ഈ ഒരൊറ്റ വാചകം മതി, കേരളത്തില്‍ ജാതീയതയില്ലെന്ന് പറയുന്നവരുടെ മുഖത്ത് നോക്കി രണ്ടെണ്ണം ചോദിക്കാന്‍!

ദളിത് ഹര്‍ത്താലിനെ ജാതി സമരമെന്ന് ചാപ്പ കുത്തുന്നവര്‍ അറിയണം. കീഴ്ജാതി എന്ന പേരില്‍ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങള്‍ തങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു നടത്തുന്ന സമരമാണിത്- നാരദ ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സുമം തോമസ് എഴുതുന്നു

ഈ ഒരൊറ്റ വാചകം മതി, കേരളത്തില്‍  ജാതീയതയില്ലെന്ന് പറയുന്നവരുടെ മുഖത്ത് നോക്കി രണ്ടെണ്ണം ചോദിക്കാന്‍!

പറഞ്ഞു വരുന്നത് എന്റെ നാട്ടിലെ കാര്യമാണ്. അവിടുത്തെ സവര്‍ണ്ണ കുടുംബങ്ങളിലെ ആള്‍ക്കാര്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെ പേരേ വിളിക്കൂ. അക്ഷരം കൂട്ടിപ്പറയാന്‍ പ്രായമായ കുട്ടികള്‍ വരെ അങ്ങനെയാണ്. വിളി കേള്‍ക്കേണ്ടവര്‍ക്ക് എഴുപത് വയസ്സുണ്ടെങ്കിലും അതൊരു കീഴ്‌വഴക്കമാണ്. അങ്ങനെ വിളിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും വിളി കേള്‍ക്കാനുള്ള ഉത്തരവാദിത്വം താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്കുണ്ടെന്നും ഒരു വിശ്വാസം. കേരളത്തിൽ ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു ചെറിയ ഉത്തരമാണിത്.

ചരിത്രമായിരുന്നു ഇന്നത്തെ ദിവസം. അടിഞ്ഞമര്‍ന്ന്, തോറ്റ് തലകുനിച്ചു നിന്ന ഒരു ജനത തലയുയര്‍ത്തി കേരളത്തിന്റെ തെരുവുകള്‍ നിശ്ശബ്ദമാക്കിയ ദിവസം. ദളിത് ഹര്‍ത്താല്‍ എന്ന സാധ്യതയെ പുല്ലുപോലെ അവഗണിക്കാമെന്ന സവര്‍ണ്ണ മോഹത്തെ ഒന്നുമല്ലാതാക്കിക്കളഞ്ഞ ദിവസം. 'പെലേമ്മാര് നടത്തണ ഹര്‍ത്താല് അല്ലേ? അത് വിജയിക്കത്തൊന്നുമില്ല, നാളെ കട തൊറക്ക്.' കേരളത്തിലാകെമാനമുള്ള ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് കേരളത്തിലെ ഒരു വ്യാപാരി വ്യവസായിയുടെ പ്രതികരണമാണിത്. ഈ ഒരൊറ്റ വാചകം മതി, കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ മുഖത്ത് നോക്കി രണ്ടെണ്ണം ചോദിക്കാന്‍. ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഇവരൊക്കെ കട പൂട്ടി വീട്ടില്‍പ്പോയി എന്നത് രണ്ടാമത്തെ കാര്യം.

ജാതിയില്‍ 'താഴ്ന്നതാണെങ്കില്‍' അത് പതുക്കെ പറയുകയും സവര്‍ണ്ണനാണെങ്കില്‍ അത് ഉറക്കെ അഭിമാനപൂര്‍വ്വം പ്രഘോഷിക്കുകയും ചെയ്യുന്ന സമൂഹമാണിത്. മേല്‍ജാതിയെന്ന് അവകാശപ്പെടുന്ന ഒരുവന്‍ താഴ്ന്ന ജാതിയിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു എന്ന് വിചാരിക്കുക. നമ്മടെ ജാതിയല്ലേ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചു പോയാല്‍ ഒച്ച താഴ്ത്തിയായിരിക്കും പെണ്‍കുട്ടിയുടെ ജാതിയെക്കുറിച്ച് പറയുക. സവര്‍ണ്ണനാണെങ്കില്‍ അഭിമാനത്തോടെയും പറയും. പിന്നെയുമുണ്ട്, നല്ല ക്രിസ്ത്യാനിയും ചീത്ത ക്രിസ്ത്യാനിയും. നല്ല ക്രിസ്ത്യാനിയെന്നാല്‍ പണ്ട് തോമാശ്ലീഹ നേരിട്ട് വന്ന മാമ്മോദീസ മുക്കിയെന്ന് പറയപ്പെടുന്നവര്‍. ചീത്ത ക്രിസ്ത്യാനികള്‍ പള്ളി രജിസ്റ്ററില്‍ 'പുക്രി' കളാണ്. അതായത് മാര്‍ഗ്ഗം കൂടിയ പുതുക്രിസ്ത്യാനിയുടെ ഷോര്‍ട്ടാണ് പുക്രി. പണ്ട് ജോലി ചെയ്ത ഓഫീസില്‍ നിന്നൊരു നല്ല ക്രിസ്ത്യാനി ചോദിച്ചിട്ടുണ്ട്. നിങ്ങള് നല്ല ക്രിസ്ത്യാനി അല്ലല്ലോ അല്ലേ? നിങ്ങടെ ആള്‍ക്കാര് ഇഷ്ടം പോലെയുണ്ട് ഞങ്ങടെ നാട്ടില്.

ജാതി പിന്നാക്കമായത് കൊണ്ട് മാത്രം തൂങ്ങിച്ചാകേണ്ടി വന്നവനായിരുന്നു വിനായകന്‍. ദളിതയായത് കൊണ്ട നീതി വൈകിയവളായിരുന്നു ജിഷ. തല്ലിക്കൊന്നു കളഞ്ഞ മധു ആദിവാസിയായിരുന്നു. ദളിതയായത് കൊണ്ടാണ് ചിത്രലേഖ എന്ന കേരളത്തിലെ ആദ്യ വനിത ഓട്ടോറിക്ഷ ഡ്രൈവര്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നത്. അറിഞ്ഞതും അറിയാത്തതുമായ നൂറുകണക്കിന് സംഭവങ്ങള്‍ കണ്‍മുന്നിലിങ്ങനെ തെളിഞ്ഞുനില്‍ക്കുമ്പോള്‍ കേരളത്തില്‍ ജാതിയില്ല എന്ന് പറയരുത്. ഇന്നത്തെ ഹര്‍ത്താലിനെ അത് ദളിതര് നടത്തുന്ന ഹര്‍ത്താലല്ലേ എന്ന് അവഗണിച്ചത് അതിനൊരു ഉദാഹരണമാണ്. ജാതിയുണ്ട് കേരളത്തില്‍. ജാതിയുടെ പേരില്‍ ധാരാളം പേര്‍ അനുഭവിക്കുന്നുണ്ട്. ഹര്‍ത്താലിന് പിന്തുണയില്ല എന്ന് വെല്ലുവിളിച്ചു കൊണ്ട് എത്ര വേഗമാണ് ഓരോരുത്തരും തങ്ങളുടെ ജാതിഭൂതത്തെ കുടം തുറന്നു വിട്ടത്. ദളിത് ഹര്‍ത്താലിനെ ജാതി സമരമെന്ന് ചാപ്പ കുത്തുന്നവര്‍ അറിയണം. കീഴ്ജാതി എന്ന പേരില്‍ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങള്‍ തങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു നടത്തുന്ന സമരമാണിത്.

ജാതിയും കുലവും ഒരുവനും സ്വയം തെരെഞ്ഞെടുക്കുന്നതല്ല. അതവനില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്. അതില്‍ ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവന്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെങ്കില്‍ അത് പൊറുക്കാന്‍ പറ്റാത്ത അനീതിയല്ലേ? ഇനി, ജാതി പറയരുതെന്ന് പറയുന്നവരോട്, ദളിതര്‍ ജാതി പറയുന്നില്ല എന്ന് കരുതുക. മേല്‍ജാതിയെന്ന് പറയുന്നവര്‍ അവരെ ചേര്‍ത്തു നിര്‍ത്തുമോ? അര്‍ഹിക്കുന്ന പരിഗണനയും അംഗീകാരവും നല്‍കുമോ? ഒളിഞ്ഞു തെളിഞ്ഞും നിങ്ങള്‍ അപമാനിക്കില്ലേ? അപ്പോള്‍പ്പിന്നെ ജാതീയതയില്‍ നിന്നും പുറത്തു വരേണ്ടത് നിങ്ങളല്ലേ സവര്‍ണ്ണജാതരേ?

Story by
Read More >>