ഒരു മലയാളി പോത്ത്പാലകന്‍റെ കദന കഥ; കുഴല്‍മന്ദം ചന്തവരെ ഒന്നു പോയിട്ടു വരാം...

ഫിലോസഫിയില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത ഇദ്ദേഹം കര്‍ഷകനാണ്. കന്നുകാലികളേയും വളര്‍ത്തുന്നു. ഇറച്ചി പരുവമായ പോത്തുകളെ ഇനിയെന്തു ചെയ്യും. പോത്തിനെ വില്‍ക്കുന്ന കുഴല്‍മന്ദം ചന്തയില്‍ പോയപ്പോള്‍ കണ്ട കാര്യങ്ങള്‍- പാലക്കാട്ടു നിന്നും എ.എം ഷിബു എഴുതുന്നു; തന്‍റെ പോത്ത് പാലന ജീവിതം.

ഒരു മലയാളി പോത്ത്പാലകന്‍റെ കദന കഥ; കുഴല്‍മന്ദം ചന്തവരെ ഒന്നു പോയിട്ടു വരാം...

എ എം ഷിബു

കര്‍ണ്ണാടകയിലെ ഹൊസൂരിലെ കാലി ചന്തയില്‍നിന്നായിരുന്നു പാലക്കാട്ടുനിന്നുള്ള കര്‍ഷകര്‍ കാലിയെ വാങ്ങിയിരുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അതിനു കഴിയുന്നില്ല. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഞാനും വീടിനടുത്തുള്ള കുറച്ച് കര്‍ഷകരും ചേര്‍ന്ന് ഹൊസൂരില്‍ കാലികളെ വാങ്ങാനായി പോയി. കാലികളുമായി തിരികെ പോരുന്നവഴി ഗോ സംരക്ഷകര്‍ ഞങ്ങളെ വഴിയില്‍ തടഞ്ഞു. ഞങ്ങളുടെ പേരുവിവരങ്ങള്‍ ചോദിക്കുകയും എന്താവശ്യത്തിനാണ് കാലികളെ വാങ്ങിയെന്നുള്ള ചോദ്യത്തിനും വിധേയമാക്കി. മുസ്ലിം പേരുള്ള ആരും കൂടെയില്ലാതിരുന്നതുകൊണ്ട് തല്ലുകിട്ടിയില്ല.

ഈ പ്രവണത രണ്ടുമൂന്നു തവണ തുടര്‍ന്നതോടെ പാലക്കാട്ടെന്നുള്ള കര്‍ഷകരൊന്നും ഹൊസൂരിലേക്ക് കാലികളെ വാങ്ങാന്‍ പോകാതെയയി

ഹൊസൂരില്‍നിന്നും കാലികളുടെ വരവു കുറഞ്ഞതോടെയാണ് ഇറച്ചി ആവശ്യത്തിനായി പോത്തിനേയും എരുമയേയും വളര്‍ത്താന്‍ കര്‍ഷകര്‍ തുനിഞ്ഞത്. അത് പച്ചപിടിച്ചുവരുന്ന നേരത്താണ് മോദി സര്‍ക്കാരിന്റെ ഓര്‍ഡിന്‍സ് പുറത്തുവന്നത്. പശുവളര്‍ത്തി പാലുവിറ്റാലൊന്നും ജീവിച്ചുപോകാനുള്ള വരുമാനംകിട്ടില്ലെന്ന സാഹചര്യം വന്നപ്പോഴാണ് പോത്തുവളര്‍ത്തല്‍ ആരംഭിച്ചത്. പോത്തുവളര്‍ത്തലിലൂടെ ലഭിക്കുന്ന ലാഭമാണ് നീക്കിയിരിപ്പായി ലഭിക്കുന്നത്.

ക്രിസ്തുമസ്, ബലിപ്പെരുന്നാള്‍ സമയത്താണ് പോത്തു കച്ചവടം പ്രധാനമായും നടക്കുക. എന്നാല്‍ ഇക്കുറി ഞങ്ങളെ സംബന്ധിച്ചടത്തോളം നഷ്ടക്കച്ചവടത്തിന്റെ നാളുകളാണ് വന്നിരിക്കുന്നത്. ഞാനും എന്റെ അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് 55 പോത്തുകളെ വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട്ടെ കുഴല്‍മന്ദം ചന്തയിലെത്തിയപ്പോള്‍ ആരും വാങ്ങാനില്ലാത്ത അവസ്ഥയായിരുന്നു. പുതിയ ഓര്‍ഡിനന്‍സിലെ ആശയക്കുഴപ്പമാണ് കച്ചവടക്കാരെ പിന്‍തിരിപ്പിച്ചിരിക്കുന്നതെന്നുവേണം കരുതാന്‍.

വര: ലിയോനാൾഡ്

കേരളത്തിലെ പ്രസിദ്ധമായ കന്നുകാലി ചന്തയാണ് പാലക്കാട്ടെ കുഴല്‍മന്ദം ചന്ത. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ ചന്തയ്ക്ക്. എല്ലാ ശനിയാഴ്ചയുമാണ് ചന്ത നടക്കുക. വെള്ളിയാഴ്ച കാലത്തുതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ഷകരും കാലി കച്ചവടക്കാരും ഇവിടേയ്ക്ക് ഒഴുകിയെത്തും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നുമാണ് ഇവിടേയ്ക്ക് കാലികളെത്തുന്നത്. ആഴ്ചയില്‍ ഇരുപത് മുതല്‍ മുപ്പത് കോടി രൂപയുടെ വ്യാപാരം ഇവിടെ നടന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനം ഈ മേഖലയിലെ ആളുകളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

ക്രിസ്തുമസ് കാലത്ത് പോത്തിനെ വില്‍ക്കുന്നപാടെ ബലിപ്പെരുന്നാളിനുള്ള പോത്തു കുട്ടികളെ വാങ്ങി വളര്‍ത്താന്‍ ആരംഭിക്കും. ഏകദേശം ഒരു വയസ് പ്രായമുള്ള കുട്ടികളെയാണ് വാങ്ങാറ്. ഏഴായിരം രൂപയോളം വരും ഒന്നിന്. രണ്ട് രണ്ടര വയസെത്തിച്ചതിനുശേഷമാണ് പോത്തിനെ വില്‍ക്കാറ്. ടൗണിലെ പച്ചക്കറി കടയില്‍നിന്നും കൊണ്ടുവരുന്ന വേസ്റ്റാണ് പോത്തിന് തിന്നാന്‍ കൊടുക്കുക. പാവയ്ക്കയൊഴിച്ച് പോത്ത് എന്തും നിന്നോളും. വളരെ കഷ്ടപ്പാട് സഹിച്ച് വളര്‍ത്തിക്കൊണ്ടുവരുന്ന പോത്തുകളെ കഴുത്തറക്കാന്‍ താല്‍പര്യപ്പെട്ട് കൊടുക്കുന്നതൊന്നുമല്ല. പക്ഷേ ജീവിക്കാന്‍ ഈ തൊഴിലുമാത്രമെ അറിയൂ. ഞങ്ങളോട് ഈ പണി നിര്‍ത്തി കൊച്ചിയിലൊരു കട തുടങ്ങാന്‍ പറഞ്ഞാന്‍ അതെങ്ങെനെ നടക്കും. ഞങ്ങള്‍ക്കാ പണി അറിയില്ലല്ലോ.

ഗള്‍ഫിലെ ജോലിയൊക്കെ മതിയാക്കി ലക്ഷങ്ങള്‍ കടമെടുത്ത് കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുഹൃത്തുക്കളെനിക്കുണ്ട്. കറവ വറ്റിയ പശുക്കളെ അവരെന്തു ചെയ്യും. തൊഴുത്തില്‍ത്തന്നെ നിര്‍ത്താനൊക്കില്ലല്ലോ. പ്രായം ചെന്ന പശുക്കള്‍ക്ക് ചെലവുകൊടുക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നഷ്ടക്കച്ചവടമാണ്.

കന്നുകാലി വളര്‍ത്തുന്നതിന് സമ്പ്രദായങ്ങളുണ്ട്. ചിലര്‍ കറവ പശുക്കളെ വാങ്ങി വളര്‍ത്തും. കറവ വറ്റുന്നതോടുകൂടി പശുവിനേയും കിടാവിനെയും വിറ്റ് പുതിയ മാടിനെ വാങ്ങും. വേറെ ചില കര്‍ഷകരാകട്ടെ കന്നുകാലികളെ മാറ്റി വാങ്ങാറില്ല കിടാങ്ങളെ മാത്രം വിറ്റൊഴിക്കും. വേറെ ചിലര്‍ കിടാങ്ങളെ വാങ്ങി വളര്‍ത്തി സമയമാകുമ്പോള്‍ കുത്തിവെയ്പ്പിച്ച് പ്രസവശേഷം വില്‍ക്കും. കറവയെടുക്കാന്‍ നില്‍ക്കില്ല. വേറെ ഒരു വിഭാഗം മൂരിക്കിടാങ്ങളെയും പോത്തിന്‍ കിടാങ്ങളെയും വാങ്ങി വളര്‍ത്തിയശേഷം മാംസാവശ്യങ്ങള്‍ക്കുവേണ്ടി വില്‍ക്കും ഇതെല്ലാം കര്‍ഷകരുടെ ഉപതൊഴിലാണ്. ഈ തൊഴിലാണ് വാസ്തവത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടംപറ്റാനിടയില്ലാത്ത ഒരിനം. ഇതിന്റെയെല്ലാം നിലനില്‍പ്പാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

നിലവിലെ ബില്‍ കേരളത്തില്‍ നടപ്പാക്കാനിടയില്ലെങ്കില്‍ക്കൂടി മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉരുക്കള്‍ വരാതെ കേരളത്തില്‍ കന്നുകാലി ചന്തകള്‍ സജീവമാകില്ല. ഇതെല്ലാം ലക്ഷക്കണക്കിന് കര്‍ഷകരെയും വ്യാപാരികളെയും വെട്ടിലാക്കും.

വാങ്ങുന്ന കന്നുകാലികള്‍ ഇറച്ചി ആവശ്യത്തിനാണോ ഉപയോഗിക്കുന്നതെന്നു പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്‍ജിഒകളെ ഏല്‍പ്പിച്ചേക്കാം. ആ വേഷത്തിലും ഗോസംരക്ഷകര്‍ കടന്നുവന്നേക്കാം. കന്നുകാലികള്‍ക്ക് മൂക്കുകയര്‍ ഇടാന്‍പാടില്ലെന്ന ശുപാര്‍ശ കന്നുകാലിവളര്‍ത്തല്‍ ദുഷ്‌കരമാക്കും. കന്നുകാലികളെ കൂടുതലായും സ്ത്രീകളാണ് പരിപാലിക്കുന്നത്. മൂക്കുകയറിടാതെ മൃഗങ്ങളെ കൊണ്ടുനടക്കാനാവില്ല.

മൃഗങ്ങളെ അലങ്കരിക്കാനാവില്ലെന്ന ശുപാര്‍ശ തെന്നിന്ത്യയില്‍ പ്രായോഗികമാകില്ല. തമിഴ് സംസ്‌ക്കാരമുള്ളിടത്തെല്ലാം ആചരിക്കുന്ന ഉത്സവമാണ് മാട്ടുപൊങ്കല്‍. ശുദ്ധമാക്കിയ മൃഗങ്ങളെ അന്ന് അലങ്കരിക്കുകയും അരിയും മഞ്ഞള്‍ പൊടിയും കുഴച്ച് ദേഹത്ത് കൈമുദ്ര പൂശുകയുംചെയ്യും. തമിഴ് നാട്ടിലാണെങ്കില്‍ കേന്ദ്ര ശുപാര്‍ശകള്‍ ജെല്ലിക്കെട്ടിനെ ബാധിക്കുകയും ചെയ്യും.

പൊതുവെ ശാന്തമായ ജീവിതം നയിക്കുന്ന കര്‍ഷകരുടെ ജീവിതം സംഘര്‍ഷഭരിതമാക്കാന്‍ മാത്രമേ പുതിയ കേന്ദ്ര ശുപാര്‍ശകള്‍ ഉപകരിക്കൂവെന്നതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശകള്‍ ഉപരിവര്‍ഗ്ഗ ജന്തുസ്‌നേഹികളെ തൃപ്തിപ്പെടുത്തിയേക്കാം. പക്ഷേ കര്‍ഷകരെ വേദനിപ്പിക്കുകയേയുള്ളു.