അവളുടെ രാവുകളിലെ സീമയായി; കത്രികയുടെ വായില്‍ കിടന്ന്: ചലച്ചിത്ര മേളയില്‍ സ്റ്റാറായി പുള്ളിക്കാരി

തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ആദ്യദിനം മുതല്‍ ഒരു പുള്ളിക്കാരി ആരുമറിയാതെ സിനിമ കാണുന്നുണ്ടായിരുന്നു

അവളുടെ രാവുകളിലെ സീമയായി; കത്രികയുടെ വായില്‍ കിടന്ന്: ചലച്ചിത്ര മേളയില്‍ സ്റ്റാറായി പുള്ളിക്കാരി

നമ്മളീ പുള്ളിക്കാരിയെ നേരത്തെ കണ്ടിട്ടുണ്ട്; അര്‍ദ്ധരാത്രി മോദി പ്രഖ്യാപിച്ച അസ്വാതന്ത്ര്യ കാലത്ത്. നോട്ട് നിരോധനത്തോട് കര്‍ശനമായും കരുത്തോടെയും രാഷ്ട്രീയമായി പുള്ളിക്കാരി പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ പുള്ളിക്കാരി പ്രശസ്തയാണ്. ഗ്രാഫിക് നോവലിസ്റ്റും ചിത്രകാരിയുമായ ഷാരോണ്‍ റാണിയുടെ കഥാപാത്രമാണ് 'പുള്ളിക്കാരി'

ഇത്തവണത്തെ ചലച്ചിത്ര മേളയുടെ സ്‌ക്രീനിലും പുറത്തും സ്ത്രീകളുടെ ശബ്ദവും സാന്നിധ്യവും അതിശക്തമായിരുന്നു. പ്രതിനിധികളിലേറെയും സ്ത്രീകള്‍. പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളുടെ ഉള്ളടക്കവും ഫിലിംമേക്കേഴ്‌സും സ്ത്രീകള്‍. രജത ചകോരം ലഭിച്ച വാസബിന്റെ സംവിധായികയാവട്ടെ ആന്‍ മേരി ജസീര്‍- ഇത്തരം ഒരു മേളയില്‍ തീര്‍ച്ചായായും ഉണ്ടാകേണ്ട സാന്നിധ്യമാണ് പുള്ളിക്കാരിയുടേത്.

പുള്ളിക്കാരി തുറന്നു പറയാന്‍ മടിയില്ലാത്ത ഒരു കുട്ടിയാണ്. വെട്ടുന്ന കത്രികയുടെ വായ്മുനയില്‍ കയറി കിടക്കുന്ന പുള്ളിക്കാരി, ന്യൂഡ് അടക്കമുള്ള സിനിമകള്‍ നേരിടുന്ന സെന്‍സര്‍ഷിപ്പിനെതിരെ പ്രതികരിച്ചാണ് പ്രതികരണം തുടങ്ങിയത്.

രണ്ടാം ദിനത്തില്‍ അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ട് വന്നു. അവള്‍ക്കൊപ്പം എന്നു പറയുന്നവര്‍ തനിക്കൊപ്പമില്ലെന്ന് ദേശീയ പുരസ്‌ക്കാരം നേടിയ നടി സുരഭി ലക്ഷ്മി വിമര്‍ശിച്ച അതേ മേളയില്‍ സിംഹാസനാരൂഢയായി വാളുമേന്തിയിരിക്കുന്ന പുള്ളിക്കാരി നായകത്വത്തെ വെല്ലുവിളിച്ചു. ആദാമിന്റെ വാരിയെല്ലും കള്ളിച്ചെല്ലമ്മയും കുട്ട്യേടത്തിയും പരിണയവുമെല്ലാം പുള്ളിക്കാരിയുടെ പിന്നിലുണ്ട്.

ഐവി ശശിയുടെ ഓര്‍മ്മകളുമായി ഭാര്യ സീമ ഓപ്പണ്‍ ഫോറത്തിലെത്തിയ ദിവസമാകട്ടെ പുള്ളിക്കാരി നിദ്രാവിഹീനങ്ങളല്ലോ എന്ന പാട്ടും പാടി ഷര്‍ട്ടു മാത്രമിട്ടു നിന്നു- അവളുടെ രാവുകളിലെ രാജിയെ ഓര്‍മ്മിപ്പിച്ച്- സീമ അവതരിപ്പിച്ച അതേ രാജി. അരികുവല്‍ക്കരിക്കപ്പെട്ട അനേകം രാജിമാരുടെ പ്രതിനിധിയായി, അരികിലേയ്ക്ക് ചേര്‍ന്ന് ഇത്തിരി സ്ഥലത്ത് രാജി നിന്നു.

ഫാമിലി സൂപ്പര്‍ ഹിറ്റുകളെ പരിഹസിച്ചു തൊട്ടടുത്ത ദിവസം പുള്ളിക്കാരി. ഹീറോകളാല്‍ നിറഞ്ഞ സിനിമാ ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തിനു നടുവില്‍ പുള്ളിക്കാരി നിന്നു. ഭാര്യ, കാമുകി, ഇര തുടങ്ങി അവള്‍ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളേയും പുള്ളിക്കാരി വിമര്‍ശിക്കുന്നു. ഹീറോയിസത്തിന് ഊന്നല്‍ കൊടുക്കന്ന സിനിമയോടുള്ള കട്ടക്കലിപ്പാണ് പുള്ളിക്കാരിക്ക്.

പുള്ളിക്കാരിയുടെ രചയിതാവായ ഷാരോണ്‍ റാണി കുങ്ഫു പാണ്ടേ, ഹാരിപോട്ടര്‍- റോക്ക് സ്റ്റാര്‍ ഗെയിമുകള്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര ഗ്രാഫിക് പൊജക്ടുകളില്‍ അംഗമായ മലയാളിയാണ്. മാവേലക്കര സ്വദേശിനി. ഭൂട്ടാന്‍ രാജാവിന്റെയും രാജ്ഞിയുടേയും വിവാഹം ഗ്രാഫിക്കായി ചിത്രീകരിച്ചത് പ്രസിദ്ധമാണ്. ഒരു മലയാള സിനിമയുടെ ഗ്രാഫിക് നോവല്‍ ചെയ്യാനായി കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയ ഷാരോണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് പഠിച്ചത്. അക്കാലത്ത് വാഷിങ്ടണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചാണ് തുടക്കമിട്ടത്.

ഷാരോണിന്റെ പുള്ളിക്കാരി ഫെസ്റ്റിവെലിന്റെ ഡെയ്‌ലി ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിരുന്നു.

'സിനിമ കാണുന്നതിലും സമയം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. തിയറ്ററിനു പുറത്ത് പാരസ്പര്യത്തിനുള്ള ഇടങ്ങള്‍ കൂടുതലൊരുക്കണം. മേള എന്നാലതു കൂടിയാണ്'- ഷാരോണിന്റെ അഭിപ്രായം ഇതാണ്.

ഷാരോണിന്റെ പുള്ളിക്കാരി ആറ് കാര്‍ട്ടൂണുകളിലൂടെ മേളയോട് പ്രതികരിച്ചത് കാണാം:
Read More >>