വെള്ളാപ്പള്ളി നടേശനും മൂന്നാറിലെ കുരിശും

യഥാര്‍ത്ഥത്തില്‍ കുരിശടികളല്ല കൈയേറ്റങ്ങള്‍ക്കു മറയായത്. അതു 'കുരിശിന്റെ വഴിയും' 'കുരിശുമല കയറ്റ'വുമാണ്. ഇതു രണ്ടും പാശ്ചാത്യവുമാണ്. റോമന്‍ കത്തോലിക്കാ സഭയുടെ പാരമ്പര്യത്തില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയുടെ ഭാഗമായി 'കുരിശിന്റെ വഴി'എന്നൊരു ചടങ്ങുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ 14 സംഭവങ്ങളെ സ്മരിക്കുന്ന 14 രൂപങ്ങളോ കുരിശുകളോ വച്ച സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ട് പുരോഗമിക്കുന്ന ഒരു പ്രദക്ഷിണമാണ് ഇത്. പള്ളിപുരയിടത്തില്‍ ആ സ്ഥാനങ്ങള്‍ രേഖപ്പെടുത്തുന്ന തിരസ്വരൂപങ്ങളോ കുരിശുകളോ സ്ഥാപിച്ചോ, പൊതുവഴികളില്‍ അന്നൊരു ദിവസംമാത്രം 14 കുരിശുകള്‍ താല്‍ക്കാലികമായി സ്ഥാപിച്ചോ ആണ് കേരളത്തിലെ ഭൂരിപക്ഷം റോമന്‍ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നും 'കുരിശിന്റെ വഴി' നടത്തുന്നത്. പക്ഷേ അപൂര്‍വം ചില സ്ഥലങ്ങളില്‍ പൊതു ഇടങ്ങളില്‍ 'കുരിശിന്റെ വഴി'ക്ക് സ്ഥിരമായി 14 കുരിശടികള്‍ സ്ഥാപിച്ചു. ഇവയില്‍ മിക്കതും സ്ഥലം കൈയേറ്റമാണന്ന ആരോപണം നിലവിലുണ്ട്.

വെള്ളാപ്പള്ളി നടേശനും മൂന്നാറിലെ കുരിശും

ശ്രീ വെള്ളാപ്പള്ളി നടേശന്‍ എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറിയായശേഷം അധികതാമസമന്യേ യോഗം ശാഖകള്‍ക്കു ഗുരുമന്ദിരങ്ങളെപ്പറ്റി ഒരു സര്‍ക്കുലര്‍ അയച്ചു. ഗുരുമന്ദിരങ്ങളുടെ നിര്‍മാണം, പരിപാലനം, ബഹുമാന്യത മുതലയവയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായിരുന്നു ആ സര്‍ക്കുലറിന്റെ ഉള്ളടക്കം. ശാഖകള്‍ക്കു പരിപൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഭൂമിയില്‍ മാത്രമേ ഗുരുമന്ദിരങ്ങള്‍ പണിയാവൂ എന്നതായിരുന്നു അവയിലൊന്ന്. ഒരു വലിയ ജനവിഭാഗത്തെ ഗുരുതരമായ ഗുരുനിന്ദയില്‍നിന്നും വിമുക്തരാക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ സര്‍ക്കുലറിനെക്കുറിച്ച് അന്ന് ഒരു സുഹൃത്തു പറഞ്ഞറിഞ്ഞപ്പോഴാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന വ്യക്തിയേക്കുറിച്ചു ബഹുമാനം തോന്നിയത്.

മൂന്നാറിലെ വിവാദ കുശിശു നീക്കംചെയ്ത സര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തില്‍ ഈ സര്‍ക്കുലറിനു വലിയ പ്രാധാന്യമുണ്ട്. റവന്യു ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് സര്‍ക്കാര്‍ നീക്കംചെയ്ത നടപടിക്കെതിരെ കേരളത്തിലെ ക്രൈസ്തവര്‍ ഒന്നടങ്കം പ്രതികരിക്കുമെന്നു കരുതിയവര്‍ക്കു തെറ്റി. ക്രൈസ്തവരില്‍ ഭൂരിപക്ഷവും നിസംഗത പാലിക്കുക മാത്രമല്ല, സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചുകൊണ്ട് പ്രമുഖ ക്രൈസ്തവ ചിന്തകര്‍ രംഗത്തെത്തുകയും ചെയ്തു. നിയമവിധേയ മനുഷ്യനായിരുന്ന യേശുക്രിസ്തുവിന്റെ പ്രതീകമായ കുരിശ് നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ക്കു മറയാക്കാനാവില്ല എന്ന് അവരില്‍ ഒരുവിഭാഗം വാദിക്കുന്നു. ഉദ്യോഗസ്ഥന്‍ നികുതി ചോദിച്ചെത്തിയപ്പോള്‍ 'കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും' എന്നുപറഞ്ഞ് നികുതി കൊടുക്കാന്‍ നിര്‍ദ്ദേശിച്ച ക്രിസ്തുവിന്റെ പേരില്‍ എങ്ങിനെ സര്‍ക്കാര്‍ഭൂമി കയ്യേറാനാവും എന്നും അവര്‍ ചോദിക്കുന്നു.

കുരിശ് ക്രിസ്തുമതത്തിന്റെ പ്രതീകമാണ്. പക്ഷേ കുരിശിന്റെ പ്രതീകാത്മകതയെപ്പറ്റി വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കു വ്യത്യസ്തമായ ദര്‍ശനങ്ങളാണുള്ളത്. സ്‌നേഹം, സഹനം, ത്യാഗം മുതലായവയെ ആണ് കുരിശു പ്രതീകവത്കരിക്കുന്നത് എന്നതില്‍ സഭകള്‍ തമ്മില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍ അത് ഒരു ചിഹ്നം എന്ന നിലയില്‍ ഉപയോഗിക്കുന്നതില്‍ കടുത്ത വൈജാത്യമുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളില്‍ പെന്തക്കോസ്ത് പോലെയുള്ള തീവ്ര പ്രൊട്ടസ്റ്റന്റ് സഭകള്‍ കുരിശ് ഒരിക്കലും ഒരിടത്തും ഉപയോഗിക്കുന്നില്ല. സി.എസ്.ഐ., മാര്‍ത്തോമ്മാ പോലുള്ള എപ്പിസ്കോപ്പല്‍ പ്രൊട്ടസ്റ്റന്റ് സഭകള്‍ കുരിശ് മതചിഹ്നമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവയുടെ നിര്‍മ്മിതി ദേവാലയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കാ വിഭാഗങ്ങള്‍ക്കു മാത്രമാണ് ദേവാലയാങ്കണത്തിനു പുറത്ത് കുരിശടികള്‍ ഉള്ളത്.

കേരളത്തിലെ കുരിശടികളുടെ നിര്‍മ്മാണത്തിന് ഇവിടുത്തെ അങ്ങാടി സംസ്‌കാരവുമായി ചരിത്രപരമായ ബന്ധമുണ്ട്. നസ്രാണികള്‍ എന്നും സുറിയാനി ക്രിസ്ത്യാനികള്‍ എന്നും അറിയപ്പെടുന്ന കേരളത്തിലെ കൊളോണിയല്‍പൂര്‍വ ക്രൈസ്തവര്‍ പ്രായേണ വ്യാപാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു. അവരുടെ ആവാസവും പ്രവര്‍ത്തനവും പൊതുവെ അങ്ങാടികളായിട്ടായിരുന്നു. അത്തരം അങ്ങാടികളേയും അവയിലേയ്ക്കു നയിക്കുന്ന കടവുകളേയും പാതകളേയും അടയാളപ്പെടുത്തുവാനായിരുന്നു അവിടെ കല്‍ക്കുരിശുകള്‍ സ്ഥാപിച്ചിരുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നസ്രാണികളുടെ അങ്ങാടി സംസ്കാരം തകരുകയും അവര്‍ ഉള്‍നാടുകളിലേയ്ക്കു കുടിയേറുകയും ചെയ്തതോടെ അത്തരം നിര്‍മിതികള്‍ അപ്രസക്തമായി. പിന്നീടു കുരിശടികള്‍ പ്രസക്തമാകുന്നത് പള്ളിപ്പെരുന്നാളുകളുടെ ഊരുവലത്ത് പ്രദക്ഷിണങ്ങളുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു. അവയാകട്ടെ പ്രദക്ഷിണ പാതയുടെ പ്രാന്തങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നു. വിജനപ്രദേശങ്ങളിലും കുന്നിന്‍ മുകളിലുമുള്ള കുരിശടികള്‍ ഇക്കാര്യത്തില്‍ ഫലശൂന്യമായിരുന്നു. വരുമാനത്തിന്റെ കാര്യത്തിലും. അതുകൊണ്ട് അവയ്ക്കാരും മെനക്കെട്ടില്ലാ എന്നതും ഒരു വസ്തുതയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യപൂര്‍വ്വകാലത്തു സര്‍ക്കാര്‍ ഭൂമികളില്‍ അനധികൃതമായി ദേവാലയ നിര്‍മ്മാണം നടത്തുക അസാദ്ധ്യമായിരുന്നു. അവയെ തടയുന്ന നിയമങ്ങള്‍ നിലവിലുണ്ടായിരുന്നതായിരുന്നു കാരണം. ഉദാഹരണത്തിനു തിരുവിതാംകൂറില്‍ റീജന്റ് മഹാറാണി ഗൗരി പാര്‍വതി ഭായിയുടെ ഭരണകാലത്ത് 1827-ല്‍ നടപ്പിലാക്കിയ ഒരു നിയമം അനുസരിച്ചു ക്ഷേത്രങ്ങള്‍, പള്ളികള്‍, മുതലായവയുടെ നിര്‍മ്മിതിക്കു മുന്‍കൂര്‍ സര്‍ക്കാര്‍ അനുവാദം വാങ്ങേണ്ടിയിരുന്നു. അത്തരം നിര്‍മ്മാണനുമതി ലഭിക്കുന്നതിനുള്ള അനുപേക്ഷണീയ ഘടകം ഭൂമിയുടെ ഉടമസ്ഥാവകാശമായിരുന്നു. പാട്ടഭൂമി ഇക്കാര്യത്തിന് ഉപയോഗിക്കാനാവുമായിരുന്നില്ല. പട്ടയമോ വിലയാധാരമോ, ദാനാധാരമോ ഉള്ള, സര്‍ക്കാരിലേയ്ക്കു കരംകെട്ടുന്ന ഭൂമി മാത്രമേ പരിഗണിച്ചിരുന്നൊള്ളു. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ഭൂമിയില്‍ മതനിര്‍മ്മിതികള്‍ അചിന്ത്യമായിരുന്നു. സ്വാതന്ത്ര്യാനന്തര ജനകീയ കാലത്താണു മതചിഹനങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ഭൂമി കയ്യേറുന്ന പ്രവണത ജന്മമെടുത്തത്. പിന്നീടതു ഭൂമി കൈയ്യേറ്റത്തിനുള്ള മറയായി മാറി.

പള്ളികളുടെ എണ്ണവും സാമ്പത്തികസ്ഥിതിയും ഉയര്‍ന്നതോടെ ആനുപാതികമായി കുരിശടികളുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. പക്ഷേ അവിടെയും ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ചില നിബന്ധനകള്‍ പാലിച്ചിരുന്നു. ഉദാഹരണത്തിന് ഓര്‍ത്തഡോക്സ് സഭയില്‍ ദാനം കിട്ടിയതാണെങ്കിലും പള്ളിക്ക് ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന രേഖ ഹാജരാക്കിയാല്‍ മാത്രമേ കുരിശടികള്‍ക്കു ശിലാസ്ഥാപനം നടത്തുവാന്‍ മെത്രാന്‍ അനുവാദം നല്‍കുകയോ ആശീര്‍വദിക്കുകയോ ചെയ്യുകയുള്ളു. വൈദീകനാല്‍ ആശീര്‍വദിക്കപ്പെടുമ്പോള്‍ മാത്രമേ മരമോ സിമന്റോ ലോഹമോ കൊണ്ടു നിര്‍മിച്ച വസ്തു ദൈവീകപ്രതീകമാകൂ എന്ന നിലപാടാണ് ആ സഭയ്ക്കുള്ളത്. ഈ പശ്ചാത്തലത്തിലാണ് യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്താ ...

'മൂന്നാറിലെ കുരിശിന്റെ കാര്യത്തില്‍ വിശ്വാസത്തിന്റെ ഒരു പ്രശ്നവുമില്ല. രണ്ടു കഷണം മരമോ ലോഹമോ ചേര്‍ത്തുവച്ചാല്‍ കുരിശാവില്ല. അതിനു വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മയും ദൈവ സൃഷ്ടിയുടെ വിമോചനാത്മക ലക്ഷ്യവും ഉണ്ടാകണം. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ അനധികൃത കുടിയേറ്റ താല്പര്യവും ദൈവസൃഷ്ടി ആയ പ്രകൃതിക്കെതിരെ ഉള്ള അതിക്രമവും ആണ്. അതുകൊണ്ടു തന്നെ ഇതിന് ഒരു വിശുദ്ധിയും ഇല്ല.'...

എന്നു പ്രസ്താവിച്ചത്.

യഥാര്‍ത്ഥത്തില്‍ കുരിശടികളല്ല കയ്യേറ്റങ്ങള്‍ക്കു മറയായത്. അതു 'കുരിശിന്റെ വഴിയും' 'കുരിശുമല കയറ്റ'വുമാണ്. ഇതു രണ്ടും പാശ്ചാത്യവുമാണ്. റോമന്‍ കത്തോലിക്കാ സഭയുടെ പാരമ്പര്യത്തില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയുടെ ഭാഗമായി 'കുരിശിന്റെ വഴി'എന്നൊരു ചടങ്ങുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ 14 സംഭവങ്ങളെ സ്മരിക്കുന്ന 14 രൂപങ്ങളോ കുരിശുകളോ വച്ച സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ടു പുരോഗമിക്കുന്ന ഒരു പ്രദക്ഷിണമാണ് ഇത്. പള്ളിപ്പുരയിടത്തില്‍ ആ സ്ഥാനങ്ങള്‍ രേഖപ്പെടുത്തുന്ന തിരുസ്വരൂപങ്ങളോ കുരിശുകളോ സ്ഥാപിച്ചോ, പൊതുവഴികളില്‍ അന്നൊരു ദിവസംമാത്രം 14 കുരിശുകള്‍ താല്‍ക്കാലികമായി സ്ഥാപിച്ചോ ആണ് കേരളത്തിലെ ഭൂരിപക്ഷം റോമന്‍ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നും 'കുരിശിന്റെ വഴി' നടത്തുന്നത്. പക്ഷേ അപൂര്‍വം ചില സ്ഥലങ്ങളില്‍ പൊതു ഇടങ്ങളില്‍ 'കുരിശിന്റെ വഴി'ക്കു സ്ഥിരമായി 14 കുരിശടികള്‍ സ്ഥാപിച്ചു. ഇവയില്‍ മിക്കതും സ്ഥലം കയ്യേറ്റമാണന്ന ആരോപണം നിലവിലുണ്ട്.

ഇതിനേക്കാള്‍ ദോഷകരമാണ് 'കുരിശുമല കയറ്റം.' കൊളോണിയല്‍ കാലത്ത് ബോധപൂര്‍വ്വം നിക്ഷിപ്ത താല്പര്യങ്ങളോടെ വളര്‍ത്തിയെടുത്ത മലയാറ്റൂര്‍ ഐതീഹ്യം പില്‍ക്കാലത്ത് 'കുരിശുമല കയറ്റങ്ങള്‍ക്ക്' പ്രചോദനമായി. അതോടെ 'ആ മലയും ഈ മലയും' കുരിശുമലകളായി മാറി. ഇന്നും മാറിക്കൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഇതു സാമ്പത്തിക ലാഭം മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇന്നവ ഭൂമി കയ്യേറ്റങ്ങള്‍ക്കു മുഖംമൂടിയായി എന്നതു സത്യമാണെന്നു കരുതേണ്ടിയിരിക്കുന്നു. 'കുരിശിന്റെ വഴിയും കുരിശുമല കയറ്റവും' സമജ്ഞസിപ്പിച്ചതോടെ ഇതിന്റെ ഭൂമിക വിശാലമായി. അതല്ലേ മൂന്നാറില്‍ സംഭവിച്ചത്?

കുരിശു മാത്രമല്ല ഭൂമി കയ്യേറ്റത്തിനു ദുരുപയോഗം ചെയ്യുന്നത്. ഒരു വ്യാഴവട്ടക്കാലം മുമ്പ് ഉത്തര മലബാറില്‍ ഈ ലേഖകന്‍ ദേശീയ/സംസ്ഥാന പാതയോരത്തു റോഡ് പുറമ്പോക്കില്‍ അനേകം 'മുത്തപ്പന്‍ മടപ്പുര'കള്‍ കണ്ടു. എല്ലാം സമീപകാലത്തു സൃഷ്ടിച്ചവ. അതിനേപ്പറ്റി പ്രദേശവാസിയും പറശിനിക്കടവു മുത്തപ്പന്റെ കടുത്ത വിശ്വാസിയുമായ സുഹൃത്ത് പുച്ഛരസത്തില്‍ പറഞ്ഞത് പ്രസക്തമാണ്.

'ക്ഷേത്രമാണെങ്കില്‍ സ്ഥാനം, തന്ത്രി, വാസ്തു, മുഹൂര്‍ത്തം ഒക്കെ വേണം. മടപ്പുരയാകുമ്പോള്‍ ഇതൊന്നും വേണ്ട. ഒറ്റരാത്രികൊണ്ട് പണിപറ്റിക്കാം.'

ഇവയുടെ ഉദ്ദേശലക്ഷ്യങ്ങളേപ്പറ്റി അദ്ദേഹം പറഞ്ഞത് ഇവിടെ വെളിപ്പെടുത്തുന്നില്ല. സമീപകാലത്ത് ഉയര്‍ന്നുവന്ന ചില സ്വയംഭൂ ക്ഷേത്രങ്ങളുടെ ലക്ഷ്യവും അദ്ദേഹം പറഞ്ഞതില്‍നിന്നു വിഭിന്നമല്ല.

ഇതുപോലെ തന്നെയാണ് ചില ജാറങ്ങളുടെ 'വളര്‍ച്ച'യും. തെരുവോരങ്ങളില്‍ അനാഥമായി കിടന്നിരുന്ന പല 'മറവിടങ്ങളും' രായ്ക്കുരാമാനം ഖബര്‍സ്ഥാനങ്ങളും മഖ്ബറകളും ജാറങ്ങളുമായി പരിണമിച്ച് അവയ്ക്കു സ്ഥിരം നിര്‍മ്മിതികളുമുണ്ടാകുന്ന കാഴ്ചയും കേരളം ദര്‍ശിക്കുന്നു. ഇവിടെയൊക്കെയും ലക്ഷ്യവും ദുരന്തവും ഒന്നുതന്നെ. ലക്ഷ്യം സ്വത്ത്; ദുരന്തം സര്‍ക്കാര്‍ ഭൂമി; മൂന്നാറിലാകുമ്പോള്‍ പരിസ്ഥിതിയും.

ഇതു കേരളത്തില്‍ മാത്രമല്ല ഇന്ത്യ ഒട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഡല്‍ഹിയെ നോയിഡയുമായി ബന്ധിക്കുന്ന ഒരു എക്സ്പ്രസ്-വേയുടെ ഏകദേശം ഒരു കിലോമീറ്റര്‍ നീളുന്ന ഡിവൈഡറില്‍ ഉത്ഭവിച്ച ഒരു പ്രതിഷ്ഠ ഇന്നു 'ശ്രീകോവില്‍, തിടപ്പള്ളി, സ്വാമിയാര്‍മഠം, കാര്യാലയം' മുതലായ നിര്‍മ്മിതികളുമായി വളര്‍ന്നിരിക്കുന്നു. ഇടംവലംനോക്കാതെ റോഡുമുറിച്ചു കടക്കുന്ന 'ഭക്തജനങ്ങള്‍' വാഹനസാരഥികള്‍ക്കു ഭീകരസ്വപ്നമായി നിലനില്‍ക്കുമ്പോഴും അധികൃതര്‍ നിസംഗരാണ്. ഇതുതന്നെയല്ലേ കേരളത്തിലും സംഭവിക്കുന്നത്?

ഇത്തരം കയ്യേറ്റങ്ങളില്‍ ആത്യന്തികമായി അപഹാസിതരാവുന്നത് ദൈവം തന്നെയാണ്. മൂന്നാറില്‍ സംഭവിക്കുന്നതും അതുതന്നെ. മൂന്നു ദശാബ്ദം മുമ്പ് മഹാരാഷ്ട്രയിലെ അനേകമനേകം പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചതായി കണ്ട ഗണപതി പ്രതിഷ്ഠകളില്‍ ഭൂരിഭാഗവും സമീപകാല യാത്രയില്‍ ഉപേക്ഷിക്കപ്പെട്ട് അനാഥമായി കാടുകയറിക്കിടക്കുന്നത് ഈ ലേഖകന്‍ നേരിട്ടു കണ്ടതാണ്. അവയുടെ സ്ഥാപനോദ്ദേശം, മിക്കവാറും ഭൗതീകം മാത്രം, പൂര്‍ത്തിയായതോടെ ദൈവവും തഴയപ്പെട്ടു. വാണിജ്യ - സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തിക്തഫലം. ഖിന്നമാക്കപ്പെടുന്നത് യഥാര്‍ത്ഥ വിശ്വാസികളുടെ ആത്മാവും. ഗുരുമന്ദിരങ്ങളും ഇപ്രകാരം ദുരുപയോഗപ്പെടുന്നു എന്നു മനസിലാക്കി ആവണം ശ്രീ വെള്ളാപ്പള്ളി നടേശന്‍ അത്തരമൊരു സര്‍ക്കുലര്‍ അയച്ചത്. ആ ക്രാന്തദര്‍ശിത്വത്തെ അഭിനന്ദിച്ചേ പറ്റൂ. 'കുരിശുകൃഷി'ക്കു തടയിടാത്ത സഭാനേതൃത്വങ്ങളും കൂട്ടുനില്‍ക്കുന്നത് സ്വന്തം മതചിഹ്നങ്ങളെ അപമാനിക്കാനാണ്.

രാഷ്ട്രീയക്കാര്‍ക്കും ഇത്തരം പ്രതീക ദുരുപയോഗത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല. കൊടിമരങ്ങളും സമൃതിമണ്ഡപങ്ങളുമായി ഇടുങ്ങിയ വഴികളും റോഡുകളും പോലും നിറച്ചിരിക്കുകയാണവര്‍. ഒരു ഇടുങ്ങിയ കവലയില്‍ ഒരേ രാഷ്ടീയപ്പാര്‍ട്ടിയുടെ 6 കൊടിമരങ്ങള്‍! മറ്റ് ആറു രാഷ്ട്രീയ പാര്‍ട്ടികള്‍ അവിടെ കൊടിമരമിട്ടു. ഓരോന്നിന്റെയുംമേല്‍ ആധിപത്യം ഉറപ്പാക്കാന്‍ ഓരോ കൊടിമരമിട്ടു എന്നാണ് ഇതിന്റെ കാരണം തിരക്കിയപ്പോള്‍ അറിഞ്ഞത്! അടുത്ത കവലയില്‍ മറ്റൊരു പ്രസ്ഥാനത്തിന്റെ വക മൂന്ന്! കാരണം പഴയതുതന്നെ! പോരാത്തതിന് വഴിമുടക്കി വെയ്റ്റിങ് ഷെഡുകളും! കേരളത്തിലെ ഒരു നഗരത്തിലെ തിരക്കുപിടിച്ച ബസ് സ്റ്റോപ്പില്‍ അപകടകരമായ അവസ്ഥയില്‍ ഒരു വെയിറ്റംഗ് ഷെഡ് നില്‍പ്പുണ്ട്. തൊട്ടടുത്ത് മുന്‍സിപ്പാലിറ്റി വക വിശാലമായ ആധുനിക വെയ്റ്റിങ് ഷെഡ് വന്നിട്ടും അപകടഭീഷണി ഉയര്‍ത്തി ഈ പഴയ നിര്‍മ്മിതി ഇന്നും നിലനില്‍ക്കുകയാണ്. മനുഷ്യജീവനു ഭീഷണിയായ ഈ നിര്‍മ്മിതി പൊളിച്ചുമാറ്റാന്‍ മുന്‍സിപ്പല്‍ അധികൃതര്‍ ഇന്നും തയാറല്ല. കാരണം അതില്‍ ഒരു പ്രമുഖ യുവജനസംഘടനയുടെ നാമം എഴുതിയിട്ടുണ്ടത്രെ! പരിതാപകരം.

സ്വന്തം പുരയിടത്തിന്റെ അതിരില്‍ സ്വന്തം ചെലവില്‍ കുരിശടി പണിത ഒരു മഹാനെ അറിയാം. ആ പുരയിടത്തിന്റെ അതിരിലുള്ള ഒരു വഴിക്കു വീതികൂട്ടുവാന്‍ സ്വന്തം പുരയിടം വിട്ടുകൊടുക്കാതിരിക്കാനുള്ള തന്ത്രമായിരുന്നത്രെ ഇത്. വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും ഇതു ആശീര്‍വദിക്കാന്‍ പള്ളിക്കാരോ മെത്രാനോ തയാറായില്ല. വില്പത്രപ്രകാരം വിട്ടുകൊടുത്തിട്ടും ഏറ്റെടുക്കാന്‍ അവര്‍ തയാറായില്ല. അവസാനം ആ മാന്യദേഹം മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ കുരിശടി സഭ ഏറ്റെടുത്തതും ആശീര്‍വദിച്ചതും!

ചുരുക്കത്തില്‍ ഭൂമി കയ്യേറ്റത്തിനും ഭൂസംരക്ഷണത്തിനും ഇന്നു മതചിഹ്നങ്ങള്‍ നിര്‍ബാധം കവചമാക്കുന്നു. ഇതില്‍ നിശബ്ദരാകുന്ന മതസംഘടനകള്‍ സ്വന്തം മത ചിഹ്നങ്ങള്‍ അപമാനിക്കപ്പെടുന്നതിനു അവസരം സൃഷ്ടിക്കുകയാണ് എന്നു തിരിച്ചറിയുന്നുണ്ടോ? സര്‍ക്കാര്‍ റോഡുകളില്‍ സ്ഥിരം പ്രചരണസാമഗ്രികള്‍ പ്രതിഷ്ഠിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇവിടെ നിശബ്ദരാകാനെ കഴിയു.

ഈ പശ്ചാത്തലത്തില്‍വേണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോടുള്ള എതിര്‍പ്പും കണക്കിലെടുക്കാന്‍. ഒരു മതനിന്ദ എന്ന നിലയില്‍ പരിഗണിച്ച് കേരളത്തിലെ ക്രൈസ്തവര്‍ ഒന്നടങ്കം ഇതിനെതിരെ കൈകോര്‍ത്തിട്ടൊന്നുമില്ല. അവരില്‍ ഭൂരിപക്ഷവും റിപ്പോര്‍ട്ടിനെ പരസ്യമായി അനുകൂലിക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യുന്നവരാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരുനില്‍ക്കുന്നത് ഭൂമാഫിയ മാത്രം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരില്‍ കയ്യേറ്റക്കാരും ഭൂമാഫിയയുമായ ഇതരമതവിഭാഗങ്ങളില്‍ പെട്ടവരുമുണ്ട്. അവിടെയും മതം ബലിയാടാവുന്നു.

മൂന്നാറിലെ കുരിശ് ഒരു പ്രതീകമാണ്. അതു ക്രിസ്തുവിന്റെയോ ക്രിസ്തുമതത്തിന്റെയോ അല്ലെന്നുമാത്രം. മറിച്ച് കയ്യേറ്റക്കാരുടേയും അനധികൃത കുടിയേറ്റക്കാരുടേയും ഭൂമാഫിയയുടേയും പ്രതിരോധത്തിന്റെ ചിഹ്നമാണ്. നിയമലംഘനത്തിനു മതത്തിന്റെ മൂടുപടം നല്‍കുന്ന പ്രക്രിയയുടെ മികച്ച ഉദാഹരണം.

ഇന്നു കുരിശെങ്കില്‍ നാളെ അതു ഗുരുമന്ദിരമാകാം, മടപ്പുരയാകാം, ജാറമാകാം. അതില്‍ മതത്തിനു പങ്കൊന്നുമില്ല. അവിടെയാണ് ശ്രീ വെള്ളാപ്പള്ളി നടേശന്റെ പഴയ സര്‍ക്കുലര്‍ പ്രസക്തമാകുന്നത്.