ചലച്ചിത്രമേള സിനിമ കാണാൻ മാത്രമുള്ളതല്ല

ഇത്ര വലിയൊരിടം കേരളത്തിൽ എവിടേയും കിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ അനീതിയെ കുറിച്ചും ഇവിടെ നിന്ന് ഉറക്കെ സംസാരിക്കാം കേൾക്കാൻ ആളുണ്ടാകും

ചലച്ചിത്രമേള സിനിമ കാണാൻ മാത്രമുള്ളതല്ല

ഐ എഫ്എഫ്കെ സിനിമ കാണാൻ മാത്രമുള്ളതാണോ? അല്ല എന്ന ഉത്തരമാണ് പുറം കാഴ്ച്ചകൾ നൽകുന്നത്. പാട്ട് പാടിയും കൂട്ട് കൂടിയും ധാരാളം പേർ പുറംകാഴ്ച്ചകളെ വ്യത്യസ്തമാക്കുന്നു. ഈ കൂടിചേരലുകൾക്ക് വേണ്ടി മാത്രം വന്നവരും ഏറെ. ഇതുവരെ ഐ എഫ് എഫ് കെ വേദിയിൽ വെച്ച് ഒറ്റ സിനിമ പോലും കാണാത്ത അവർ പക്ഷെ ഐ എഫ് എഫ് കെയുടെ ഉത്സവ പ്രതീതിയെ നിലനിർത്തുന്നുണ്ട്.


എന്നാൽ ഇവരാരും സിനിമയെ ഇഷ്ടപ്പെടാത്തവരല്ല. ഐ എഫ് എഫ് കെയിൽ നിന്ന് ഒരു സിനിമ പോലും കാണാതെ അന്ന് രാത്രി തന്നെ മൊബൈൽ ഫോണിൽ സിനിമ കാണുന്ന റാഫിയുടെ കയ്യിൽ ലോക സിനിമയുടെ തന്നെ വലിയ ശേഖരമാണുള്ളത്. "ഇവിടെ നിന്നേ സിനിമ കാണാവൂ എന്നൊന്നുമില്ലാല്ലോ. എനിക്ക് കാണാൻ തോന്നുന്ന സിനിമ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു ഞാൻ കണ്ടിരിക്കും"-റാഫി പറയുന്നു.

സൗഹൃദത്തിനും കൂട്ടുചേരലിനും വലിയ പ്രാധാന്യം നൽകുന്ന മനു അതേ ബന്ധങ്ങളെ തേടി തന്നെയാണ് ഓരോ വർഷവും ഐ എഫ് എഫ് കെയുടെ വേദിയിൽ എത്തുന്നത്. ഇവിടെ നിന്നുണ്ടായ ബന്ധങ്ങൾ ജീവിതത്തിലും ഏറെ സഹായിച്ചിട്ടുണ്ടെന്ന് സഖാവ് മനു. "തങ്ങളുടെ ആശയങ്ങൾ പങ്ക് വെക്കാനും സമരം ചെയ്യാനും പറ്റിയ വേദിയാണ് ഐ എഫ് എഫ് കെ.തുറന്ന് ചിന്തിക്കാൻ കഴിയുന്ന ഒരുപാട് പേർ ഒരേസമയം കൂടിച്ചേരുന്ന ഇടമാണിത്. ഇത്ര വലിയൊരിടം കേരളത്തിൽ എവിടേയും കിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ അനീതിയെ കുറിച്ചും ഇവിടെ നിന്ന് ഉറക്കെ സംസാരിക്കാം കേൾക്കാൻ ആളുണ്ടാകും ഉറപ്പ്"- മനു പറയുന്നു.


ആതിര പക്ഷേ ഇത്തവണ സിനിമ കാണാത്തത് പാസ്സ് കിട്ടാത്തത് കൊണ്ട് മാത്രമാണ്. എങ്കിലും ഐഎഫ്എഫ്കെ മിസ്സ് ചെയ്യാൻ വയ്യ എന്നതിനാലാണ് ഇത്തവണയും വന്നത്. ഈ വർഷം കാണാം എന്ന് കഴിഞ്ഞ വർഷമേ പറഞ്ഞ് വെച്ചവരുണ്ട്. അവരെ എങ്ങനെയാണ് നിരാശപ്പെടുത്തുക അതുകൊണ്ട് എല്ലാ വർഷവും ഞാൻ വന്നുകൊണ്ടേ ഇരിക്കും. ആതിരക്ക് അത് ഉറപ്പാണ്.

ആൾ കൂട്ടത്തിനെ നിയന്ത്രിക്കാനാണ് ഇത്തവണ ഡെലിഗേറ്റ് പാസ്സ് കുറച്ചത്. എന്നാൽ ആൾകൂട്ടം ഉണ്ടാവുക തന്നെ ചെയ്യും എന്നതിന് തെളിവാണ് ഐഎഫ്എഫ്കെയുടെ പുറം കാഴ്ച്ചകൾ. സിനിമ മാത്രമല്ല ഐഎഫ്എഫ്കെയെന്ന് ഈ കാഴ്ച്ചകൾ വിളിച്ചു പറയുന്നു.

Read More >>