വേരറുക്കപ്പെട്ടവരുടെ കഥകളുമായി അലസ്സാന്ദ്രയുടെ പാക്കേജ്

വംശഹത്യയുടെ ഇരകളുടെ ജീവിതത്തിലേക്ക് വരൂ ഇത് കാണൂ! എന്ന് പറഞ്ഞ് നമ്മെ കൂട്ടിക്കൊണ്ട് പോവുന്ന ആറ് ചിത്രങ്ങളാണ് കേരളത്തിന്റെ മേളയ്ക്കായി അലസാന്ദ്ര സ്പെസിയാലെ തെരഞ്ഞെടുത്തത്.

വേരറുക്കപ്പെട്ടവരുടെ കഥകളുമായി അലസ്സാന്ദ്രയുടെ പാക്കേജ്

ഇറ്റാലിയൻ ചലച്ചിത്രകാരിയും വിമർശകയും എഴുത്തുകാരിയുമായ അലസാന്ദ്ര സ്പെസിയാലേയാണ് 22ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പാക്കേജ് തെരഞ്ഞെടുത്തിരിക്കുന്നത്. വേരറുക്കപ്പെട്ട ജനതകളുടെ കഥ പറയുന്ന, വംശഹത്യയുടെ ഇരകളുടെ ജീവിതത്തിലേക്ക് വരൂ ഇത് കാണൂ! എന്ന് പറഞ്ഞ് നമ്മെ കൂട്ടിക്കൊണ്ട് പോവുന്ന ആറ് ചിത്രങ്ങളാണ് കേരളത്തിന്റെ മേളയ്ക്കായി അലസാന്ദ്ര സ്പെസിയാലെ തെരഞ്ഞെടുത്തത്.ഇന്ന് ലോകത്ത് അഞ്ച് കോടിയോളം ജനങ്ങളാണ് യുദ്ധങ്ങളിൽ നിന്നും വംശഹത്യകളിൽ നിന്നും ക്ഷാമങ്ങളിൽ നിന്നും രക്ഷപ്പെടാനായി സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നതെന്ന് പാക്കേജിന് മുഖവുരയായി എഴുതിയ ലേഖനത്തിൽ അലസ്സാന്ദ്ര സ്പെസിയാലേ പറയുന്നു. അനിശ്ചിതത്വത്തിന്റയും അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും അസഹിഷ്ണുതയുടെയും പശ്ചാത്തലത്തിൽ മെച്ചപ്പട്ട ജീവിതം തേടി അലയുന്ന ജനമഹാസാ​ഗരത്തിന്റെ പലായനമാണ് ഇന്ന് ലോകം കാണുന്ന ഏറ്റവും വലിയ യാഥാർത്ഥ്യം. ആ കൂട്ട പലായനത്തിൽ നിരവധിയായ കഥകളുണ്ട്, വ്യക്തിപരവും അല്ലാത്തതുമൊക്കെയായ എണ്ണമറ്റ കഥകൾ. അത്തരം കഥകളിൽ ചിലത് തിരശ്ശീലയുടെ കലയുടെ ഭാഷയിലേക്ക് പകർത്തപ്പെട്ടു. അവയിൽ ചിലതാണ് ചലച്ചിത്ര മേളയിൽ എത്തിയിരിക്കുന്നത്

ഇറാനിയൻ ചലച്ചിത്രകാരനായ ബബാക് ജലാലിയുടെ റേഡിയോ ഡ്രീംസ്, മലേഷ്യയിൽ നിന്ന് എഡ്മണ്ട് യിയോ സംവിധാനം ചെയ്ത അഖേരാത്, ഇന്ത്യയിൽ നിന്ന് ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്സ് ഡൈസ്, ബ​ഗ്ലാദേശി ചലച്ചിത്രകാരൻ അബ്ദുള്ള മൊഹമ്മദ് സാദ് സംവിധാനം ചെയ്ത ലൈവ് ഫ്രം ധാക്ക, ഇൻഡോനീഷ്യയിൽ നിന്ന് യോസെപ് അം​ഗി നൊയേൻ സംവിധാനം ചെയ്ത സോളോ, സോളിറ്റ്യൂഡ്, അല എഡ്ഡിൻ സ്ലിം സംവിധാനം ചെയ്ത ടൂണീഷ്യൻ ചിത്രം ദ ലാസ്റ്റ് ഓഫ് അസ് എന്നിവയാണ് അപ്റൂട്ടഡ് അഥവാ വേരറുക്കപ്പെട്ടവർ എന്ന വിഭാ​ഗത്തിലുള്ളത്. ടൂണീഷ്യ ഒഴിച്ചാൽ തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തത് ആ മേഖലയിലെ കുടിയേറ്റ പലായന വംശഹത്യാ വിഷയങ്ങളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കാൻ പ്രേക്ഷകരെ പര്യാപ്തരാക്കും.ഇന്ന് ലോകത്തെ ഏറ്റവും വലിയ വംശീയ തുടച്ചു നീക്കലിന് ഇരയാകുന്ന റോഹിം​ഗ്യൻ ജനതയുടെ പലായനമാണ് എഡ്മണ്ട് യിയോയുടെ അഖേരാത് എന്ന ചിത്രത്തിന്റെ പ്രമേയം. റോഹിം​ഗ്യകൾ പലായനം ചെയ്തു കൊണ്ടേയിരിക്കുന്ന ഈ നിമിഷത്തിലാണ് നാം ആ ചിത്രം കാണുന്നത് എന്നതാണ് ശ്രദ്ധേയം. തായ്ലൻഡ്-മലേഷ്യൻ അതിർത്തിയിൽ റോഹിം​ഗ്യൻ മുസ്ലിങ്ങൾക്കെതിരായി നടക്കുന്ന അതിക്രമമമാണ് ചിത്രത്തിലൂടെ യിയോ കാട്ടിത്തരുന്നത്.വ്യക്തിപരമായ നിലനിൽപ്പും സാമ്പത്തിക അവസ്ഥയും അതിനാൽ നിർണ്ണയിക്കപ്പെടുന്ന മനുഷ്യബന്ധങ്ങളുമാണ് ലൈവ് ഫ്രം ധാക്ക എന്ന ബം​ഗ്ളാദേശി ചിത്രത്തിന്റെ പ്രമേയം. സാമ്പത്തികമായ നിലനിൽപ്പ് അപകടത്തിലാവുമ്പോൾ മനുഷ്യൻ സ്വന്തം ഇടത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഒക്കെ വേറിടാന്‌ നിർബന്ധിക്കപ്പട്ട് നടത്തുന്ന പലായനത്തിന്റെ കഥയാണ് ലൈവ് ഫ്രം ധാക്ക പറയുന്നത്.

മലയാളിയായ ചലച്ചിത്രകാരി ​ഗീതു മോഹൻദാസിന്റെ ലയേഴ്സ് ഡൈസ് ഇന്തോ-ചൈന അതിർത്തിയിലെ ഹിമാചലിൽ മനുഷ്യവാസമുള്ള അവസാന ​ഗ്രാമമായ ചിത്കുളിലാണ് പശ്ചാത്തലവത്കരിക്കപ്പെട്ടിരിക്കുന്നത്. കാണാതായ ഭർത്താവിനെ തിരഞ്ഞ് മകളെയും കൂട്ടി സ്വന്തം ഇടം വിട്ട് ഒരു യുവതി നടത്തുന്ന യാത്രയാണ് ചിത്രം.

ജീവിതാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാനായി അമേരിക്കയിലേക്ക് കുടിയേറുന്ന ഒരു ഇറാനിയൻ എഴുത്തുകാരന്റെ കഥയാണ് റേഡിയോ ഡ്രീംസ് എന്ന ചിത്രം. വ്യക്തിപരമായ കുടിയേറ്റത്തിനൊപ്പം സ്വന്തം സംസ്കാരം കൂടി പുതിയ ഭൂമികയിൽ സൃഷ്ടിക്കുന്ന ഹമീദിന്റെ കഥയാണ് റേഡിയോ ഡ്രീംസ്.