം പഴക്കമുള്ള ഗ്രെയിം ഹിക്ക്(Graeme Hick)-ഗ്രഹാം തോര്‍പ്പ്(Graham Thorpe) സഖ്യത്തിന്റെ 160 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇവര്‍ തിരുത്തിയത്. ഈ റെക്കോര്‍ഡ് കൂട്ടുകെട്ട് തകര്‍ത്താണ് ലിയോണ്‍ 400 വിക്കറ്റ് തികച്ചത്. ഷെയ്ന്‍ വോണ്‍(Shane Warne)(708), ഗ്ലെന്‍ മക്ഗ്രാത്ത്(Glenn McGrath)(563) എന്നിവരാണ് ലിയോണിന് മുമ്പ് 400 വിക്കറ്റ് ക്ലബ്ബില്‍ എത്തിയ ഓസ്‌ട്രേലിയന്‍ ബൗളറാണ്. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്(Travis Head) ആണ് കളിയിലെ കേമന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button