മുലയെന്നു കേട്ടാല്‍ അയ്യേ! സെക്‌സെന്നു കേട്ടാല്‍ അയ്യയ്യേ: കമ്പി മലയാളത്തെ പറ്റിത്തന്നെ

മലയാളിയെ മാധ്യമങ്ങള്‍ ശീലിപ്പിച്ച ലൈംഗികത വിനോദം, ആനന്ദം, സ്വാതന്ത്ര്യം എന്നിവയിലൂന്നുന്നതല്ല. സ്ത്രീയെ ഭോഗവസ്തുവാക്കുന്ന ആ ലൈംഗിക മാധ്യമപ്രവര്‍ത്തെക്കുറിച്ച് എഴുതുകയാണ് നാരദ ന്യൂസ് സബ് എഡിറ്റര്‍ ലിയോനാള്‍ഡ് ഡെയ്‌സി മാത്യു.

മുലയെന്നു കേട്ടാല്‍ അയ്യേ! സെക്‌സെന്നു കേട്ടാല്‍ അയ്യയ്യേ: കമ്പി മലയാളത്തെ പറ്റിത്തന്നെ

സെക്സ് എന്ന വാക്ക് കണ്ടാല്‍ അത് മഞ്ഞയാണെന്നു വിളിച്ചുപറയുന്ന സ്വഭാവം മലയാളിക്കുണ്ട്. ലൈംഗിക ശീലങ്ങളുമായി ബന്ധപ്പെട്ട എഴുത്തായാലും അത് ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ടതായാലും മലയാളികളെ സംമ്പന്ധിച്ചിടത്തോളം ആ പദം ഉള്‍ക്കൊള്ളുന്ന എല്ലാ എഴുത്തുകളും മഞ്ഞതന്നെ.

ലൈംഗീകതയുമായി ബന്ധപ്പെട്ട എഴുത്തുകളെയും വാര്‍ത്തകളെയും മലയാളികള്‍ എന്തിനാണ് പേടിക്കുന്നത്. ലൈംഗീകത ഉള്‍ക്കൊള്ളുന്ന വാര്‍ത്തകളും എഴുത്തുകളും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ എതിര്‍ക്കുന്നവര്‍ ആ പത്രം മഞ്ഞയാണെന്നതരത്തിലാണല്ലോ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ മഞ്ഞ വാര്‍ത്ത എന്താണെന്നും മഞ്ഞ പ്രസിദ്ധീകരണങ്ങളെന്താണെന്നും വ്യക്തമായ ധാരണ മലയാളി സമൂഹത്തിലില്ലാത്തതാണ് ആരോപണങ്ങള്‍ക്കുള്ള പ്രധാന ഹേതു.

മഞ്ഞ വര്‍ത്തമാനം

ഒരു വാര്‍ത്തയെ അതി ഭാവുകത്വത്തോടെ അവതരിപ്പിക്കുകയോ, വാര്‍ത്തയുമായി ബന്ധപ്പെട്ട ചെറു തുണ്ട് വിവരം ശേഖരിച്ച ശേഷം അതിനെ ലേഖകന്റെ ഭാവനയ്ക്കനുസരിച്ച് വികസിപ്പിച്ചെഴുതുന്നതിനെയോ അല്ലെങ്കില്‍ വായനക്കാരനെ ത്രസിപ്പിക്കുന്ന തലക്കെട്ട് നല്‍കിയതിനുശേഷം വാര്‍ത്തയിലേക്ക് ആനയിക്കുന്നതിനെയോ മഞ്ഞപത്ര പ്രവര്‍ത്തനം എന്നു പറയാം. മാധ്യമ ധാര്‍മികതയ്ക്ക് ചേരാത്ത പത്രപ്രവര്‍ത്തനത്തെയും മഞ്ഞ പത്രപ്രവര്‍ത്തനമെന്നു വിശേഷിപ്പിക്കാറുണ്ട്. മലയാള പത്രങ്ങളില്‍ സെക്സ് എന്ന വാക്ക് ഉപയോഗിച്ചാലോ ശാരീരിക ബന്ധത്തിന്റെ ആരോഗ്യ വഴികള്‍ വിവരിച്ചാലോ വായനക്കാര്‍ പ്രകോപിതരാകും. സെക്സ് എന്നുള്ളത് കിടപ്പറ രഹസ്യമായി കാത്ത് സൂക്ഷിക്കാനാണ് മലയാളിയ്ക്കിഷ്ടം.

സ്പാനിഷ് അമേരിക്കന്‍ യുദ്ധകാലഘട്ടത്തില്‍ അമേരിക്കയുടെ യുദ്ധക്കപ്പലായ മൈന്‍ സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ടു. അന്ന് ജോസഫ് പുലിറ്റ്‌സറും വില്ല്യം റാണ്ടോള്‍ഫ് ഹേസ്റ്റും സ്‌ഫോടനത്തെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കുകയും യുദ്ധം മുറുകുന്നതിനു കാരണമാവുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ന്യൂയോര്‍ക്ക് സിറ്റി പത്രമാധ്യമങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുന്നതിനായി ഉറവിടം വെളിപ്പെടുത്താതെ വാര്‍ത്തകള്‍ ആകര്‍ഷകമായ തലക്കെട്ടുകള്‍ നല്‍കി പ്രസിദ്ധീകരിച്ചുപോന്നു. പത്രത്തിന്റെ പ്രചാരണ തന്ത്രമായായിരുന്നു ഇതിനെ ഉപയോഗിച്ചത്.

ചെറിയ വാര്‍ത്തകള്‍ക്ക് വമ്പന്‍ തലക്കെട്ടു നല്‍കിയും ചിത്രീകരണങ്ങളും ചിത്രങ്ങള്‍ താളുകളില്‍ ആകര്‍ഷകമായി പ്രതിഷ്ടിച്ചും അവര്‍ തങ്ങളുടെ വായനക്കാരെ ആകര്‍ഷിച്ചു. സ്വയം തയ്യാറാക്കിയ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചും തെറ്റായ ദിശയിലുള്ള തലക്കെട്ടുകള്‍ നല്‍കിയും അവര്‍ തങ്ങളുടെ പ്രചരണ തന്ത്രം വായനക്കാര്‍ക്കിടയില്‍ ഉത്സാഹപൂര്‍വ്വം പ്രയോഗിച്ചു. കളര്‍ പേജില്‍ അച്ചടിക്കുന്ന ഞായറാഴ്ച സപ്ലിമെന്റുകളില്‍ മുഴുപേജ് കോമിക് കഥകള്‍ നിരത്തിയും അലിവുണര്‍ത്തുന്ന വിവരണങ്ങളിലൂടെ വാര്‍ത്തകളെ പ്രതിഷ്ടിച്ചും അവര്‍ തങ്ങളുടെ പ്രചാരണ തന്ത്രം തുടര്‍ന്നുപോന്നു.

മഞ്ഞ പത്രപ്രവര്‍ത്തനം അത്തരത്തിലുള്ളതായിരിക്കെ സെക്സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാളികള്‍ക്കുമാത്രമെങ്ങനെ മഞ്ഞ വാര്‍ത്തയാകും? മനസിലൊളിപ്പിച്ച കപട സദാചാരവും ലൈംഗികതയെന്നു കേട്ടാല്‍ ഉള്ളിലുണരുന്ന ഇക്കിളിയുമാണ് ഇതിനെല്ലാം പ്രേരിപ്പിക്കുന്നതെന്ന് ചുരുക്കം.

സെക്സ് എന്ന വാക്കിനെ തുണിയുടുപ്പിക്കണോ?

ബിബിസി, സിഎന്‍എന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ലൈഫ് സ്റ്റൈല്‍ എഡിറ്റര്‍ തസ്തികയുണ്ട്. സമൂഹത്തിന്റെ ജീവിത രീതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എഴുതുകയെന്നതാണ് അവരുടെ ചുമതല. പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, ലൈംഗീകത തുടങ്ങിയ വിഷയങ്ങളാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മലയാള മാധ്യമങ്ങള്‍ ലൈഫ് സ്‌റ്റൈല്‍ എഡിറ്ററുടെ പ്രാധാന്യം തിരിച്ചറിഞ്ഞുവരുന്നതേയുള്ളുവെന്നതാണുകാര്യം.

മലയാള മാധ്യമങ്ങള്‍ ലൈംഗീകതയെപ്പറ്റി സംസാരിക്കുന്നത് ഇക്കിളി വാര്‍ത്തകളിലൂടെയാണ്. വാര്‍ത്തകള്‍ക്കുള്ളില്‍ ദ്വായാര്‍ത്ഥ പ്രയോഗത്തിലൂടെ ലൈംഗീകത ഒളിച്ചുകടത്തുകയാണ് അവര്‍ ചെയ്യുന്നത്. വാര്‍ത്തയുമായി ബന്ധപ്പെട്ട അല്‍പ്പം വിവരവും മസാലയും വാരി വിളമ്പി അവര്‍ വായനക്കാരെ തൃപ്തിപ്പെടുത്തുന്നുമുണ്ട്. ലൈംഗീക വിഷയം വായനക്കാരനു മുന്നിലെത്തിക്കേണ്ടത് അത്തരത്തിലാണോ? ലിംഗമെന്നോ യോനിയെന്നോ പറയണമെങ്കില്‍ ഉല്‍പ്രേക്ഷകളുപയോഗിച്ച് ദ്വായാര്‍ത്ഥത്തിലൂടെ സംവദിക്കേണ്ട അവസ്ഥ പരിതാപകരമാണ്.

ഫാ. റോബിന്‍ പീഡന കേസില്‍ പിടിയിലായതിനുശേഷം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുമായി സംഭാഷണം നടത്തി ഇക്കിളിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പത്രത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തത് ആയിരങ്ങളാണ്. പെണ്‍കുട്ടി ധരിച്ചിരുന്ന വേഷം മുതല്‍ പെണ്‍കുട്ടിയുടെ വലിപ്പം വരെ വാര്‍ത്തയില്‍ പ്രതിപാധ്യ വിഷയമാണ്. എന്നാല്‍ വായനക്കാനു തന്റെ ലളിതയുക്തിയില്‍ അത് മഞ്ഞ വാര്‍ത്തയാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. അത്തരക്കാര്‍ ലൈംഗീകതയുമായി ബന്ധപ്പെട്ട വാര്‍ത്തകളെ മഞ്ഞയാണെന്നു തെറ്റിദ്ധരിക്കുന്നു.

ചുംബനസമരത്തെ അടിച്ചോടിക്കാന്‍ ഇറങ്ങിയ അതേ ആളുകള്‍ എല്ലാക്കാലത്തുമുണ്ട്. ലൈംഗികതയെ കുറിച്ച് തുറന്നു പറയാന്‍ അവര്‍ക്ക് ഭയമാണ്. സ്ത്രീയുടെ സ്വതന്ത്രമായ ലൈംഗികത അവരുടെ ചീട്ടുക്കൊട്ടാരങ്ങളെ തകര്‍ക്കുകയും അതിരുകളെ വലിച്ചെറിയുകയും ചെയ്യും. മതങ്ങളും ദേശങ്ങളും പെണ്ണിന്റെ അടിമജീവിതത്തില്‍ നിന്നാണല്ലോ അതിര്‍ത്തികളുണ്ടാക്കിയത്. അധികാരത്തിന്റെ ആ അതിര്‍ത്തി പ്രദേശത്തേയ്ക്കുള്ള കടന്നു കയറ്റമാണ് ചിറകുകളും ആനന്ദവുമുള്ള വിനോദകരമായ ലൈംഗികത. ആ തുറവിയെ ഭയക്കുന്നവര്‍ മതങ്ങളും അധികാരവുമാണ്. ആണധികാരത്തിന് ഒളിഞ്ഞുനോട്ട ആനന്ദമാണ് ഇഷ്ടം. അതിനാലാണ് ഒളിച്ചു കൊടുക്കുന്നത്. അങ്ങനെ ഒളിച്ചു കടത്തിയതിനൊടുവിലാണ് ആ പെണ്‍കുട്ടിക്ക് ലിംഗം ഛേദിച്ച് പ്രതികരിക്കേണ്ടി വന്നത്. ലൈംഗികതയെ മൂത്രം ഒഴിക്കുന്നതു പോലെയുള്ള സ്വാഭാവികതയോടെ കാണേണ്ടതുണ്ട്.