മലപ്പുറത്തെ മണ്ണിനിപ്പോഴും മതേതരത്വത്തിന്റെ നിറമാണ്

പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ പ്രതീകമായി കാല്‍പ്പന്തു കളിയെ നെഞ്ചേറ്റുന്ന മലപ്പുറം മണ്ണില്‍ 80 ശതമാനവും മുസ്ലിം ന്യൂനപക്ഷങ്ങള്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളും കാവുകളുമുള്ള കേരളത്തിലെ ജില്ലയിലൊന്ന്. മുസ്ലിംലീഗ് രൂപകൊണ്ടത് മുതല്‍ ഇക്കാലം വരെയും മലപ്പുറം അങ്ങോട്ടുതന്നെ ചാഞ്ഞുനിന്ന ചരിത്രമാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ മലപ്പുറത്തിന്റെ മനസ്സ് മതേതരമായതെങ്ങനെയെന്ന് നാരദാ ന്യൂസ് പ്രതിനിധി എസ് വിനേഷ് കുമാര്‍ എഴുതുന്നു

മലപ്പുറത്തെ മണ്ണിനിപ്പോഴും മതേതരത്വത്തിന്റെ നിറമാണ്

1991ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ സ്വാഭാവികമായുണ്ടായേക്കാവുന്ന പ്രകോപനം തടയാന്‍ മൈക്ക് കെട്ടിയ വാഹനങ്ങള്‍ മലപ്പുറത്തിന്റെ അങ്ങോളമിങ്ങോളം ഓടിയത് ഓര്‍ക്കുന്നില്ലേ? ഈ സംഭവം കാരണം ഒരൊറ്റ ഹൈന്ദവ സഹോദരനും ബുദ്ധിമുട്ടാണ്ടാകരുതെന്ന് മുസ്ലിം സമുദായത്തിന് നിര്‍ദേശം നല്‍കിയത് പാണക്കാട് നിന്നായിരുന്നു. പാണക്കാട് ഉമ്മറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അന്ന് അടിയന്തര യോഗം ചേര്‍ന്ന് മുസ്ലിംലീഗുകാര്‍ നാനാവഴിയ്ക്ക് നീങ്ങി. ബാബരി തകര്‍ച്ചയോടെ മലപ്പുറത്ത് ഭയവിഹ്വലരായ ഹൈന്ദവരെ സംരക്ഷിക്കാനായിരുന്നു ലീഗുകാര്‍ അന്ന് തെരുവിലിറങ്ങിയത്. മുസ്ലിംലീഗെന്നു പറഞ്ഞാല്‍ വര്‍ഗീയ പാര്‍ട്ടിയെന്ന് ആരോപിക്കുന്നവര്‍ ആ ചരിത്രംകൂടിയൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

ബോംബാണെങ്കില്‍ മലപ്പുറത്ത് കിട്ടുമെന്ന് പറയുന്ന സവര്‍ണ നായക പ്രതിബിംബങ്ങളും മലപ്പുറത്തെ കലാപത്തിനിടെ കുത്തേറ്റ പൊലീസുകാരനുമൊക്കെ മലയാളം സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് മലയാളി തന്റെ സ്വത്വബോധം അപകടകരമായി അവതരിപ്പിക്കാനിറങ്ങുന്നത്. പറങ്കികള്‍ക്കെതിരെ പടനയിച്ച കുഞ്ഞാലിമരക്കാരുടെ ജന്മനാട്ടുകാര്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ചരിത്രം ഇപ്പോഴും അവശേഷിക്കുന്നുണ്ടിവിടെ. 1921 മലബാര്‍ കലാപകാലത്ത് പോരാളികളെ ശ്വാസംമുട്ടിച്ചുകൊന്ന- വാഗണ്‍ ട്രാജഡിയുടെ ചരിത്രം നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി ഇപ്പോഴും തിരൂരില്‍ അവശേഷിക്കുന്നുണ്ട്. അന്ന് മാപ്പിള കലാപമെന്നു പേരിട്ടുവിളിച്ചവര്‍ക്ക് തന്നെ പിന്നീടിത് തിരുത്തേണ്ടി വന്നു. കൊളോണിയല്‍- ജന്മിത്വ അരാജക ഭരണത്തിനെതിരെ പോരാടിയ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഇന്നും മതേതരത്തിന്റെ കാഹളം മുഴങ്ങുമ്പോള്‍ അതിവിടുത്തെ മാപ്ലമാരുടെ നന്മയുടെയും സാഹോദര്യത്തിന്റെയും ബാക്കിപത്രമാണ്.

പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ പ്രതീകമായി കാല്‍പ്പന്തു കളിയെ നെഞ്ചേറ്റുന്ന മലപ്പുറം മണ്ണില്‍ 80 ശതമാനവും മുസ്ലിം ന്യൂനപക്ഷങ്ങള്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളും കാവുകളുമുള്ള കേരളത്തിലെ ജില്ലയിലൊന്ന്. മുസ്ലിംലീഗ് രൂപകൊണ്ടത് മുതല്‍ ഇക്കാലം വരെയും മലപ്പുറം അങ്ങോട്ടുതന്നെ ചാഞ്ഞുനിന്ന ചരിത്രമാണുള്ളത്. ബാഫഖി തങ്ങളും ആറ്റക്കോയയും പിന്നീട് സി എച്ച് മുഹമദ്‌ കോയയുമെല്ലാം ചൂണ്ടിക്കാണിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായൊരു വിഭാഗം. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ആത്മീയചാര്യനായ കുടപ്പന തറവാട്ടു കാരണവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നവര്‍.

ഗുരുവായൂരില്‍ അബ്ദുല്‍ കാദറിനെ ജയിപ്പിക്കുമ്പോള്‍ത്തന്നെ കേരളത്തിന്റെ മക്കയായ പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനെ ജയിപ്പിച്ചവരാണ് മലപ്പുറത്തുകാര്‍. ഇതില്‍ നിന്ന് മുസ്ലിംലീഗ് എന്ന പാര്‍ട്ടിയെ വര്‍ഗീയത ആരോപിച്ച് മാറ്റിനിര്‍ത്തപ്പെടുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പിഡിപിയും പോലുള്ള തീവ്രധാരയില്‍ നിലനില്‍ക്കുന്ന സംഘടനകളെ പടിക്കു പുറത്തുനിര്‍ത്തുന്നതില്‍ ലീഗിന്റെ പങ്ക് നിസ്തുലമാണ്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് സ്വന്തം നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രൂപംകൊടുക്കുന്ന ഇസ്ലാമിക് സംഘടനകളോട് പോയി പണി നോക്കാന്‍ പറയാനുള്ള ചങ്കൂറ്റം ചരിത്രത്തിന്റെ പിന്‍ബലത്തില്‍ ലീഗ് ആര്‍ജിച്ചെടുത്തതാണ്.

വര്‍ഗീയ കലാപങ്ങള്‍ രാജ്യത്ത് പലപ്പോഴായി പൊട്ടിപ്പുറപ്പെടുമ്പോഴും മലപ്പുറത്തിന്റെ മണ്ണ് അതിനെ പുല്‍കാനോ ന്യായീകരിക്കാനോ നിന്ന ചരിത്രമില്ല. അവസാനമായി കാസര്‍ക്കോട് മസ്ജിദിനകത്ത് കയറി മദ്രസാ അധ്യാപകനെ സംഘപരിവാറുകള്‍ കൊലപ്പെടുത്തിയപ്പോഴും സംയമനം പാലിക്കാന്‍ മലപ്പുറത്തിനു കഴിഞ്ഞു. ഇസ്ലാമിലേക്ക് മതംമാറിയ കൊടിഞ്ഞിയിലെ ഫൈസലിനെ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയപ്പോഴും പ്രതികളെ പിടികൂടാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒരു കുടക്കീഴിലാക്കി പ്രതിഷേധമുയര്‍ന്നതും കണ്ടതാണല്ലോ. അന്ന് വിഷയം കത്തിക്കാന്‍ വന്ന പോപ്പുലര്‍ ഫ്രണ്ടുകാരെ ഏഴയലത്ത് അടുപ്പിക്കാന്‍പോലും സത്യം മസ്ജിദ് നില്‍ക്കുന്ന മണ്ണിലെ കൊടിഞ്ഞിക്കാര്‍ തയ്യാറായില്ല.

കേരളത്തിലെ വലതു മുന്നണിയുടെ പ്രധാന വോട്ടുബാങ്ക് മുസ്ലിംലീഗിന്റെ ​കൈയില്‍ ഭദ്രമാകുന്ന നാട്ടില്‍ ഇടതുപക്ഷത്തിന് പിഴച്ചത് എവിടെയാണ്? 2004ല്‍ മഞ്ചേരി മണ്ഡലത്തില്‍ സിപിഐഎമ്മിലെ ടി കെ ഹംസ മുസ്ലിംലീഗിലെ കെ പി എ മജീദിനെ മലര്‍ത്തിയടിച്ചത് ഉച്ചാരക്കടവും കാളികാവും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണുന്ന ആവേശത്തിലാണ് മലപ്പുറത്തുകാര്‍ ആസ്വദിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസുകളുള്‍പ്പെടെ കത്തി നില്‍ക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തും മുനീറിനെ മങ്കടയിലും തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തരാണ് മലപ്പുറത്തുകാര്‍. മലപ്പുറത്തെ മതേതര മണ്ണില്‍ ഇടതുപക്ഷത്തിന് വളരാന്‍ കഴിയില്ലെന്ന് പറയുന്നത് തന്നെ ശുദ്ധ മണ്ടത്തരമല്ലെ? തെരഞ്ഞെടുപ്പിന്റെ തലേദിവസം രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് എങ്ങനെ മലപ്പുറത്തെ മാപ്ലമാർ വോട്ടുചെയ്യും? ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഇടതുപക്ഷത്തിന് കഴിയുമ്പോഴാണ് മലപ്പുറം മണ്ണ് ചുവക്കുകയുള്ളവെന്ന യാഥാര്‍ഥ്യത്തിലേക്കാണ് നാം സഞ്ചരിക്കേണ്ടത്.

സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കന്‍ തെരഞ്ഞെടുത്ത പ്രധാന സ്ഥലമാണ് മലപ്പുറം. മാസങ്ങള്‍ക്ക് മുമ്പ് കളക്ടറേറ്റ് പരിസരത്തുണ്ടായ സ്‌ഫോടനത്തെ രാഷ്ട്രീയമായി തിരിച്ചുവിട്ടതും മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നവരാണെന്നൊക്കെയുള്ള ആര്‍എസ്എസ് നേതാവിന്റെ പ്രകോപന പ്രസംഗവുമെല്ലാം അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടാണ് മലപ്പുറം പ്രതികരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തിന്റെ നായകനാവുമ്പോള്‍ ബിജെപിക്കുണ്ടായ നഷ്ടമാണ് ഓരോ മതേതരവാദിക്കും ആശ്വാസത്തിന് വക നല്‍കുന്നത്. എം ബി ഫൈസലാണ് ജയിക്കുന്നതെങ്കില്‍പോലും ബിജെപിയുടെ വോട്ടുനില ഇടിയുമ്പോഴാണ് അത് യഥാര്‍ഥത്തില്‍ മലപ്പുറത്തുകാരുടെ വിജയമാകുന്നത്.

Story by
Read More >>