''കാലടി കലാ പാതകം'': ക്ലാസ് മുറികളുടെ ജഡം ചിതറി കിടക്കുന്ന സർവ്വ'കലാ'ശാല

ആറടി വെള്ളത്തിൽ മുങ്ങി പോയ അനേകം ക്ലാസ് മുറികൾ പ്രളയത്തിലുണ്ടാകാം; പക്ഷെ കാലടി സർവ്വകലാശാലയുടെ ബിഎഫ്എ ക്ലാസ് മുറികൾ മാത്രമാകും മരിച്ചു പോയത്. മൃതശരീരം ചിതറി കിടക്കുകയാണ്- സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി വിഷ്ണുരാജ്‌ തൂവയൂർ എഴുതുന്നു

കാലടി കലാ പാതകം: ക്ലാസ് മുറികളുടെ ജഡം ചിതറി കിടക്കുന്ന സർവ്വകലാശാലവിഷ്ണുരാജ് തുവയൂർ, ഗവേഷകൻ, സംസ്കൃതസർവകലാശാല, കാലടികാലടി സംസ്കൃത സർവകലാശാലയുമായി 2008 മുതൽ വ്യക്തിപരമായ സൗഹൃദമുണ്ട്. അന്നുകണ്ട കാലടിയും ഇന്നത്തേയും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. പ്രധാനമായും നിർമാണപ്രവർത്തനങ്ങളുടെ കാര്യത്തിൽ. പക്ഷേ, അന്നുമിന്നും മാറ്റമില്ലാതെ, ആദ്യകാല അസൗകര്യങ്ങളിൽ തന്നെ തുടരുന്ന സർവകലാശാലയിലെ ഏക പഠനവിഭാഗം ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റാണ്.

എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന ക്ലാസ്മുറികളാണ് അവർക്കുള്ളത്. ഒരുപക്ഷേ, സർവകലാശാലയിൽ ഏറ്റവുമധികം സമരം നടന്നിട്ടുള്ളതും ഫൈൻ ആർട്സ് വിഭാഗത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടാകും. ഒന്നും പൂർണമായി എന്നല്ല, ഭാഗികമായിപ്പോലും വിജയിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ തന്നെ ഇപ്പോൾ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റിന് ഒരിടം വേണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ഏറെ പ്രധാനപ്പെട്ടതാണ്; വിജയിക്കേണ്ടതാണ്.
എന്താണ് അടിസ്ഥാനപ്രശ്നം?

പ്രളയകാലത്ത് സർവകലാശാലയിൽ അറുന്നൂറോളം വിദ്യാർഥികളും നൂറോളം നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും ഡ്രൈവർമാരും മൂന്നുദിവസം കുടുങ്ങിപ്പോയിരുന്നു. അന്ന് പ്രശ്നങ്ങളൊന്നുമില്ലാതെ ക്യാമ്പസിനെ മുന്നോട്ടുകൊണ്ടുപോയത് ഇവിടുത്തെ വിദ്യാർഥികളായിരുന്നു. പ്രളയാനന്തരം ശുചീകരണത്തിന് ശേഷം സെപ്റ്റംബർ മൂന്നിന് സർവകലാശാല പ്രവർത്തനമാരംഭിച്ചു. മറ്റെല്ലാ ഡിപ്പാർട്ട്മെൻറുകളിലും ക്ലാസുകൾ ആരംഭിച്ചെങ്കിലും ഫൈൻ ആർട്സ് വിഭാഗത്തിന് അതു കഴിഞ്ഞില്ല. കാരണം അവരുടെ ഡിപ്പാർട്ട്മെന്റ് ശുചീകരിച്ചിരുന്നില്ല. വിദ്യാർഥികളിൽ പലരുടേയും വീടുകൾ പ്രളയത്തിലകപ്പെട്ടിരുന്നു. ആ സാഹചര്യത്തിൽ നിന്ന്‌ പഠിക്കാനായി ക്യാമ്പസിലെത്തിയ വിദ്യാർഥികൾക്ക് സ്വന്തം ക്ലാസ്മുറികൾ ശുചീകരിക്കുകയെന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നു. അവരത് ചെയ്തു. എന്നാൽ, അവിടെ തുടർന്ന് പഠിക്കാനുള്ള ഭൗതികസാഹചര്യമൊന്നും തന്നെയില്ല.
ആറടിയോളം വെള്ളം കെട്ടിനിന്ന, സർവകലാശാലയിലെ ഏറ്റവും പഴക്കമേറിയ, ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂരയിട്ട ക്ലാസ്മുറി പഠനയോഗ്യമല്ല എന്ന് വിദ്യാർഥികൾക്ക് ബോധ്യപ്പെട്ടപ്പോളാണ് അവർ പുറത്തേക്കിറങ്ങിയത്. കനകധാരാ ഓഡിറ്റോറിയം വിട്ടുനൽകാം എന്ന നിർദേശമാണ് സർവകലാശാല മുന്നോട്ടുവെച്ചത്. അത് വളരെ അപ്രായോഗികമായ ഒന്നായാണ് വിദ്യാർഥികൾ കാണുന്നത്. കാരണം, ഓരോ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയുടെയും പഠനയിടം കണക്കാക്കുന്നത് അവരുടെ പഠനോപകരണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. പഠനസാമഗ്രികളായ ഈസില്‍ സ്റ്റാന്‍ഡ്, ക്യാന്‍വാസിന്റെ വലിപ്പം, മേശ, കസേര, മറ്റു സാമഗ്രികള്‍ ഇതെല്ലാം അടങ്ങുന്നതാണ് ഒരു കുട്ടിയുടെ പഠനസ്ഥലം. അവർക്ക് ക്ലാസ് റൂമുകള്‍ അല്ല വേണ്ടത്, സ്റ്റുഡിയോകളാണ്. 125-ഓളം വരുന്ന ഈ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള സ്‌പേസ് കണ്ടെത്തേണ്ടത് സര്‍വകലാശാലയുടെ പ്രാഥമിക ഉത്തരവാദിത്വമാണ്.
ഫൈൻ ആർട്സ് വിഭാഗം വിദ്യാർഥികളും സമരത്തിലുള്ളവരുമായ അനുശ്രീ, യദുകൃഷ്ണൻ, ആൽബിൻ, അമിത് എന്നിവർ പറയുന്നു:

"വര്‍ഷങ്ങളായി ഫൈന്‍ ആര്‍ട്‌സ് കെട്ടിടത്തിനായുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. അന്നൊന്നും ജനാധിപത്യപരമായ നിലപാടുകൾ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പുതിയകെട്ടിടം വരുന്നതുവരെ താത്കാലികമായി എവിടേക്കെങ്കിലും മാറ്റണമെന്ന ആവശ്യവും സർവകലാശാല അംഗീകരിച്ചില്ല. ഇത് പ്രളയത്തിന് മുന്‍പുള്ള കാര്യമാണ്. പ്രളയത്തിന് ശേഷമുള്ള കാര്യം ഇതിനേക്കാള്‍ രൂക്ഷമാണ്. ഭിത്തിയില്‍ തൊട്ടാല്‍ ഷോക്കടിക്കും. അടിത്തറയുടെ ഉള്ളിലൂടെ വെള്ളം ഒഴുകുന്നുണ്ട്. എല്ലാ മഴക്കാലത്തും വെള്ളം ഉയരുന്ന ക്ലാസ് മുറികളാണ് ഞങ്ങളുടേത്. പാടം നികത്തി സ്ഥാപിച്ച സർവകലാശാലയാണല്ലോ. പ്രളയത്തിന് ശേഷം കുട്ടികളുടെ പെയിന്റുകളും ശില്പങ്ങളുമൊക്കെ നശിച്ചു. എക്‌സാം വര്‍ക്കുകള്‍ എല്ലാ നശിച്ചുപോയി. വലിയ വില കൊടുത്ത് വാങ്ങി ചെയ്ത എത്രയോ വര്‍ക്കുകള്‍... ഒന്നും ബാക്കിയില്ല. ബുക്ക്, പെയിന്റിങ് വര്‍ക്ക്, ക്യാൻവാസ്, പുസ്തകങ്ങൾ എല്ലാം നശിച്ചു."


ഈ സാഹചര്യത്തിലാണ് സംസ്കൃത സർവകലാശാലയിൽ ഫൈൻ ആർട്സിനും ഒരിടം വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ സമര രംഗത്തുള്ളത്.

നോക്കൂ, ക്യാമ്പസിലെ മറ്റ് കുട്ടികൾ സുരക്ഷിതരായി, ക്ലാസ് മുറികളിലിരുന്ന് പഠിക്കുമ്പോഴാണ് സർവകലാശാലയെ സർഗാത്മകമായി സമ്പന്നമാക്കുന്ന ഒരു വിഭാഗം വിദ്യാർഥികൾക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി സമരം ചെയ്യേണ്ടിവരുന്നത്. കൊച്ചി മുസിരിസ് ബിനാലെയിൽ സമ്മാനാർഹരായവർ, ജർമൻ ബിനാലെക്ക് തിരഞ്ഞെടുക്കപ്പെട്ടവർ, ലളിതകലാ അക്കാദമിയുടെ അവാർഡുകളും ഫെല്ലോഷിപ്പുകളും സ്വന്തമാക്കുന്നവർ എന്നിങ്ങനെ സർവകലാശാലയ്ക്ക് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചവരാണ് ഫൈൻ ആർട്സ് വിഭാഗം വിദ്യാർഥികൾ. അവരെയാണ് നമ്മൾ സാങ്കേതികപ്രശ്നങ്ങളുന്നയിച്ച് പുറത്ത് നിർത്തിയിരിക്കുന്നത്.
അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തത വളരെ പ്രധാനപ്പെട്ട മറ്റൊരു പ്രശ്നമാണ്. 180-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഫൈൻ ആർട്സ് വിഭാഗത്തിൽ പെൺകുട്ടികൾക്ക് ടോയ്ലറ്റ് ഇല്ല. ഞെട്ടേണ്ട! അതേ, പെൺകുട്ടികൾക്ക് ടോയ്ലറ്റ് സൗകര്യമില്ലാതെയാണ് ഫൈൻ ആർട്സ് വിഭാഗം പ്രവർത്തിക്കുന്നത്. അവരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മറ്റു ഡിപ്പാർട്ട്മെന്റുകളിലേക്ക് പോകേണ്ട സാഹചര്യമാണ്. വലിയ മനുഷ്യാവകാശ ലംഘനമാണിവിടെ നടക്കുന്നത്. ആൺകുട്ടികളുടെ ഒരേയൊരു ടോയ്ലറ്റ് പ്രളയശേഷം ഉപയോഗിക്കാനാകാത്ത സാഹചര്യത്തിലുമാണ്.

പഠിക്കാനുള്ള വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശത്തെ പിന്തുണയ്ക്കുകയല്ല സർവകലാശാല ചെയ്യുന്നത്. അങ്ങനെയായിരുന്നെങ്കിൽ സെപ്റ്റംബർ മൂന്നിന് ക്ലാസ് തുടങ്ങാൻ തീരുമാനിക്കുമ്പോൾ ഫൈൻ ആർട്സ് വിദ്യാർഥികൾ എവിടെയിരുന്ന് പഠിക്കുമെന്നെങ്കിലും ആലോചിച്ചേനേ. മറ്റെല്ലാവരും സുരക്ഷിതമായ ക്ലാസ്മുറികളിലിരുന്ന് പഠിക്കുമ്പോഴാണ് ഫൈൻ ആർട്സ് വിദ്യാർഥികൾ ഞങ്ങൾക്കൊരിടമെന്ന ആവശ്യവുമായി സമരം ചെയ്യുന്നത്. ജനാധിപത്യവിശ്വാസികളൊന്നാകെ സമരത്തിനൊപ്പം നിൽക്കുകയും ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ വേണ്ടി സമ്മർദം ചെലുത്തുകയും ചെയ്യേണ്ടതാണ്.
സമരാവശ്യങ്ങളായി ഫൈൻ ആർട്സ് വിഭാഗം വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നത് ഇവയാണ്:

1. വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന പഴയ കെട്ടിടത്തിൽനിന്ന് സ്റ്റുഡിയോകൾ മാറ്റുകയും അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെ ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്യുക.

2. സുരക്ഷിതമല്ലാത്ത പഴയ കെട്ടിടത്തിലേക്ക് ക്ലാസുകൾ തിരികെക്കൊണ്ടുപോകില്ലെന്ന് ഉറപ്പുതരിക.

3. ഫൈൻ ആർട്സ് വിഭാഗത്തിന്റെ പഠനരീതിക്ക് അനുയോജ്യമായ ക്ലാസുകളുള്ള കെട്ടിടം അനുവദിച്ച് നൽകുക.

4. BFAയുടെ പഠനരീതിക്ക് അനുയോജ്യമായ കെട്ടിടം സർവകലാശാലയിൽ ലഭ്യമാണെന്നിരിക്കെ കനകധാര ഓഡിറ്റോറിയത്തിലേക്ക് ക്ലാസുകൾ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക.

5. ഫൈൻ ആർട്സ് വിഭാഗത്തെ പലയിടങ്ങളിലേക്ക് വിഭജിച്ച് ക്ലാസ് നടത്താനുള്ള ശ്രമം ഉപേക്ഷിക്കുക.

6. പുതിയ കെട്ടിടത്തിന്റെ പണി കഴിയുംവരെ ഫൈൻ ആർട്സ് വിദ്യാർഥികൾക്കായി ഇന്ററാക്ടീവ് സെന്റർ വിട്ടുനൽകുക.

ഫൈൻ ആർട്സിന്റെ പഠനരീതിക്ക് അനുയോജ്യമായതും സുരക്ഷിതത്വമുള്ളതും നിരവധി ക്ലാസ് മുറികളുള്ളതും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വൃത്തിയുള്ള ശൗചാലയങ്ങളുള്ളതുമായ കെട്ടിടമാണിത്.

7. നിലവിൽ പ്രവർത്തിക്കാതെ കിടക്കുന്ന, ഇന്ററാക്ടീവ് സെൻററിൽ ഉണ്ടെന്ന് പറയുന്ന ഉപകരണങ്ങൾ പെട്ടെന്ന് മാറ്റി സ്ഥാപിച്ച് പരമാവധി ക്ലാസ് മുറികൾ ഫൈൻ ആർട്സ് വിഭാഗത്തിന് നൽകുക.

8. BFA / MFA വിദ്യാർഥികളുടെ പ്രളയത്തിൽ നശിച്ചുപോയ ആർട്ട് വർക്കുകളുടെയും പഠനോപകരണങ്ങളുടെയും വിദ്യാർഥികൾ സ്വന്തം പണം മുടക്കി വാങ്ങിയ യന്ത്രസാമഗ്രികളുടെയും നിർമാണവസ്തുക്കളുടെയും കണക്കെടുക്കുകയും അവയുടെ മൂല്യം കണക്കാക്കി വിദ്യാർഥികളുടെ സാമ്പത്തികനഷ്ടം നികത്താനുള്ള നടപടി സ്വീകരിക്കുക.

9. പരീക്ഷയടുത്തുവരുന്ന സാഹചര്യത്തിൽ ഫൈൻ ആർട്സ് വിഭാഗം സസ്പെൻഡ് ചെയ്യാൻ സർവകലാശാല എടുത്ത തീരുമാനം പിൻവലിക്കുക. അധ്യയനദിനങ്ങൾ നഷ്ടമാകാതെ പകരം കെട്ടിടമനുവദിച്ച് അധ്യയനം പുനരാരംഭിക്കുക. യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്ത പ്രവൃത്തിദിനം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തുക.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് സർവകലാശാലയിലെ വിദ്യാർഥിസമൂഹത്തിന്റെ പിന്തുണയോടെ ഫൈൻ ആർട്സ് വിദ്യാർഥികൾ ഇന്ന് ക്ലാസ് കാമ്പെയ്ൻ നടത്തുകയും സർവകലാശാല ആസ്ഥാനത്തേക്ക് പ്രകടനം നടത്തുകയും ചെയ്തു. SFIയുടേയും യൂണിവേഴ്സിറ്റി യൂണിയൻ നേതാക്കളുടേയും സാന്നിധ്യത്തിൽ പ്രോ - വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ അധികാരികളുമായി വിദ്യാർഥികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയാണ് ഉണ്ടായത്. നാളെയും ചർച്ചയുണ്ട്. സമരം തുടരുകയാണെന്ന് അവർ പറയുന്നു.

സർവകലാശാലയുടെ ഇരുപത്തഞ്ചാം വാർഷികമാണിപ്പോൾ. നാക് എ ഗ്രേഡ് ലഭിച്ച സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് നമ്മുടേത്. അക്കാദമിക് - ഇതര മേഖലകളിൽ വലിയ മുന്നേറ്റം നടത്താൻ ഈ ചെറിയ കാലയളവിൽ നമുക്കായിട്ടുണ്ട്. അത്തരം അഭിമാനങ്ങളെല്ലാം നമ്മൾ കൈയെത്തിപ്പിടിച്ചത് ക്യാമ്പസിലെ ഏറ്റവും സർഗാത്മകരായ ഒരുകൂട്ടം വിദ്യാർഥികളെ അവഗണിച്ചുകൊണ്ടാണ് എന്നത് അപമാനകരമായ കാര്യമാണ്. ഇനിയെങ്കിലും ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണം. പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. സർവകലാശാലയോട് ജനാധിപത്യരീതിയിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അപഹസിക്കുന്ന നിലപാട് അവസാനിപ്പിക്കണം.
പൊതുസമൂഹത്തിൽ അവരെ സർവകലാശാലാവിരുദ്ധരാക്കുന്ന വർത്തമാനങ്ങൾ നല്ലതല്ല. ക്യാമ്പസിന്റെ പൊതു ആവശ്യമായാണ് നമ്മൾ ഫൈൻ ആർട്സ് വിദ്യാർഥികളുടെ സമരത്തെ മനസ്സിലാക്കേണ്ടത്.

അധ്യാപക-അനധ്യാപക, വിദ്യാർഥി- ഗവേഷക സംഘടനകളും പൊതുസമൂഹവും മാനവികത നശിച്ചില്ലെങ്കിൽ ഈ ജനാധിപത്യ ആവശ്യങ്ങൾക്കായി ഒന്നിക്കേണ്ടതുണ്ട്. അവർക്കൊപ്പം നിൽക്കേണ്ടതുണ്ട്.

ഓർക്കുക,

ഇനിയെങ്കിലും നമ്മുടെ അവസാന പരിഗണനയാകരുത് ഫൈൻ ആർട്സ് വിദ്യാർഥികളും അവരുടെ അടിസ്ഥാന ആവശ്യങ്ങളും.


Read More >>