ശബരിമല വികാരം വോട്ടായി മാറുമോ?

ബൊളീവിയൻ കാടുകളിൽ അലഞ്ഞു തിരഞ്ഞു നടന്ന "കാസ്ട്രോ" ചിന്താ ജറോമിന് മൈക്കിന്റെ മുന്നിൽ മാത്രമുള്ള ഹീറോയാണ്. പക്ഷെ, വിവാഹം കഴിക്കുമ്പോൾ തറവാട്ടിൽ പിറന്ന കുടുബമഹിമയുള്ള ലാറ്റിൻ വരൻ തന്നെ വേണം. പിന്നെ എന്താണ് സഖാക്കന്മാരുടെ ഈ ശബരിമല നവോത്ഥാനം?

ശബരിമല വികാരം വോട്ടായി മാറുമോ?

മതാചാരത്തെ ഉടച്ചുവാർക്കാൻ പൊടുന്നനെ ശ്രമിച്ചാൽ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ രാഷ്ട്രീയത്തിൽ അതെന്തെങ്കിലും സ്വാധീനം ചെലുത്തുമോ?

ഇന്ത്യയിൽ ബ്രിട്ടീഷുകാർ നല്ലതുപോലെ ശ്രമിച്ച ഒരു വിഷയമാണ് ക്രൈസ്തവ മതയിലേക്കു ഹിന്ദുക്കളെ ആകർഷിക്കുക എന്നത്. അതിൽ അവർ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇന്ത്യയിൽ ക്രൈസ്തവർ ഇന്നും ന്യൂനപക്ഷമായി തുടരുന്നത്. അതിനു അവർ നേരിട്ട പ്രധാന തടസം ഹിന്ദുക്കളുടെ ഒരു സെൻട്രലൈസ്ഡ് "ദൈവം" ഇല്ലായിരുന്നു എന്നതാണ്. അങ്ങനെ ഉണ്ടെങ്കിൽ അവർക്ക് ഒരു ദൈവത്തെ ആക്രമിച്ചു, തുറന്നു കാട്ടിയാൽ മതിയായിരുന്നു. പക്ഷെ ഇന്ത്യയിൽ നിറയെ പ്രാദേശിക "ദൈവ''ങ്ങളായിരുന്നു. ആ ദൈവങ്ങളോടായിരുന്നു നാട്ടിലെ വിശ്വാസം.

ഒരു "ഭാഷയ്ക്കു" ഒരു ദൈവം; ആ ദൈവത്തിനു ആ "ഭാഷ" മാത്രമേ അറിയു എന്നാണ് ജനങ്ങളുടെ വിശ്വാസം. അതിന്റേതായ പ്രത്യേക വിശ്വാസ- ആചാര രീതികൾ. ഇങ്ങനെയാണ് എങ്കിലും പക്ഷെ, ഹൈന്ദവ ആചാരങ്ങൾ ഇന്ത്യയിലെ ക്രൈസ്തവ മതത്തെ പലയിടത്തും സ്വാധീനിച്ചു. പ്രാദേശിക ദൈവമാണ് എന്നിരിക്കെത്തന്നെ ഒരു സെൻട്രലൈസ്ഡ് ദൈവത്തെ ശക്തിയെന്നും അവർ വിശ്വസിച്ചു. അത് അങ്ങനെ തുടരുന്നു. ഇതേ വിശ്വാസ രീതികൾ ക്രിസ്ത്യാനികളും ഇന്ത്യയിൽ കടമെടുത്തു. അവരും അതേ രീതി പിന്തുടർന്നു.

കേരളത്തിലെ ഓർത്തഡോക്സ് വിശ്വാസികളിൽ പാപമോചിത "ജീവൻ" എന്നതിനെക്കാളും വിശ്വാസം പരുമല "കൊച്ചു തിരുമേനിയിലാണ്. ഓർത്തഡോക്സുകാരുടെ വിശ്വാസം അദ്ദേഹത്തിന്റെ പേരിൽ മധ്യസ്ഥത നടത്തിയാൽ വഴിതുറക്കുമെന്നാണ്. മനസിലാക്കണം- "മാർ ഗ്രീഗോറിയോസ്" എന്ന "കൊച്ചു ഇപ്പോര"- മുളന്തുരുത്തിയിൽ ജനിച്ച ഒരു പാതിരിയാണ് ഇസ്രായേലിൽ ജനിച്ചു കേരളത്തിൽ വന്ന ഒരു സുവിശേഷകനല്ല. മധ്യതിരുവിതാംകൂറിൽ ജനിച്ചു ജീവിച്ച ഒരു കത്തനാരാണ്. ബിഷപ്പായി അദ്ദേഹം മരിക്കുന്നു. ഏറ്റവും കൂടുതൽ ഓർത്തഡോക്സ് പള്ളികൾ അദ്ദേഹത്തിന്റെ പേരിലാണ്. അദ്ദേഹത്തെ വിശുദ്ധനായി കോട്ടയം സഭ പ്രഖ്യാപിക്കുന്നു. സഭയുടെ വിശ്വാസപ്രമാണം ഇപ്പോൾ യേശുക്രിസ്തുവിനെക്കാളും "കൊച്ചു ഇപോരാ" അച്ചനിലാണ്.

ശ്രദ്ധിക്കുക, ക്രൈസ്തവരുടെ വിശുദ്ധ ബൈബിളിൽ വ്യക്തവും കൃത്യവുമായി പറയുന്നു- യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിനു ശേഷം മാനസാന്തരം കിട്ടുവാൻ , ദൈവത്തിനോടും മനുഷ്യനോടും ഇടയിൽ ഒരു മധ്യസ്ഥനും വേണ്ട എന്ന്.

അതവിടെ നിൽക്കട്ടെ അർത്തുങ്കൽ "വെളുത്തച്ചൻ" കാതോലിക്ക വിശ്വാസത്തിന്റെ മറ്റൊരു പ്രാദേശിക ദൈവമാണ്. അതിനു ശബരിമലയുമായി ബന്ധമുണ്ട്. ഇവിടെയും പരുന്ത് പറക്കും. പോർട്ടുഗീസ് പാതിരി ഫാ. ജെക്കോമ ഫെനീഷ്യോ ഇവിടെ വെളുത്തച്ചനായി. അത്ഭുതകാര്യങ്ങൾ, അതായതു മിറാക്കിൾസ് നടക്കുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു.

ഇതുപോലെ തന്നെ മുസ്ലിങ്ങൾ വിശ്വസിക്കുന്ന പ്രാദേശിക ദൈവമാണ് ബീമാപള്ളി. അതിന്റെ ഐതീഹ്യമെല്ലാം ഇതുപോലെ തന്നെ.രാജസ്ഥാനിലുള്ള അജ്മീർ ഷെരിഫ് "ദർഗാ" ഒരു സൂഫി വിശുദ്ധന്റെ പേരിലുള്ള ലോകപ്രശസ്തമായ മുസ്ലിം തീർത്ഥാടന കേന്ദ്രമാണ്.

ക്രിസ്ത്യൻ- മുസ്ലിം- ജൂത മതം എന്നത് സെമെസ്റ്റിക് മതങ്ങളാണ്. ഇതിൽ ഒരിടത്തും മധ്യസ്ഥർ ദൈവമല്ല. ഇതിൽ ജൂതർ ഒഴികെ ഈ രണ്ടു മതങ്ങളിലുള്ള നല്ലൊരു ശതമാനവും പ്രാദേശിക രീതിയിലുള്ള മധ്യസ്ഥരെ കൂടുതൽ വിശ്വസിക്കുന്നു. മനസിലാക്കുക ജെറുസലേം എന്ന പുണ്യനഗരത്തിൽ പോയാൽ കിംഗ് ഡേവിഡിന്റെ ശവകൂടിരത്തിൽ ജൂതമാർ കൂട്ടമായി പ്രാർത്ഥിക്കുന്നത് കാണാം. അതുകൊണ്ടാണ് ജൂതമാർ റോമാ സാമ്രാജ്യത്തെ എതിർത്തത്!

റോമൻ ഭരണകൂടം "പ്രഗാൻ" വിശ്വാസികളായിരുന്നു. അവർക്കും പല ദൈവങ്ങൾ ഉണ്ടായിരുന്നു. ഏക ദൈവത്തിലായിരുന്നു ജൂതരുടെ വിശ്വാസം. അതിൽ ഏറ്റവും രസകരമായ പഠനം, ജൂതന്മാരുടെയും മുസ്ലിങ്ങളുടെയും വിശ്വാസ ആചാരങ്ങൾ ഒരേപോലെയായിരുന്നു, ക്രൈസ്തവരുടെ വിഭിന്നവും എന്നതാണ്. ഈ രണ്ടു കൂട്ടരും പന്നി ഇറച്ചി കഴിക്കില്ല. ക്രൈസ്തവ പള്ളികളിൽ പ്രാർത്ഥന നയിക്കുന്നയാൾ വിശ്വാസികളുടെ നേർക്കുനേർ നിന്നും പ്രാർത്ഥിക്കും. എന്നാൽ മുസ്ലിം- ജൂതരിൽ എല്ലാവരും ഒരേദിശയിലേക്കാണ് അവരുടെ പ്രാർത്ഥന സമയങ്ങളിൽ നില്കുന്നത്.

കാര്യത്തിലേക്കു കടക്കാം കേരളത്തിലെ/ മലയാളികളുടെ അല്ലെങ്കിൽ ദക്ഷിണ ഇന്ത്യയിൽ ഹൈന്ദവരുടെ ഒരു പുണ്യ തീർത്ഥാടന കേന്ദ്രമാണ് , പെരിയാർ വനത്തിലുള്ള " അയ്യൻ" അതായതു അയ്യപ്പസ്വാമി! ശരണം വിളികളിൽ, നോയമ്പ് നോറ്റു, ഡിസംബർ എന്ന മാസത്തിൽ കൊച്ചു തണുപ്പാൻ കാലത്തു കുളിച്ചു നേർച്ച നേർന്നു അമ്പലങ്ങളിൽ പോകുന്ന വിശ്വാസികളിൽ അതിന്റെതായ പവിത്രതയുണ്ട്. അതിനെ റിലീജിയസ് ഇമോഷണൽ സെന്റിമെന്റ്സ് എന്നു പറയാം. മലയാളികൾ വളരെ അഹങ്കാരത്തോടെ മറ്റുള്ള ഇന്ത്യാക്കാരോടു പറയുന്ന മതസൗഹാർദ്ദം ശബരിമലയിലാണ്. ഏതു മതത്തിൽ വിശ്വസിക്കുന്ന മലയാളിക്കും "ശബരിമല" ഒരു സെക്കുലർ അഹങ്കാരമാണ്. വാവര് പള്ളിയിൽ പെട്ടതുള്ളി അയ്യനെ കാണുവാൻ പോകുന്നു. വാവര് സ്വാമിത്തറ സന്നിധാനത്തും. ശബരിമല പുതുക്കി പണിതത് തിരുവിതാകൂറിലുള്ള ഒരു ഓർത്തഡോക്സ് പാതിരിയാണ്. ഉടമ്പടി ഏറ്റെടുത്ത കൊച്ചു ഉമ്മൻ മുതലാളിയുടെ അകാലത്തിലുള്ള മരണത്തെ തുടർന്ന് ഓർത്തോഡോക്സ് സഭയിലെ വൈദികനായ മരുമകനാണ് ആ പണി പൂർത്തീകരിച്ചത്.അർത്തുങ്കൽ പള്ളിയിൽ മാലയിടലും ഊരലും!

മുൻ പഞ്ചായത്ത് മെമ്പറു സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ശിവദാസൻപിള്ള. സഹകരണ ബാങ്കിൽ ബോർഡ് മെമ്പറും നാട്ടിലെ അമ്പലക്കമ്മിറ്റി അംഗവും കൂടിയാണ്. ശബരിമലയിൽ എല്ലാവർഷവും മാലയിട്ട് പോകുന്ന ഒരു വിശ്വാസി. സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ അനുകൂലവിധി വന്നതിനെ നഖശിഖാന്തം എതിർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളും പാർട്ടി ലൈനിൽ അല്ല; വിശ്വാസത്തെ ഹനിക്കാൻ പാടില്ല എന്ന നയമാണ്‌ ഇവർക്ക്. എന്നാൽ പാർട്ടിയെ പൂർണമായും തള്ളിപ്പറയാൻ തയ്യാറുമല്ല.

ദിലീപ്, പഞ്ചായത്തിന്റെയും സഹകരണ സംഘത്തിന്റെയും പ്രസിഡന്റ് ആയിരുന്നു. ഇരുത്തം വന്ന സഖാവ്. കൂടാതെ ഈഴവ സമുദായത്തിൽ നിന്നുള്ള നേതാവ്. അദ്ദേഹം പാർട്ടിയുടെ ശബരിമലയുടെ നയത്തിലല്ല- അതുപോലെ ആയിരങ്ങൾ... ആൺ സഖാക്കൾ... പെൺ സഖാക്കൾ... ചൈനീസ് കമ്മ്യൂണിസം അല്ല കേരള കമ്മ്യൂണിസം. ഇവരുടെ മക്കൾക്ക് കല്യാണാലോചന വന്നാൽ ആദ്യം ചോദിക്കുക, അവരുടെ ജനിച്ച നാളും നക്ഷത്രവും പൊരുത്തവുമാണ്. പിന്നെ സ്വജാതിയും വേണം. അതിൽ പാർട്ടി നയരേഖകൾ പടിക്ക് പുറത്തു മാത്രം- ഇതൊക്കെയുള്ള കമ്മ്യൂണിസമാണ് ഇന്ത്യയിൽ ഓടുന്നത്..! അല്ലാതെ ചൈനീസ്, വെനസ്വേല ഒന്നുമല്ല. കൂട്ടത്തിൽ ചിലപ്പോൾ ഒന്നോ രണ്ടോ ക്യുബൻ മുകുന്ദൻമാർ ഉണ്ടാകുമെന്നു മാത്രം.

തോമാച്ചൻ മല്ലശേരിക്കാരാണ്. കുമ്യൂണിസ്റ്റുകാരൻ. സ്വന്തം പള്ളിയിലെ ട്രസ്റ്റികൂടിയാണ്. പ്രാദേശിക നേതാവും സഹകരണ സംഘം മെമ്പറും കൂടിയാണ് ഇദ്ദേഹം.

തോമാച്ചൻ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാണ്‌. ലെവി അടക്കുന്ന സഖാവാണ്. പ്രാദേശിക ബാങ്കിൽ ബോർഡ് മെമ്പർകൂടിയാണ്. യാക്കോബായ പള്ളിയിലെ ട്രസ്റ്റികൂടിയാണ്. അവിടെ കുറെ ഓർത്തഡോക്സ് പക്ഷം അച്ചനെയും ബിഷപിനെയും കൂട്ടി സുപ്രീംകോടതിവിധിയുമായി പള്ളിപിടിക്കാൻ വന്നാൽ അയാൾ പാർട്ടിക്കാരനെക്കാൾ പള്ളിക്കാരൻ ആയിരിക്കും. ഈ രണ്ടുകൂട്ടരും ഒരേവിശ്വാസമാണ്- ഒരേ വിശ്വാസപ്രമാണം. പരുമല തിരുമേനി രണ്ടുകൂട്ടരുടെയും വിശുദ്ധൻ. പക്ഷെ, തോമാച്ചൻ പറയുന്നത് അയാളുടെ അപ്പൻ അപ്പൂപ്പന്മാർ പണികഴിപ്പിച്ച പള്ളിയാണിതെന്നാണ്. അമ്മച്ചിയും വല്യമ്മച്ചിയും പിടി അരിയും കോഴിമുട്ടയും പള്ളിയിൽ കൊണ്ടുപോയി ആദ്യവിളവായി കൊടുത്തു പണികഴിപ്പിച്ച പള്ളി. തോമാച്ചന്റെ അവസാന ആഗ്രഹം സെമിത്തേരിയിൽ മാതാപിതാക്കളുടെ കൂട്ടത്തിൽ കിടക്കണം- അതാണ് അയാളുടെ കമ്മ്യൂണിസം!

ബൊളീവിയൻ കാടുകളിൽ അലഞ്ഞു തിരഞ്ഞു നടന്ന "കാസ്ട്രോ" ചിന്താ ജറോമിന് മൈക്കിന്റെ മുന്നിൽ മാത്രമുള്ള ഹീറോയാണ്. പക്ഷെ, വിവാഹം കഴിക്കുമ്പോൾ തറവാട്ടിൽ പിറന്ന കുടുബമഹിമയുള്ള ലാറ്റിൻ വരൻ തന്നെ വേണം! യുവജനതയുടെ ആവേശ കഥാപാത്രം വരെ അത്രമാത്രം! അലഞ്ഞൊ തിരിഞ്ഞോ- അതുകാടുകളിൽ മാത്രം. നാട്ടിൽ "നാട്ടു-നടപ്പ്''

നമുക്ക് മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവരുടെ പ്രാദേശിക ദൈവത്തെ ഒന്ന് കണ്ടിട്ട് വരാം- ബംഗാളിൽ നാലു ദിവസത്തെ ആഘോഷത്തോടെ നടത്തുന്ന ബംഗാളികളുടെ വലിയ ഉത്സവമാണ് ദുർഗ്ഗാ പൂജ. കാളിയാണ് ആരാധകദൈവം. കാളി മന്ദിറുകൾ ബംഗാളിൽ മൂക്കിനും മൂലക്കും കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരുമുള്ള മൂന്നോളം നോബൽ പ്രൈസ് കിട്ടിയ ഇന്ത്യയിലെ ഒരേ ഒരു കമ്മ്യൂണിറ്റി- അതാണ് ബംഗാളികൾ അവരാണ് "രാക്ഷസി ദൈവത്തെ" ആരാധിക്കുന്നത്. പറഞ്ഞു വരുന്നത് അതിന്റെ ഫെസ്റ്റിവൽ കമ്മിറ്റിയിൽ ഒരു സമയത്തു 90 ശതമാനം സിപിഎമ്മുകാരായിരുന്നു. അവര് മുഖാന്തരം സിപിഎം വിശ്വാസികളെക്കൊണ്ട് പാർട്ടിക്ക് അനുകൂലമായി വോട്ടു ചെയ്യിപ്പിച്ചു. മമത അത് തകർത്തു. ഈ കമ്മിറ്റിക്കാരെ ആദ്യം സ്വാധീനിച്ചു. അന്ന് തകർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നും അവിടെ "ഐസിയു"വിലാണ്. അതിനെ അടുത്ത പാർലമെന്റ് ഇലക്ഷൻ കഴിയുമ്പോൾ ഒന്നുകിൽ വെന്റിലേറ്റർമാറ്റും. അല്ലെങ്കിൽ ശവമടക്കൽ ശുശ്രൂഷ നടത്തും.

അതുപോലെ പ്രാദേശിക ദൈവത്തോടുള്ള ഒരു ആരാധനകളാണ് ബീഹാറിൽ നടക്കുന്ന ജാട്ട് പൂജ, അസമിൽ നടക്കുന്ന ബിഗു ഉത്സവം, മഹാരാഷ്ട്രയിൽ നടക്കുന്ന ഗണേശോത്സവം, തമിഴ്‌നാട്ടിൽ നടക്കുന്ന പൊങ്കൽ എന്നിവ. ഇതിൽ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജല്ലിക്കെട്ടു നിർത്തലാക്കാൻ നോക്കിയ സുപ്രീം കോടതിക്ക് വരെ പൊള്ളിയത്.

കേരളത്തിലെ പ്രാദേശിക മീഡിയ, ചില ദേശിയ മീഡിയ 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സർവേകൾ പുറത്തുവിട്ടു. അതിൽ ബിജെപി കേരളത്തിൽ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാം അല്ലെങ്കിൽ തുറക്കാതിരിക്കാം എന്നു വ്യക്തമാക്കി; പക്ഷെ വോട്ടിങ് ശതമാനം കൂടുമെന്നും അത് 20 ശതമാനത്തിൽ മുകളിൽ വരുമെന്നും പറഞ്ഞു. അപ്പോൾ എവിടെയാണ് ബിജെപിയുടെ മെച്ചം? സംശയിക്കേണ്ട നിയമസഭയിൽ ആയിരിക്കില്ല. പക്ഷെ, അതിന്റെ വോട്ടിങ് പോളറൈസേഷൻ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിലെ 20 ശതമാനത്തിൽ കൂടുതൽ പഞ്ചായത്തുകൾ ബിജെപി പിടിക്കും. ലോക്കൽ- ഏരിയ വികസനത്തിലെ കേന്ദ്ര-കേരള സർക്കാർ ഫണ്ടുകളിൽ പലതും പഞ്ചായത്തു തലത്തിൽ കൂടിയാണ് പോകുന്നത്. അപ്പോൾ അവരുടെ പ്രാദേശിക നേതാക്കൾ ജനങ്ങളുമായി ഇടപഴകും. അതിനുള്ള വാതിലാണ് 20 ശതമാനം. അതു നിർണായകമാണ്.തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ശബരിമലയാണ് പറഞ്ഞത്. ഏതായാലൂം നിസംശയം പറയാം- അതൊരു ചെറിയ കളിയല്ല!

Read More >>