അമ്മേ, ജിഷ്ണുവിന്റെ ദൈവമാണ് പൊലീസ് മന്ത്രി; പക്ഷെ പൊലീസിന് പ്രതിയാണു ദൈവം!

കണിപ്പാത്രത്തില്‍ പിണറായി വിജയനെ കൂടി വെച്ച സഖാവായിരുന്നു ജിഷ്ണു പ്രണോയ്. പിണറായി വിജയന്‍ പൊലീസ് മന്ത്രിയായിരിക്കെ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഒരു സഖാവിന്റെ അമ്മ ആക്രമിക്കപ്പെടുകയാണ് സഖാക്കളേ...

അമ്മേ, ജിഷ്ണുവിന്റെ ദൈവമാണ് പൊലീസ് മന്ത്രി; പക്ഷെ പൊലീസിന് പ്രതിയാണു ദൈവം!

മക്കളായി ജനിക്കാത്ത ആരുമില്ലാത്തതിനാല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ എന്റേയും അമ്മയാണ്. അതാണ് മിസ്റ്റര്‍ പൊലീസെ നിങ്ങളവരെ തെരുവിലിട്ടു വലിച്ചിഴച്ചപ്പോള്‍ എന്റെ കണ്ണ് പൊള്ളിയത്. പൊള്ളിയാണ് അതൊഴുകുന്നത്.

ഞാനീ നിമിഷം പെട്ടെന്ന് കരുണാകരനെ ഓര്‍ത്തു. കെ. കരുണാകരനെ. അച്യുത മേനോനെ ഓര്‍ത്തു. ഈച്ചരവാര്യരെന്ന വൃദ്ധനായ പോരാളിയെ ഓര്‍ത്തു - രാജനെ കൊന്നതാണ്. ശവമാണല്ലോ തെളിവ്. ആ തെളിവടക്കം നശിപ്പിച്ചു കളഞ്ഞ, ആ ജഡത്തിന് ഇനിയും എന്തു സംഭവിച്ചു എന്നു മറച്ചു തന്നെ പിടിക്കുന്നവരാണല്ലോ നമ്മള്‍. രാജന്റെ ജഡത്തോട് ചെയ്തത് നിങ്ങള്‍ ജിഷ്ണുവിനോടും ചെയ്യുന്നു. അതല്ലാതെ മറ്റെന്താണ് നിങ്ങള്‍ ചെയ്യുക.

പാമ്പാടി നെഹ്‌റു കോളേജിനു മുന്നില്‍ പോയിരുന്നു. സംയുക്ത വിദ്യാര്‍ത്ഥി സമരപ്പന്തലില്‍ വച്ച് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. പരീക്ഷാ ഹാളില്‍ വന്നു ജിഷ്ണുവിനെയാണ് തിരക്കിയത്. ഹാളിലപ്പോള്‍ രണ്ടു ജിഷ്ണുമാരുണ്ടായിരുന്നു. രണ്ടു പേരില്‍ നിന്നും കൃത്യമായി ജിഷ്ണു പ്രണോയിയെ തന്നെ തിരഞ്ഞെടുത്തു - കൊല്ലാന്‍.

പിണറായി വിജയനെ ജിഷ്ണുവും ഇരട്ടച്ചങ്കന്‍ എന്നു വിളിച്ചു. വിഷു വീണ്ടും വരുകയാണ്, കണിപ്പാത്രത്തില്‍ അവന്‍ വച്ചത് പിണറായി വിജയനെയാണ്. അവന്‍ അദ്ദേഹത്തേയും പ്രസ്ഥാനത്തേയും അത്രകണ്ട് സ്‌നേഹിച്ചു. മനുഷ്യച്ചങ്ങലയ്ക്ക് അവനണി നിരന്നു. കൊടി പിടിച്ചു. സാങ്കേതിക സര്‍വ്വകലാശാലയ്‌ക്കെതിരെ പോരാടി. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് നിരന്തരം കത്തെഴുതി. ചാനലുകളില്‍ വിളിച്ചു വാര്‍ത്ത കൊടുത്തു. പരീക്ഷ മാറ്റിവെപ്പിച്ചു. അവനിലെ പോരാളിയെ അവര്‍ കൊന്നു.

ചെഗുവേരയെ പോലെയവന്‍ ചെന്നിറങ്ങിയത് കൃഷ്ണദാസിന്റെ ബോളീവിയയിലായിരുന്നു - അവന്‍ കൊല്ലപ്പെട്ടു.

കോപ്പിയടിച്ചു പിടിച്ചതിനു തൂങ്ങി മരിച്ച ബുദ്ധിശൂന്യനായ ഒരു ചെക്കനായി അവതരിപ്പിക്കാനുള്ള ശ്രമം പാളി. വാട്ട്‌സപ്പ് സന്ദേശം പുറത്തു വരുമ്പോള്‍ അവന്‍ പോരാടിയതിന് കൊല്ലപ്പെട്ടതാണെന്നു വ്യക്തം.

അമ്മേ, നിങ്ങളുടെ വാക്കുകള്‍, എല്ലാ മക്കള്‍ക്കും വേണ്ടി ജിഷ്ണുവിന് നീതികിട്ടണമെന്നത്, ഇനി ഒരു ജിഷ്ണുവും ഉണ്ടാകരുതെന്നത്, നിങ്ങളെയും പോരാളിയാക്കുന്നു. മാക്‌സിം ഗോര്‍ക്കി എഴുതിയിട്ടുണ്ട് അമ്മയെപ്പറ്റി. ആ അമ്മയുണ്ടല്ലോ, അവരെ നിങ്ങളില്‍ കാണുന്നുണ്ട്.

സ്വാശ്രയ തടവറകളില്‍ പീഡിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിനു മക്കളുണ്ട്. ആ അടിമയറകളില്‍ നിന്നും കൊല്ലപ്പെടാതെ പുറത്തു കടന്നവരും അനേകലക്ഷമുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് നിങ്ങളുടെ പോരാട്ടമെന്നറിയാം. വിദ്യാഭ്യാസക്കച്ചവടം കൊന്നൊടുക്കിയ കൂത്തുപറമ്പിലെ രക്തസാക്ഷികളേയും നിങ്ങള്‍ക്ക് അറിയാമായിരിക്കും. അവരോടൊപ്പം എസ്എഫ്‌ഐയില്‍ നിങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടാകും. രജനി എസ് ആനന്ദിനേയും മകളായല്ലാതെ നിങ്ങളെങ്ങനെ മനസിലാക്കും.

പേരിന് ഒരു അറസ്റ്റ് രേഖപ്പെടുത്തിയാല്‍ തീരുന്നതല്ല കൃഷ്ണദാസ് ചെയ്ത കുറ്റം. പൊലീസ് അന്വേഷണത്തിന്റെ ആദ്യ നാളുകളില്‍ മുതല്‍ ഗൂഢാലോചന വ്യക്തമായിരുന്നു. ആത്മഹത്യ പോലുമല്ല കൊന്നു കെട്ടിതൂക്കിയതാകാം എന്നതിലേയ്ക്ക് നീളുന്നതായിരുന്നു തെളിവുകളെല്ലാം. തൂങ്ങിയ തോര്‍ത്തില്‍ നിന്ന് അവനെ താഴെയിറക്കുമ്പോള്‍ ജീവനുണ്ടായിരുന്നു. കോളേജ് അധികൃതരാണ്, പീഡിപ്പിച്ചയാള്‍ തന്നെയാണ് ആശുപത്രിയിലേയ്ക്ക് വാഹനം ഇറക്കാതിരുന്നത്. മരിച്ചു എന്നുറപ്പിക്കാന്‍ കാവല്‍ നിന്നതു പോലെയാണ് അയാള്‍ പെരുമാറിയത്.

ജിഷ്ണു പിണറായി വിജയന് ഇരട്ടച്ചങ്കുണ്ടെന്ന് അഭിമാനിക്കുന്ന അനേകം സ്ഖാക്കളില്‍ ഒരാളാണ്. അവന് അനീതിക്കെതിരെ പോരാടാന്‍ പിണറായിയുടെ കരുത്താണ് ഊര്‍ജ്ജമെന്ന് അവന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റുകളും വായിച്ചവരറിയുന്നു.പിണറായി വിജയന്‍ ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനോട് നിങ്ങളൊരിക്കല്‍ പോലും വിയോജിച്ചിട്ടില്ല. പിണറായി വിജയന്‍ നിങ്ങളുടേയും സഖാവാണ്.

ജിഷ്ണു മരിച്ച് 90 ദിവസം കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ പൊലീസ് ആസ്ഥാനത്തേയ്ക്കാണ് എത്തിയത്. പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഡിജിപിയെ കാത്തിരുന്നോളാം എന്നാണു പറഞ്ഞത്. അതിന് അനുവദിക്കാതെ നിങ്ങളെ അറസ്റ്റു ചെയ്തത് ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസാണെന്നു തോന്നുന്നില്ല.

സര്‍ക്കാരിന് നിങ്ങളോട് വൈരാഗ്യമുണ്ടെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിലും വിശ്വസിക്കുന്നില്ല. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടത്തിയ സമരത്തിനു നേതൃത്വം നല്‍കിയതിന് കൊല്ലപ്പെട്ടയാളാണ് ജിഷ്ണു. എസ്എഫ്‌ഐ അവരുടെ ജില്ലാ സമ്മേളന വേദികള്‍ക്കെല്ലാം ജിഷ്ണുവിന്റെ പേരാണിട്ടത്. സംസ്ഥാന സമ്മേളനത്തിനും സഖാവ് ജിഷ്ണു പ്രണോയ് നഗര്‍ എന്നു തന്നെയാകും - ജിഷ്ണു എസ്എഫ്‌ഐയുടെ മുപ്പത്തി മൂന്നാമത്തെ രക്തസാക്ഷിയാണ്. രജനി എസ്. ആനന്ദിന്റെ മരണം പോലെയല്ല, എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ പോരാടിയതിന് കൊല്ലപ്പെട്ട സഖാവാണ് ജിഷ്ണു.

അമ്മേ, നിങ്ങളല്ല വലിച്ചിഴയ്ക്കപ്പെട്ടത്. അത് ഓരോ അമ്മമാരുമാണ്. അതിനു കക്ഷിരാഷ്ട്രീയമില്ല. പക്ഷെ, രാഷ്ട്രീയമുണ്ട് - ആ രാഷ്ട്രീയത്തെ രാജന്‍ മുതല്‍ ജിഷ്ണുവരെ എന്നു രേഖപ്പെടുത്തുന്നു.

നിങ്ങളെന്തിനാണ് ജിഷ്ണുവിന്റെ അമ്മയെ വെയിലത്തു നിര്‍ത്തുന്നത്?