മതരഹിതര്‍ സംവരണ വിരുദ്ധരോ? ജാതിക്കോളം പൂരിപ്പക്കണോ?

ജാതി എന്ന യാഥാര്‍ത്ഥ്യത്തിലൂന്നി ഇന്ത്യ പോരാടുകയാണ്. ഭീം ആര്‍മിയുടെ രൂപത്തില്‍ നാമത് കണ്ടു. എം ബി രാജേഷ് എംപിയും വി ടി ബല്‍റാം എംഎല്‍എയും മക്കളെ മതരഹിതരാക്കി സ്‌കൂളില്‍ ചേര്‍ത്തതിനെ തുടര്‍ന്ന്, ജാതി ഇല്ല എന്നു പറയുന്നത് സംവരണ വിരുദ്ധരാണെന്ന വാദമുയര്‍ന്നു

മതരഹിതര്‍ സംവരണ വിരുദ്ധരോ? ജാതിക്കോളം പൂരിപ്പക്കണോ?

ജാതിയെക്കാളും വലിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യമില്ല. വര്‍ഗ്ഗരാഷ്ട്രീയം പറഞ്ഞ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് പറ്റിയ ആനവിഢിത്തം. ജാതിയെ ഇന്ത്യ യാഥാര്‍ത്ഥ്യബോധത്തോടെ നേരിടുകയാണ്. ഇതുവരെ ഇന്ത്യഭരിച്ചവരെല്ലാം പിന്‍പറ്റിയ ബ്രാഹ്മാധിപത്യബോധത്തിന്റെ വലതു തന്നെയാണ് ബിജെപിയും എന്ന വാസ്തവത്തിലൂടെയാണ് ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും ദരിദ്രരും സംഘടിക്കുന്നത്. രോഹിത് വെമുലയുടെ ചിതയില്‍ നിന്നാണ് ആ നീലജ്വാല പടര്‍ന്നത്.ഇന്നലെ എം.പി രാജേഷ് എംപിയും വി.ടി ബല്‍റാം എംഎല്‍എയും ജാതിമതക്കോളം പൂരിപ്പിക്കാതെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തതിന്റെ പശ്ചാത്തലത്തില്‍, രാജപ്പന്‍ വേലുവാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഈ ചര്‍ച്ചയെ തുടര്‍ന്ന് ജാതി എന്ന യാഥാർഥ്യത്തിലൂന്നിയ വലിയ സംവാദമാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. ആ ചര്‍ച്ചയുടെ തുടര്‍ച്ചയായി നാരദ ചോദിച്ചു- 'ജാതി കോളങ്ങള്‍ വേണോ?' വിഷയത്തിലെ നിലപാടുകള്‍ പങ്കുവെയ്ക്കപ്പെടുകയാണ് ഇവിടെ:

രേഖ രാജ്

Rekha Raj

ജാതി നിരന്തരം പുനരുത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. അതിന്റെ അധികാരസാധ്യത പ്രയോഗിക്കപ്പെടുന്നത് പ്രത്യക്ഷത്തില്‍മാത്രം ആകണമെന്നില്ല. അനേകവിധത്തിലുള്ള സൂക്ഷ്മവും പരോക്ഷവുമായ ആവിഷ്‌കാരങ്ങളുണ്ട് അതിന്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ജാതിവാലുണ്ടെങ്കിലും ഇല്ലെങ്കിലും ഉയര്‍ന്ന ജാതിക്കാരന്‍/ക്കാരി ആണെങ്കില്‍ സാമൂഹ്യ-സാംസ്‌കാരിക അധികാരം, അവസരങ്ങളിലൂടെയോ അംഗീകാരത്തിലൂടെയോ പരിഗണനയിലൂടെയോ പ്രതിനിധാനത്തിലൂടെയോ നിങ്ങളെ പ്രബല സ്ഥാനത്തു നിര്‍ത്തുന്നത്. ശരീരം, ലിംഗം, ലൈംഗികത, രുചികള്‍, ഭാഷ, ആചാര രീതികള്‍, കാഴ്ച എന്നിവയിലൊക്കെ ജാതി ശ്രേണിയിലെ നിങ്ങളുടെ സ്ഥാനം ബാഹ്യമായി നിര്‍ണ്ണയിക്കാന്‍ ഒരളവുവരെ കഴിയുന്നത്.

നിത്യജീവിതത്തിന്റെ എല്ലാ തുറകളിലും ജാതി ഒരു നിരന്തര യാഥാര്‍ത്ഥ്യമാണ് എന്നറിയാന്‍ സാമൂഹിക സിദ്ധാന്തങ്ങള്‍ ഉദ്ധരിക്കേണ്ട കാര്യമില്ല. വെറും നിരീക്ഷണങ്ങള്‍ മാത്രം മതിയാകും .ഇത്തരം ഒരു പച്ചയായ അനുഭവ പരിസരത്തു നിന്നാണ് നമ്മള്‍ ജാതിയില്ലാ -മതമില്ലാത്തവര്‍ എന്ന ഉട്ടോപ്പിയ ആഘോഷിക്കുന്നത്. കേള്‍ക്കുമ്പോള്‍ തോന്നുന്ന കുളിരിനപ്പുറം ആഴമില്ലാത്ത ഒരു പ്രകടനമാണത്. (ജാതി വേണ്ടെന്നുവച്ചവരുടെ വ്യക്തിപരമായ സത്യസന്ധതയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യുന്നില്ല).

ജാതി അനുഭവിച്ചിട്ടുള്ളവരെ ചിരിപ്പിക്കും അത്. ജാതിയെ മറികടക്കാന്‍ ഈ ഗിമ്മിക്കുകള്‍ ഒന്നും പോര. അത് സാധ്യമാവുക മേല്‍ജാതി പ്രിവിലേജിനെക്കുറിച്ച് ഓരോ നിമിഷവും ബോധ്യമുണ്ടാക്കുകയും അതിനെ നേരിടാന്‍ അധികാര രാഹിത്യം പരിശീലിക്കുകയും ചെയ്യുക എന്നതാണ് . അതിനുള്ള തന്റേടമാണ് കാണിക്കേണ്ടത്.വ്യക്തിപരമായ ഒന്നുകൂടി പറയാതെ ഈ കമന്റ് പൂര്‍ണമാവില്ല. പണ്ട് കുഞ്ഞുണ്ണിയ്ക്ക് ജോണ്‍ എന്നൊരു വിളിപ്പേര് ഞാന്‍ ആലോചിച്ചിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി അലയുന്നതോര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു! മതേതരത്വവും ജാതി ഉപേക്ഷിക്കലും ഒരു സവര്‍ണ പ്രിവിലേജ് ആണ് !

കെ കെ സിസിലു

K K Sisilu

സാര്‍വ്വത്രികവും സൗജന്യവുമായ എല്ലാവര്‍ക്കും വിദ്യാഭാസമെന്നത് ഭരണഘടനയില്‍ സംശയത്തിന് ഇടയില്ലാത്തവിധം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാലമത്രയും ആ ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിന് കഴിയാതെ പോവുകയാണ് ഉണ്ടായിട്ടുള്ളത്. ദളിതരും ആദിവാസികളും മറ്റു പിന്നോക്ക വിഭാഗങ്ങളും ഇതില്‍നിന്ന് പുറന്തള്ളപ്പെട്ടു. ജോലിയും, ഉന്നത അധികാര പദവികള്‍- എല്ലാറ്റിലും അവസ്ഥ വ്യത്യസ്തമല്ല. രജനിയും ജിഷയും ഉള്‍പ്പെടെയുള്ള സഹോദരിമാര്‍ കൊലചെയ്യപ്പെട്ടു. നാളിതുവരെ ഭരിച്ച സര്‍ക്കാരുകള്‍ക്കൊക്കെ ഇതിനുത്തരവാദിത്തമുണ്ട്. നാമമാത്ര സംവരണം നടപ്പക്കപ്പെട്ടിട്ടുപോലും സ്ഥിതിയിതാണ്.

അതിനര്‍ത്ഥം സംവരണം നടപ്പിലാക്കുന്നതിലെ പരിമിതികള്‍ മാത്രമല്ല മറിച്ചു സംവരണത്തെപ്പോലും അട്ടിമറിക്കുന്ന രീതിയില്‍ ജാതിഘടന മാറ്റങ്ങള്‍ക്ക് വിധേയമായി എന്നുവേണം കരുതാന്‍. ജാതി ഒരു ചലനമറ്റ വ്യവസ്ഥയല്ല. അത് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ജാതി ഇല്ലാതാക്കുക എന്നത് നമ്മളെത്തന്നെ മാറ്റിത്തീര്‍ക്കുന്ന പ്രക്രിയയാണ്. അതിന് നാം യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. 'അത്' വെറുമൊരു കോളം മാത്രമല്ല. ജനാതിപത്യത്തിന്റെ നീതിയാണ്. ഇത് വിദ്യാഭ്യാസ മേഖലയിലെ മാത്രം പ്രശ്‌നമല്ല. ജാതിഘടന എല്ലാറ്റിനെയും കമ്പാര്‍ട്ട്‌മെന്റ് ചെയ്തിട്ടുണ്ട്. ഉപരിപ്ലവമായ പരിഷ്‌കരണ വാദികള്‍ക്ക് പേര് മാറ്റുന്നതിലൂടെയോ കോളം മാറ്റുന്നതിലൂടെയോ എടുത്തുമാറ്റാവുന്ന ഒന്നല്ല ജാതി. അത് ജന്മം കൊണ്ട് തന്നെ കിട്ടിയതാണ്. നിങ്ങള്‍ക്ക് പേരുമാറ്റുകയോ കോളം മാറ്റുകയോ, എഴുതാതിരിക്കുകയോ ചെയ്യാമെന്നെയുള്ളൂ.. പക്ഷെ ജാതി അങ്ങനെ മാറില്ല.

സണ്ണി എം കപിക്കാട് പറഞ്ഞതുപോലെ 'ജാതി' ഒരു സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മൂലധനമാണ്. ഇക്കാലത്ത് അത് പ്രിവിലേജുകളിലൂടെ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് നമുക്ക് ജാതിയില്ല, എന്ന കേവലമായ മുറവിളികള്‍ ജാതി സംവരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ്.

ഷഫീക്ക് സുബൈദ ഹക്കീം

Shafeek Subaida Hakkim

ജാതിക്കോളം വേണ്ടാ എന്നത്, തങ്ങള്‍ക്ക് ജാതിയില്ലാ എന്നത് 'ത്യജിക്കാന്‍ മാത്രം' ജാതി പ്രിവിലേജുകളുള്ള മേല്‍ജാതി മനുഷ്യരുടെ കാര്യമാണ്, ആവശ്യമാണ്. ജാതിയില്‍ ജനിച്ച് ജാതിയില്‍ വളര്‍ന്നു ജാതിയില്‍ മരിക്കേണ്ടി വരുന്ന (പലപ്പോഴും ജാതികാരണം കൊല്ലപ്പെടേണ്ടി വരുന്ന), കളയാന്‍ മാത്രം ജാതിയില്ലാത്ത കളഞ്ഞാലും കളഞ്ഞാലും ജാതിയുടെ ആക്രമത്തില്‍ നിന്നും രക്ഷകരില്‍ നിന്നും രക്ഷയില്ലാത്ത ജാതിശ്രേണിയിലേ താഴേയറ്റത്തെ മനുഷ്യരുടെ ആവശ്യമല്ല. ജാതിയുടെ മൂലധനസാധ്യതയും അസാധ്യതയും സാന്നിധ്യവും നിഴല്‍ക്കളികളും നിര്‍ലോഭം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്/ഒരിടത്താണു നമ്മളെന്നു മറക്കരുത്.

ജാതിക്കോളം എന്നത് ഒരു സാങ്കേതികപദം മാത്രമല്ല, അധികാര പങ്കാളിത്തത്തില്‍ സാന്നിധ്യമുറപ്പിക്കലും കൂടിയാണെന്ന് തിരിച്ചറിയേണ്ടതിന്റെ ആവശ്യകത മേല്‍ച്ചൊന്ന മേല്‍ജാതി ബോധങ്ങള്‍ക്ക് ഉണ്ടാകണമെന്നില്ല. എന്നു മാത്രമല്ല നിഷേധാത്മക സമീപനത്തിലുമാണവര്‍. അതുകൊണ്ട് ജാതിക്കോളം ഇടത് ലിബറല്‍ ഔദാര്യത്തിന്റെ പരിത്യാഗ കഥകളില്‍ ഇടം ലഭിക്കുന്ന ഒന്നല്ല. കാരണം അവര്‍ക്ക് താഴ്ന്ന ജാതികളെന്നത് പട്ടിണിയുടെ, സാമ്പത്തിക പിന്നോക്കാവസ്ഥയുടെ പര്യായം മാത്രമാണ്. ജാതി അതല്ല എന്നു തിരിച്ചറിയുന്നവര്‍ക്ക് ഈ ജാതിക്കോളം എടുത്തുകളയുന്നതിലെ നിഗൂഢലക്ഷ്യം മനസിലാകും. അതാരുടെ താല്പര്യമാണെന്നും. മുന്നോക്ക ക്ഷേമബോര്‍ഡില്‍ കാണാത്ത ജാതിക്കോളത്തില്‍ കാണുന്ന ആ മനോനില മാത്രംമതി ജാതിക്കോളം വേണ്ട എന്ന വാദത്തിന്റെ രാഷ്ട്രീയം വെളിപ്പെടാന്‍. ജാതിക്കോളം വേണ്ടാ എന്നത് റിസര്‍വേഷന്‍ വിരുദ്ധതയുടെ പരിക്കുപറ്റാത്ത പോപ്പുലര്‍ രൂപമല്ലെ.

പ്രശാന്ത് ഗീത അപൂല്‍

Prasanth Geetha

ജാതിക്കോളം വേണം. ജാതിക്കോളത്തില്‍ എഴുതാതിരിക്കുന്നതുകൊണ്ട് ജാതി ഇല്ലാതാകുന്നില്ല. ജാതി എന്നത് സമൂഹത്തിലാണ്, കോളം ഇല്ലാതാക്കിയതുകൊണ്ട് അത് ഇല്ലാതാകില്ല. മാത്രമല്ല ജാതിക്കോളം ഇടാതിരിക്കുന്നതുവഴി ജാതി തമസ്‌കരിക്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍ ജാതി തമസ്‌കരിക്കപ്പെടുന്നത് നല്ലതായി തോന്നാമെങ്കിലും അതുവഴി ജാതീയമായ വിവേചനവും തമസ്‌കരിക്കപ്പെടുന്നു. നേരത്തെ പറഞ്ഞപോലെ ജാതി സമൂഹത്തിലായതു കൊണ്ടും നിയപരമായ കോളം ഇല്ലാതാവുന്നതുകൊണ്ടും ജാതി ചര്‍ച്ചയില്‍ വരാതിരിക്കുകയും, എന്നാല്‍ വിവേചനം അവിടെത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഫലത്തില്‍ ജാതി പ്രശ്‌നം അഡ്രസ് ചെയ്യപ്പെടാതെ പോകുന്നു. സവര്‍ണനോ അനുകൂല്യമില്ലാത്ത വിഭാഗത്തിനോ ഇതു പ്രശ്‌നമല്ല. കാരണം അവര്‍ ജാതിവിവേചനം അനുഭവിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ജാതി പ്രകടമാക്കുന്നത് ഗുണപരവും ജാതിക്കോളം ഇല്ലാതാക്കുന്നത് പ്രത്യേകിച്ച് ദോഷവും ഉണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ സവര്‍ണന് ജാതിക്കോളം എഴുതാതിരിക്കുന്നത് ഒരു ന്യൂട്ട്രല്‍ സംഭവം മാത്രം.

എന്നാല്‍ ഒരു ദളിതന് ജാതി കോളത്തില്‍ എഴുതാതിരിക്കുന്നത് നിയമപരമായ ഒരു ആനുകൂല്യം വേണ്ട എന്നുവയ്ക്കുന്നതിനു തുല്യമാണ്. അത് ദോഷകരമാണ്. ഈ ആനുകൂല്യം അവന് ലഭിക്കുന്നത് സമൂഹത്തിലെ വിവേചനം മൂലമാണ്. അത് നിലനില്‍ക്കുമ്പൊ ജാതി കോളം ഒഴിവാക്കി വിവേചനം അനുഭവിക്കണമെന്ന് പറയുന്നത് ശരിയല്ല.

എം ബി രാജേഷ്

M B Rajesh

ജാതിക്കോളം ഒഴിവാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കാര്യമായി ആലോചിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സര്‍ക്കാരിന് അങ്ങനെയൊരു ആഗ്രഹമുണ്ട് എന്ന് മനസിലാക്കുന്നു. അതിന്റെ നിയമപരവും പ്രായോഗികവുമായ വശങ്ങള്‍ കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്. ജാതിക്കോളം ഒഴിവാക്കുക എന്നാല്‍ ബ്ലാങ്കറ്റ് ബാന്‍ അല്ല, അതെഴുതാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ക്ക് അതിനുള്ളൊരു ഓപ്ഷന്‍ കൊടുക്കുക.. അതാണ്.. അല്ലാതെ റിസര്‍വേഷനെ ബാധിക്കുന്ന കാര്യമല്ല.

റിസര്‍വേഷന്‍ ഇല്ലാതാക്കിയാല്‍ ജാതി ഇല്ലാതാകുന്നില്ല. എന്നാല്‍ ജാതി എഴുതാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ക്ക് അത് എഴുതാതിരിക്കാനുള്ള അവസരമുണ്ടാകണം. ഇതൊന്നും ആദ്യമായിട്ടൊന്നുമല്ല. ഈ നാട്ടിലൊക്കെ എത്രയോ കാലമായി. സോഷ്യല്‍ മീഡിയയൊന്നും ഇല്ലാതിരുന്ന കാലമായതുകൊണ്ട് ആളുകള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നുമാത്രമേ ഉള്ളൂ. ഞങ്ങളുടെയൊക്കെ പാര്‍ട്ടിയില്‍ എത്രയോ നേതാക്കള്‍ ഇതൊക്കെ ചെയ്തിട്ടുള്ളവരാണ്. അതില്‍ നിന്നുള്ള പ്രചോദനം നമുക്കൊക്കെ ഉണ്ടായിട്ടുള്ളതാണ്. ആദ്യമായിട്ടുള്ളതോ പുതിയ കാര്യമോ അല്ല. അനേകം പേര്‍ ഇങ്ങനൊക്കെ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലത്ത് ഇങ്ങനെ ചെയ്യുമോ എന്നറിയുന്നതിന് ഒരു പ്രാധാന്യമുണ്ടെന്ന് കരുതുന്നു. അതുകൊണ്ട് അത് പുറത്തുപറയുന്നു എന്നേയുള്ളൂ. ജാതിചിന്തയും വര്‍ഗീയതയും കൂടിവരുമ്പോള്‍ ഇങ്ങനെയൊക്കെ അല്ലാതെ ജീവിക്കാം എന്നൊരു സന്ദേശം കൊടുക്കാന്‍വേണ്ടി മാത്രമാണ് അത് പുറത്തുപറയുന്നത്.

പണ്ടും ഇതൊക്കെ ചെയ്തിട്ടുണ്ട്. ഇതിനേക്കാള്‍ ധീരമായി ജാതിസ്വത്ത്വത്തെ വെല്ലുവിളിച്ചിട്ടുണ്ട്. കുടുമ മുറിച്ചു കളഞ്ഞിട്ടൊക്കെ ചെയ്തിട്ടുണ്ട്. ഇഎംഎസ് പൂണൂല് പൊട്ടിച്ച് കത്തിച്ച് ചാമ്പലാക്കിയിട്ടാണ് ഭട്ടതിരിപ്പാടിന് അയച്ചുകൊടുത്തത്. അങ്ങനെയുള്ള ജാതിയുടെ അടയാളങ്ങളെ ജാതി മേധാവിത്വത്തിന്റെ ചിഹ്നങ്ങളെയൊക്കെ നിഷേധിക്കുന്നത് ഇതാദ്യമായിട്ടല്ല. ചരിത്രത്തില്‍ എത്രയോ തവണ ഉണ്ടായിട്ടുണ്ട്. ജാതിക്കോളം പൂരിപ്പിക്കാതിരിക്കുന്നതും ആദ്യമായിട്ടല്ല. മുമ്പും അനേകംപേര്‍ കാണിച്ചുതന്നൊരു മാതൃക വളരെ പേര്‍ വിനീതമായി പിന്തുടര്‍ന്നു എന്നേയുള്ളൂ.

ഒരുപക്ഷെ സോഷ്യല്‍ മീഡിയയ്ക്കുശേഷം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന ആദ്യ സംഭവങ്ങളിലൊന്ന് എന്നൊക്കെ പറയാമെന്നേയുള്ളൂ. അല്ലാതെ ഇതൊക്കെ ആദ്യത്തെ സംഭവമല്ല. ജാതിക്കോളം ഇല്ലാതാക്കുന്നതുകൊണ്ട് ജാതി, സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്നില്ല. കേരളത്തില്‍ അത് രേഖപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അതിനുള്ള അവസരം കൊടുക്കുക എന്നതുമാത്രമാണ്. ഏകപക്ഷീയമായി ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നഷ്ടം വരുന്ന വലിയൊരു വിഭാഗമുണ്ട്. അതുപാടില്ലെന്നാണ് എന്റെ അഭിപ്രായം. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായ വലിയ വിഭാഗമുണ്ട്. അവര്‍ക്ക് സംവരണത്തിന്റെയും മറ്റും ആനുകൂല്യങ്ങള്‍ നിഷേധിക്കാനിടവരാനും പാടില്ല. അങ്ങനെ സര്‍ക്കാര്‍ ചെയ്യില്ല. അതല്ല ഇതിന്റെ ഉദ്ദേശവും.

വി ടി ബല്‍റാം

V T Balram

ജാതിക്കും മതത്തിനും ഓരോ കോളങ്ങളാണുള്ളത്. ഞാനെഴുതിയത് മതമില്ല എന്നാണ്, കാരണം മതം എന്നത് മാറ്റര്‍ ഓഫ് ബിലീഫാണ്. അത് മാറിക്കൊണ്ടിരിക്കാം. എങ്ങനെയും മാറാം മതം. ഹിന്ദുവായ ഒരാള്‍ക്ക് മുസ്ലീമാകാം ക്രിസ്ത്യാനിയാകാം... നേരെ തിരിച്ചുമാകാം. അതെല്ലാം ഒരു വ്യക്തിയുടെ അവകാശമാണ്. ജാതി അങ്ങനെയല്ല, ജാതി ഒരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. കോളങ്ങളില്‍ എഴുതിയില്ല എന്നതുകൊണ്ട് മാഞ്ഞുപോകുന്ന ഒന്നാണ് ജാതി എന്ന് കരുതുന്നില്ല. മതവും ജാതിയും ചോദിച്ചതുകൊണ്ട് മതമില്ല എന്ന് എഴുതിയെന്ന് മാത്രം.

ജാതിയെക്കുറിച്ച് പറയുന്നത് ജാതി ഇല്ലാതാക്കാനാണെന്ന് അംബേദ്കര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. സംവരണ വിഭാഗങ്ങള്‍ ജാതി പറയുന്നത് ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട അവകാശം പിടിച്ചുവാങ്ങാനും അതിന് ശേഷം ജാതിരഹിത സമൂഹം കൊണ്ടുവരാനുമാണ്. അങ്ങനെയൊരു പങ്കാളിത്തം ഉറപ്പാകുന്നതുവരെ ജാതി പറയുകതന്നെ വേണം.