ഗവര്‍ണര്‍ അറിയുക: ശരിക്കും കണ്ണൂരിലെ പ്രതിയാര്? എം.എന്‍ വിജയന്‍ വിരല്‍ ചൂണ്ടുന്ന ആ സംഘടന ഏത്?

ഈ കലാപങ്ങളില്‍ രണ്ടുകൂട്ടരെയും ഒരേപോലെ കാണുക പ്രയാസമാണ്. പൊലിയുന്നത് ഇരുഭാഗത്തും മനുഷ്യജീവിതങ്ങളാണെങ്കിലും- കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളെ കുറിച്ച് എഴുത്തുകാരനും കണ്ണൂര്‍ക്കാരനുമായ വി.എസ് അനില്‍ കുമാര്‍ എഴുതുന്നു. പിതാവും ചിന്തകനുമായ എം.എന്‍ വിജയന്‍റെ നിരീക്ഷണങ്ങളും അനില്‍ കുമാര്‍ എടുത്തു പറയുന്നു

ഗവര്‍ണര്‍ അറിയുക: ശരിക്കും കണ്ണൂരിലെ പ്രതിയാര്? എം.എന്‍ വിജയന്‍ വിരല്‍ ചൂണ്ടുന്ന ആ സംഘടന ഏത്?

വി.എസ് അനില്‍ കുമാര്‍


വടക്ക് കാലിക്കടവ് മുതല്‍ തെക്ക് മയ്യഴി വരെയുള്ള ഒരു വലിയ പ്രദേശമാണ് കണ്ണൂര്‍.

വയനാടും അറബികടലുമാണ് മറ്റുരണ്ട് അതിര്‍ത്തികള്‍. ഇവിടെ തലശ്ശേരി,പാനൂര്‍, കൂത്തുപറമ്പ് മുതലായ ദേശങ്ങളിലാണ് ഹൈന്ദവവര്‍ഗീയ സംഘടനയായ ആര്‍എസ്എസും, സിപിഎമ്മും തമ്മില്‍ നിരന്തരമായ സംഘടനങ്ങള്‍ ഉണ്ടാവുന്നത്. ഈയിടെ അത് പയ്യന്നൂരിലേക്കും പകര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ ജില്ല മുഴുവന്‍ സംഘര്‍ഷം നിറഞ്ഞതല്ല. പത്രക്കാര്‍ സൗകര്യത്തിന് കണ്ണൂരില്‍ കൊലപാതകം എന്നു പറയുമ്പോള്‍ ഇതരദേശക്കാര്‍ അങ്ങനെ ധരിക്കുന്നതാണ്. പൊന്മുടിയില്‍ പ്രശ്‌നമുണ്ടായാല്‍ തിരുവനന്തപുരവും പൂച്ചാക്കലില്‍ സംഘര്‍ഷമായ ആലപ്പുഴയിലും മരടിലാണെങ്കില്‍ എറണാകുളവും കലാപ ബാധിതം എന്ന് പറയാറില്ല.

ഒന്നാം മാറാട്, രണ്ടാം മാറാട് എന്നല്ലാതെ കോഴിക്കോട് കലാപങ്ങള്‍ എന്ന് പറഞ്ഞു കേട്ടിട്ടില്ല.തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് ദേശങ്ങളിലെ ഈ വിദ്വേഷവ്യവസായത്തിന് പലതരം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണമന്വേഷിച്ച് ചിലര്‍ വടക്കന്‍പാട്ടുകളിലെ കുടിപ്പകയോളം ചെന്നെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ ഏതെങ്കിലുമൊരിടം മാതൃദേശമായി അനുഭവിച്ചവരില്‍ ചിലര്‍ക്കെങ്കിലും വേറെ കാര്യങ്ങള്‍ ചോദിക്കാനും പറയാനുമുണ്ടാകും.

കേരളത്തിലെ വലിയ കുഴപ്പങ്ങളൊന്നുമില്ലാത്ത മറ്റേതു ദേശം പോലെയായിരുന്നു തലശ്ശേരി.

1971 ല്‍ ആണ് ഒരു ഹിന്ദു-മുസ്ലീം ലഹളയുണ്ടായത്. അത് ആരംഭിച്ച രീതിയും പടര്‍ന്നരീതിയുമൊക്കെ പരിശോധിച്ചാല്‍ വളരെ ആസൂത്രിതമായി നടത്തിയ ഒരു കലാപമായിരുന്നു അതെന്ന് അറിയാന്‍ കഴിയും.

ആരാണ് ആസൂത്രകന്‍?

മേലോട്ട് മടപ്പുര എന്ന ഹിന്ദു ആരാധനാലയത്തിലെ ഉത്സവത്തോടനുമ്പിച്ചുള്ള ഒരു കലശം വരവിനുനേരെ തലശ്ശേരി നഗരഹൃദയത്തിലെ ഒരു ലോഡ്ജില്‍ നിന്ന് മാപ്പിളമാര്‍ ചെരിപ്പെറിഞ്ഞു എന്നാണ് ആദ്യമുണ്ടായ പ്രചരണം.

ലഹളയ്ക്ക് എണ്ണയൊഴിക്കുന്ന രീതിയില്‍ പിറ്റേന്ന് രാവിലെ ടൈപ്പ് പഠിക്കാന്‍ പോയ പെണ്‍കുട്ടികളിലൊന്നിന്റെ മുലയരിഞ്ഞു എന്നും ചെവി വഴി പ്രചരിച്ചു. ഇന്നത്തെ പോലെ വിനിമയസാധ്യതകള്‍ഒന്നുമില്ലാത്ത ആകാലത്ത് ഇത് പ്രചരിച്ചത് അസാമാന്യവേഗത്തിലായിരുന്നു. പിന്നെ വ്യാപകമായ കൊള്ളയും കൊള്ളിവെയ്പ്പും നടന്നു.

സ്‌കൂളില്‍ തിരിച്ചെത്തിയാല്‍ എന്റെ മുസ്ലീം കൂട്ടുകാരെ എങ്ങനെ നോക്കും എന്നതായിരുന്നു എന്റെ സങ്കടം. അന്ന് ഞാന്‍ ഒരു ഹിന്ദുവാണ് എന്ന തോന്നലുണ്ടായിരുന്നു. പിന്നീട് വലുതായപ്പോള്‍ അത്തരം വിഡ്ഢിത്തങ്ങളൊന്നും തോന്നിയിരുന്നില്ല.

സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയ്ക്കുള്ള വര്‍ഗ്ഗീയ കലാപങ്ങളില്‍ മഹാഭൂരിപക്ഷവും ന്യുനപക്ഷ സമുദയത്തിന് എതിരായിരുന്നു. അവയൊന്നും യഥാര്‍ത്ഥത്തില്‍ ആവേശിതമായ വര്‍ഗ്ഗീയലഹളകള്‍ ആയിരുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തിനും വേണ്ടി നിര്‍മ്മിച്ചെടുത്തവയായിരുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്നും അതേ സംഭവങ്ങള്‍ അതേ കാരണങ്ങളാല്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

ആകെ ഒരാള്‍ മാത്രമാണ് തലശ്ശേരിയില്‍ കൊല്ലപ്പെട്ടത്. സിപിഎമ്മുകാരനായ കുഞ്ഞിരാമന്‍. ന്യുനപക്ഷത്തിന് സംരക്ഷണമൊരുക്കാന്‍ സിപിഎം കഠിനാദ്ധ്വാനം നടത്തി. അത് ഇഎംഎസിന്റെയും ഏകെജിയുടെയും ചടയന്‍ ഗോവിന്ദന്റെയും സിഎച്ച് കണാരന്റേയും പിണറായി വിജയന്‍റേയും കാലമായിരുന്നല്ലോ.

എന്തുകൊണ്ട് ഹിന്ദുവര്‍ഗ്ഗീയവാദികള്‍ തലശ്ശേരി തെരഞ്ഞെടുത്തു എന്നതിന് എംഎന്‍ വിജയന്റെ കൃത്യമായ നിരീക്ഷണം ഉണ്ട്. രാജ്യം പിടിക്കണമെങ്കില്‍ രാജാവിനെ തോല്‍പ്പിക്കണമെന്നും രാജാവിനെ തോല്പിക്കണമെങ്കില്‍ കോട്ടതകര്‍ക്കണം. സിപിഎമ്മിന്‍റെ കോട്ടയാണ് തലശ്ശേരി എന്നറിയാവുന്നതുകൊണ്ടാണ് കലാപം അവിടെ ഉണ്ടാക്കിയത് എന്നാണ് അദ്ദേഹം പറയുന്നതിന്റെ സാരം.

നാല്പത്തിയഞ്ചു കൊല്ലത്തെ നിരന്തരവൈരം നേരിട്ടുള്ള ആക്രമണത്തില്‍ നിന്നും ക്വട്ടേഷന്‍ സംഘങ്ങളെ വെച്ചുള്ള ഓപ്പറേഷനുകളിലേക്ക് ഇരുകൂട്ടരും വളര്‍ന്നിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, ഫൈസല്‍ തുടങ്ങിയവരുടെ വധത്തിലും ക്വട്ടേഷന്‍തന്നെയാവണം നടപ്പിലായത്.

ആര്‍എസ്എസിന്റെ യുവവിഭാഗം ഒരു തരത്തിലുള്ള തത്ത്വദീക്ഷയുമില്ലാത്ത ഒരു അക്രമി സംഘമായി മാറിയിട്ടുണ്ട്. തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനും ഇത്തരക്കാരെ ഭയപ്പെടുത്താനും സംഘിയുവാക്കള്‍ വടിവാളുകള്‍ ഉയര്‍ത്തിപിടിച്ചും ഓം കാളി മഹാകാളി എന്ന് ആക്രോശിച്ച് കവാത്തു നടത്തും.

ആരാണ് കുറ്റം ചെയ്തത് എന്ന ചോാദ്യം ഉണ്ട്. വ്യാപകമായ മാധ്യമപ്രവര്‍ത്തനത്താല്‍ ആര്‍എസ്എസുകാര്‍ക്ക് ഇരകളുടെ സ്ഥാനം പോലും അനുവദിച്ചുകിട്ടിയിട്ടുണ്ട് എന്ന് പറയേണ്ടിവരും. അത് ശരിയല്ല. ആര്‍എസ്എസ് കാരന്‍ കൊല്ലപ്പെടുമ്പോള്‍ ദേശീയ ഭരണകൂടം തന്നെ ഇപ്പോള്‍ തലശ്ശേരിയില്‍ എത്തുന്നുണ്ട്.

മറ്റൊരു സന്ദര്‍ഭത്തിലെ ചോദ്യം ഇവിടെയും പ്രസക്തമാണ്. പ്രകൃതിനാശത്തിന്റെ കാരണക്കാരെന്ന ചോദ്യം പരിസ്ഥിതി വാദികള്‍ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്തിട്ടുണ്ട്. വിഭവങ്ങളുടെ 85 ശതമാനവും ആഹരിക്കുന്ന കേവലം പത്തോപതിനഞ്ചോ ശതമാനം സമ്പന്നരാണോ, വെറും 15 ശതമാനം ആഹരിക്കുന്ന 85 ശതമാനം മറ്റുള്ളവരാണോ പ്രകൃതിനാശത്തിന് കാരണക്കാര്‍ എന്നതാണ് ആ ചോദ്യം.

രണ്ട് പേരും ഒരുപോലെ കാരണക്കാരാണ് എന്നത് ഒരു സൗമ്യമധ്യ മാര്‍ഗ്ഗമാണ്. പക്ഷെ സത്യം അതല്ല.അപ്പോള്‍ 1971 ല്‍ ഏറെ ശാന്തമായിരുന്ന ഒരു സമൂഹത്തില്‍ ഒരുപാട് നുണകളുടെയും ആസൂത്രണത്തിന്റെയും അകമ്പടിയോടെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ എന്തിന് ഒരു വര്‍ഗ്ഗിയ ലഹളയുണ്ടാക്കി. എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നതുവരെ ഈ കലാപങ്ങളില്‍ രണ്ടുകൂട്ടരെയും ഒരേപോലെ കാണുക പ്രയാസമാണ്. പൊലിയുന്നത് ഇരുഭാഗത്തും മനുഷ്യജീവിതങ്ങളാണെങ്കിലും.