അയാൾ ആരായിരുന്നാലും, ആ വീക്ഷണങ്ങൾ ഇസ്ലാമിന് വിരുദ്ധമാണ്

ആമുഖമായി തന്നെ പറയട്ടെ, ആ ക്ലിപ്പ് ഒന്നാമതായി തന്നെ ഇസ്ലാം വിരുദ്ധവും മനുഷ്യത്വത്തിന് എതിരുമാണ്. ആ വോയിസ് ക്ലിപ്പിന്റെ ഉടമ ഇനി മുസ്ലിം ആണെങ്കില്‍ അവന്‍റെ വീക്ഷണത്തിന് മതത്തില്‍ സ്ഥാനമില്ല- നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എഴുതുന്നു

അയാൾ ആരായിരുന്നാലും, ആ വീക്ഷണങ്ങൾ ഇസ്ലാമിന് വിരുദ്ധമാണ്

ഈസ്റ്റ് കോസ്റ്റ്, ജനം തുടങ്ങിയ സംഘപരിവാര്‍ ജിഹ്വകളില്‍ വന്ന വോയിസ് ക്ലിപ്പ് കേട്ടു. അതിന്‍റെ ഉടമയെ കുറിച്ചുള്ള തര്‍ക്കങ്ങളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ആ വോയിസ് ക്ലിപ്പിലെ പരാമര്‍ശങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.

ആമുഖമായി തന്നെ പറയട്ടെ, ആ ക്ലിപ്പ് ഒന്നാമതായി തന്നെ ഇസ്ലാം വിരുദ്ധവും മനുഷ്യത്വത്തിന് എതിരുമാണ്. ആ വോയിസ് ക്ലിപ്പിന്റെ ഉടമ ഇനി മുസ്ലിം ആണെങ്കില്‍ അവന്‍റെ വീക്ഷണത്തിന് മതത്തില്‍ സ്ഥാനമില്ല. കാരണങ്ങള്‍:

നിരപരാധികളായ മനുഷ്യരുടെ ജീവന് സംരക്ഷണം നല്‍കാനുള്ള ബാധ്യത മതപരമായും മാനുഷികമായും ഒരു ഇസ്ലാം മത വിശ്വാസിക്കുണ്ട്. ഒരു നാട്ടിൽ യുദ്ധം നടക്കുന്ന സമയത്ത് പോലും അങ്ങനെയാണ്. എങ്കിൽ സമാധാനം പുലരുന്ന നാട്ടിൽ സംരക്ഷണം നൽകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറുതെ പറയുകയല്ല. ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ മുഴുവനും പറയുന്നത് അതു മാത്രമാണ്.

ചില ഉദാഹരണങ്ങൾ ചുരുക്കി പറയാം:

ലോകം കണ്ട നീതിമാൻ ആയ ഭരണാധികാരി ആയിരുന്നു ഖലീഫ ഉമർ. ഗാന്ധിജി പോലും ആഗ്രഹിച്ച ഭരണം. അദ്ദേഹം മരണ ശയ്യയിൽ നൽകിയ ഒസ്യത്ത് ഭരണത്തിനു കീഴിലുള്ള അമുസ്ലിം പ്രജകളോട് നീതിയിൽ മാത്രം വർത്തിക്കണം എന്നായിരുന്നു. മറ്റൊരു സന്ദർഭത്തിൽ ഒരു അമുസ്ലിം പ്രജയെ കെെയ്യേറ്റം ചെയ്ത ഗവർണ്ണറുടെ മകനെ കുറിച്ചുള്ള പരാതി ലഭിച്ചപ്പോൾ അയാളെ ഹാജരാക്കുകയും അവന്റെ മുതുകത്തു തിരിച്ചു ചാട്ടവാർ കൊണ്ട് അടിച്ചു പ്രതികാരം ചെയ്യാൻ സാധാരണക്കാരനായ അമുസ്ലിം പ്രജയോട് കല്പിക്കുകയും ചെയ്തു.

ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ :

1) മുസ്ലിം ഭരണത്തിൽ അമുസ്ലിം പ്രജകൾ ഉണ്ടായിരുന്നു

2) അവർക്ക് നീതി ചെയ്യണം എന്ന് കല്പന ഉണ്ടായിരുന്നു

3) അവരോടു അനീതി ചെയ്‌താൽ നിർഭയം ഖലീഫയോട് പരാതി പറയാമായിരുന്നു

4) ആ പരാതിയിൽ മതം നോക്കാതെ നടപടി എടുക്കുമായിരുന്നു.

വോയിസ് വിട്ട വ്യക്തി മുസ്ലിം ആണെങ്കിൽ അവന്റെ ഈമാൻ (വിശ്വാസം ) ഖലീഫ ഉമറിന്റെ ഈമാന്റെ ഒരു തരിമ്പ് പോലും വരില്ല. ജീവിതം മുഴുവൻ പ്രവാചകന്റെ ചുറ്റുവട്ടത്ത് ജീവിച്ചു, നബി കരഞ്ഞപ്പോൾ കരഞ്ഞും ചിരിച്ചപ്പോൾ ചിരിച്ചും ജീവിച്ച ഒരാൾ. നബി മരണപ്പെട്ടപ്പോൾ ആ വാർത്ത വിശ്വസിക്കാൻ കഴിയാത്ത ആ വാർത്ത പറഞ്ഞവരുടെ നേർക്ക് ചാടിയ, ഒടുവിൽ നബിയുടെ ഖബറിന്റെ ചാരെ തനിക്കും ഖബർ ചോദിച്ചു വാങ്ങിയ പ്രവാചക സ്നേഹി. ആ ഹൈ വോൾട്ടേജ് മുസ്ലിമിനു ഇല്ലാത്ത എന്ത് അമുസ്ലിം വിരോധമാണ് തനിക്ക് ഉള്ളത്. സംഭവങ്ങൾ വേറെയും ഉണ്ട്.

ഖുർആൻ നോക്കാം. ഖുർആനിൽ പല വിഷയങ്ങൾ ഉണ്ട്. അതിൽ ഒന്ന് യുദ്ധമാണ്. അത് ഖുർആനിൽ മാത്രമല്ല, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഇതിഹാസങ്ങൾക്ക് നമ്മുടെ നാട്ടിലും കുറവ് ഒന്നുമില്ല. ഭഗവത് ഗീത പോലും യുദ്ധമുഖത്ത് കൃഷ്ണൻ നൽകുന്ന ഉപദേശങ്ങൾ ആണ്. ഖുർആനിൽ പരാമർശിക്കപ്പെട്ട യുദ്ധ വചനങ്ങൾ പോലും നീതിയുടെ പക്ഷത്തു നിന്നുള്ള വചനങ്ങൾ ആണ്. ഇങ്ങോട്ട് ആക്രമിക്കപ്പെട്ടാൽ, നാട്ടിൽ അക്രമം ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത് എന്ന കൽപനകൾ ആണ്. ആ വചനങ്ങളിൽ പോലും നിരപരാധികളെ സംരക്ഷിക്കാൻ ആണ് ഉത്തരവ്.

നമുക്ക് നോക്കാം, യുദ്ധവേളയിൽ ഇറങ്ങിയ ഒരു വചനം തന്നെ നൽകാം: "ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്‍റെയടുത്ത് അഭയം തേടിവന്നാല്‍ ‎അവന് നീ അഭയം നൽകുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ ‎അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ‎ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്‎ " (അദ്ധ്യായം 9, വചനം 6). അതായത് യുദ്ധം നടക്കുമ്പോൾ ആരെങ്കിലും സംരക്ഷണം ചോദിച്ചു വന്നാൽ അവനു സംരക്ഷണം കൊടുക്കണം എന്നാണ് കല്പന. യുദ്ധം നടക്കുമ്പോൾ പോലും ഇതാണ് നിലപാട് എങ്കിൽ സമാധാനം പുലരുമ്പോൾ മറിച്ചാവാൻ വഴിയില്ലല്ലോ.

നമുക്ക് നോക്കാം. പ്രവാചകൻ തന്നെ പറഞ്ഞു: "മുസ്ലിംകളുമായി സൗഹൃദം പുലര്‍ത്തുന്ന ഒരാളെ ആരെങ്കിലും വധിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും അനുഭവിക്കുകയില്ല" (സ്വഹീഹ് മുസ്‌ലിം). അതായത് ആളുകൾക്ക് ഇടയിലേക്ക് വണ്ടി ഓടിച്ചു കയറ്റി സ്വർഗ്ഗം നേടാം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ആ സ്വർഗ്ഗത്തിന്റെ മണം പോലും കിട്ടില്ല എന്ന് പറയുന്നത് ആരാണ്? പ്രവാചകൻ! പിന്നെ ആർക്കു വേണ്ടിയാണ് ഈ ഏർപ്പാട്. തീർന്നില്ല. മറ്റു സമുദായങ്ങള്‍ ന്യൂനപക്ഷം ആവുമ്പോള്‍ അവരോടു എങ്ങനെ വര്‍ത്തിക്കണം എന്നും പ്രവാചകന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്രവാചകന്‍ പറയുന്നത് കാണുക:

"സൂക്ഷിക്കുക, ന്യൂനപക്ഷമായ അമുസലിംകളോട് ക്രൂരമായും പരുഷമായും പെരുമാറുകയും അവരുടെ അവകാശങ്ങളെ ഹനിക്കുകയും അവര്‍ക്ക് താങ്ങാന്‍ കഴിയാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അവരുടെ വസ്തുക്കള്‍ സമ്മതമില്ലാതെ കൈവശപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ അന്ത്യനാളില്‍ ഞാന്‍ പരാതി പറയുന്നതാണ് " (അബൂ ദാവൂദ്‌)

അതായത് അയൽവാസി ആയ ഒരു അമുസ്ലിമിന്റെ പറമ്പിൽ നിന്ന് ഒരു അടയ്ക്ക അതിക്രമിച്ചു എടുത്താൽ പോലും ആ പരാതി പ്രവാചകൻ ദൈവത്തിന്റെ കോടതിയിൽ പറയും എന്നാണ്. നീ വിശ്വസിക്കുന്ന പ്രവാചകൻ ഈ മുഹമ്മദ്‌ നബി (സ) ആണെങ്കിൽ ആ പ്രവാചകൻ നിന്റെ എതിരാളിയാണ്. ഖുർആൻ പറയുന്നു: "അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്" (അദ്ധ്യായം 17 ,വചനം 33)

"ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ് " (അധ്യായം 5 ,വചനം 32). ഒരു മനുഷ്യനെ കൊന്നാൽ പോലും ഈ ലോകത്തെ മുഴുവൻ മനുഷ്യരെ കൊന്ന പാപം വന്നു ഭവിക്കുന്ന കുറ്റം ചെയ്യാൻ എങ്ങനെ കഴിയും.

ഇനി ഒരു കാര്യം കൂടി. ഈ ഭൂമിയിലെ എല്ലാവരും മുസ്ലിം ആവണം എന്ന് പടച്ചോന് പോലും നിർബന്ധമില്ല. പിന്നെ നിനക്ക് എന്താണ് നിർബന്ധം?

ഖുർആൻ പറയുന്നു: "നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? " (10:99). ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കരുത് എന്ന് ഖുർആൻ പറഞ്ഞാൽ അത് കേൾക്കുന്നവനല്ലേ മുസ്ലിം.

വിസ്താര ഭയം മൂലം ചുരുക്കുന്നു. ഇത്രയെങ്കിലും ഈ വിഷയത്തിൽ എഴുതേണ്ടത് ഒരു ബാധ്യതയായി കണ്ടത് കൊണ്ടാണ് അല്പം ദീർഘമായി പോയത്

Read More >>