നാലായിരം തൊഴിലാളികൾ മൂന്നരക്കോടി ജനങ്ങളുടെ നികുതിയില്‍ 'സമരം' ചെയ്തു ജീവിക്കുന്ന മഹാപ്രസ്ഥാനം- കെ.എസ്.ആര്‍.ടി.സി

'ദുരന്തം' എന്നൊരു വാക്ക് മാത്രം മതി ഈ സ്ഥാപനത്തെയും ഇവിടെ ജോലി ചെയ്യുന്ന നല്ലൊരു ശതമാനത്തെയും വിശേഷിപ്പിക്കാന്‍. ജോലി ചെയ്താലും ഇല്ലെങ്കിലും മുടങ്ങാതെ ശമ്പളം വാങ്ങാന്‍ യോഗമുള്ള ഒരു വിഭാഗം തൊഴിലാളികളെ മറ്റൊരു പറുദീസയിലും കാണാന്‍ കഴിയില്ല.

നാലായിരം തൊഴിലാളികൾ മൂന്നരക്കോടി ജനങ്ങളുടെ നികുതിയില്‍  സമരം ചെയ്തു ജീവിക്കുന്ന മഹാപ്രസ്ഥാനം- കെ.എസ്.ആര്‍.ടി.സി

എന്നെങ്കിലും കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുമോ? ഈ ചോദ്യം ഉന്നയിച്ചതും അതിന്, 'ദൈവം വിചാരിച്ചാലും നടക്കില്ല' എന്ന് ഉത്തരം നല്‍കുന്നതും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്.കെ.എസ്.ആര്‍.ടി.സി ബഹുകേമമെന്നും ഇതു പോലെ ഒരു സ്ഥാപനം ലോകത്തു മറ്റെവിടെയും കാണില്ല എന്നും അവിടെ ജോലി ചെയ്യുന്ന ആരെയെങ്കിലും കൊണ്ട് പറയിപ്പിക്കാന്‍ കഴിയുമോ? അതിനു വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പോലും കേരള സര്‍ക്കാര്‍ പ്രത്യേക ബഹുമതി നല്‍കി ആദരിക്കണം എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.

'ദുരന്തം' എന്നൊരു വാക്ക് മാത്രം മതി ഈ സ്ഥാപനത്തെയും ഇവിടെ ജോലി ചെയ്യുന്ന നല്ലൊരു ശതമാനത്തെയും വിശേഷിപ്പിക്കാന്‍. ജോലി ചെയ്താലും ഇല്ലെങ്കിലും മുടങ്ങാതെ ശമ്പളം വാങ്ങാന്‍ യോഗമുള്ള ഒരു വിഭാഗം തൊഴിലാളികളെ മറ്റൊരു പറുദീസയിലും കാണാന്‍ കഴിയില്ല.സത്യം! നാലായിരം വരുന്ന തൊഴിലാളികൾ മൂന്നര കോടി ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ശമ്പളം പറ്റി സമരം ചെയ്തു മാത്രം ജീവിക്കുന്നു. ഈ പ്രസ്ഥാനം രൂപമെടുത്ത അന്ന് തുടങ്ങിയതാണ് ഈ ദുര്യോഗം. തൊഴിലാളികൾ എന്ന ലേബൽ ഒട്ടിച്ചു ബസ്റ്റാൻഡും പരിസരവുമെല്ലാം അവരുടെ സമരപ്രഖ്യാപന നോട്ടീസുകൾ ഒട്ടിക്കുന്നതാണ് ഇവരുടെ പ്രധാന കര്‍മ്മമെന്നു തോന്നും. ലോക്കൽ ട്രാസ്പോർട്ട് ഓഫീസർ മുതൽ ഗതാഗത മന്ത്രിവരെയോ അതുമല്ലെങ്കില്‍ മുഖ്യൻ വരെയോ ഇവരുടെ സമരപ്രഖ്യാപനങ്ങള്‍ നീളും.

എന്തിനാണ് ഇത്തരമൊരു സംവിധാനം നമ്മുക്ക് വേണ്ടതെന്നു ചിന്തിച്ചിട്ടുണ്ടോ?

ഒരു ബസ് നിരത്തില്‍ ഓടണമെങ്കില്‍ പതിനെട്ടോളും ജീവനക്കാർ ജീവനക്കാര്‍ വിചാരിക്കണം. എത്ര മനോഹരമായ ആചാരങ്ങള്‍? ഇവരില്‍ എത്ര പേര് നേരെചൊവ്വേ ജോലിക്കു വരുന്നുണ്ട് എന്നു ചോദിച്ചാല്‍ പോലും അടുത്തദിവസം സമരമുണ്ടാകും. സമയനിഷ്ഠ, കാര്യക്ഷമത ഇവയെല്ലാം പൊതുജനം ചോദിച്ചാലും തഥൈവാ!

സിവിൽ ഏവിയേഷൻസ് ഇന്ത്യയിൽ തഴച്ചു വളര്‍ന്നു കഴിഞ്ഞു. ഒരു ഡസൻ സ്വകാര്യ സ്‌ഥാപനങ്ങൾ ഈ മേഖലയില്‍ ഡൊമസ്റ്റിക് ഓപറേഷന്‍സ് നടത്തുന്നുണ്ട്‌. ഡൊമസ്റ്റിക് ഫ്ലൈറ്റിന്റെ ഫിറ്റ്നസ് ഉറപ്പു വരുത്തുന്ന ടെക്നിക്കൽ സ്റ്റാഫുകൾ ജോലി ചെയ്യുന്നത് ഒരു ഷെഡ്യൂളിന് ശേഷമോ അല്ലെങ്കില്‍ രാത്രി സമയത്തുമാണ്. ഒരിക്കലും ഷെഡ്യൂള്‍ ട്രിപ്പുകള്‍ റദ്ദാക്കിയല്ല ഈ പണികള്‍ നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ ഇങ്ങനെ ഒന്നു പ്രതീക്ഷിക്കാന്‍ കഴിയുമോ? വന്നാല്‍ വന്നു പോയാല്‍ പോയി! അതൊക്കെ യാത്രക്കാരന്റെ ഭാഗ്യം പോലെയിരിക്കും.

ജീവനക്കാര്‍ ആവശ്യത്തിനു ഇല്ലാത്തതല്ല പ്രശ്നം, അവരുടെ ജോലി ചിട്ടപ്പെടുത്തുന്ന സമയത്തിലാണ് അപാകതയുള്ളത്. രാത്രിയില്‍ ഓടുന്ന ബസുകളുടെ അറ്റകുറ്റപണികള്‍ പകലും, നേരേതിരിച്ചു പകല്‍ ഷെഡ്യൂള്‍ ഉള്ളവയുടെ മെയിന്‍ടെയിനന്സ് രാത്രിയിലും നടക്കട്ടെ എന്നു വയ്ക്കണം. ഇതിനു പക്ഷെ ഗതാഗത വകുപ്പിന് ആര്‍ജ്ജവം ഉണ്ടാകണം. ഒരു കാരണവശാലും തൊഴിലാളികളുടെ അകാരണമായ ഭീഷണിയ്ക്കു മുൻപിൽ കീഴ്പ്പെടരുത്. സമരമെങ്കില്‍ സമരം, ജോലിയ്ക്കനുസൃത്മായി മാത്രം കൂലി എന്ന മാനദന്ധം നിശ്ചയമായി നടപ്പിലാക്കൂ...കുറച്ചെങ്കിലും മാറ്റം ഉണ്ടാകും.

നമ്മുടെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ വൃത്തിയാണ് മറ്റൊരു കാര്യം. വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായി എന്ന് തോന്നിപ്പിക്കാത്ത എത്ര ബസുകളെ നിരത്തില്‍ കാണാന്‍ കഴിയും. രാവിലെ കുളിച്ചു ദേഹമാകെ കുറിയും പൂശിയെത്തുന്ന സ്വകാര്യബസുകള്‍ക്കിടയില്‍ ഒരു ദുശ്ശകുനകാഴ്ച പോലെയാണ് പലപ്പോഴും ആന വണ്ടി കയറി വരുന്നത്. ഏതായാലും ടിക്കറ്റ്‌ നിരക്കിലും യാതൊരു ഇളവും നല്‍കുന്നില്ല. പിന്നെ എന്തു മഹത്വമാണോ ഈ മഞ്ഞ കൊമ്പുള്ള ചുവന്ന ആനയ്ക്കുള്ളത്? ബസുകൾ വൃത്തിയാക്കുന്ന ജോലി ഔട്ട്‌ സോഴ്സ് ചെയ്തു കുടുംബശ്രീയെ ഏല്‍പ്പിക്കുക. സ്ത്രീശാക്തീകരണവുമാകും ബസ് വൃത്തിയാകുകയും ചെയ്യും.

സ്വകാര്യ ബസുകളുടെ സര്‍വീസ് നിബന്ധനകളില്‍ ചിലതെങ്കിലും കെ.എസ്.ആര്‍.ടി.സിയിലും നടപ്പില്‍ വരുത്തിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എ.കെ.ആന്റണി സ്വകാര്യ മെഡിക്കല്‍കോളേജുകള്‍ക്കും എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും അനുമതി കൊടുത്തത് പോലെയല്ല, അവിടെ നടപ്പാക്കുന്ന ചില ചിട്ടകള്‍ ഇങ്ങോട്ടേക്കു സ്വീകരിക്കണം എന്നാണ് അര്‍ത്ഥമാക്കിയത്. വിദ്യാർത്ഥികളുടെ കൺസെഷൻ സ്വകാര്യ ബസുകള്‍ ഈടാക്കുന്ന നിലയിലോ അതില്‍ കുറച്ചു മാത്രം താഴെയോ ആക്കി നിജപ്പെടുത്തണം. തീരെ വരുമാനം ഇല്ലാത്തവര്‍ക്ക് ഇളവുകള്‍ നല്‍കാം. അതുപോലെ തന്നെ പൊതുജനത്തിനു യാതൊരു പ്രയോജനവും ഇല്ലാതെ, ചില കൂട്ടര്‍ക്ക് മാത്രമായി നല്‍കുന്ന ഇളവുകളും അവസാനിപ്പിക്കണം. അങ്ങനെയെങ്കില്‍ പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ വിജയം ഇവിടുന്ന് തുടങ്ങാം, സംശയമില്ല!