Local NewsNews

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള നേതാക്കളുടെ ബന്ധം: പാര്‍ട്ടിക്ക് കളങ്കമായെന്ന് കണ്ണൂര്‍ ജില്ലാ സമ്മേളനം

സ്വര്‍ണ്ണക്കടത്ത് (Gold Smuggling ) ക്വട്ടേഷന്‍ സംഘങ്ങളുമായി ചില നേതാക്കള്‍ക്കുള്ള ബന്ധം പാര്‍ട്ടിക്ക് കളങ്കമായെന്ന് സിപിഎം(CPI(M)) കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പേരാവൂരില്‍ പാര്‍ട്ടി അനുമതി ഇല്ലാതെ സഹകരണ സൊസൈറ്റി ചിട്ടി നടത്തിയതും നിക്ഷേപകരെ വഞ്ചിച്ചതും വീഴ്ചയാണെന്നും ജില്ലാ സമ്മേളനത്തില്‍ വിലയിരുത്തലുണ്ടായി. സര്‍ക്കാര്‍ കാര്യങ്ങളില്‍ പാര്‍ട്ടി അധികാര കേന്ദ്രമാകരുതെന്ന് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്‍ (Pinarayi Vijayan) സമ്മേളന പ്രതിനിധികളോട് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ആരോപണങ്ങളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത്ത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂത്തുപറമ്പ് മേഖലയിലെ ചിലര്‍ക്ക് ക്വട്ടേഷന്‍ ബന്ധമുണ്ടായിരുന്നതിനാല്‍ ഇവര്‍ക്കെതിരെ നേരത്തെ പാര്‍ട്ടി നടപടി എടുത്തകാര്യം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ജില്ലയിലുണ്ടായെന്ന് റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി പാര്‍ട്ടി അനുമതിയില്ലാതെ ചിട്ടി നടത്തി നിക്ഷേപകരുടെ കോടികള്‍ വഞ്ചിച്ച സംഭവവും ആ മേഖലയില്‍ തിരിച്ചടിയായി. നിക്ഷേപകര്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും പണം തിരികെ കൊടുക്കാനുള്ള നടപടികളെടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടി അച്ചടക്ക ലംഘനങ്ങളില്‍ ഉടന്‍ നടപടി എടുത്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ ഭരണം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കണമെന്ന് മുഖ്യമന്ത്രി പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു. ആരും പ്രാദേശിക അധികാര കേന്ദ്രങ്ങളാകാന്‍ നോക്കരുത്. അനാവശ്യ ശുപാര്‍ശകളുമായി പൊലീസ് സ്റ്റേഷനുകളില്‍ പോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്നത്തെ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button