അന്ന് ആ കാട്ടിൽ‍ ശരിക്കും നടന്നത്: പെമ്പിളൈ ഒരുമ എടുത്തുയര്‍ത്തിയ മാദ്ധ്യമ പ്രവര്‍ത്തകന്റെ തുറന്നെഴുത്ത്

മൂന്നാറില്‍ കയ്യേറ്റക്കാരുടെ ചെലവില്‍ കള്ളുകുടിച്ചു കൂത്താടിയെന്ന് ഇടതുസോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ള വൈശാഖ് കോമാട്ടില്‍ (മനോരമ), ജീവ് ടോം മാത്യൂസ് (മാതൃഭൂമി ന്യൂസ്), അനീഷ് ടോം (ഏഷ്യാനെറ്റ് ന്യൂസ്) തുടങ്ങിയവര്‍ തന്നെയായിരുന്നു അന്നത്തെ മൂന്നാര്‍ സമരവും റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് - പെമ്പിളൈ ഒരുമ സമര കാലത്തു മൂന്നാര്‍ കാട്ടില്‍ എന്താണു നടന്നതെന്ന്, റിപ്പോര്‍ട്ടര്‍ ചാനലിനു വേണ്ടി സമരം ലൈവ് ചെയ്ത നാരദാ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് യദു നാരായണന്‍ എഴുതുന്നു.

അന്ന് ആ കാട്ടിൽ‍ ശരിക്കും നടന്നത്: പെമ്പിളൈ ഒരുമ എടുത്തുയര്‍ത്തിയ മാദ്ധ്യമ പ്രവര്‍ത്തകന്റെ തുറന്നെഴുത്ത്

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരം നടന്ന സമയത്തു കാട്ടില്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും വേറെ പണിയായിരുന്നു എന്നാണു മന്ത്രി എം എം മണി കഴിഞ്ഞദിവസം നാട്ടുഭാഷയില്‍ പറഞ്ഞത്. അതെന്തു പണിയായിരുന്നുവെന്നുകൂടി സഖാവ് വ്യക്തമാക്കേണ്ടതുണ്ട്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർക്കും വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യേണ്ട മാദ്ധ്യമങ്ങള്‍ക്കും പിഴവുണ്ടായെങ്കില്‍ അതു കൃത്യമായി ചൂണ്ടിക്കാട്ടുക, തെളിവുകള്‍ സഹിതം. അല്ലാതെ വഴിയേ പോകുന്നവരെയെല്ലാം പുലഭ്യം പറയുന്നയാളുടെ നിലവാരത്തിലേക്കു തരം താഴുന്നത് ഒരു ജനനേതാവിനു ഭൂഷണമല്ല.

സമകാലിക കേരളത്തിന്റെ സമരചരിത്രത്തില്‍ എവിടെയും കാണാത്തവിധം വേറിട്ടതും ഐതിഹാസികവുമായിരുന്നു മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം. ആയിരക്കണക്കിനു തോട്ടംതൊഴിലാളികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ തെരുവില്‍ ഒറ്റക്കെട്ടായി പോരടിക്കുന്നു. ശമ്പളവര്‍ധവും ഇരുപതുശതമാനം ബോണസുമായിരുന്നു അവരുടെ ആവശ്യം. ഇത്രയുംകാലം തങ്ങള്‍ വിശ്വസിച്ച ട്രേഡ് യൂണിയനുകള്‍ തങ്ങളെ സഹായിക്കുകയായിരുന്നില്ലെന്ന തിരിച്ചറിവു കൂടിയായിരുന്നു അന്നത്തെ സമരത്തിന് ആധാരം.

പൊമ്പിളൈ ഒരുമൈ കാലത്തെ വേറെ പണികള്‍...

പൊമ്പിളൈ ഒരുമൈ സമരകാലത്ത് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവര്‍ത്തകരും പൊലീസുകാരും തൊഴിലാളികളുമൊക്കെ പണികള്‍ നടത്തിയിട്ടുണ്ട്. പക്ഷെ അത് 'ആശാൻ'‍ പറയുന്നതുപോലെ കാട്ടിലെ വേറെ പണിയല്ലായിരുന്നു. നടുറോഡില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി, ട്രേഡ് യൂണിയന്‍ നേതാക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള നല്ല അന്തസുള്ള പണിയായിരുന്നു. ഒരു ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാനുള്ള ആത്മാര്‍ത്ഥതയോടെയുള്ള വേറെ പണിയാണു പൊലീസ് കൈക്കൊണ്ടത്. ഉദ്യോഗസ്ഥരൊന്നാകെ മറ്റേപ്പണിക്കു കൂട്ടുനിന്നു സമാധാനാന്തരീക്ഷം കാത്തു.

സമരം തുടങ്ങി മൂന്നാം നാളിലാണു മാദ്ധ്യമപ്രവര്‍ത്തകര്‍ സമരമുഖത്തേക്കു കടന്നുവരുന്നത്. ഞാനന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇടുക്കി റിപ്പോര്‍ട്ടറാണ്. മൂന്നാറില്‍ കയ്യേറ്റക്കാരുടെ ചെലവില്‍ കള്ളുകുടിച്ചു കൂത്താടിയെന്ന് ആരോപിച്ച് ഇടതുസോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ള വൈശാഖ് കോമാട്ടില്‍ (മനോരമ), ജീവ് ടോം മാത്യൂസ് (മാതൃഭൂമി ന്യൂസ്), അനീഷ് ടോം (ഏഷ്യാനെറ്റ് ന്യൂസ്) തുടങ്ങിയവര്‍ തന്നെയായിരുന്നു അന്നത്തെ മൂന്നാര്‍ സമരവും റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. സമരത്തെ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ മൂന്നാറിലെത്തിയവര്‍...

ആയിരക്കണക്കിനു തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ച് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ വര്‍ഗബോധവും പട്ടിണിയും മാത്രം കൈമുതലാക്കിക്കൊണ്ടുള്ള സമരം കണ്ടപ്പോള്‍ അതിശയവും ആവേശവും തോന്നി; ആധുനിക സമൂഹത്തിലും അടിമജീവിതം നയിക്കുന്നവരുടെ ചെറുത്തുനില്‍പ്പുപോരാട്ടം.

മൂന്നുദിവസമായിട്ടും വാര്‍ത്താ പ്രാധാന്യത്തോടെ സമരം റിപ്പോര്‍ട്ട് ചെയ്യാത്ത മാദ്ധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെ കണ്ടാല്‍ കൈവെക്കാനുള്ള ദേഷ്യത്തോടെയായിരുന്നു അവരുടെ നില്‍പ്പ്. പത്രക്കാരൊക്കെ മറ്റേപ്പണിക്കാരാണെന്നു നാട്ടുഭാഷയില്‍ പറഞ്ഞ അവര്‍ പക്ഷെ ഞങ്ങള്‍ പറയാനുള്ളതു കേള്‍ക്കാനുംകൂടി തയ്യാറായിരുന്നു.

തമിഴന്മാര്‍ക്കു വേണ്ടിയുള്ള മറ്റേപ്പണി

ആദ്യം തോട്ടംതൊഴിലാളികള്‍ റോഡുപരോധിച്ചു തുടങ്ങിയ സമയത്തു ഞാനും സഹപ്രവര്‍ത്തകരും മൂന്നാറിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും ചില മാദ്ധ്യമപ്രവര്‍ത്തകരെയും ബന്ധപ്പെട്ടിരുന്നു. തമിഴ് ദേശീയവാദമാണെന്നും വിടുതലൈ ചിരുത്തൈ പോലുള്ള വിഘടനവാദികള്‍ തമിഴന്മാരെ ഇളക്കിവിട്ടതാണു സമരത്തിനു കാരണമെന്നുമായിരുന്നു മറുപടി. ഒപ്പം തൊട്ടാല്‍ കൈപൊള്ളുമെന്ന ഭീഷണിയും.

ഇടതുപക്ഷ പ്രവര്‍ത്തകരെയായിരുന്നു ആ സമയത്തു ഞാന്‍ ഏറെ ബന്ധപ്പെട്ടത്. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ സമരം തുടരുന്നതറിഞ്ഞപ്പോള്‍ തൊഴിലാളികളില്‍ ചിലരെ ബന്ധപ്പെട്ടു, അതോടെയാണു സമരം തുടരുമെന്നു വ്യക്തമായത്. രാവിലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നു ഡസ്കില്‍ വിളിച്ചു പറഞ്ഞു. നല്ല വാര്‍ത്താപ്രാധാന്യമുള്ള വിഷയമായിരിക്കും, ആണെങ്കില്‍ കത്തിക്കണം എന്ന് എം വി നികേഷ് കുമാറും പറഞ്ഞു. അങ്ങനെ വീട്ടില്‍പ്പോയ ക്യാമറാമാന്‍ എബിനേയും ഡ്രൈവര്‍ കണ്ണനെയും വിളിച്ചുവരുത്തി മൂന്നാറിലേക്കു പുറപ്പെട്ടു.

രണ്ടോ മൂന്നോ ദിവസത്തിനകം സമരം തീരുമെന്ന പ്രതീക്ഷയില്‍ രണ്ടു ജോഡി വസ്ത്രങ്ങളേ കയ്യില്‍ കരുതിയുള്ളൂ. മറ്റുള്ള കൂട്ടുകാരെ ബന്ധപ്പെട്ടു, എല്ലാവരും മൂന്നാറിലെത്തുമെന്നും പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണെന്നും അറിയിച്ചു. ഞങ്ങള്‍ മൂന്നാറിലെത്തി മുറിയെടുത്തു, 800 രൂപയോ മറ്റോ ആയിരുന്നു വാടക. ഒന്നുറങ്ങാനുള്ള സമയമില്ല, രാവിലെ ആറു മണി ബുള്ളറ്റിന്‍ മുതല്‍ വാര്‍ത്തയും ടെലിയും കൊടുക്കണം. അതിനുള്ള കുറിപ്പുകള്‍ തയ്യാറാക്കി. രാവിലെ സമരം റിപ്പോര്‍ട്ട് ചെയ്യാനായിറങ്ങി. ആറു മണിക്കു ടെലി, ഏഴുമണിക്കു ടെലി, എട്ടു മണിക്കു വെളിച്ചം വന്നുതുടങ്ങിയതോടെ ടൗണില്‍ നിന്നു തത്സമയ പ്രതീതി വരുത്തിക്കൊണ്ട് ഒരു ഡെഫ് ലൈവ്.

ഒൻപതു മണിയായതോടെ സമരത്തിനായി തൊഴിലാളികള്‍ വന്നുതുടങ്ങി, നല്ലതണ്ണി, നേമക്കാട്, പഴയമൂന്നാര്‍ പോലെ സമീപത്തുള്ള തോട്ടങ്ങളില്‍ നിന്നുള്ള ഒരു അന്‍പതുപേരോളമെത്തി. പതുക്കെ അവരുടെ പ്രതികരണമൊക്കെയായി വാര്‍ത്ത കൊടുത്തുതുടങ്ങി. എല്ലാവരും തമിഴ് സംസാരിക്കുന്നവര്‍. മലയാളമോ നാട്ടുഭാഷയോ കാര്യമായി അറിയാത്തവര്‍.

ആദ്യ ദിവസങ്ങളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാത്ത മാദ്ധ്യമങ്ങളോട് അവര്‍ അറിയാവുന്ന ഭാഷയില്‍ ദേഷ്യം പ്രകടിപ്പിച്ചെങ്കിലും, ചാനലുകളില്‍ വാര്‍ത്തകള്‍ വന്നതോടെ അതു മാറി. സമരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നുതിരിച്ചറിഞ്ഞവര്‍ കോപമടക്കി, തങ്ങളുടെ പ്രശ്നങ്ങള്‍ ചാനലുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

ഓരോ മണിക്കൂര്‍ കഴിയുന്തോറും സമരക്കാരുടെ എണ്ണം കൂടിക്കൂടി വന്നു. നൂറായി, ആയിരമായി, ഉച്ചയോടെ അയ്യായിരത്തോളമായി. മൂന്നാര്‍ നഗരം മുഴുവന്‍ തോട്ടം തൊഴിലാളികളെക്കൊണ്ടു നിറഞ്ഞു. കമ്പനിവിരുദ്ധ-ട്രേഡ് യൂണിയന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. കരുത്തുള്ള ഇടതുപക്ഷ നിലപാടുകളുമായി തോട്ടംതൊഴിലാളി സ്ത്രീകള്‍ ഉറഞ്ഞുതുള്ളി. തമിഴ് ദേശീയവാദമുയര്‍ത്തിയുള്ള വിഘടനവാദമാണിതെന്നു പറഞ്ഞവരുടെ മുഖത്തു കാര്‍ക്കിച്ചുതുപ്പി ഞങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകരെല്ലാവരും സമരത്തിന്റെ ചൂടു കാഴ്ചക്കാരിലേക്കു പകര്‍ന്നു; തമിഴന്മാര്‍ക്കു വേണ്ടിയുള്ള മറ്റേപ്പണിയല്ല അതെന്ന ഉത്തമബോധ്യത്തില്‍.

'പണി' നോക്കി വന്നവര്‍ക്കു കിട്ടിയ അടി

എല്ലാ ചാനലുകളിലും വാര്‍ത്തവന്നതോടെ അന്നത്തെ സര്‍ക്കാരിനു കാലിടറിത്തുടങ്ങി. 70 ശതമാനത്തിലേറെ തോട്ടം തൊഴിലാളികള്‍ അംഗങ്ങളായുള്ള ഇടതു സംഘടനകളും പ്രകോപിതരായി. ഒ ബി വാനുകളും അധിക റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമൊക്കെയെത്തി. ചാനലുകള്‍ ഇടതടവില്ലാത്ത തത്സമയ റിപ്പോര്‍ട്ടിംഗും മൂന്നാര്‍ സ്പെഷ്യല്‍ ക്യാംപയിനുംകൂടി തുടങ്ങിയതോടെ ട്രേഡ് യൂണിയനുകള്‍ സമൂഹമധ്യത്തില്‍ അപമാനിതരായി. അടിമസംസ്കാരം അവസാനിപ്പിക്കാന്‍ കഴിയാത്ത യൂണിയനുകള്‍ക്കു നേരെ കേരളീയസമൂഹം വിമര്‍ശനക്കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ടു. അതിനെ പ്രതിരോധിക്കാന്‍ അന്നുമുതലേ ചാനലുകളുടെ നെഞ്ചത്തുകയറുക എന്ന തന്ത്രമാണു ട്രേഡ് യൂണിയനുകള്‍ കൈക്കൊണ്ടത്.

ഈ സമയത്താണു 'വേറെ പണി' എന്താണെന്നന്വേഷിക്കാന്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ സമരസ്ഥലത്തേക്കു വരുന്നത്. പണിയെന്താണെന്നു തൊഴിലാളികള്‍ ശരിക്കു കാട്ടിക്കൊടുത്തു, കാലില്‍കിടന്ന ചെരുപ്പെറിഞ്ഞാണു രാജേന്ദ്രനെ തൊഴിലാളികള്‍ ഓടിച്ചത്. ഈ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ തത്സയമം ജനങ്ങളിലേക്കെത്തിച്ചപ്പോള്‍ മുതലാണു മാദ്ധ്യമങ്ങളുടെ പണിക്കെതിരേ വിമര്‍ശനങ്ങളുയരുന്നത്.

ദേശീയപാത ഉപരോധിക്കുന്ന തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ പൊലീസിനെ ഉപയോഗിക്കണമെന്ന് ട്രേഡ് യൂണിയനുകളിലൊരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും അത് വലിയ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന നിലപാടില്‍ പൊലീസ് മേധാവി ഉറച്ചുനിന്നു. ഇതോടെ പൊലീസുകാരും വേറെ പണിക്കാരായി.

സമരം നടക്കുന്ന സമയത്തൊന്നും എം എം മണി ആ വഴിക്കു തിരിഞ്ഞുനോക്കിയിരുന്നില്ല. പിന്നെങ്ങനെ പൊമ്പിളൈ ഒരുമൈ സമരത്തിനിടെ കാട്ടില്‍ വേറെ പണിയായിരുന്നെന്ന് അദ്ദേഹം പറയും?

സമരം നടക്കുന്ന മുഴുവന്‍ സമയവും മാദ്ധ്യമപ്രവര്‍ത്തകരും പൊലീസും തൊഴിലാളികളും നടുറോഡില്‍ത്തന്നെയുണ്ടായിരുന്നു. ഇതെല്ലാം തത്സമയം കേരളസമൂഹം കണ്ടതുമാണ്. സമരം നടക്കുന്ന ദിവസങ്ങളിലൊക്കെയും ഒന്നു വിശ്രമിക്കാനോ ചായകുടിക്കാനോ പോലും മാധ്യമങ്ങള്‍ക്കോ പൊലീസിനോ സാധിക്കുമായിരുന്നില്ല. കഴിഞ്ഞദിവസം കള്ളുകുടിച്ചു കൂത്താടിയെന്ന് അപമാനിക്കുന്ന വൈശാഖും ജീവും അനീഷും സമരത്തെ സിപിഐഎം വിരുദ്ധമാക്കി മുദ്രകുത്തപ്പെട്ട ഞാനും ഒന്നനങ്ങാന്‍ പോലും സാധിക്കാതെ ലൈവ് ചെയ്യുന്ന തിരക്കില്‍. അന്ന് എം വി നികേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഇടതടവില്ലാതെ മൂന്നാര്‍ സമരം ലൈവ് ചെയ്യുകയായിരുന്നു എന്റെ ദൗത്യം. അഞ്ചു മിനുട്ടുപോലും സമരമുഖത്തു നിന്നു മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ.

ഒരു ചാനലും ഒരു മാദ്ധ്യമപ്രവര്‍ത്തകനും വിചാരിച്ചാല്‍ ആയിരക്കണക്കിനു തോട്ടം തൊഴിലാളികളെ, പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിനെതിരേ നിര്‍ത്താനാകുമെന്നു പറയുകയും അതു പത്രത്തിലെഴുതുകയും ചെയ്തവരോട്, ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഒന്നുകില്‍ അങ്ങനെ ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാള്‍ അമാനുഷികനായിരിക്കണം, അല്ലെങ്കില്‍ തൊഴിലാളികള്‍ എതിര്‍ത്തത് ഒരു കടലാസ് സംഘടനയെയായിരിക്കണം. ഇതു രണ്ടുമല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ പറഞ്ഞയാളുടെ നിലവാരത്തെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതിയാകും.

പണിയും പട്ടിണിയുമായി ചാനല്‍ ജീവിതം

പരമാവധി രണ്ടോ മൂന്നോദിവസം കൊണ്ട് സമരമവസാനിക്കും എന്നു വിചാരിച്ചു റിപ്പോര്‍ട്ടിംഗ് ആരംഭിച്ച ഞങ്ങളുടെ കയ്യില്‍ ആവശ്യത്തിനു വസ്ത്രം പോലുമില്ലായിരുന്നു. തൊഴിലാളികളുടെ ശമ്പളത്തിനും ബോണസിനും വേണ്ടി തത്സമയം വാദിച്ചുകൊണ്ടിരുന്ന എനിക്ക് അന്നു കിട്ടാനുള്ളതു രണ്ടുമാസത്തെ ശമ്പള കുടിശിക. ഭക്ഷണം കഴിക്കാനോ ഹോട്ടല്‍ വാടക കൊടുക്കാനോ ഉള്ള പണംപോലും കമ്പനി തന്നിട്ടില്ല.

ക്യാമറാമാന്‍ എബിന് അതിനിടെ പനിപിടിച്ചു. താരതമ്യേന കുറഞ്ഞ വരുമാനമുള്ള ഡ്രൈവര്‍ കണ്ണനു കാറിന്റെ വാടകയും കമ്പനി കൊടുത്തിരുന്നില്ല. ഊര്‍ജം തന്നു പറഞ്ഞയച്ച ചീഫ് എഡിറ്ററെയും ഫിനാന്‍സ് മാനേജര്‍ യുവതിയെയും ഇടയ്ക്കിടെ വിളിച്ചു ദയനീയാവസ്ഥ അറിയിക്കുമെങ്കിലും അക്കൗണ്ട് നോക്കിക്കോ, പണം വന്നല്ലോ എന്ന സ്ഥിരം മറുപടി. എടിഎം കയറിയിറങ്ങി മടുത്തതല്ലാതെ പണം മാത്രം വന്നില്ല.

തൊഴിലാളികള്‍ക്കു പരിചയമുള്ളതിനാല്‍ പലപ്പോഴും അവരുടെ കാരുണ്യം കൊണ്ടായിരുന്നു ഭക്ഷണം. ഞങ്ങളുടെ കഷ്ടപ്പാട് മനസിലാക്കിയ സഹപ്രവര്‍ത്തകരും പലപ്പോഴും സഹായിച്ചു. രാത്രി ഒൻപതു മണിയുടെ ചര്‍ച്ചയും പിറ്റേന്നത്തേക്കുള്ള വാര്‍ത്തയും തയ്യാറാക്കിക്കഴിയുമ്പോള്‍ത്തന്നെ സമയം എന്തായാലും രാത്രി 11 കഴിയും. പുലര്‍ച്ചെ വരെ നീണ്ട ദിവസങ്ങളുമുണ്ട്. കൊടുംതണുപ്പില്‍ വിറങ്ങലിച്ച ദിനങ്ങള്‍. വിശ്രമമില്ലാത്ത പണി. രാവിലെ ആറു മണി മുതല്‍ തുടങ്ങുന്ന റിപ്പോര്‍ട്ടിംഗും സമ്മര്‍ദ്ദവും വിശ്രമമില്ലായ്മയും കൊടുംതണുപ്പും ഏറെക്കുറേ എല്ലാവരെയും ക്ഷീണിതരാക്കിയിരുന്നു.

മദ്യവും സിഗരറ്റും അല്‍പ്പനേരത്തെ തമാശകളും പാട്ടുമൊക്കെയാണ് ആകെക്കൂടി കിട്ടുന്ന എന്റര്‍ടെയ്ന്‍മെന്റ്. അതുതന്നെ നേരം പുലരുന്ന നേരത്ത് അല്‍പ്പനേരം മാത്രം. ഇതിനിടക്കു ഞങ്ങളാര്‍ക്കും കാട്ടില്‍ക്കയറാനോ വേറെ പണി നോക്കാനോ സമയമുണ്ടായിരുന്നില്ല.

പൊലീസുകാരുടെ അവസ്ഥ അതിലും പരിതാപകരമാണ്. ഇരുപത്തിനാലു മണിക്കൂറും ടൗണില്‍ അവരുണ്ടായിരുന്നു; ഡ്യൂട്ടി മാറാന്‍ പോലും സാഹചര്യമില്ലാതെ. എം എം മണി പറഞ്ഞ ഡിവൈഎസ്‌പി സജി സദാസമയവും മൂന്നാര്‍ ടൗണിലുണ്ടായിരുന്നു, ഒരു ക്രമസമാധാന പ്രശ്നത്തിനും ഇടകൊടുക്കാതെ...

ഏഴാം ദിവസത്തിലേക്കു സമരം കടന്നതോടെ മുഴുവന്‍ സമയ ലൈവിലേക്കു ചാനലുകളുടെ ഗതി മാറി. ആദ്യത്തെ അഞ്ചുദിവസവും ഒരേ ഡ്രസിട്ടാണു ഞാന്‍ തത്സമയം ഫ്രേമില്‍ നിന്നത്. കറുത്ത ഷര്‍ട്ടും നീല ജീന്‍സും. മാറാനായി കൊണ്ടുവന്ന ഒരു ജോഡി ഡ്രസ് മഴകൊണ്ടു നനഞ്ഞു. വേറെ വസ്ത്രം വാങ്ങാന്‍ നിവൃത്തിയില്ല. ഇട്ടിരിക്കുന്നത് അലക്കിയിട്ടാല്‍ ഉണങ്ങാത്ത വിധം മഴയും മഞ്ഞും. ആറാംദിവസം നാട്ടില്‍നിന്നെത്തിയ സുഹൃത്തുക്കള്‍ നല്‍കിയ പണംകൊണ്ടാണു പുതിയ ഒരു ജോഡി വസ്ത്രങ്ങള്‍ വാങ്ങുന്നത്. കൂടെയുള്ള എബിന്റെയും കണ്ണന്റെയുമൊക്കെ അവസ്ഥ ഇതായിരുന്നു.

അംഗീകരിക്കപ്പെട്ട പണി

പൊമ്പിളൈ ഒരുമൈ സമരം ഇതോടകം വലിയ സാമൂഹ്യവിഷയമായി വളര്‍ന്നു വന്നിരുന്നു. ദേശീയ മാദ്ധ്യമങ്ങളുള്‍പ്പെടെ വിഷയം ഏറ്റെടുത്തു. സര്‍ക്കാരിന് ഉടന്‍ എന്തെങ്കിലും ചെയ്തേ കഴിയൂ എന്ന അവസ്ഥയായി. വി എസും വിഷയത്തില്‍ ഇടപെട്ടതോടെ മന്ത്രിമാരും കളക്ടറും എംപിയുമൊക്കെ സമരമുഖത്തു നേരിട്ടെത്തി തൊഴിലാളികളുമായി ചര്‍ച്ച തുടങ്ങിയിരുന്നു. അങ്ങനെ വി എസ് കൂടി സമരമുഖത്തെത്തിയ ഒരു രാത്രി, സമരത്തിന്റെ ഒമ്പതാംദിവസം തോട്ടം തൊഴിലാളിള്‍ക്കു കൂലിവര്‍ധനയും 20% ബോണസും പ്രഖ്യാപിക്കപ്പെട്ടു.

അന്നു സംഘടിതരായിരുന്ന, അയ്യായിരത്തിലേറെ വരുന്ന തോട്ടംതൊഴിലാളികള്‍ നന്ദിസൂചകമായി അത്യധികം ആഹ്ലാദത്തോടെ എടുത്തുയര്‍ത്തിയതു ജനപ്രതിനിധികളെയോ ട്രേഡ് യൂണിയന്‍കാരെയോ ആയിരുന്നില്ല. ഞാനുള്‍പ്പെടുന്ന മാദ്ധ്യമപ്രവര്‍ത്തകരെയും പൊലീസുകാരെയുമായിരുന്നു. വൈശാഖും ജീവും ലാല്‍കൃഷ്ണനും അനീഷ് ടോമും പി ടി മധുവും ജോബിനും ജോബിയുമൊക്കെ അന്നു തൊഴിലാളികളുടെ അഭിനന്ദനത്തിനര്‍ഹരായി. പലരും മാലയിട്ടും തൊഴുതുമാണു മാദ്ധ്യമപ്രവര്‍ത്തകരോടു നന്ദിയറിയിച്ചത്. പിറ്റേന്നുരാവിലെ ടൗണില്‍ സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തിനിടെയും മാദ്ധ്യമപ്രവര്‍ത്തകരെയും പൊലീസുകാരെയും തൊഴിലാളികള്‍ ആദരിച്ചു. ഡിവൈഎസ്‌പി സജിയെ തോളിലിരുത്തിയാണു തൊഴിലാളികള്‍ കൊണ്ടുനടന്നത്. അതിനെയൊക്കെ അസൂയ നിറഞ്ഞ കണ്ണുകളോടെയാണു ട്രേഡ് യൂണിയന്‍ നേതാക്കള്‍ കണ്ടിരുന്നതെന്നു നിസ്സംശയം പറയാം.

പിന്നീടു സമരത്തിന്റെ രണ്ടാംഘട്ടമാരംഭിച്ചപ്പോള്‍ പൊമ്പിളൈ ഒരുമൈയുടെ ശക്തി കുറയുകയും തൊഴിലാളി സ്ത്രീകള്‍ ട്രേഡ് യൂണിയനുകളിലേക്കു തിരികെപ്പോവുകയും ചെയ്തു. പൊമ്പിളൈ ഒരുമൈയും സംയുക്ത ട്രേഡ് യൂണിയനും രണ്ടിടത്തായി പ്രത്യേകം സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങി. അന്നും മാദ്ധ്യമങ്ങള്‍ ഈ രണ്ടു സമരങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇരുകൂട്ടരുടെയും വാദങ്ങള്‍ ജനങ്ങളിലെത്തിച്ചു. അന്നു യൂണിയനുകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ഭക്ഷണം പോലുമില്ലാതെ രാവിലെ മുതല്‍ രാത്രിവരെ ഫീല്‍ഡില്‍ തത്സമയ റിപ്പോര്‍ട്ടിംഗുമായി നിന്നവരാണു ഞങ്ങള്‍.

അന്നും പൊമ്പിളൈ ഒരുമൈയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ട്രേഡ് യൂണിയനുകള്‍ക്ക് അസഹിഷ്ണുതയുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ മാദ്ധ്യമങ്ങള്‍ക്കുനേരെ അക്രമവും അവര്‍ നടത്തി. യുദ്ധഭൂമിക്കു സമാനമായ ഒരന്തരീക്ഷത്തില്‍ നിന്നു ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ ആഴ്ചകളോളം തത്സമയ റിപ്പോര്‍ട്ടിംഗുമായി നിന്ന മാദ്ധ്യമപ്രവര്‍ത്തകരെയാണു വേറെ പണിക്കാരായി എംഎം മണി ചിത്രീകരിക്കുന്നത്.

അന്നു മൂന്നാറില്‍ നടന്നതെന്തോ അതു മാത്രമാണു മാദ്ധ്യമങ്ങള്‍ കേരളീയ സമൂഹത്തിനു മുന്നിലെത്തിച്ചത്. അതുകൊണ്ടുതന്നെയാണു മൂന്നാറിലെ തൊഴിലാളികളും കേരള സമൂഹവും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നത്, അവരെ ആദരിച്ചത്, ബഹുമാനിച്ചത്.

എം എം മണിയുടെ പ്രസംഗം വളച്ചൊടിച്ചതിന്റെ പേരിലായിരുന്നു വിമര്‍ശമെങ്കില്‍ അതാണു പറയേണ്ടത്. മണിയാശാന്റെ പ്രസംഗം വളച്ചൊടിച്ച പോലെയാണ് അന്നത്തെ പൊമ്പിളൈ ഒരുമൈ സമരത്തിലെ മാദ്ധ്യമ ഇടപെടലെന്നൊക്കെ വാദിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെങ്കില്‍ അതും വിലപ്പോകുന്ന ഒന്നായിരിക്കില്ല, കാരണം ചരിത്രമെന്തെന്ന് അറിയാവുന്നവരാണ്, അതു മനസിലാക്കിയവരാണ്, ജനാധിപത്യകേരളത്തിലെ പ്രബുദ്ധസമൂഹം.