ചാനൽ ചർച്ചയിൽ ഘോരഘോരം ആവശ്യപ്പെടുന്ന ഇന്ത്യ-പാക്‌ യുദ്ധത്തിന് എന്താണ് യഥാർത്ഥ വിഘ്നം?

ഉത്തരകൊറിയൻ ഭരണാധികാരി ലോകം മുഴുവൻ തകർക്കുമെന്നു വെല്ലുവിളി മുഴക്കുന്നു. അമേരിക്കൻ പ്രസിഡന്റാകുന്നതിനു മുമ്പ് ഹാലിളകി നടന്ന ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയൻ പ്രെസിഡന്റ് സമര്‍ത്ഥനാണ് എന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും പറയുന്നു. എന്താണ് കാരണം?

ചാനൽ  ചർച്ചയിൽ ഘോരഘോരം ആവശ്യപ്പെടുന്ന ഇന്ത്യ-പാക്‌ യുദ്ധത്തിന് എന്താണ് യഥാർത്ഥ വിഘ്നം?

കഴിഞ്ഞ മൂന്നു വര്‍ഷമായി ദേശീയ ചാനലുകളുടെ അന്തിച്ചർച്ചയിൽ ഏറ്റവും കൂടുതൽ ആവര്‍ത്തിച്ചു കേട്ട ഒരു കാര്യമുണ്ട്- ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം നടത്തണം. മറ്റൊരു ഉപാധിയുമില്ല! പാകിസ്ഥാന്‍ എന്ന രാജ്യത്തെ നിലം പരിശാക്കണം. ഇനിയും അങ്ങനെ ഒരു രാജ്യം പോലും ഈ ലോകത്ത് ഉണ്ടാകരുത്. ഇതെല്ലാമാണ് ആവശ്യം. ഈ പറയുന്നതില്‍ അധികവും മുൻ സൈനിക ഉദ്യോഗസ്ഥന്മാരാണ് എന്നുള്ളതും ശ്രദ്ധിക്കണം. ചര്‍ച്ച നയിക്കുന്ന വാര്‍ത്താ അവതാരകരുടേയും സംശയം ഇതുമായി ബന്ധപ്പെട്ടു തന്നെയാണ്. എന്തുകൊണ്ടാണ് ഇന്ത്യ തിരിച്ചടിക്കാതെ വെറുതെ ഇരിക്കുന്നതെന്നും ഇപ്പോള്‍ യുദ്ധമാണ് ആവശ്യമെന്നും അവര്‍ മുറവിളിക്കും. ഏതാണ്ട് ഒരു 'വാർ മോങ്കറിങ്' എന്ന് ഇതിനെ പറയാം.

ഹിന്ദി ചാനലുകൾ ഇതിലും രണ്ടു പടി മുന്നിലാണ്. യുദ്ധം നാളെ തന്നെ തുടങ്ങണം, അല്ലെങ്കിൽ ഇന്നു രാത്രിയിൽ തന്നെ! ഇനിയും അല്‍പം പിന്നിലേക്കു ചിന്തിക്കാം. ഇന്ത്യൻ പാർലമെന്റ് ഭീകരർ ആക്രമിച്ച സമയം, നമ്മുടെ അന്നത്തെ സര്‍ക്കാര്‍ സൈന്യത്തെ അതിർത്തിയിലേക്ക് വിന്യസിച്ചു. അവിടെയുള്ള ജനങ്ങളെയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ അവിടെനിന്നും മാറ്റി പാര്‍പ്പിച്ചു. ഏതു സമയവും രാജ്യം ഒരു യുദ്ധം പ്രതീക്ഷിക്കുവാന്‍ തുടങ്ങി. എല്ലാ സൈനികരുടെയും ലീവുകൾ മരവിപ്പിച്ച്, അവരെ ജോലിയില്‍ ഉറപ്പു വരുത്തി. വ്യോമസേന ആക്രമണത്തിനുള്ള ഉത്തരവിനായി കാത്തിരുന്നു. സൈനിക ഓഫീസുകളില്‍ രാത്രിയും പകലുമില്ലാതെ സിവിലിയൻ ജോലി ചെയ്യുന്നവർ ഉള്‍പ്പെടെ എല്ലാവര്‍ക്കും എക്സ്ട്രാ ടൈം ഡ്യൂട്ടിയും ലഭിച്ചു. ആകെപ്പാടെ യുദ്ധത്തിന് ഇന്ത്യ തയ്യാറായതു പോലെ. വരാന്‍ പോകുന്ന നടപടിക്ക് ഒരു പേരും കൊടുത്തു 'ഓപ്പറേഷൻസ് പരാക്രം'

ഇന്ത്യ തങ്ങളുടെ അതിർത്തിയിൽ എമ്പാടും കുഴിബോംബുകള്‍ പാകി. ശത്രുക്കള്‍ ഇങ്ങോട്ടു കയറാതെയിരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. 14 കിലോയ്ക്ക് മുകളിൽ ഭാരം ഉണ്ടായാല്‍ പൊട്ടുന്നതായിരുന്നു ഒരു ഇനം. 250 കിലോയിലധികം ഭാരം കയറുമ്പോള്‍ പൊട്ടുന്നതാണ് അടുത്തത്‌. ആദ്യത്തേത് മനുഷ്യരേയും രണ്ടാമതു വിരിച്ചത് യുദ്ധ വാഹനങ്ങളെയും ഉദ്ദേശിച്ചുള്ളതായിരുന്നു.

ഈയവസരത്തിലാണ് അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. ഒരു കാരണവശാലും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധമുണ്ടാകാന്‍ പാടില്ലായെന്നും പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിൽ പരിഹരിക്കപ്പെടണം എന്നുമവര്‍ നിഷ്കര്‍ഷിച്ചു. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന തത്വചിന്തകള്‍ ആവോളം ഉണ്ടായി. എന്തായിരിക്കും കാരണം? രണ്ടു രാജ്യങ്ങളും ആണവ ശക്തികേന്ദ്രങ്ങളാണ്. യുദ്ധം ഇരുരാജ്യങ്ങളിലും കനത്ത നഷ്ടമുണ്ടാക്കും. കോടിക്കണക്കിനു ജനം മരിച്ചു വീഴുമെന്നു മാത്രമല്ല, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും വിപത്ത് ഒഴിയാത്ത ദുരന്തങ്ങളായിരിക്കും ഉണ്ടാവുക. ഏതു നിമിഷവും യുദ്ധം എന്ന തീരുമാനത്തില്‍ നിന്നും ഒന്നര വര്‍ഷത്തിനു ശേഷം ഇന്ത്യ പിന്നോട്ടു പോയി. അതിർത്തിയിൽ നിന്നും മെല്ലെ സൈന്യത്തെ പിന്‍വലിച്ചു.

ഇതിനിടയില്‍ സംഭവിച്ച ഒന്നു കൂടിയുണ്ട്. കാലാവസ്ഥ മാറിയപ്പോള്‍ മഴ വന്നു. കുഴിബോംബുകള്‍ പാകിയതിനു മുകളിൽ നന്നായി കാടു പിടിച്ചു. പല ബോംബുകളും തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. പില്‍ക്കാലത്ത് ഇതു തട്ടി നമ്മുടെ സൈനികരില്‍ പലരുടെയും കാലുകൾ നഷ്ടപ്പെട്ടു, പലരും മരിച്ചു. ഓപ്പറേഷൻസ് പരാക്രമത്തിനുള്ള മുന്നൊരുക്കങ്ങള്‍ ഒടുവില്‍ സമ്മാനിച്ചത് ഇതെല്ലാമായിരുന്നു.

2001ൽ വാജ്‌പേയി സർക്കാരിന്റെ കാലത്തു നടന്ന ഒരു സൈനിക നീക്കമാണ് മുകളിൽ പറഞ്ഞത്. ഇപ്പോൾ 2017 ആയി. ഇന്ത്യക്കു ന്യുക്ലീയര്‍ കമാൻഡ് ഉണ്ട്, പാകിസ്ഥാനും അങ്ങനെ തന്നെ. കരസേന, വ്യോമസേന, നാവിക സേന എന്നിങ്ങനെ നമ്മുടെ സൈനിക ശക്തി അവരെക്കാള്‍ വളരെ മുന്‍പിലാണ്. നമ്മുക്ക് യുദ്ധസാഹചര്യങ്ങളില്‍ എല്ലാം തന്നെ ഒരു മേല്‍ക്കോയ്മ അവകാശപ്പെടാനും സാധിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മള്‍ ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കില്ല. ഒരു യുദ്ധം തുടങ്ങിയാല്‍, എയർ ഫോഴ്സ്/ ജെറ്റ് യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചു പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളെ മണിക്കൂറുകള്‍ക്കകം തകർക്കാൻ നമ്മുക്ക് കഴിയുമോ? നോക്കാം...

ഇൻഡോ-പാക് അതിര്‍ത്തിയില്‍ നമ്മുക്ക് ഏകദേശം പത്ത് എയർബേസുകള്‍ ഉണ്ട്. പഞ്ചാബ്, ജമ്മു-കാശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാനയിലെ അമ്പല, ചണ്ഡിഗഡ് എന്നിവയാണ് നമ്മുടെ സ്‌ട്രൈക്കിങ് എയർ ഫോഴ്സ് താവളങ്ങൾ. ഇവിടെയാണ്‌ നമ്മുടെ വ്യോമസേനയുടെ മിന്നും താരങ്ങള്‍ ഉള്ളത്.

*റഷ്യൻ നിർമ്മിത വിമാനമായ സുഖോയി 30 എംകെ ഏറ്റവും താഴ്ന്നു പറക്കാന്‍ കഴിയുന്ന യുദ്ധവിമാനമാണ്. ഏറ്റവും കുറഞ്ഞ ഉയരത്തിൽ പറക്കുന്നതിനാല്‍ ശത്രുവിന്റെ റഡാറിൽ പതിയില്ല എന്നുള്ളതാണ് മെച്ചം.

*ബ്രഹ്മോസ് സൂപ്പർ അൾട്രാസോണിക്ക് മിസ്സൈലുകള്‍ മറ്റൊരു കരുത്താണ്. നൂക്ലിയർ വാർ-ഹെഡ് വഹിക്കാനുള്ള കപ്പാസിറ്റിയും ഉണ്ടാകും.

*ഫ്രഞ്ച് നിർമ്മിതമായ മിറാഷ് സഖ്യസേനയുടെ ഗൾഫ് ആക്രമണത്തിന് ഫ്രാൻസ് ഉപയോഗിച്ചു വിജയമെന്നു തെളിയിച്ച ഫൈറ്റർ വിമാനമാണ്. ബ്രിട്ടീഷ് നിർമ്മിത ജാഗ്വാറിനോടു സാങ്കേതികമായി കിടപിടിക്കാന്‍ മറ്റൊന്നില്ല.

*റഷ്യൻ നിർമ്മിതമായ ഫൈറ്റര്‍ വിമാനം മിഗ്-29നും ഇന്ത്യയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. പക്ഷെ മിഗ് -21 ഇന്നത്തെ പരിസ്ഥിതിയില്‍ ആശ്രയിക്കാവുന്ന ഒന്നല്ല. പരിശീലനത്തിനിടെ പോലും തകര്‍ന്നു വീഴുന്ന ഈ വിമാനത്തെ ഈ അവസ്ഥയില്‍ ഒരു യുദ്ധത്തിനു പരിഗണിക്കേണ്ടതുണ്ടാകില്ല.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള കോമ്പിനേഷൻസ് ഉപയോഗിക്കുന്ന എയർ പവറാണ് നമ്മുടെ വ്യോമസേനയുടെ കരുത്തിന്റെ ഒരു ഘടകം. പിന്നെ ലോകത്തിലെ തന്നെ ഏറ്റവും മിടുക്കന്മാരായ പൈലറ്റുകളാണ് മറ്റൊന്ന്. ഇന്ത്യയെ അപേക്ഷിച്ചു പൊതുവെ ദുർബലമാണ് പാകിസ്ഥാന്റെ വ്യോമസേന. അമേരിക്കൻ എഫ് -16 ആണ് അവരുടെ ഒരു പോസിറ്റീവ് പോയിന്റ്. ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, യുദ്ധ രംഗത്ത് ഇന്നും ഈ അസാൾട് ജെറ്റ് ഫൈറ്റർ ഒരു വലിയ സംഭവമായി തുടരുന്നു. ലോകത്തുള്ള ഏത് യുദ്ധ വിമാനങ്ങളോടും ഇത് കിടപിടിക്കും. ഈ എഫ് -16 ഫൈറ്റര്‍ വിമാനങ്ങളാണ് ഇസ്രായേലിന്റെയും കരുത്ത്. ഫ്രാൻസിൽ നിന്നും ലഭിച്ച മിറാജ് -3 , മിറാജ് -5 തുടങ്ങിയവ കാലഹരണപ്പെട്ടു എന്നു കരുതുന്നതില്‍ തെറ്റില്ല. യാതൊരു വിധ നവ സാകേതിക വിദ്യയും ഇവയില്‍ ഇല്ല. നമ്മുടെ മിഗ് -21നേക്കാള്‍ മോശമാണ് ഇവയെല്ലാം.

ഇന്ത്യ ഫ്രാൻസിൽ നിന്നും മിറാജ് -2000 വാങ്ങുമ്പോൾ ഒരു കരാർ ഉണ്ടാക്കിയിരുന്നു. ഒരു കാരണവശാലും പാകിസ്ഥാന് യുദ്ധ വിമാനങ്ങളോ അവയുടെ സാങ്കേതിക വിദ്യകളോ കൈമാറരുതെന്നായിരുന്നു ഈ നിബന്ധന. പ്രധാനമന്ത്രി ഈയിടെ ഫ്രാൻസ് സന്ദർശിച്ചപ്പോൾ പുതിയ സാങ്കേതിക വിദ്യയിലുള്ള യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറിൽ ഏർപ്പെട്ടപ്പോഴും പഴയ അതേ ഉടമ്പടി നിലനിര്‍ത്തി പോരുകയും ചെയ്തിട്ടുണ്ട്. ചൈനയും പാകിസ്ഥാനും ചേര്‍ന്നു നിര്‍മ്മിച്ച CAC/PAC JF-17 തണ്ടര്‍ ഫൈറ്റർ സിംഗിൾ എഞ്ചിനാണ്. നിരന്തരം തകർന്നു വീഴുന്ന ഇതിനു പകരമായി മിറാജ് 3, 5 പയറ്റി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ചൈനീസ് സാധങ്ങൾ പോലെ തന്നെ എന്ന് നമ്മുക്ക് ആശ്വസിക്കാം.

അമേരിക്ക പാകിസ്ഥാനു വേണ്ടി ആയുധങ്ങൾ നല്‍കുന്നത് അവരുടെ കോൺഗ്രസിലും സെനറ്റിലും വലിയ പ്രതിഷേധങ്ങള്‍ക്കു വഴി തുറന്നിരുന്നു. താലിബാൻ ഭീകരവാദത്തെ ചെറുക്കാനും വെസ്റ്റേൺ പ്രവിശ്യയിലുള്ള തീവ്രവാദ കേന്ദ്രങ്ങളെ നേരിടാനും പാക്കിസ്ഥാന് ഈ ആയുധങ്ങൾ നല്‍കുകയേ അമേരിക്കയ്ക്കു നിര്‍വാഹമുണ്ടായിരുന്നുള്ളൂ. വളരെയേറെ നിയന്ത്രണങ്ങൾക്കു മുകളിലാണ് ഈ കൈമാറ്റം.

ഇന്ത്യൻ ആർമിയുടെ അമ്പലയിലുള്ളത് 2 കോർ സ്‌ട്രൈക്കിങ് യൂണിറ്റാണ്. അതിന്റെ ഭാഗമായ പഞ്ചാബിലെ പട്യാലയിലുള്ള വണ്‍ ആംഡ് ഡിവിഷൻസില്‍ 2800 ടാങ്ക് വ്യൂഹമാണ്‌ നമ്മുക്കുള്ളത്. ആധുനിക റഷ്യൻ ടി-90 മുതൽ mbt മേജർ ബാറ്റിൽ ടാങ്ക് വരെ, ഇതിൽ മെക്കനൈസ്ഡ് ഇൻഫന്ററിയായിട്ടുണ്ട്.

പാകിസ്ഥാന്റെ പക്കലുള്ള മേജർ ബാറ്റില്‍ ടാങ്ക്, ചൈനീസ് നിർമ്മിതമാണ്. ഇപ്പോൾ പാകിസ്ഥാനും ചൈനയുമായി യോജിച്ചു നിർമിച്ചപ്പോള്‍ അതിനു 'ഖാലിദ്‌' എന്നൊരു പേരും നല്‍കി. മുൻപ് പാകിസ്ഥാൻ ഉക്രയിനിൽ നിന്നും ടി-80 ടാങ്കുകൾ വാങ്ങിയിരുന്നു. പഴയ റഷ്യ വികസിപ്പിച്ചതായിരുന്നു അത്. യു.എസ്.എസ്.ആര്‍ വിഭജനത്തിനു ശേഷം ടാങ്കുകൾ ഉണ്ടാക്കുന്ന ഫാക്ടറി ഉക്രയിനിലും ആരംഭിച്ചു. അതിൽ പഴയ ടാങ്കുകൾ പാകിസ്ഥാൻ വിലയ്ക്കു വാങ്ങി.

പല വികസിത രാജ്യങ്ങളും പാകിസ്ഥാനുമായി ഒരു ആയുധ കരാറിനു മടികാണിക്കുന്നുണ്ട്. കാരണം ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടാൽ ഒരു വലിയ ഡീൽ ആയിരിക്കും നടക്കുക. ഇന്ത്യയുടെ പക്കൽ വാങ്ങാൻ പണവുമുണ്ടാകും. അതുപോലെ നമ്മുടെ ഡിഫൻസ് ലോക മാർക്കറ്റില്‍ ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ്. പ്രത്യേക ബജറ്റ് പോലും ഇന്ത്യയ്ക്കുള്ളപ്പോള്‍ ഒരു വലിയ മാർക്കറ്റിനെ അവഗണിക്കുവാന്‍ അവര്‍ താല്‍പര്യപ്പെടില്ല. സൗത്ത് ആഫ്രിക്ക, സ്വീഡൻ, പോളണ്ട്, ജർമനി, നെതർലാൻഡ്, ബെൽജിയം, ഇറ്റലി, സ്പെയിൻ എന്നിവരൊന്നും പാകിസ്ഥാന് ആയുധങ്ങളും അവയുടെ അനുബന്ധങ്ങളും നല്‍കില്ല.

ഒരു ഉദാഹരണം പറയാം, നൈറ്റ് വിഷൻ ഡിവൈസ് ഏറ്റവും നല്ല നിര്‍മ്മാതാക്കളില്‍ ഒന്നാണ്. ഇവർ ഇന്ത്യയുമായി കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നു. അതിന്റെ TOT പരമ പ്രധാനമാണ് അതായത് 'ട്രാസ്‌ഫർ ഓഫ് ടെക്‌നോളജി'. കരാറില്‍ ഏര്‍പ്പെട്ടാല്‍, ഇന്ത്യയുടെ അറിവില്ലാതെ മറ്റൊരു രാജ്യത്തിന് ആയുധങ്ങള്‍ വില്‍ക്കാൻ ഇവര്‍ക്കു കഴിയില്ല. ഇവിടെയാണ്, പാകിസ്ഥാനുമായി ഇതര രാജ്യങ്ങള്‍ക്ക് അകലം പാലിക്കേണ്ടി വരുന്നത്. ചൈന ഇവർക്കു നല്‍കുന്നതാകട്ടെ, കാലഹരണപ്പെട്ട ടെക്‌നോളജി ഉപയോഗിച്ചുള്ള ആയുധങ്ങള്‍ മാത്രം.

ഇനി കാര്യത്തിലേക്കു കടക്കാം യുദ്ധമുണ്ടായാൽ കരസേനയെക്കാള്‍ പ്രാധാന്യം വ്യോമസേനാ മുറകള്‍ക്കായിരിക്കും. ഇതിൽ ഏതു രാജ്യം മുന്‍‌തൂക്കം നേടുന്നുവോ അവർ യുദ്ധം ജയിക്കും ഇസ്രായേൽ ആറു ദിവസം കൊണ്ട് മൂന്നു രാജ്യങ്ങളെ തകർത്തു, ഈജിപ്റ്റ്‌, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങള്‍ക്ക് ഇസ്രായേലിനെക്കാള്‍ സൈനിക ശക്തിയുണ്ടായിരുന്നു. എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളുടെ യുദ്ധവിമാനം, മിസൈൽ സിസ്റ്റംസ് ബോബുകൾ എന്നിവ ആദ്യം തന്നെ വ്യോമസേന ഉപയോഗിച്ച് ഇസ്രായേല്‍ തകര്‍ത്തിരുന്നു. ആറു ദിവസം കൊണ്ട് യുദ്ധം അവസാനിച്ചു.

അമേരിക്കയും സഖ്യരാജ്യങ്ങളും ഇസ്ലാമിക ഭീകരവാദത്തിനു നേരെയുള്ള യുദ്ധത്തില്‍ വിജയം കാണുന്നതും വ്യോമബലത്തിലാണ് എന്നു പകല്‍ പോലെ വ്യക്തം. എതിരാളികള്‍ക്ക് ആകാശയുദ്ധത്തിനുള്ള ഒരു സന്നാഹവുമില്ല. ഉപരിതലത്തില്‍ നിന്നും വിക്ഷേപിക്കാവുന്ന ഒരു എയർ റോക്കറ്റ് ലോഞ്ചർ പോലുമില്ല. അതാണ് അവരുടെ അധീനതയില്‍ ഉള്ള ഓരോ പ്രദേശങ്ങളേയും സഖ്യസേന വലിയ അപായമില്ലാതെ പിടിച്ചെടുക്കുന്നത്.

ഇന്ത്യയുമായി യുദ്ധത്തിൽ ഒരിക്കലെങ്കിലും ഏർപ്പെട്ടാൽ വന്‍ പരാജയമാകും ഫലമെന്നു പാകിസ്ഥാനും നന്നായി അറിയാം. പിന്നെയുള്ളത് ഒന്നു മാത്രം -ആണവായുധം! അതിൽ ആരു ജയിക്കും തോൽക്കും എന്നു പ്രവചിക്കാന്‍ കഴിയില്ല. ടെലിവിഷൻ ചാനലിൽ ഇരുന്നു നാളെ യുദ്ധം ചെയ്യണം എന്നു പറയുന്നവർ ഇത്തരം കാര്യങ്ങളെ പഠിച്ചിട്ടുണ്ടാകുമോ എന്നു സംശയം തോന്നും. ഏതായാലും ഒന്നറിയണം- യുദ്ധം ഒരു നിസ്സാരകാര്യമല്ല!