ബീഫ് നിരോധനമോ, എപ്പോൾ? ഞങ്ങൾ മാംസം മൊത്തത്തിൽ കടത്തുകയാണ്...

ഗ്രാമീണ കർഷകരുടെ അതിജീവന ക്രമത്തിൽ എളുപ്പം ക്രയവിക്രയം ചെയ്യാവുന്ന, നാഗരികർക്കു സ്വർണ്ണം പോലെയുള്ള ഒരു വസ്തു ഒരു സുപ്രഭാതത്തിൽ പുല്ലുവിലയില്ലാത്ത ഒന്നായി തീരുകയാണ്; മോഡിജി നിരോധിച്ച ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകൾ പോലെ!

ബീഫ് നിരോധനമോ, എപ്പോൾ? ഞങ്ങൾ മാംസം മൊത്തത്തിൽ കടത്തുകയാണ്...

വനം പരിസ്ഥിതി മന്ത്രാലയം 23ന് ഇറക്കിയ നോട്ടിഫിക്കേഷനിലൂടെ ചർച്ചകളിലേയ്ക്ക് വീണ്ടും ഒരിക്കൽ കൂടി ബീഫ് നിരോധനം പൊന്തി വരികയാണ്. എന്നാൽ ഫലത്തിൽ ഒന്നു തന്നെയെങ്കിലും വിശദാംശങ്ങളിൽ മുൻകാല ചർച്ചകളിൽനിന്ന് ഏറെ വ്യത്യാസങ്ങളുള്ള ഒന്നാണുതാനും ഈ നോട്ടിഫിക്കേഷൻ.

പല ബിജെപി പ്രതിനിധികളും ചർച്ചകളിൽ ആവർത്തിച്ചു ചൂണ്ടിക്കാണിച്ചതുപോലെ ഈ നോട്ടിഫിക്കേഷന്റെ പരിധിയിൽ ഗോ മാതാവ് മാത്രമല്ല വരിക. അതുകൊണ്ടു തന്നെ സംഗതി ഹിന്ദുമതാചാരപ്രകാരം ഒരു ബഹുമത സമൂഹത്തിൽ എല്ലാവരിലുമായി അടിച്ചേല്പിക്കുന്ന ഒന്ന് എന്ന വിമർശനത്തെ അതിന് അതിജീവിക്കാനും പറ്റും. കാളയും പോത്തും എരുമയും തൊട്ട് ആടും പന്നിയും അങ്ങനെ കർഷക വൃത്തിയുമായി ബന്ധപ്പെട്ട വളർത്തു മൃഗങ്ങൾ എല്ലാം ഉൾപ്പെടുന്ന ലൈവ് സ്റ്റോക്ക് എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പത്തിരുപത്തിരണ്ടു പേജ് വരുന്ന ഈ രേഖയിൽ എവിടെയെങ്കിലും സവിശേഷ കാരണങ്ങൾ നിരത്തി ഒഴിവാക്കിയില്ലെങ്കിൽ ആട് മാടുകൾ പോട്ടെ, കോഴിയും, താറാവും, കാടയും വരെ ലൈവ് സ്റ്റോക്ക് എന്ന പദത്തിന്റെ അർത്ഥ പരിധിയിൽ വരും. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്തുത പദത്തിന് നൽകിയിരിക്കുന്ന നിർവചനം "animals and birds that are kept on a farm, such as cows, sheep, orchickens" എന്നാണ്.

തന്ത്രപരമായ നീക്കം


പല തരത്തിലും കൗതുകമുണർത്തുന്ന തന്ത്രപരമായ ഒരു നീക്കമാണിത്. ഏറ്റവും രസകരം ഇതിൽ കശാപ്പ് നിരോധനത്തെ കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണ്. പറയുന്നത് കാർഷികവൃത്തിക്ക് ഉപയോഗിച്ചുവരുന്ന ആടുമാടുകളെ കർഷകർക്കല്ലാതെ മറ്റാർക്കും കൈമാറ്റം ചെയ്യാൻ, വിൽക്കാൻ പാടില്ല എന്നാണ്. അത്തരം ആവശ്യങ്ങൾക്കായി മൃഗങ്ങളെ വാഹനങ്ങളിൽ കയറ്റിയോ ഒക്കെയായി കൊണ്ടുപോകുന്നത് പ്രത്യേകം എടുത്തുപറഞ്ഞു വിലക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഇതിൽ ഏകപക്ഷീയമായ മതാചാരപ്രയോഗം ഇല്ല എന്നു മാത്രമല്ല മറ്റൊരുപാടു മനുഷ്യപക്ഷ, ജീവിപക്ഷ കരുതലുകൾ ഉണ്ട് എന്നു വാദിക്കാനും പറ്റും. അവ തന്നെയാണ് ഈ നീക്കത്തിനു പിന്നിലുള്ള തന്ത്രത്തെ കൗതുകകരമാക്കുന്നതും.

മോദിസർക്കാർ വന്ന വാക്കിൽ തന്നെ സമ്പൂർണ്ണ ഗോവധ നിരോധനത്തിന് ഒരു സാമ്പിൾ നീക്കം നടത്തി നോക്കിയത് ഓർമ്മകാണുമല്ലോ. ഗോവധ നിരോധന അജണ്ട മുൻ നിർത്തി തന്നെയാണ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ 'പശുവിന്റെ വാൽ' സമരം പോലെയുള്ള ഉജ്ജ്വല ദളിത് മുന്നേറ്റങ്ങൾ സംഘപരിവാറിനെതിരേ ഉയർന്നുവന്നതെങ്കിലും അതൊന്നും പിന്നീടു നടന്ന, ദളിതർക്കു നിർണ്ണായക സ്വാധീനമുള്ള യുപിയിലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനു തടസ്സമായില്ല. എന്നാൽ പലയിടങ്ങളിലും, പ്രത്യേകിച്ചു കേരളം ഉൾപ്പെടുന്ന സൗത്ത് ഇന്ത്യയിൽ ഇതു വൻ തിരിച്ചടിയുണ്ടാക്കാൻ പോന്ന ഒരു നീക്കമാണെന്നും അവർ തിരിച്ചറിഞ്ഞു. അതായതു പാടെ ഉപേക്ഷിക്കാനോ, പൂർണ്ണമായങ്ങു പുൽകാനോ പറ്റാത്ത ഒന്ന്!

ആ നിലയ്ക്കാണു ഗോവധ നിരോധനം നടപ്പിലാക്കിയെന്ന് ഉത്തരേന്ത്യയിലും ഗോ എന്നല്ല ഒരുതരം വധവും നിരോധിച്ചിട്ടില്ലെന്നു ഗോവധം തുറുപ്പുചീട്ടാക്കാൻ പറ്റാത്ത ഇടങ്ങളിലും ഒരുപോലെ വാദിച്ചു നിൽക്കാവുന്ന ഒരു രാഷ്ട്രീയ തന്ത്രം നോട്ടിഫിക്കേഷന്റെ രൂപത്തിൽ വനം, പരിസ്ഥിതി മന്ത്രാലയം വഴി ഇറങ്ങുന്നത്.

കൃഷി, പരിസ്ഥിതി തമാശകൾ


സമൂഹത്തിന്റെ ജൈവമായ വികസനം സാദ്ധ്യമാക്കുന്നതു കൃഷിയും കർഷകരുമാണ്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ സമഗ്ര ജൈവ വികസനം ലക്ഷ്യമിടുന്ന ഏതൊരു സർക്കാരിനും കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യം വയ്ക്കാതെ അതു സാദ്ധ്യമല്ല. കർഷക പുരോഗതിയെന്നത് ലൈവ് സ്റ്റോക്കിന്റെ പുരോഗതിയാണ് തുടങ്ങിയ റെട്ടറിക്കുകൾ നമ്മൾ ഒരുപാടു കേട്ടിട്ടുണ്ട്. ഒപ്പം ആധുനികതയുടെയും അതിന്റെ ഉപോല്പന്നമായ മുതലാളിത്തത്തിന്റെയും ഭാഗമായ ഉപഭോഗ സംസ്കൃതി ഈ സമഗ്ര കർഷക പുരോഗതിയെ ആകെ തുരങ്കം വയ്ക്കുന്ന ഒന്നാണെന്നും. അപ്പോൾ ആ മുതലാളിത്ത ചൂഷണത്തിനു ഫലപ്രദമായി തടയിടുന്ന ഒരു കർഷകപക്ഷ ഇടതു പദ്ധതിയല്ലേ ഇത് എന്നുവരെ സംഘ സൈദ്ധാന്തികർ പറഞ്ഞുവയ്ക്കാൻ ആയം കൂട്ടി വരുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഈ നോട്ടിഫിക്കേഷൻ വഴി കർഷകരുടെയും പരിസ്ഥിതിയുടെയും അവ കൂടിച്ചേരുന്ന ഒരു വികസന പദ്ധതിയിലൂടെ ആദർശത്തിന്റെയും പക്ഷത്താണീ സർക്കാർ എന്ന്.

കാർഷികാവാശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മാടുകളെ വിൽക്കാൻ അനുവദിച്ചാൽ കർഷകർ അതിനു രോഗം വരുമ്പോൾ വിറ്റ് ഒഴിവാക്കും. അങ്ങനെ വിൽക്കപ്പെടുന്ന കന്നുകാലികൾ കശാപ്പുശാലയിലെത്തും. ആ മാംസം വഴി ആരോഗ്യമുള്ള മനുഷ്യർക്കു രോഗം വരും. അതു തടയാനായി കാർഷികാവശ്യത്തിനുപയോഗിക്കുന്ന കാലികളെ വിൽക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവരുന്നു എന്നാണു പൊതുജനാരോഗ്യം മുൻ നിർത്തിയുള്ള ഭാഷ്യം. അപ്പോൾ ഇന്നലെവരെ രോഗം ബാധിച്ച കാലികളെയൊക്കെ പുല്ലുപോലെ അറുത്തു വിൽക്കാൻ അനുവദിക്കുന്ന തരം നിയമമുണ്ടായിരുന്നുവോ എന്നു ചോദിച്ചാൽ മറുപടിയില്ല.

കാലികളെ വിൽക്കാൻ നിരോധനമില്ല, അറുക്കാനും നിരോധനമില്ല, അറുക്കാനായി വിൽക്കുന്നതിനേ നിരോധനമുള്ളു എന്നതാണ് മറ്റൊരു ഭയങ്കര കർഷകപക്ഷ വാദം. ഈ കർഷകർ എന്നു പറയുന്നവർ ക്ഷീരകർഷകരും, ധാന്യ, പച്ചക്കറി ഇത്യാദി ഉല്പാദനത്തിൽ ഏർപ്പെടുന്ന കർഷകരും ആവണം. കാരണം ഒന്നാമത് കന്നുകാലികളെ വളർത്തി കൊന്നു വിൽക്കുന്ന മാംസ കർഷകർ കുറവ്. രണ്ടാമത്, ഇനി അങ്ങനെ ഒരു വിഭാഗമുണ്ടെങ്കിൽ തന്നെ അവർക്ക് അനുകൂലമല്ലല്ലോ ഇതുവരെ പറഞ്ഞുവന്ന ആദർശവാദമൊന്നും. ഉപജീവനത്തിനായി കന്നുകാലികളെ ഉപയോഗിക്കുന്ന കർഷകർ അതിൽ നിന്നുള്ള വരുമാനം ഇല്ലാതെയാകുമ്പോൾ ആർക്കു വിൽക്കും, അഥവാ ആരുവാങ്ങും തുടങ്ങിയ ചോദ്യങ്ങൾ സ്വാഭാവികമായും ഇവിടെ ഉണ്ടാകുന്നുണ്ട്. വരുമാനമുള്ള കാലിയെ സാധാരണഗതിയിൽ ഒരു കർഷകനും വിൽക്കില്ല. അഥവാ അങ്ങനെ വേണ്ടിവരുന്നെങ്കിൽ അതു ചീട്ടുകളിച്ചോ, കുതിരപ്പന്തയത്തിൽ പങ്കെടുത്തോ കാശുപോയുണ്ടായ ദാരിദ്ര്യം കൊണ്ടുമാവില്ല. പ്രകൃതിക്ഷോഭങ്ങളും വിളനാശവും ഒക്കെ ചേർന്നുണ്ടാകുന്ന വറുതികളെ അതിജീവിക്കാൻ, വിൽക്കാനും പണയം വയ്ക്കാനുമായി ആകെ ആടുമാടുകളേ ഉള്ളൂ എന്ന അവസ്ഥയിലായിരിക്കും. അതാവട്ടെ അവനൊരാൾക്കു മാത്രമായി ഉണ്ടാവുന്നതല്ല, അതാതു പ്രദേശങ്ങളിലെ കർഷകർക്കു പൊതുവായി ഉണ്ടാകുന്നതാണ്. മറ്റൊരു കർഷകനു മാടിനെ വിറ്റ് അതിനെ അവർ എങ്ങനെ അതിജീവിക്കും?

നിർമ്മിതമായ പ്രതിസന്ധിക്കു പൂർവ്വനിർമ്മിത പരിഹാരം


ആരോഗ്യമുള്ള മാടിന്റെ കാര്യത്തിൽ കർഷകരുടെ അവസ്ഥ ഇതാണെങ്കിൽ ആരോഗ്യവും വരുമാനവുമില്ലാത്ത മാടുകളെ അവർ എങ്ങനെ തീറ്റിപ്പോറ്റി മുമ്പോട്ടു പോകുമെന്നതാണു സർവ്വപ്രധാനമായ ചോദ്യം. ഈ ചോദ്യത്തെ മറുചോദ്യംകൊണ്ടാണ്, മാംസാഹാരവിരുദ്ധർ നേരിടാറ്. "ഇതുവരെ വരുമാനം തന്നു കാത്തുപോന്ന ഒരു മൃഗത്തെ ഗതികെടുമ്പോൾ അറുക്കാൻ കൊടുക്കുന്നതാണോ നീതി? ആരോഗ്യമുള്ളപ്പോൾ അവ വരുമാനവും തന്നിരുന്നില്ലേ? ആ കാശോക്കെ ഏത് സ്വിസ്ബാങ്കിൽ കൊണ്ടിട്ടു? സ്വന്തം അമ്മയ്ക്ക് ആരോഗ്യമില്ലാതെ വരുമ്പോ അവരെയും അറുക്കാൻ കൊടുക്കുകയാണോ പതിവ്?" - ചോദ്യങ്ങൾ പൂർവ്വനിശ്ചിതമാണ്.

കൃഷിയെയും ഗ്രാമ്യ വിശുദ്ധിയെയും കുറിച്ചു ഗൃഹാതുര സ്മരണകൾ മാത്രമുള്ള നാഗരിക കാല്പനിക ജീവികൾക്ക് ഇതു കേൾക്കുന്ന മാത്രയിൽ കണ്ണുനിറയും. പക്ഷേ ഒരു കൃഷിക്കാരനും ആ ജാതി കണ്ണീരും കവിതയും കൊണ്ടു കണ്ണല്ല, ഒരു കോപ്പും നിറയില്ല, ഒഴിയുകയേയുള്ളു. അവരുടെ അതിജീവന ക്രമത്തിൽ എളുപ്പം ക്രയവിക്രയം ചെയ്യാവുന്ന, നാഗരികർക്കു സ്വർണ്ണം പോലെയുള്ള ഒരു വസ്തു ഒരു സുപ്രഭാതത്തിൽ പുല്ലുവിലയില്ലാത്ത ഒന്നായി തീരുകയാണ്; മോഡിജി നിരോധിച്ച ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകൾ പോലെ!

ഇനി, ഇത്തരം ഒരു നിയമമുണ്ടായാൽ അതിന്റെ ഇരകളായ കർഷകർ എന്തു ചെയ്യും? അമ്മയെ എന്തുചെയ്യും എന്ന ചോദ്യത്തിന് ഒരമ്മയേ ഉള്ളു, അവരെ നോക്കും എന്നുപറയുമ്പോലെ കർഷകർക്ക് ഒരു പശുവിനെ വച്ചു ജീവിതം കഴിക്കാൻ പറ്റില്ലല്ലൊ. അപ്പോൾ അവർ അമ്മയെ ഉപയോഗിച്ചുള്ള അതിജീവന വൃത്തിയിൽനിന്ന്, അതായതു കന്നുകാലികളെ വച്ചുള്ള കൃഷിയിൽനിന്നു പിന്തിരിയും. ഉള്ളവയ്ക്കു വരുമാനം കിട്ടാതാകുമ്പോൾ വെള്ളം പോലും കൊടുക്കാത്ത അവസ്ഥയാവും. ക്രൂര കർഷകർതൻ മാതൃനിന്ദ എന്നൊക്കെ സംഘഗായകരായ കവികൾ വിലപിച്ചേക്കാം, പക്ഷേ അതു തന്നെ സംഭവിക്കും. ഗോശാലകളെ കുറിച്ച് ആനന്ദ് കുറേക്കാലം മുമ്പ് എഴുതിയ പ്രവചന സ്വഭാവമുള്ള കുറിപ്പ് ഓർമ്മിക്കുക.

തുകലും മറ്റും ഉപയോഗിക്കുന്നതിലും ഈ ആദർശ വിലക്കുകൾ ബാധകമാക്കിയാൽ - അമ്മയുടെ തോൽ നാം ഉരിഞ്ഞു വിൽക്കാറില്ലല്ലോ - എന്താവും അവസ്ഥ? നാറ്റം കൊണ്ടു പൊറുതിമുട്ടുന്ന ഒരാൾ തൊട്ടടുത്തില്ലെങ്കിൽ വീണുചത്ത പശുവിനെ കുഴിച്ചിടാൻ പോലും ആരും മെനക്കെടില്ല. രോഗം ബാധിച്ച മാടിനെ കർഷകർ വിൽക്കുന്നതു തടയാനാണല്ലോ ഈ ചട്ടം കെട്ടിയിറക്കിയത്! അപ്പോ ഈ അവസ്ഥ പരത്താവുന്ന സാംക്രമിക രോഗങ്ങളോ? അതപ്പോൾ കാണാമെന്നാണോ? അല്ല. സംഗതി അതുമല്ല.

കണ്ണിൽ കാണുന്ന കച്ചവടക്കാരന് അറുക്കാനായി ആടുമാടുകളെ വിൽക്കുമ്പോഴാണ്, അവർ ചെക് പോസ്റ്റിലും വെറ്റനറി ഹോസ്പിറ്റലിലും കൈക്കൂലി കൊടുത്തു കാര്യം നടത്തുമ്പോഴാണ്, മനുഷ്യരിലേക്കു രോഗം പകരുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതാണ് അവരുടെ ഭാഷ്യം, അല്ലാതെ മാടിനെ കശാപ്പ് ചെയ്യുന്നതുകൊണ്ടല്ല. അപ്പോൾ പകരം എന്തു വേണം? അതിനു കേന്ദ്രീകൃതമായ ഒരു കോർപ്പറേറ്റ് സംവിധാനം വേണം. അവർ മാടുകളെ കർഷകരിൽനിന്നു കളക്ട് ചെയ്യും. അവർ നിശ്ചയിക്കുന്നതാവും വില എന്നതു മാറ്റിവച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. കാലികളെ കുത്തിനിറച്ചു ട്രക്കുകൾ ചെക്ക് പോസ്റ്റ് കടന്നു പോകുന്നതൊക്കെ പിന്നെയും ഉണ്ടാവും, പക്ഷേ ടെലിവിഷൻ സ്റ്റോറികൾ ഉണ്ടാവില്ല.

ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പരിഹാരം


കശാപ്പിനു വിലക്കില്ല, വില്പനയ്ക്കും വിലയ്ക്കില്ല, കശാപ്പിനായി വിൽക്കുന്നതിനേ വിലക്കുള്ളു എന്ന പ്രത്യക്ഷത്തിൽ ജന്തുപക്ഷ പോസ്റ്റ് മോഡേൺ ഉൾക്കാഴ്ചയായി തോന്നാവുന്ന ഈ നോട്ടിഫിക്കേഷൻ സംഘപരിവാരത്തിനായി ഫലത്തിൽ സാധിക്കുന്നത്, കൂട്ടിയോജിപ്പിക്കാൻ പറ്റാത്ത രണ്ട് അജണ്ടകളുടെ സംഗമാണ്. ഇന്നു ലോകത്തെ ഏറ്റവും വലിയ ബീഫ് എക്സ്പോട്ടേഴ്സിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. അതിലുള്ള കോർപ്പറേറ്റ് താല്പര്യങ്ങളെ അട്ടിമറിക്കാൻ ബിജെപിയുടെ വലതുപക്ഷ സർക്കാരിന് ആവില്ല. എന്നാൽ നമ്മുടെ ജനാധിപത്യത്തിൽ അവർ പയറ്റിത്തെളിഞ്ഞ വിഭാഗീയതയിലൂടെയുള്ള കേന്ദ്രീകരണം എന്ന തന്ത്രത്തെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവുന്ന ഒന്നല്ല ഗോവധ നിരോധനം എന്ന തിരിച്ചറിവിനുനേരേ കണ്ണടയ്ക്കാനുമാവില്ല. പ്രശ്നം ഗോവധനിരോധനം എന്ന പ്രതീതി നിലനിർത്തിക്കൊണ്ടു തന്നെ ഗോമാതാവിനെ ഉൾപ്പെടെ കൊന്നു കയറ്റുമതി ചെയ്യുക എന്നതു പ്രയോഗതലത്തിൽ എങ്ങനെ സാദ്ധ്യമാക്കാം എന്നതാണ്.

അതിനൊരു പരിഹാരമാകുന്നു പുതിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ. അതിൽ കശാപ്പിനേ നിരോധനമില്ല, ഗോ മാതാവിനു മാത്രമായി ഒന്നില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഫലത്തിൽ കശാപ്പ് മൊത്തത്തിൽ അസാധുവാക്കുന്ന വിലക്കുകളില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. കർഷക സ്നേഹം കൊണ്ടു ലൈവ് സ്റ്റോക്കിനെ നിലനിർത്താനായി ഒരു ചട്ടം കൊണ്ടുവരുന്നു. അതു കർഷകർക്ക് ഉണ്ടാക്കുന്ന പ്രായോഗിക അധിക ബാദ്ധ്യതയെ അതിജീവിക്കാനായി പ്രായം ചെന്നതും ആരോഗ്യം ക്ഷയിച്ചതുമായ 'ലൈവ് സ്റ്റോക്ക്'നെ ആരോഗ്യകരമായി കളക്ട് ചെയ്ത് കൊന്നു കച്ചവടം ചെയ്യാൻ കോർപ്പറേറ്റുകളെ ക്ഷണിക്കുന്നു. കർഷകരുടെ പ്രശ്നം തീർന്നില്ലേ? ഒപ്പം പൊതുജനാരോഗ്യവും സംരക്ഷിക്കപ്പെട്ടില്ലെ?

സമ്മതിക്കണം, നമ്മൾ വകതിരിവില്ലാത്തവരുടെ ഒരു രാജ്യമാണെന്ന്; അതിൽ ബിജെപി തന്നെയാണു നമ്മെ പ്രതിനിധീകരിക്കാൻ പോന്ന ഏറ്റവും നല്ല രാഷ്ട്രീയ സംഘടന എന്നും.

Story by