മമ്മൂട്ടി ലാല്‍ ഫാന്‍സിനോട്, ജാതി പറഞ്ഞ് തല്ലു കൂടാന്‍ നാണമില്ലേ; ഇത് സത്യനും നസീറും പതിഞ്ഞ സ്‌ക്രീനാണ്!

പ്രേംനസീറിന്റേയും സത്യന്റേയും ജാതി പറഞ്ഞ് ഇവിടായാരും സിനിമ വിറ്റിട്ടില്ല. രജനീകാന്തിനേയും ജയലളിതയേയും സ്വീകരിച്ച തമിഴ് ജനതയുടെ മനസ് മറ്റൊന്ന്- മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സിനോട് ചിലതു പറയുകയാണ് റമീസ് മുഹമ്മദ് എഴുതുന്നു

മമ്മൂട്ടി ലാല്‍ ഫാന്‍സിനോട്, ജാതി പറഞ്ഞ് തല്ലു കൂടാന്‍ നാണമില്ലേ; ഇത് സത്യനും നസീറും പതിഞ്ഞ സ്‌ക്രീനാണ്!

പ്രേം നസീറും സത്യനും അടക്കി വാണ മലയാള സിനിമ ലോകം. 1952 മുതല്‍ 1989 മരണം വരെ 37 വര്‍ഷം മലയാള സിനിമ അടക്കി വാണ ചക്രവര്‍ത്തി പ്രേം നസീര്‍. 1951 മുതല്‍ 1971 വരെ മലയാള സിനിമയുടെ ആണായി നിറഞ്ഞാടിയ സത്യന്‍. ഒരു പോലീസ്‌കാരായതു കൊണ്ടോ ആ കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ടോ സിനിമയിലും പുറത്തും പരുക്കനായി അറിയപ്പെട്ടു സത്യന്‍. അദ്ദേഹം അനശ്വരമാക്കിയ ഏറെ കഥാപാത്രങ്ങളും ഏറെ പരുക്കന്‍ സ്വഭാവം ഉള്ളവയായിരുന്നു. അവയെലാം ജനം രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

പ്രേം നസീര്‍ തന്റെ സൗന്ദര്യം കൊണ്ടും മുഖം പോലെ തെളിഞ്ഞ മനസുകൊണ്ടും തിരശ്ശീലക്കു വെളിയിലും സൂപ്പര്‍ സ്റ്റാര്‍ ആയി ജന ഹൃദയം കീഴടക്കിയ നടന്‍. അക്കാലത്തു കൗമാരക്കാരി അവളുടെ കാമുകനായും, വിവാഹിത അവളുടെ ഭര്‍ത്താവിനെ പോലെയും മധ്യവയസ്‌ക അവരുടെ സഹോദരനെ പോലെയും അമ്മമാര്‍ തങ്ങളുടെ മകനെ പോലെയും മനസ്സാല്‍ സ്വീകരിച്ച ഒരു സിനിമ നടന്‍ അന്നും ഇന്നും പ്രേം നസീറല്ലാതെ വേറാര്? ഒരു നടന്‍ എങ്ങനെ വേണം സഹ അഭിനേതാക്കളോടും സാധാരണ ജനത്തോടും ഇടപെടേണ്ടത് എന്നതിന് ഉത്തമ ഉദാഹരമാണ് ആ വലിയ മനുഷ്യനെന്ന് കൂടെ അഭിനയിച്ചു ജീവിച്ചിരിക്കുന്ന പല അഭിനേതാക്കളുടേം വാക്കുകളിലൂടെ മനസിലാക്കാന്‍ കഴിയും . ഇരുവരും ചേര്‍ന്ന് ഏകദേശം 55 ഓളം സിനിമകള്‍ അഭിനയിച്ചു. തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ സത്യന്‍ എന്ന അനശ്വര നടന്റെ അവസാന സിനിമയില്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം നമ്മോടു വിടപറഞ്ഞു. 1971 രണ്ടു പേരുടേം അഭിനയ ജീവിതത്തില്‍ ഉയര്‍ച്ചയുടെ കാലഘട്ടമായിരുന്നു എന്നിട്ടും തകഴിയുടെ നോവലിലെ പോലെ അവര്‍ സിനിമയിലും ആടി തീര്‍ത്തു.

ഇന്നായിരുന്നെങ്കില്‍ നടന്റെ വലിപ്പത്തിനും അഹങ്കാരത്തിനും അനുസരിച്ചു തകഴി കഥ മാറ്റി എഴുതേണ്ടി വന്നെന്നെ . പാലാഭിഷേകത്തിനും കട്ട് ഔട്ട് യുഗത്തിനും മുന്‍പ് മലയാളികള്‍ ഓണവും ക്രിസ്മസും പെരുന്നാളും പ്രേം നസീറിന്റെയും സത്യന്റേയും പുതിയ ചിത്രങ്ങളോടൊപ്പം നമ്മുടെ ആഘോഷങ്ങള്‍ കൊണ്ടാടി. അന്ന് സത്യന്റെയോ,നസീറിന്റെയോ സിനിമകള്‍ തിയേറ്ററില്‍ ആളെ കയറ്റാന്‍ നാടാര്‍ ക്രിസ്ത്യാനിയുടെയോ, മുസ്ലീമിന്റെയോ പേരില്‍ മൂവി പ്രൊമോഷനോ ഫേസ്ബുക്ക് ഫാന്‍സ് അസോസിയേഷനുകളോ വേണ്ടിയിരുന്നില്ല അന്നത്തെ 30% സാക്ഷരതയില്‍ നിന്നും ഇന്നത്തെ 96% നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് എന്ന പേരില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ സിനിമക്ക് വേണ്ടി അഴിഞ്ഞാടുമ്പോള്‍ നമ്മുടെ സാക്ഷരതയുടെ പുരോഗതി കൊണ്ട് എന്ത് നേട്ടം.

ഇവരുടെ രണ്ടു പേരുടെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും മറ്റു ചില ഓണ്‍ലൈന്‍ മീഡിയകളിലും താര രാജാക്കന്മാരുടെ ആരാധക വൃന്ദത്തിന്റെ ചില പോസ്റ്റുകള്‍ കണ്ടാല്‍ നാം തന്നെ നമ്മുടെ ജാതി എന്തെന്ന് നമ്മോടു ചോദിക്കും. മമ്മൂട്ടി ആരാധകരോട് ലാല്‍ ആരാധകന്റെ ചോദ്യം കേരളത്തിലെ കോയമാരുടെ 30%(മുസ്ലിം) പിന്തുണയില്‍ മാത്രം പടം വിജയിപ്പിക്കുന്ന നടനല്ലേ അയാളെന്നാണ്. തിരിച്ചു മമ്മൂട്ടി ആരാധകര്‍ ലാല്‍ ആരാധകരോട് കേരളത്തിലെ 9% നായന്മാര്‍ മാത്രം കണ്ടാല്‍ ലാലിന്റെ പടത്തിനു എങ്ങനെ ആളെ കൂട്ടുമെന്നാണ് ചോദിക്കുന്നത്. ഇതൊക്കെ അതിലെ ചെറിയ കമന്റുകള്‍ മാത്രം. നമ്മള്‍ മലയാളികള്‍ എങ്ങനെ ഇത്ര മാറി. ബിജെപി പോലും ആളെ കൂട്ടാന്‍ വിഷമിക്കുന്ന ഈ കാലഘട്ടത്തില്‍ എങ്ങനെ ഈ രണ്ടു നടന്മാരുടേയും പേരില്‍ ജാതീയമായും മതപരമായും ആള്‍ക്കാര്‍ വിഘടിപ്പിക്കപ്പെടുന്നു?

ഏറെക്കുറെ 15- 18 വര്‍ഷമായി കണ്ടുവരുന്ന ഇവരുടെ മാത്രം സിനിമയുടെ പേരില്‍ കാണപ്പെടുന്ന ഈ വര്‍ഗീയ ചേരിതിരിവ് വളരെ ബോധപൂര്‍വം ആവാം. അല്ലെങ്കില്‍ ഈ രണ്ടു നടന്മാരും ഇന്നുവരെ ഇങ്ങനെയുള്ള ചെയ്തികളെ തള്ളിപ്പറയുകയോ അതിനെ ഒറ്റപെടുത്തുകയോ ചെയ്തു കണ്ടില്ല. അതാവാം ഇന്ന് ഇത് കൂടുതല്‍ ശക്തിയായി തുടരാന്‍ കാരണം. 15- 18 വര്‍ഷം മുന്‍പാണ് മലയാളത്തില്‍ കണ്ടു പരിചയമില്ലാത്ത വിഗ്രഹവത്കരിക്കപ്പെട്ട നായക കഥാപാത്രങ്ങള്‍ ഉണ്ടാവുന്നത്. അതേപോലെ നായകന്റെ പേരിനോടൊപ്പം അന്തസ്സിന്റെ പര്യായമായി ജാതി വാലും എഴുതി ചേര്‍ക്കപ്പെട്ടു. 15- 18 വര്‍ഷമായി പല സിനിമകളിലും ഏറെ കുറെ എല്ലാ നായകനും ഒരു പ്രത്യേക ജാതിവാല്‍ വെച്ച കുടുംബത്തിലെ അംഗമായിരിക്കും. ഇങ്ങനെ ഉള്ള ചില പ്രവണതയും ഒരു നടനെ ആ ജാതിയുടെ പ്രമോട്ടര്‍ ആയോ അല്ലെങ്കില്‍ ആ ജാതിയുടെ മേല്‍ക്കോയ്മാ നിലനിര്‍ത്തുന്ന ആളായോ ചിത്രീകരിക്കപ്പെടാന്‍ ഒരു കാരണം. ഇതിനു മറുപുറമെന്നോണം പുരോഗമന പ്രസ്ഥാനത്തിന്റെ ഒപ്പം ചേര്‍ന്ന് നില്‍ക്കുമ്പോഴും ഒരു നടനെ ഒരു പ്രത്യേക മതത്തിന്റെ ആള്‍ എന്ന രീതിയില്‍ ആരാധകര്‍ എന്ന പേരില്‍ തന്നെ കൂടിയവര്‍ ലേബല്‍ ചെയ്യുന്നു. നമ്മള്‍ ഊണിലും ഉറക്കത്തിലും പുച്ഛിക്കുന്ന തമിഴന്‍ എന്ന സ്വത്വത്തിന്റെ വില അറിയണമെങ്കില്‍ അവരുടെ സിനിമ മേഖല കാണണം .

എത്ര ഭ്രാന്തന്‍ ആരാധനയാണെങ്കിലും ഒരിക്കലും ഒരു നടന്റെ ജാതിയോ അവന്റെ മതമോ അവര്‍ തിയേറ്ററില്‍ ആളെ കൂടാന്‍ ഉള്ള ഉപാധിയായി ഉപയോഗിച്ചിട്ടില്ല. ഉദാഹരണത്തിന് ഒരു മറാഠിയായ മനുഷ്യനെ അവര്‍ തമിഴനായ് നെഞ്ചേറ്റി. ഒരു കന്നഡികയായ നടിയെ സ്വന്തം അമ്മയോളം ഉയരത്തില്‍ മുഖ്യമന്ത്രി ആയി സ്വീകരിച്ചു. ബ്രഹ്മണനായ കമല്‍ഹാസനോ, മറാത്തിയായ രജനികാന്തിനോ, ക്രിസ്ത്യാനിയായ വിജയ്‌ക്കോ അവരുടെ ജാതിയും മതവും ഒരിക്കലും തിയേറ്ററില്‍ ആളെ കൂടാന്‍ ഉള്ള വഴിയായിരുന്നില്ല.

നമ്മള്‍ ഇഎംഎസില്‍ നിന്നും പിണറായിയില്‍ എത്തി. പ്രേംനസീറില്‍ നിന്നും സത്യനില്‍ നിന്നും മമ്മൂട്ടിയിലൂടെയും മോഹന്‍ലാലിലൂടെയും നമ്മള്‍ ഇന്ന് പ്രിഥ്വിരാജിലും ദുല്‍ഖര്‍ സല്‍മാനിലും എത്തിനില്‍ക്കുന്നു. എന്നാല്‍ ജാതീയമായും മതപരമായും വിഷകരമായ നമ്മുടെ മനസ്സ് 100 വര്‍ഷം മുന്‍പേയുള്ള വ്യവസ്ഥിതിയില്‍ എത്തിച്ചു നിര്‍ത്തുന്നു. അതില്‍ ഏറ്റവും ദുഃഖകരം ആധുനികമായ സോഷ്യല്‍ മീഡിയകളെ തന്നെ വളരെ പ്രാചീനമായ വ്യവസ്ഥിതി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ്.

നമ്മുടെ എക്കാലത്തെയും പ്രിയ താരങ്ങളോട് ഒരു അപേക്ഷയായി പറയട്ടെ... ആരാധകര്‍ എന്ന് നിങ്ങള്‍ക്കു ചുറ്റും കൂടിയ ഈ വര്‍ഗീയ തിമിരം ബാധിച്ചവരെ നിങ്ങള്‍ നിലയ്ക്ക് നിര്‍ത്തുകയോ അല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഈ വക കമന്റുകള്‍ സമയാ സമയം നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. കാരണം നിങ്ങള്‍ക്കു ശേഷവും ഇവിടെ സിനിമ ഉണ്ടാകും. അതില്‍ നായകന്മാര്‍ ഉണ്ടാവും ഇനി വരുന്ന തലമുറയ്ക്കും ഈ ഗതി ഉണ്ടാകരുത്. സിനിമയിലെ ജാതിയും മതവും നോക്കി സിനിമ കാണാന്‍ ഉള്ള ഒരു ജനതയാക്കി നമ്മുക്ക് അവരെ മാറ്റിക്കൂടാ.