ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വാസുദേവനെ മർദ്ദിച്ച യഥാർത്ഥ പ്രതി ബിജെപി നേതാവിന്റെ മകൻ; പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു

ശ്രീജിത്തിനെതിരെ വ്യാജമൊഴി ചമച്ച സിപിഐഎം നേതാക്കൾക്കെതിരെ ആഞ്ഞടിക്കുമ്പോഴും സ്വന്തം നേതാവിൻ്റെ കാര്യത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി പ്രാദേശിക നേതാക്കൾ

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വാസുദേവനെ മർദ്ദിച്ച യഥാർത്ഥ പ്രതി ബിജെപി നേതാവിന്റെ മകൻ; പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു

ശ്രീജിത്ത് അറസ്റ്റ് ചെയ്യപ്പെട്ട കേസിലെ യഥാർത്ഥ പ്രതി ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ. പാർട്ടിയുടെ വരാപ്പുഴ പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ആയ എംജി ശശിയുടെ മകൻ തുളസീദാസും സംഘവും ചേർന്നാണ് വാസുദേവനെ പരസ്യമായി മർദ്ദിച്ചത്. ദേവസ്വം പാടത്തു വച്ച് നടന്ന ആ സംഭവത്തെ തുടർന്ന് തുളസീദാസ് അടക്കമുള്ള യഥാർത്ഥ പ്രതികൾ ഒളിവിൽ പോയി. കത്തിക്കുത്ത് അടക്കമുള്ള കേസുകളിൽ പ്രതിയായ തുളസീദാസിനെ, പിതാവായ ബിജെപി നേതാവ് സംരക്ഷിക്കുകയാണെന്ന് മുമ്പും പരാതികൾ ഉണ്ടായിരുന്നു. ഇപ്പോഴും എംജി ശശിയുടെ അറിവോട് കൂടിയാണ് തുളസീദാസ് ഒളിവിൽ ഉള്ളതെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. ഇയാളടക്കമുള്ളവർ ഒളിവിൽ പോയതിനെ തുടർന്ന് പ്രാദേശിക സിപിഐഎം നേതാക്കൾ നൽകിയ ലിസ്റ്റ് അനുസരിച്ചുള്ള പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ശ്രീജിത് ഉണ്ടായിരുന്നത് അക്കൂട്ടത്തിലാണ്.

തൻ്റെ മകനെ സംരക്ഷിക്കാൻ എംജി ശശി ശ്രമിച്ചില്ലായിരുന്നു എങ്കിൽ ശ്രീജിത്തിനെ തങ്ങൾക്ക് നഷ്ടപ്പെടിലായിരുന്നു എന്നാണ് സുഹൃത്തുക്കളുടെയും മറ്റ് ബിജെപി സഹപ്രവർത്തകരും പറയുന്നത്. എന്നിട്ടും ശ്രീജിത്തിനു വേണ്ടിയുള്ള ഹർത്താലിലും സമരങ്ങളിലും പൊതു പരിപാടികളിലും ഇയാൾ തന്നെ മുന്നിൽ നിൽക്കുന്നത് പ്രദേശത്തെ ബിജെപി പ്രവർത്തകർക്കും ഭാരവാഹികൾക്കും ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നത്. ശ്രീജിത്തിനെ അനുസ്മരിച്ചുകൊണ്ട് ബിജെപി നടത്തിയ പരിപാടികളിളെല്ലാം എംജി ശശിയുടെ പ്രത്യക്ഷ സാന്നിധ്യമുണ്ടായിരുന്നു. വരാപ്പുഴയിലെ ഹർത്താലിന് വാഹനം തടയുന്ന വീഡിയോ വൈറലായപ്പോൾ അതിൻ്റെ മുന്നിൽ നിന്നിരുന്നതും മറ്റാരുമല്ല.

ഇപ്പോൾ തന്നെ ആളുകൾ ഇക്കാര്യം മുറുമുറുക്കുന്നുണ്ടെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. നാളെ മറ്റ് രാഷ്ട്രീയപ്പാർട്ടികൾ ഇത് ഏറ്റെടുത്താൽ തങ്ങൾ പ്രതിസന്ധിയിലാകും എന്നാണ് അവർ പറയുന്നത്. പാർട്ടി ഇയാളെ മാറ്റിനിർത്താൻ തയ്യാറാവാത്തതിലുള്ള അമർഷവും ഇവർ പങ്കുവയ്ക്കുന്നു.

മുമ്പ് ശ്രീജിത്തിൻ്റെ മൃതദേഹം വീട്ടിലെത്തിയ സമയത്ത് ചില സ്ത്രീകൾ ഇയാൾക്കെതിരെ വാക്കേറ്റം നടത്തിയിരുന്നു. 'തൻ്റെ മകനെ താൻ സംരക്ഷിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾക്ക് ശ്രീജിത്തിനെ നഷ്ടപ്പെടില്ലായിരുന്നു' എന്നു പറഞ്ഞായിരുന്നു പ്രദേശവാസികളായ സ്ത്രീകൾ എംജി ശശിക്ക് നേരെ തിരിഞ്ഞത്. പാർട്ടിക്കുള്ളിൽ നേരത്തേ തന്നെയുള്ള അമർഷം ഇപ്പോൾ കൂടുതൽ പുറത്തേയ്ക്ക് വരികയാണ്. ശ്രീജിത്തിൻ്റെ മരണം രാഷ്ട്രീയമായി ഗുണമാവുന്നതിനു പകരം നിലവിലുള്ള മേൽക്കൈ നഷ്ടപ്പെടുത്തരുതെന്നാണ് ഇവർ പാർട്ടിയോട് അപേക്ഷാ രൂപത്തിൽ പറയുന്നത്. പാർട്ടി പ്രവർത്തകരും നേതാക്കളും ആവശ്യപ്പെടുകയും നാട്ടുകാർക്കിടയിൽ അമർഷമുണ്ടാവുകയും ചെയ്തിട്ടും എംജി ശശി എന്ന നേതാവിനെ സംരക്ഷിക്കുന്ന പാർട്ടി നിലപാടിനെതിരെ അണികൾക്കിടയിൽ വലിയ അതൃപ്തിയാണ് എന്തായാലും രൂപപ്പെട്ടിട്ടുള്ളത്.

Read More >>