തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പ്രതിപക്ഷം പഠിക്കേണ്ടത്

പല സംസ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വച്ചൊരു കോണ്‍ഫെഡറേഷന്‍ ഉണ്ടാക്കാന്‍ എല്ലാവരും തയ്യാറാവണം. അതിനിപ്പോള്‍ കോണ്‍ഗ്രസ് തന്നെയൊരു ആങ്കര്‍ ആകണമെന്നൊന്നുമില്ല. കാരണം രാഹുല്‍ ഗാന്ധിയുള്ളിടത്തോളം കാലം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആരും തയ്യാറാവില്ല. കാരണം അയാള്‍ക്ക് രാഷ്്ട്രീയം അറിയില്ല. പണ്ട് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ഒരു അമൂല്‍ബേബി മാത്രമാണ് രാഹുല്‍. അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍, ഒരു രാഷ്ട്രീയ പൊളിച്ചെഴുത്ത് 2019 തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ സംഭവിച്ചില്ലെങ്കില്‍ 2014 കൂടുതല്‍ ഭയാനകമായി ആവര്‍ത്തിക്കപ്പെടും. അതാണ് ഇവിടെ സംഭവിക്കാന്‍ പോവുന്നതെന്ന കാര്യം മനസ്സിലാക്കി അതിനനുസൃതമായി പ്രവര്‍ത്തിക്കുകയാണ് ഈ പ്രതിപക്ഷ പാര്‍ട്ടികളൊക്കെയും ചെയ്യേണ്ടത്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പ്രതിപക്ഷം പഠിക്കേണ്ടത്

രാജ്യത്തെ ആകെ നിയമസഭാ സീറ്റുകളുടെ ആറിലൊന്നും കിടക്കുന്നത് യുപിയിലാണ്. ഈ പറയുന്ന ഗോവയും പഞ്ചാബും മണിപ്പൂരുമൊന്നും ആ ലിസ്റ്റിലേ വരില്ല. യുപി എന്തു തീരുമാനിക്കുന്നോ അതാണ് നാളെ ഇന്ത്യ തീരുമാനിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുരോഗതിയെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പൊന്നും അല്ല ഇതെന്നാണ് ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം.

ഇവിടെ യോജിച്ച ഒരു പ്രതിപക്ഷമില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം. അച്ഛനും മകനും തമ്മിലുള്ള അടിയാണ് യുപിയില്‍ നടക്കുന്നത്. അതായത് അഖിലേഷും മുലായം സിങ്ങും തമ്മില്‍. അതിനിടയില്‍ മുലായത്തിന്റെ രണ്ടാംഭാര്യയും അഖിലേഷും തമ്മില്‍ അടി. അഖിലേഷും മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവപാല്‍ യാദവുമായി അടി. ഇതൊക്കെ ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതായത്, പരിപൂര്‍ണമായും ഒരു സംസ്ഥാനം ഭരിക്കുന്നതും കുളമാക്കുന്നതും അവരുടെ കുടുംബമാണ്. അതൊരു പ്രധാന പ്രതിപക്ഷം. കാരണം ആ സംസ്ഥാനം ഭരിച്ചിരുന്ന ഒരു സര്‍ക്കാരാണവര്‍.

അതിനൊപ്പമുള്ളത് ഒന്നുമറിയാത്ത പൊട്ടുപിടിച്ച, നോട്ടുനിരോധന സമയം പുതുവത്സര ദിനത്തില്‍ ഗേള്‍ഫ്രണ്ടുമായി വിദേശത്ത് കറങ്ങാന്‍ പോയ രാഹുല്‍ ഗാന്ധിയാണ്. മറുവശത്ത് ക്രിക്കറ്റ് കളിക്കിടെ മകന്റെ കാലിലെ തൊലി പോയി എന്നുപറഞ്ഞ് പ്രചരണം മതിയാക്കി പോയ പ്രിയങ്ക ഗാന്ധി. ഇവരൊക്കെ ഇലക്ഷന്‍ മൈക്രോ മാനേജ്‌മെന്റിനെ വളരെ ലഘൂകരിച്ചാണു കാണുന്നത്. സത്യത്തില്‍ ഇവിടെ തെറ്റുപറ്റിയത് ജനങ്ങള്‍ക്കല്ല, ഈ പറയുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ്. കാരണം ഇവരുടെ കൊള്ളരുതായ്മയ്ക്കും അഴിമതിക്കും എതിരെയാണ് 2014ല്‍ കോണ്‍ഗ്രസിനെതിരെയുള്ള ഒരു ബദല്‍ എന്ന നിലയ്ക്ക് ബിജെപിയും മോദി സര്‍ക്കാരും അധികാരത്തില്‍ വരുന്നത്. ഇനിയിവിടെ യുപിയുടെ കാര്യം നോക്കിയാല്‍, ഏതാണ്ട് 270ഓളം നിയമസഭാ സീറ്റുകളിലാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നത്. അതിപ്പോള്‍ 324 ലേക്ക് ഉയര്‍ന്നു. അപ്പോഴും പ്രതിപക്ഷത്തിന് എല്ലാവര്‍ക്കും കൂടി 100 സീറ്റ് തികച്ച് ഇല്ല എന്നതാണ് ഏറ്റവും വലിയ രസം.

മറ്റൊന്ന് ജാതി വോട്ടുകളുടെ കാര്യമാണ്. യുപിയിലെ ഏകദേശം 150 ഓളം മണ്ഡലങ്ങളിലെ മുസ്ലിം വോട്ടുകള്‍ രണ്ടായി വിഭജിക്കപ്പെട്ടുപോയി. ഇവിടങ്ങളില്‍ മുഴുവന്‍ ബിജെപി ജയിച്ചുകയറുകയും ചെയ്തു. 19 ശതമാനമാണ് മുസ്ലിം ജനസംഖ്യയെങ്കിലും ഇത്രയും സീറ്റുകളില്‍ അവര്‍ നിര്‍ണായകമാണ്. അവിടെ ദലിത്- മുസ്ലിം കൂട്ടായ്മയാണ് ബിഎസ്പി എന്നത്. ഒബിസി പ്ലസ് മുസ്ലിം ആണ് എസ്പി. ബീഹാറിനേക്കാള്‍ ഏറ്റവും കൂടുതല്‍ മുന്നാക്ക വോട്ടുള്ളത് യുപിയിലാണ്. ഈ മുന്നാക്ക വോട്ടുകള്‍ കഴിഞ്ഞതിനുമുമ്പുള്ള പ്രാവശ്യം മായാവതിക്കു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ അതു നേരെ തിരിച്ചുസംഭവിച്ചു. ജാട്ട്, ഒബിസി, ദളിത് വിഭാഗങ്ങളെല്ലാം കൂട്ടമായി ബിജെപിക്കു വോട്ടുചെയ്തു. കാരണം, ഇവര്‍ ഈ കാണിക്കുന്ന കുടുംബ മേല്‍ക്കോയ്മയും അരാജകത്വവുമെല്ലാം അവര്‍ കണ്ടുമടുത്തു എന്നതാണ്. ഒരു ഭാഗത്ത് എസ്പി, മറുഭാഗത്ത് കോണ്‍ഗ്രസ്. ഈ രണ്ടു പാര്‍ട്ടികളിലെ രണ്ടു കുടുംബങ്ങള്‍. അവര്‍ ഭരിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍. ഇതാണ് സത്യം പറഞ്ഞാല്‍ ജനങ്ങളെ അവര്‍ക്ക് എതിരാക്കിയത്. കാരണം ജനങ്ങളത്ര മഠയരൊന്നും അല്ലല്ലോ.

അത് മുതലാക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി ചെയ്തത് എന്താണ്? ഓരോ മണ്ഡലത്തിലും അതിനുതകുന്ന സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. അതുമാത്രമല്ല, അവരുടെ മുതിര്‍ന്ന നേതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ മക്കള്‍ക്കോ ഒന്നും പാര്‍ട്ടി സീറ്റ് കൊടുത്തില്ല. അതില്‍ നിന്നുഒരു സന്ദേശം കൊടുക്കുകയാണ് ബിജെപി ചെയ്തത്. ഇതൊരു കുടുംബമല്ല, മറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇതിനൊരു പൊളിറ്റിക്കല്‍ ഐഡിയോളജി ഉണ്ടെന്ന സന്ദേശം. അങ്ങനെ ഒരു വശത്ത് കുടുംബമേല്‍ക്കോയ്മയും മറുവശത്ത് പൊളിറ്റിക്കല്‍ ഐഡിയോളജിയും. പക്ഷേ അതില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള എല്ലാ സംഘപരിവാര സംഘടനകളുമുണ്ട്. പക്ഷേ അവിടെ മേല്‍ക്കോയ്മ എന്നത് ബിജെപിക്കാണ്. കാരണം, അമിത് ഷായുടെ ഇലക്ഷന്‍ മൈക്രോ മാനേജ്‌മെന്റ് വിജയകരമായിരുന്നു.

അതുകൊണ്ടുതന്നെ ഇത് അടിസ്ഥാനപരമായി അമിത് ഷായുടെ വിജയമാണ്. കാരണം തെരഞ്ഞെടുപ്പിനെ പറ്റി വ്യക്തമായ അറിവുള്ള മനുഷ്യനാണ് അമിത് ഷാ. രാഷ്ട്രീയവും അറിയാം. എന്നാല്‍ ഒന്നുമറിയാത്ത ഈ മൊണ്ണയായ രാഹുല്‍ ഗാന്ധിയെ വച്ച് 2019 ലെ തെരഞ്ഞെടുപ്പില്‍ ഏതു രീതിയില്‍ മുന്നോട്ടുപോവാമെന്നാണ് കോണ്‍ഗ്രസ് വിചാരിക്കുന്നത്. എങ്ങനെ മുന്നോട്ടുപോവാനാകും. കാരണം രാഹുലിന് ഒന്നുമറിയില്ല. തന്നെ പറ്റി എന്തേലും ചോദിച്ചാല്‍പ്പോലും അത് ഒരു പേപ്പറില്‍ എഴുതി പറയാനല്ലാതെ അയാള്‍ക്കറിയില്ല. സത്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് മുഴുവനും ഒരു പൊളിച്ചെഴുത്ത് വേണം.

മാത്രമല്ല, നിതീഷ്‌കുമാറിനെ ദേശീയ രാഷ്ട്രീയത്തില്‍ കൊണ്ടുവരികയും വേണം. കാരണം ഈ സ്ഥിതിയില്‍ പോയിക്കഴിഞ്ഞാല്‍ രാജ്യത്തിന്റെ ഗതി കൂടുതല്‍ പരിതാപകരമാകും. ഇന്ത്യയിലെ ജിഡിപിയൊക്കെ ഊതിപ്പെരുപ്പിച്ച സംഭവം മാത്രമാണ്. വാസ്തവത്തില്‍ ഏകദേശം 35ശതമാനം തൊഴിലവസരമാണ് കഴിഞ്ഞ നാലരമാസത്തിനിടെ ഇന്ത്യയില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇതൊന്നും പുറത്തുകൊണ്ടുവരാന്‍ ആരെക്കൊണ്ടും പറ്റുന്നില്ല. മറ്റൊന്ന്, ബിജെപിയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമൊക്കെ കഴിവും പ്രാപ്തിയുമുള്ളൊരു ശക്തമായ നേതൃത്വനിര പ്രതിപക്ഷത്ത് ഇല്ലാതെ പോയി എന്നതാണ്. ആരാണ് നേതൃനിരയിലേക്കു കടന്നുവരേണ്ടത് എന്നതില്‍ എല്ലാവരും ആശയക്കുഴപ്പത്തിലുമാണ്. അപ്പോള്‍ ഈയൊരു രീതി മുന്നോട്ടുപോവുകയാണെങ്കില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റ് 2019ല്‍ ബിജെപിക്കു കിട്ടാന്‍ സാധ്യതയുണ്ട്.

ഇനി ഇടതുപക്ഷത്തിന്റെ കാര്യമെടുക്കാം. ബംഗാളില്‍ അവര്‍ പരിപൂര്‍ണമായും വട്ടപ്പൂജ്യം ആയി. തൃപുരയിലും ഏതാണ്ട് വല്ലാത്ത സ്ഥിതിയിലേക്കു പോവുകയാണ്. മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളൊരു സമയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതില്ല. അവര്‍ക്ക് പാര്‍ലമെന്റിലടക്കം അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നുണ്ടെങ്കിലും അതൊന്നും പ്രത്യക്ഷത്തിലേക്കു കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നതൊരു പ്രശ്‌നമാണ്. സത്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം വലിയൊരു ഘടകമൊന്നുമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വാസ്തവത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെടാന്‍ കാരണം ആണവ നയവുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ട് എടുത്ത തീരുമാനമാണ്.
അതിനെതിരായ അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു. ഇന്ത്യയില്‍ ആണവോര്‍ജം വേണമെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങള്‍ അന്നുണ്ടായിരുന്നു. എന്നാല്‍ അതിനോട് വിയോജിക്കുകയായിരുന്നു പ്രകാശ് കാരാട്ട് ചെയ്തത്. ഒരിക്കലും പെട്ടെന്നുണ്ടാവുന്ന ഒരു സംഗതിയല്ല ആണവോര്‍ജം എന്നത്. മറിച്ച് അതിനു സമയമെടുക്കും. അത് ഭാവി പരിപാടിയായിരുന്നു. ഇടതുപക്ഷത്തിന്റെ ചില നയങ്ങളോട് അവരെ അനുകൂലിക്കുന്ന പലരും വിയോജിക്കുന്നുണ്ട് എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

അന്നു പോയ ഇടതുപക്ഷത്തിന് പിന്നീട് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. അതാണ് മനസ്സിലാക്കേണ്ടത്. കാരാട്ടിന്റേത് തെറ്റായ തീരുമാനമായിരുന്നു എന്നാണ് ഇടതുപക്ഷത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന സോമനാഥ് ചാറ്റര്‍ജിയും ജ്യോതി ബസുവും പറഞ്ഞത്. ഇങ്ങനെ മിക്ക നേതാക്കളും അതിനെതിരായിരുന്നു. അന്നു പോയതാണ് ഇടതുപക്ഷം. അതിന്റെ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ബംഗാളിലാണ്. സിപിഎം ശോഷിച്ച് ഇല്ലാതായി. ആ സ്ഥാനത്ത് കയറിവരുന്നത് ബിജെപിയാണുതാനും. അത് സ്വാഭാവികം മാത്രം. അതുകൊണ്ട് പല തീരുമാനങ്ങളും നല്ലവണ്ണം ആലോചിച്ചുവേണം കൈക്കൊള്ളാനെന്നാണ് സിപിഎമ്മിനോടു പറയാനുള്ളത്.

അതേസമയം, കോണ്‍ഗ്രസിന് ഇനി തിരിച്ചുവരാന്‍ സാധിക്കും. കാരണം ഇന്ത്യയിലാകമാനം എല്ലാവരേയും ഉള്‍ക്കൊണ്ട ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് അത്. എന്നാല്‍ അവരുടെ ചിലരുടെ നയങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി. ഉദാഹരണം, ബാബരി മസ്ജിദ് വിഷയം. അതൊരു തെറ്റായ നയമായിരുന്നു. ഇത്തരം പല നയങ്ങള്‍കൊണ്ട് പല ആളുകളും വിട്ടുപോയിട്ടുണ്ട്. എന്നാല്‍ ഇവരൊക്കെ ഒരു പുതിയ നേതൃനിരയിലേക്കു തിരിച്ചുവരുമെന്നാണ് കരുതുന്നത്. പക്ഷേ, ഈ രാഹുലിനേയും പ്രിയങ്കയേയും കൊണ്ട് ഈ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ പറ്റില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഭരണത്തില്‍ എത്തില്ല എന്നു തിരിച്ചറിയുമ്പോഴാണ് പല നേതാക്കളും മറുകണ്ടം ചാടുന്നത്.

പല കാരണങ്ങള്‍ കൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ അവരുടെ അടിവേരിളകി. അത് തിരിച്ചുറപ്പിക്കാന്‍ ഇന്നുവരെ ഒരു നേതാക്കളും ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നിട്ടില്ല. അതിനു പറ്റിയൊരു നേതൃത്വം കോണ്‍ഗ്രസിന് അടുത്തകാലത്തൊന്നും വന്നിട്ടുമില്ല. ഇതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം. കാരണം, ജനങ്ങളെ മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്ന ഒരു നേതൃത്വം ഉണ്ടെങ്കില്‍ മാത്രമേ കോണ്‍ഗ്രസിനു വളരാന്‍ പറ്റൂ. അതുമാത്രമല്ല, പുതിയ തലമുറയെ കൈയിലെടുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുമില്ല.

ഇനി യുപിയിലെ കാര്യമെടുത്താല്‍, ഒരു കേഡര്‍ പാര്‍ട്ടിയും കൂടിയായതിനാല്‍ സമാജ്‌വാദി പാര്‍ട്ടിയും അവിടെ ഒരു അടിസ്ഥാനം ഉള്ളതുകൊണ്ടുതന്നെ അഖിലേഷ് യാദവും തിരിച്ചുവരുമെന്നു കരുതാം. അതുപോലെതന്നെ, ബീഹാറില്‍ നിതീഷ്‌കുമാര്‍ ശക്തനാണ്. അങ്ങനെ, പല സംസ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വച്ചൊരു കോണ്‍ഫെഡറേഷന്‍ ഉണ്ടാക്കാന്‍ എല്ലാവരും തയ്യാറാവണം. അതിനിപ്പോള്‍ കോണ്‍ഗ്രസ് തന്നെയൊരു ആങ്കര്‍ ആകണമെന്നൊന്നുമില്ല. കാരണം രാഹുല്‍ ഗാന്ധിയുള്ളിടത്തോളം കാലം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആരും തയ്യാറാവില്ല. കാരണം അയാള്‍ക്ക് രാഷ്്ട്രീയം അറിയില്ല. പണ്ട് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ഒരു അമൂല്‍ബേബി മാത്രമാണ് രാഹുല്‍. അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍, ഒരു രാഷ്ട്രീയ പൊളിച്ചെഴുത്ത് 2019 തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ സംഭവിച്ചില്ലെങ്കില്‍ 2014 കൂടുതല്‍ ഭയാനകമായി ആവര്‍ത്തിക്കപ്പെടും. അതാണ് ഇവിടെ സംഭവിക്കാന്‍ പോവുന്നതെന്ന കാര്യം മനസ്സിലാക്കി അതിനനുസൃതമായി പ്രവര്‍ത്തിക്കുകയാണ് ഈ പ്രതിപക്ഷ പാര്‍ട്ടികളൊക്കെയും ചെയ്യേണ്ടത്.