കുരിശുപൊളിയിൽ പിണറായി പറഞ്ഞതു നേരാണ്; അമേരിക്ക ലാദനോടു ചെയ്തത് റവന്യൂ വകുപ്പ് അറിയണം

യുഎസ്എസ്ആറിൽ സ്റ്റാലിൻ, ചൈനയിൽ മാവോ, അൽബേനിയയിൽ എൻവർ ഹോക്സ്ഹ എന്നിങ്ങനെ 'പള്ളിപൊളിച്ച കമ്മ്യൂണിസ്റ്റുകളുടെ' ലിസ്റ്റുമായി നടക്കുന്നവർക്ക് കുരിശുപൊളിക്കുന്ന ദൃശ്യങ്ങൾ ഏറ്റവും വിലപിടിപ്പുള്ള ആയുധം തന്നെയാവും. കാലം മുന്നോട്ടുപോകുമ്പോൾ കയ്യേറ്റവും കുരിശുകൃഷിയും മൂന്നാറും ഒഴിപ്പിക്കലും ഒക്കെ കാലത്തിന്റെ അടിയിലേക്ക് പോകും പിന്നെ ബാക്കിയാവുന്നത് ഈ ദൃശ്യങ്ങളാണ്. കമ്മ്യൂണിസ്റ്റുകളുടെ മതവിരുദ്ധത പ്രചരിപ്പിക്കാൻ കുരിശിനെ വലിച്ചിടുന്ന ജെസിബിയുടെ ദൃശ്യത്തേക്കാൾ 'മനോഹരമായ' മറ്റെന്തുണ്ട്?

കുരിശുപൊളിയിൽ പിണറായി പറഞ്ഞതു നേരാണ്; അമേരിക്ക ലാദനോടു ചെയ്തത് റവന്യൂ വകുപ്പ് അറിയണം

പാപ്പാത്തിച്ചോലയിലെ കുരിശ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റിയ രീതി ശരിയല്ലെന്ന പിണറായി വിജയൻറെ അഭിപ്രായത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. 'കത്തോലിക്കർക്കില്ലാത്ത വിഷമം എന്തിനാ പിണറായി വിജയന്?' എന്നതാണ് വിമർശനങ്ങളുടെ പൊതു ലൈൻ. കയ്യേറ്റം പൊളിച്ചു മാറ്റി എന്ന നിലയിലല്ല, വിശ്വാസത്തിന്റെ ബിംബം തകർക്കപ്പെട്ടു എന്ന നിലയിൽ കുരിശ് പൊളിക്കപ്പെട്ട രീതിയെയാണ് പിണറായി വിമർശിച്ചത്.

ഉദ്യോഗസ്ഥർ നടത്തിയ പ്രവൃത്തിയുടെ രാഷ്ട്രീയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക രാഷ്ട്രീയ നേതൃത്വമാണ് എന്ന വിലയിരുത്തലിനെ തികച്ചും പക്വതയുള്ള രാഷ്ട്രീയ നേതാവിന്റെ വിലയിരുത്തലായി വേണം കാണാൻ. പിണറായിയുടെ ആശങ്കകൾ മനസ്സിലാക്കാൻ റവന്യൂ വകുപ്പും സിപിഐ ഉൾപ്പെടെയുള്ള വിമർശകരും അമേരിക്ക ലാദനോട് ചെയ്തതെന്തെന്നു മനസ്സിലാക്കിയേ പറ്റൂ..

പാപ്പാത്തിച്ചോലയിലെ കുരിശ്

ദൃശ്യങ്ങളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഒരിക്കലും നിസാരമല്ല. വിശേഷിച്ച് അമേരിക്കയിലെയും പാരീസിലേയും തെരുവുകളെ ഇന്ത്യയിലേക്ക് ഫോട്ടോഷോപ് ചെയ്ത് ചേർക്കാൻ കഴിവുള്ളവർക്ക് സ്വീകാര്യതയും മാന്യതയും ലഭിക്കുമ്പോൾ. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ ഇടതടവില്ലാതെ ആവർത്തിച്ചു കാണിച്ചുകൊണ്ടിരിക്കുകയാണ്. വെഞ്ചരിക്കപ്പെട്ടതോ അല്ലാത്തതോ, ഔദ്യോഗികമോ അല്ലാത്തതോ ആയ ഒരു കുരിശായിക്കോട്ടെ അത്. പക്ഷെ ഈ ദൃശ്യങ്ങൾ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഒരു 'കുരിശ്' ആകുമെന്ന് ഉറപ്പാണ്.


വാട്ടർമാർക്കോ ചാനൽ ചിഹ്നങ്ങളോ ഇല്ലാത്ത ഡിജിറ്റൽ ദൃശ്യങ്ങൾ ഇതിനോടകം തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയക്കാരുടെ മെയിലുകളിൽ എത്തിയിട്ടുണ്ട്. കാലം മുന്നോട്ടുപോകുമ്പോൾ കയ്യേറ്റവും കുരിശുകൃഷിയും മൂന്നാറും ഒഴിപ്പിക്കലും ഒക്കെ കാലത്തിന്റെ അടിയിലേക്ക് പോകും പിന്നെ ബാക്കിയാവുന്നത് ഈ ദൃശ്യങ്ങളാണ്. കമ്മ്യൂണിസ്റ്റുകളുടെ മതവിരുദ്ധത പ്രചരിപ്പിക്കാൻ കുരിശിനെ വലിച്ചിടുന്ന ജെസിബിയുടെ ദൃശ്യത്തേക്കാൾ 'മനോഹരമായ' മറ്റെന്തുണ്ട്?

കത്തോലിക്കാ സഭ ആദ്യ ശത്രുവായ സാത്താന്റെയൊപ്പം വെക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റുകളെ വിമോചന സമരത്തിലൂടെ താഴെയിറക്കിയതും അതെ സഭയാണ്. അപ്പോൾ 'കുരിശ് പൊളിക്കുന്ന കമ്മ്യൂണിസ്റ് സർക്കാർ' എന്ന വിശേഷണം ഏതു നിലയിലാണ് ഉപയോഗിക്കപ്പെടുക എന്ന് ചിന്തിക്കാൻ അത്രവലിയ തലച്ചോറിന്റെ ആവശ്യമൊന്നുമില്ല.

യുഎസ്എസ്ആറിൽ സ്റ്റാലിൻ, ചൈനയിൽ മാവോ, അൽബേനിയയിൽ എൻവർ ഹോക്സ്ഹ എന്നിങ്ങനെ 'പള്ളിപൊളിച്ച കമ്മ്യൂണിസ്റ്റുകളുടെ' ലിസ്റ്റുമായി നടക്കുന്നവർക്ക് കുരിശുപൊളിക്കുന്ന ദൃശ്യങ്ങൾ ഏറ്റവും വിലപിടിപ്പുള്ള ആയുധം തന്നെയാവും.

ലാദൻ... അമേരിക്ക...

2011ലെ ഒസാമ ബിൻ ലാദന്റെ എൻകൗണ്ടറിനെക്കുറിച്ച് നമ്മുടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പഠിച്ചേ മതിയാവൂ. ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളും കൊടും ഭീകരനായി പ്രഖ്യാപിച്ച ലാദന്റെ കൊലപാതക ദൃശ്യങ്ങൾ - മൃതശരീരത്തിന്റെ ചിത്രങ്ങൾ - അമേരിക്ക എവിടെയും പ്രസിദ്ധീകരിച്ചില്ല. ലാദന്റെ മൃതദേഹത്തിന്റേത് എന്നു കരുതുന്ന, സ്ഥിരീകരിക്കപ്പെടാത്ത ഒരു ചിത്രം പുറത്തുവന്നതൊഴിച്ചാൽ, ലാദൻ വധം രഹസ്യമായി സൂക്ഷിക്കാൻ അമേരിക്കക്ക് കഴിഞ്ഞു.


ലാദൻ വധം മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലായി മാറുമെന്ന് ആർക്കും ചിന്തിക്കാവുന്നതേ ഉള്ളൂ. ഒസാമാ ബിൻ ലാദൻ കുറ്റവാളിയാണെങ്കിലും അയാളെ ഒരു പോരാളിയായും വിപ്ലവകാരിയായും വാഴ്ത്തുന്ന ഒരു വിഭാഗം ഇവിടെയുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. ലാദൻ വധത്തിന്റെ ദൃശ്യങ്ങളും ശഹീദായ ലാദന്റെ കുഴിമാടവും അവർക്കിടയിൽ ഉണ്ടാക്കാവുന്ന 'വിഷ്വൽ ഇമ്പാക്ട്' അമേരിക്ക തിരിച്ചറിഞ്ഞതിനാലാണ് മൃതദേഹം ആരെയും കാണിക്കാതെ അമേരിക്ക കടലിൽ മുക്കിക്കളഞ്ഞത്.

ഒരുപക്ഷെ 2006ൽ സദ്ദാം ഹുസൈനെ പിടികൂടിയതും വിചാരണ നടത്തിയതും തൂക്കിലേറ്റിയതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നപ്പോൾ അത് സൃഷ്ടിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൂടി മനസ്സിലാക്കിയാവണം അമേരിക്ക ലാദൻ വിഷയത്തിൽ ഇത്തരം ഒരു നിലപാടെടുത്തിരിക്കുക.

മൂടിക്കുടിക്കേണ്ടത് അങ്ങനെതന്നെ കുടിക്കണം

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ലെനിന്റെ പ്രതിമ മറിഞ്ഞു വീഴുന്ന 'ദൃശ്യചാരുത' ഉണ്ടായിരുന്നു, ജെസിബി കൊണ്ട് മറിച്ചിടുന്ന കുരിശിന്. കയ്യേറ്റക്കാരന്റേതായാലും വെഞ്ചരിച്ചില്ലെങ്കിലും കുരിശ് ഒരു വിശ്വാസചിഹ്നം തന്നെയാണ്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാതെ, ദൃശ്യങ്ങൾ ചിത്രീകരിക്കാതെ ആ കയ്യേറ്റം ഒഴിപ്പിക്കാമായിരുന്നു. സിനിമ പിടിക്കലല്ല, കയ്യേറ്റം ഒഴിപ്പിക്കലായിരുന്നു ഉദ്യോഗസ്ഥരുടെ അവിടത്തെ ജോലി. കയ്യേറ്റം ഒഴിപ്പിക്കുന്നു എന്നതിന്റെ തെളിവായി ആരും ഈ ദൃശ്യങ്ങൾ ചോദിക്കാൻ പോകുന്നില്ല.

ഒസാമ ബിൻ ലാദനെ ഇല്ലാതാക്കലായിരുന്നു അമേരിക്കയുടെ ഉദ്ദേശം. അത് അവർ ചെയ്തു. പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുള്ള ദൃശ്യങ്ങൾ ഇല്ലാതെ. ദൃശ്യങ്ങൾ ഇല്ലാതെ കുരിശിനെ അവിടെനിന്നും പറിച്ചെറിയാമായിരുന്നു - കയ്യേറ്റം ഒഴിപ്പിക്കാമായിരുന്നു. ദൃശ്യങ്ങൾ ആരുടെ ആവശ്യമാണെന്നും അത് ആരെ സുഖിപ്പിക്കുമെന്നും പിണറായിയെ വിമർശിക്കും മുൻപ് ഓർക്കേണ്ടതുണ്ട്.

അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് കുരിശ് പൊളിക്കുന്ന ദൃശ്യങ്ങൾ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ഓടുക തന്നെ ചെയ്യും. അതുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം ആർക്കുണ്ടാവുമെന്ന് ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. എന്തായാലും രാഷ്ട്രീയ നഷ്ടം ഇവിടത്തെ മത നിരപേക്ഷസമൂഹത്തിനു തന്നെ ആയിരിക്കും.