''അവകാശമായി പോളച്ചിറക്കല്‍ കുടുംബത്തിന് ഭണ്ഡാരവും!'' ശബരിമല പണിതു തീര്‍ത്തത് ഓര്‍ത്തഡോക്‌സ് പാതിരി

ഇന്ന് കോടികള്‍ വിലമതിക്കുന്ന സാമ്പത്തികനഷ്ടമാണ് പോളചിറയ്ക്കല്‍ കുടുംബത്തിന് അന്നുണ്ടായത്, കൂടാതെ നേര്‍ച്ചപ്പണത്തിന്റെ ഓഹരിയും ഇവര്‍ വേണ്ടെന്നു വച്ചു. സുറിയാനി ക്രിസ്ത്യാനിയായ വൈദികനാണ് ക്ഷേത്രം പണി പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തത്. എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നല്ല , മറിച്ച്, ശബരിമല ഇവര്‍ക്കെല്ലാം മതസാഹോദര്യത്തിന്റെ ഇടങ്ങളായിരുന്നു.

അവകാശമായി പോളച്ചിറക്കല്‍ കുടുംബത്തിന് ഭണ്ഡാരവും! ശബരിമല പണിതു തീര്‍ത്തത് ഓര്‍ത്തഡോക്‌സ് പാതിരി

120 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീപിടുത്തത്തില്‍ നശിച്ചു പോയ ശബരിമല ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഒരു ക്രിസ്ത്യാനി നിയോഗിക്കപ്പെട്ടത് എങ്ങനെയായിരിക്കും? രാജഭരണം നിലനില്‍ക്കുന്ന ഒരു കാലയളവിലാണ് മാവേലിക്കര പോളചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളിയ്ക്ക് ഈ ദൌത്യം കല്‍പ്പിച്ചു നല്‍കപ്പെടുന്നത്. ശബരിമലയെന്ന കൊടുംവനത്തില്‍, ഓല മേഞ്ഞ മേല്‍ക്കൂരയോടു കൂടി മരം കൊണ്ടുണ്ടാക്കിയ ഒരു ചെറിയ അമ്പലമായിരുന്നു അന്നുണ്ടായിരുന്നത്‌. ഇത് ആദ്യം ഒരു ബുദ്ധക്ഷേത്രം ആയിരുന്നു എന്നും പുരാവസ്തു ഗവേഷകര്‍ വാദം ഉയര്‍ത്തുന്നുണ്ട്. 1902 ൽ അജ്ഞാതമായ ഒരു തീപ്പിടുത്തത്തില്‍ ശബരിമല ക്ഷേത്രം പൂർണമായും കത്തി നശിച്ചു. ശ്രീമൂലം തിരുനാൾ മഹാരാജാവിന് അതിദുഃഖകരമായിരുന്ന ഒരു വാര്‍ത്തയായിരുന്നു ഇത്.

വൈകാതെ ക്ഷേത്രപുനർനിർമാണത്തിനായി രാജാവ് ഒരു പ്രഖ്യാപനം നടത്തി. ഒട്ടും മോശമല്ലാത്ത ഒരു തുക വിജ്ഞാപനം ചെയ്തെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. തുടര്‍ വിജ്ഞാപനങ്ങള്‍ ഉണ്ടായിട്ടും കൊച്ചിയിൽ നിന്നോ മറ്റു ഇടങ്ങളില്‍ നിന്നോ ആരും ഇതിനായി താല്പര്യപ്പെട്ടു മുന്നോട്ടു വന്നില്ല. തലചുമടായും കാളവണ്ടിയിലും വേണം സാധനങ്ങള്‍ എത്തിക്കാന്‍. ശബരിമലയിലെത്താൻ ശരിയായ റോഡും ഇല്ല. കടുവകളും കാട്ടാനകളുമുള്ള വനത്തിലൂടെയുള്ള യാത്ര കഴിഞ്ഞു ജീവനോടെ തിരിച്ചെത്തും എന്ന് പോലും പ്രതീക്ഷിക്കേണ്ടതില്ല. ശബരിമല പുനര്‍നിര്‍മ്മാണത്തിനു ജന്മികള്‍ ആരും മുന്നോട്ടു വരാതിരുന്നത് മഹാരാജാവിനു കൂടുതല്‍ പ്രയാസം സൃഷ്ടിച്ചു. ജന്മികള്‍ക്കു മാത്രമായിരുന്നു അന്നു സ്വന്തമായി പണിയാളുകളും പ്രാദേശിക അധികാരവും ഉണ്ടായിരുന്നത്.

രാജാരവിവര്‍മ്മയാണ് ഈ അവസരത്തില്‍ തിരുവതാംകൂര്‍ മഹാരാജാവിനോട് മാവേലിക്കര പോളചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളിയെ പരിചയപ്പെടുത്തുന്നത്. ആ കാലഘട്ടത്തിൽ ക്രിസ്ത്യാനികൾക്ക് കൊട്ടാരത്തിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. അപ്പോഴും പോളച്ചിറക്കല്‍ കൊച്ചുമ്മന്‍ മുതലാളി മാവേലിക്കര കൊട്ടാരത്തിലെ സന്ദര്‍ശകനാണ്. രാജാരവിവര്‍മ്മ കീചകവധം ചിത്രീകരിക്കാന്‍ ഭീമന്റെ ഗാംഭീര്യമുള്ള ഒരു മുഖം തേടുന്ന സമയമാണ്. പ്രണയവും രൌദ്രവുമെല്ലാം ഒരേ സമയം ഇണങ്ങുന്ന കണ്ണുകളാണ് ഇദ്ദേഹം തേടിയിരുന്നത് എന്നും പറയാം. ഈ സമയത്ത് ഒരിക്കല്‍ തന്റെ ഭാര്യാഗൃഹമായ മാവേലിക്കര കൊട്ടാരത്തില്‍ എത്തിയ രാജാരവിവര്‍മ്മ കൊച്ചുമ്മന്‍ മുതലാളിയെ കാണുന്നു. ഭീമന്റെ മുഖത്തിനായുള്ള തന്റെ തിരച്ചിൽ അവസാനിച്ചുവെന്ന് ചിത്രകാരന്‍ മനസിലാക്കി. കൊച്ചുമ്മന്‍ മുതലാളിയുടെ അനുവാദം വാങ്ങി രാജാരവിവര്‍മ്മ കീചകവധം വരകളില്‍ പൂര്‍ത്തീകരിച്ചു എന്ന് ചരിത്രം!

അന്നു തുടങ്ങിയ സൗഹൃദമാണ് കൊച്ചുമ്മന്‍ മുതലാളിയെ ഒടുവില്‍ ശബരിമല ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ചുമതല ഏറ്റെടുത്ത കരാറുകാരനാക്കിയത്. അതികഠിനമായ അപകടസാധ്യതകൾ മനസിലാക്കി മഹാരാജാവിനു വാക്ക് നല്‍കി കൊച്ചുമ്മന്‍ മുതലാളി കരാറില്‍ ഒപ്പിട്ടു. കരാർ പ്രകാരം, നിർമാണത്തിന് ആവശ്യമുള്ള മരം, ചെമ്പ്, താമ്രം എല്ലാം രാജമുദ്ര ചെയ്തു കൊട്ടാരത്തില്‍ നിന്നും നൽകും. ആദ്യം കൊല്ലത്ത് ക്ഷേത്രം നിർമ്മിച്ചു രാജാവിന്റെ അംഗീകാരം വാങ്ങണം. ആരോഗ്യപരമായ പ്രയാസങ്ങള്‍ ഉള്ളതിനാല്‍ മഹാരാജാവിനു ശബരിമലയില്‍ എത്തുന്നത് എളുപ്പമല്ലാതിരുന്നതിനാലാണ് ഇത്. രാജാവിനു ബോധ്യപ്പെട്ടാല്‍ അതേ കെട്ടുകള്‍ അഴിച്ചു റാന്നി വഴി ശബരിമലയില്‍ എത്തിച്ചു ക്ഷേത്രം പണിയണം. അങ്ങനെ കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ശബരിമല ക്ഷേത്രത്തിന്റെ പണിയാരംഭിച്ചു. മാവേലിക്കരയിലും കായൽ തീരത്തുള്ള നദീതീരത്ത് അറ്റകുറ്റപണികൾ ആരംഭിച്ചു. ആ പ്രദേശത്ത് അന്നുണ്ടായിരുന്ന ഒട്ടുമിക്ക വിദഗ്ധ തൊഴിലാളികളും മാസങ്ങള്‍ ചെലവഴിച്ചാണ് ക്ഷേത്രം പണിതത്. ഒരു കിണറ്റില്‍ ചാക്കും പടി പഞ്ചസാരയും നാരങ്ങ ചതച്ചതും ചേര്‍ത്തായിരുന്നു തൊഴിലാളികള്‍ക്ക് സുലഭമായി നാരങ്ങാവെള്ളം നല്‍കിയിരുന്നത് എന്ന് മറ്റൊരു കഥ!

മേൽക്കൂരയുടെ പുറം ഭാഗം ചെമ്പ് കൊണ്ടും ഉൾഭാഗം താമ്രംകൊണ്ടും പൊതിഞ്ഞ പുതിയ ഘടനയില്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ മഹാരാജാവ് കൊല്ലത്ത് എത്തി നേരിട്ടു കണ്ടു ബോധ്യപ്പെട്ടു സംതൃപ്തി അറിയിച്ചു. ഏറെ സന്തുഷ്ടനായ മഹാരാജാവ് അധികം വന്ന രാജമുദ്ര വച്ച മരയുരുപ്പടികള്‍ മുതലാളിക്ക് സമ്മാനമായി നല്‍കി. ഈ ഉരുപ്പടികള്‍ കൂടി ചേര്‍ത്തു മാവേലിക്കര അച്ചന്‍കോവിലാറിന്റെ തീരത്ത് മുതലാളി ഒരു വിശ്രമകേന്ദ്രം പണിതു. മുതലാളിക്ക് ലഭിച്ച രാജകീയ അംഗീകാരത്തിന്റെ പ്രതീകമായിരുന്നു അത്. തുടര്‍ന്ന്, കൊല്ലത്ത് നിന്നും പണി പൂര്‍ത്തീകരിച്ച ശബരിമല ക്ഷേത്രം വലിയ വള്ളങ്ങളില്‍ കോട്ടയം കോടിമതയില്‍ എത്തിച്ചു. അവിടെ നിന്നും പമ്പ നദിക്ക് എതിർദിശയിലേക്ക് നീങ്ങി റാന്നിയില്‍ എത്താനും അവിടെ നിന്ന് ശബരിമലയിലേക്ക് നീങ്ങാനുമായിരുന്നു കരാര്‍ പ്രകാരമുള്ള പദ്ധതി. മല കയറാന്‍ തയ്യാറായ തൊഴിലാളികളുടെ എണ്ണം ദുര്‍ലഭമായത് ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചു.


അപ്പോഴാണ്‌ മുണ്ടകയത്തെ സായിപ്പ് കൊച്ചുമ്മന്‍ മുതലാളിക്ക് സഹായവുമായി എത്തുന്നത്. ഇപ്പോഴത്തെ ചെറുവള്ളി എസ്റ്റേറ്റ്‌ ഉള്‍പ്പെടെ മുണ്ടക്കയത്തുള്ള എസ്റ്റേറ്റ്‌ ഉടമയായ സായിപ്പ് കൊച്ചുമ്മന്‍ മുതലാളിയുടെ നല്ല സുഹൃത്തായിരുന്നു. അദ്ദേഹം തന്റെ 250 തൊഴിലാളികളെയും കൊച്ചുമ്മന്‍ മുതലാളിക്കു വിട്ടു നല്‍കി. കൂടാതെ ഒരു വില്ലുവണ്ടിയും ഒരു കുതിരെയേയും സമ്മാനിച്ചു. അങ്ങനെ സായിപ്പിന്റെ 250 തൊഴിലാളികളും കൊച്ചുമ്മന്‍ മുതലാളിയുടെ 200 തൊഴിലാളികളും തലചുമടായും തോളില്‍ എന്തിയും കാളവണ്ടിയില്‍ വലിച്ചും ഘോരവനത്തിലൂടെ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റി പാത വെട്ടി തെളിച്ചു അയ്യപ്പ ശരണം വിളികളോടെ ശബരിമല അമ്പലവുമായി മല കയറി. തന്റെ കുതിരപ്പുറത്ത് കൊച്ചുമ്മന്‍ മുതലാളിയും ഇവര്‍ക്കൊപ്പം നീങ്ങി.വനത്തിലെ വഴിയില്‍ വച്ചു ഒരു ഹിന്ദു സന്യാസി അവർക്കൊപ്പം ചേർന്നുവെന്നും, അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടു മല കയറുമ്പോള്‍ ചുമടിന്റെ ഭാരം അറിഞ്ഞിരുന്നില്ല എന്നുമാണ് പില്‍ക്കാലത്ത് ഇവര്‍ പങ്കുവച്ചത്. ആ സന്യാസി സ്വാമി അയ്യപ്പൻ തന്നെ ആയിരുന്നെന്നാണ് ഈ തൊഴിലാളികളുടെ പിന്മുറക്കാര്‍ വിശ്വസിച്ചു വരുന്നത്. മുണ്ടക്കയത്തു നിന്നും ഇവര്‍ക്ക് ശബരിമലയിൽ എത്താൻ നാല് മാസമെടുത്തു.

ക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിയതോടെ കൊച്ചുമ്മന്‍ മുതലാളിയുടെ പ്രമേഹരോഗാവസ്ഥ കടുത്തു. കഴുത്തിനു പുറകില്‍ ഉണ്ടായ ഒരു പരു പഴുത്തതോടെ ശങ്കരപിള്ളയ്ക്ക് ചുമതല നല്കി മുതലാളി കുതിരപ്പുറത്ത് മാവേലിക്കരയ്ക്ക് മടങ്ങി. വൈകാതെ അസുഖം മൂര്‍ച്ചിച്ചു അവസ്ഥ വഷളായി, 48മത്തെ വയസ്സില്‍ കൊച്ചുമ്മന്‍ മുതലാളി മരണപ്പെട്ടു.

കരുനാഗപ്പള്ളി ചക്കോലില്‍ കുടുംബാംഗമായിരുന്ന അക്കമ്മയായിരുന്നു മുതലാളിയുടെ ഭാര്യ. മഹാരാജാവിന് തന്റെ ഭര്‍ത്താവ് നല്‍കിയ വാക്ക് മാനിച്ചു എങ്ങനെയും ശബരിമല ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിക്കണം എന്ന് അവര്‍ ആഗ്രഹിച്ചു. ഇവരുടെ അഞ്ച് ആണ്മക്കളും അന്നു നന്നേ ചെറുപ്പമായിരുന്നു. അതിനാല്‍ തന്റെ മൂത്ത മകളുടെ ഭര്‍ത്താവായ ഓര്‍ത്തോഡോക്സ് സഭയിലെ വൈദികനായ സക്കറിയ അച്ചന് ശബരിമല ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിക്കാനുള്ള മുക്ത്യാര്‍ അക്കാമ്മ നൽകി. ശബരിമലയിലേക്ക് പോയി സക്കറിയ അച്ചന്‍ അവിടെ താമസിച്ചു മുന്‍നിശ്ചയിച്ച രീതിയില്‍ ക്ഷേത്രം പണി പൂര്‍ത്തീകരിച്ച് സമർപ്പിച്ച ശേഷമാണ് മാവേലിക്കരയില്‍ മടങ്ങിയെത്തിയത്‌.


എന്നാല്‍ കൊച്ചുമ്മന്‍ മുതലാളിയുടെ കുടുംബത്തിനു ഒടുവില്‍ ബില്‍ മാറി കിട്ടിയ തുകയില്‍ 38,000 രൂപയുടെ കുറവുണ്ടായിരുന്നു. നൂറ്റിയിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തുകയാണ് എന്ന് ഓര്‍ക്കണം, അതും ആരും കരാര്‍ ഏറ്റെടുക്കാന്‍ പോലും മുന്നോട്ടു വരാതിരുന്ന ഒരു കാലയളവില്‍! റാന്നി വഴിയല്ല, മുണ്ടക്കയം വഴിയാണ് ക്ഷേത്രം ശബരിമലയില്‍ എത്തിച്ചതെന്ന 'അന്യായം' ഉയര്‍ത്തിയാണ് പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് ഈ തുക തടഞ്ഞത്. മുതലാളി ജീവിച്ചിരുന്നെങ്കിൽ ഈ തുക തടയാന്‍ സര്‍ക്കാര്‍ മുതിരില്ലായിരുന്നു എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ബില്‍ മാറാന്‍ എത്തിയ ഒരു ക്രിസ്ത്യാനി കത്തനാരെ കുഴയ്ക്കാന്‍ അവര്‍ക്ക് എളുപ്പം കഴിഞ്ഞു. രാജഭരണത്തിന്റെ പ്രതാപം അസ്തമിക്കുന്ന സമയമായതിനാല്‍ കൊട്ടാരത്തിനും ഇടപ്പെടാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു. കൂടാതെ കണക്കുകള്‍ നോക്കിയിരുന്ന മുതലാളിയുടെ കാര്യസ്ഥന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ കണക്കു പുസ്തകങ്ങള്‍ പലതും നശിപ്പിച്ചിരുന്നു. നഷ്ടങ്ങള്‍ക്ക് മേല്‍ മാനസിക വ്യഥയും വര്‍ദ്ധിച്ചതോടെ ആ തുകയ്ക്ക് വേണ്ടി വീണ്ടും കയറിയിറങ്ങേണ്ടതില്ല എന്ന് അക്കാമ്മയും മരുമകന്‍ അച്ചനും തീരുമാനിച്ചു.

എന്നാല്‍, കൊച്ചുമ്മന്‍ മുതലാളിയുടെ കുടുംബത്തെ മാനിക്കുന്ന ഒരു ആചാരം കരാറില്‍ മഹാരാജാവ് ഉള്‍പ്പെടുത്തിയിരുന്നു. ശബരിമല ക്ഷേത്രത്തില്‍ അന്നു ഒരു ഭണ്ഡാരപെട്ടി കൂടി സ്ഥാപിച്ചിരുന്നു. അയ്യപ്പന് കാണിക്കയിടുന്നതിനൊപ്പം ഇതിലും വിശ്വാസികള്‍ പണം ഇടും. ഈ തുക കരാറുകാരന്റെ കുടുംബത്തിനുള്ള അയ്യപ്പന്മാരുടെ കടപ്പാട് ആയിരുന്നു. അങ്ങനെ മൂന്നോ നാലോ വര്‍ഷങ്ങള്‍ മാവേലിക്കര പോളച്ചിറക്കല്‍ കുടുംബത്തിനു ശബരിമലയിലെ ഈ കാണിക്കതുക നല്‍കിയിരുന്നു. എന്നാല്‍ കൊച്ചുമ്മന്‍ മുതലാളിയുടെ മക്കളിൽ ഒരാൾക്ക് നിരന്തരം അസുഖ ബാധയുണ്ടായി.

കൊച്ചുമ്മന്‍ മുതലാളി ഒരു ഹൈന്ദവ ക്ഷേത്രം നിര്‍മ്മിച്ചത് തന്നെ ഏക ദൈവ വിശ്വാസികളായ ക്രൈസ്തവരില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. അദ്ദേഹം ചെറുപ്പത്തില്‍ മരിച്ചതും ഇവരുടെ അന്ധവിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടി. മകന്റെ രോഗം കൂടിയായപ്പോള്‍, ശബരിമലയില്‍ നിന്നുള്ള കാണിക്ക സ്വീകരിക്കുന്നതിന്റെ ദോഷമായി ഇക്കൂട്ടര്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ മാർത്തോമ്മാ സഭയുടെ മേധാവിയായിരുന്ന അബ്രഹാം മാർത്തോമ, ശബരിമലയിലെ കാണിക്കയുടെ ശേഖരത്തിന് അവകാശം കൈമാറാൻ കുടുംബത്തെ ഉപദേശിച്ചു. അങ്ങനെ മാവേലിക്കര പോളചിറയ്ക്കല്‍ കുടുംബത്തിനു ശബരിമല കാണിക്കയുടെ ഒരു പങ്കിന് മേലുള്ള അവകാശം എന്ന ആചാരവും അവസാനിച്ചു.

കൊച്ചുമ്മന്‍ മുതലാളി നിർമ്മിച്ച ക്ഷേത്രം 1952 ൽ ഉണ്ടായ വിനാശകരമായ മറ്റൊരു തീപ്പിടുത്തത്തില്‍ നശിച്ചു. യാദൃശ്ചികമോ എന്നറിയില്ല, അച്ചന്‍കോവില്‍ ആറിന്റെ തീരത്ത്‌ മുതലാളി പണിയിപ്പിച്ച ബംഗ്ലാവും അതേ ദിവസം തന്നെ ആറ്റിലെ അടിയൊഴുക്കിനെ തുടര്‍ന്ന് മണ്ണ് ഒലിച്ചു താഴേക്ക് ഇരുത്തി തകര്‍ന്നു വീണു. ഇതിനെയും അശുഭസൂചകമായ ലക്ഷണങ്ങളായിട്ടാണ് പോള ചിറയ്ക്കല്‍ കുടുംബം കണ്ടത്. തകര്‍ന്നു വീണ ബംഗ്ലാവില്‍ നിന്നും രാജമുദ്ര ചെയ്ത തടികള്‍ മാറ്റാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പില്‍ക്കാലത്ത് കൊച്ചുമ്മന്‍ മുതലാളിയുടെ ആണ്മക്കള്‍ വീട് നിര്‍മ്മിച്ചപ്പോള്‍ ഇവ ഉപയോഗിക്കുകയും ചെയ്തു.

ശബരിമല ക്ഷേത്രം പണിയാന്‍ കൊച്ചുമ്മന്‍ എന്ന ക്രിസ്ത്യാനിക്കു കഴിയും എന്ന് മഹാരാജാവ് വിശ്വസിക്കുന്നത് മതജാതി അയിത്താചാരങ്ങള്‍ ശക്തമായ നിലനിന്ന ഒരു കാലത്താണ്. ഇവരില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായിരുന്നു.ശബരിമല ക്ഷേത്രം പണിയുന്നതിന് തന്റെ ജോലിക്കാരില്‍ നല്ലൊരു സംഖ്യയെ വിട്ടു നല്‍കാന്‍ മുണ്ടക്കയത്തെ സായിപ്പിനും മടിയുണ്ടായിരുന്നില്ല. മഹാരാജാവിനു ശബരിമല ക്ഷേത്രത്തിലുള്ള വിശ്വാസം ഇക്കൂട്ടരും മാനിച്ചിരുന്നു എന്ന് വേണം കരുതാന്‍. ഇന്ന് കോടികള്‍ വിലമതിക്കുന്ന സാമ്പത്തികനഷ്ടമാണ് പോളചിറയ്ക്കല്‍ കുടുംബത്തിന് അന്നുണ്ടായത്, കൂടാതെ നേര്‍ച്ചപ്പണത്തിന്റെ ഓഹരിയും ഇവര്‍ വേണ്ടെന്നു വച്ചു. സുറിയാനി ക്രിസ്ത്യാനിയായ വൈദികനാണ് ക്ഷേത്രം പണി പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തത്. എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നല്ല , മറിച്ച്, ശബരിമല ഇവര്‍ക്കെല്ലാം മതസാഹോദര്യത്തിന്റെ ഇടങ്ങളായിരുന്നു.

വിവരങ്ങള്‍ നല്‍കിയത്-

കോശി ഉമ്മന്‍ പോളച്ചിയ്റക്കല്‍ (കൊച്ചുമ്മന്‍ മുതലാളിയുടെ നാലാം തലമുറ അവകാശിയാണ് ഇദ്ദേഹം. വല്യപിതാവിന്റെ അതേ പേരാണ് ഇദ്ദേഹത്തിന്റെ മകന്- 'കൊച്ചുമ്മന്‍ പോളച്ചിറക്കല്‍!' കൊച്ചുമ്മന്‍ ഇപ്പോള്‍ വണ്ടിപ്പെരിയാര്‍ ഹാരിസന്‍ മലയാളത്തില്‍ അസിസ്റ്റന്റ്റ് മാനേജരാണ്)