ട്രെയിനിലും ലാഭം വിമാനം; തിരുവനന്തപുരത്ത് നിന്നും ഡൽഹിക്കുള്ള കണക്കറിയാമോ?

തിരുവനന്തപുരം- ഡൽഹി ത്രീ ടയർ എ/സി ത്രീ ടയർ ടിക്കറ്റ്‌ നിരക്ക് 2400 രൂപയും, ബസ് ഫെയർ ടു ടയർ 3840 രൂപയും ആണ്. മൂന്ന് ദിവസം ആഹാരവും വെള്ളവും അധിക പണം കണ്ടെത്തി വാങ്ങണം. ഒരു ദിവസം മുന്നൂറു മുതൽ നാനൂറു രൂപ ചെലവ് ഇതിനു വേണ്ടി വരും. എല്ലാം കൂടെ കൂട്ടിയാൽ 4500 രൂപ വരെ ചെലവ്. ഏതാണ്‌ ലാഭം?- നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവേൽ എഴുതുന്നു.

ട്രെയിനിലും ലാഭം വിമാനം; തിരുവനന്തപുരത്ത് നിന്നും ഡൽഹിക്കുള്ള കണക്കറിയാമോ?

2000 -ത്തിൽ ഈയുള്ളവൻ തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുമ്പോള്‍ അന്നത്തെ ടിക്കറ്റ് ചാർജ് 2200 രൂപയായിരുന്നു. ഇന്ത്യൻ എയർലൈൻസ് മാത്രമാണ് ഈ സര്‍വീസ് നല്‍കിയിരുന്നത്. യാത്രയില്‍ പകുതിയിൽ അധികം സീറ്റുകൾ കാലിയായിരിക്കും. യാത്ര ചെയ്യുന്നതിൽ അധികവും സർക്കാർ സർവീസില്‍ ഉള്ളവരോ അല്ലെങ്കിൽ കോട്ടും ടൈയും ധരിച്ച, എലൈറ്റ് ക്ലാസില്‍ പെട്ടവരോ ആയിരിക്കും.


ഡൊമസ്റ്റിക് (ആഭ്യന്തര) വിമാന സർവീസിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഈസ്റ്റ് വെസ്റ്റ് സ്വകാര്യ എയർലൈൻസിന്‍റെ ഉടമ ഒരു മലയാളി ആയിരുന്നു. അത് പക്ഷെ പൂട്ടിപ്പോയി. ഹരിയാന സ്വദേശിയായ ഗോയലിന്റെ ജെറ്റ് എയർവെയ്‌സ് ആരംഭിക്കുമ്പോഴും ഇന്ത്യൻ എയർലൈൻസുമായി നേരിട്ട് ഒരു മത്സരം ഉണ്ടായിരുന്നില്ല. ഇന്ത്യൻ എയർലൈൻസിനു ആരോടും മത്സരിക്കാനും ഉണ്ടായിരുന്നില്ല. തന്നിഷ്ടം പോലെ ജെറ്റ് എയര്‍വേയ്സ് ടിക്കറ്റ് ചാർജ് ഈടാക്കാനും തുടങ്ങി. അവരുടെ ആദ്യ വർഷത്തെ ലാഭം തന്നെ ഏകദേശം 200 കോടി രൂപയുടെ മുകളിൽ ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍. അതും ഏകദേശം 10 സര്‍വീസുകളിൽ നിന്ന്. എന്നിട്ടും ഇന്ത്യൻ എയർലൈൻസ് നഷ്ടത്തില്‍ തന്നെ തുടര്‍ന്നു- അതാണ് ഈ 'വെള്ളാന'. ഇതായിരുന്നു കൊള്ള! സർക്കാർ അറിഞ്ഞുള്ള പിടിച്ചുപറി. മേല്‍തട്ടിലെ ഒരു വിഭാഗത്തിനു മാത്രമാണ് വിമാന സർവീസ് പ്രാപ്യമായിരുന്നത്. പൊതു ഖജനാവില്‍ നിന്നും എയര്‍പോര്‍ട്ടുകള്‍ പണിയുകയും പക്ഷെ അവ ഉപയോഗിക്കുവാനുള്ള യോഗ്യത എലൈറ്റ് ക്ലാസിനു മാത്രമാവുകയും ചെയ്യുന്ന ഒരു സ്ഥിതി. ഇതാണ് കര്‍ണ്ണാടകക്കാരനായ ക്യാപ്റ്റൻ ഗോപിനാഥ് പൊളിച്ചടുക്കിയത്. ബജറ്റ് എയർലൈൻസ് നിലവില്‍ വന്നു. എയർ ഡെക്കാൻ സര്‍വീസ് ഒരു അതിശയം തന്നെയായിരുന്നു. എല്ലാവര്‍ക്കും യാത്ര ചെയ്യാം, സീറ്റ് നമ്പർ പോലും അനുവദിച്ച് നല്‍കിയിരുന്നില്ല. ആദ്യം വന്നു ക്യു നില്‍ക്കുന്നവനു ഇഷ്ടമുള്ള സീറ്റ് ലഭിക്കും. സിവിൽ ഏവിയേഷനിലെ ഒരു ഇന്ത്യൻ വിപ്ലവമായിരുന്നു ഇത്. എന്നാൽ എയർ ഇന്ത്യ 50 ബില്യൺ നഷ്ടത്തിലാണ്. ക്യാബിൻ ക്രൂവിനു മാത്രം രണ്ടര മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് ശമ്പളം. അതേസമയം സ്വകാര്യ സർവീസുകൾ 45-50 ആയിരം രൂപയാണ് ശമ്പളമായി നൽകുന്നത്. എയർ ഇന്ത്യയുടെ പൈലറ്റുമാരുടെ ശമ്പളം കേട്ടാൽ വീണ്ടും ഞെട്ടും. 10 ലക്ഷം രൂപ വരെ. എന്നിട്ടും ജോലിക്കു വരാൻ പൈലറ്റുമാർക്ക് മടിയോടു മടി. എയർ ഇന്ത്യക്കു സ്വന്തമായി ന്യൂയോർക്ക് , ചിക്കാഗോ തുടങ്ങി ഓഫീസുകളില്ലാത്ത സ്ഥലങ്ങളുമില്ല.ഇവിടെ കനത്ത ശമ്പളത്തിലാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. മറ്റു കമ്പനികൾ ഔട്ട് സോഴ്സ് ചെയ്യുന്ന കാര്യങ്ങളിലാണ് ഈ അനാവശ്യ ഓഫീസുകൾ. വിദേശത്തെ ഓഫീസുകളിലുള്ളവരാകട്ടെ എയർ ഇന്ത്യയുടെ ശമ്പളം പറ്റി അതതു രാജ്യങ്ങളിൽ സ്വന്തമായി ബിസിനസ്സ് ചെയ്യുകയാണ് എന്നതും അത്ര രഹസ്യമല്ല. വിദേശങ്ങളിലെല്ലാം ഓഫീസുകളുമായി ബില്യൺ നഷ്ടം വരുത്തുന്ന എയർ ഇന്ത്യയുടെ ഏറ്റവും ലാഭകരമായ സർവീസ് കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ളതാണ്. ഇന്ത്യയിൽ ജെറ്റിനും ഇൻഡിഗോയ്ക്കും ഇതേ റൂട്ട് തന്നെയാണ് ലാഭകരം. എന്നിട്ടും എന്തിനാണ് അമേരിക്കയിൽ ഓഫീസിൽ എന്ന് എയർ ഇന്ത്യയോട് ശക്തമായി തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.

ഇന്ന് ഒരു മാസം മുൻപ് തിരുവനന്തപുരത്തു നിന്നും ഡൽഹിക്കു ടിക്കറ്റ്‌ ബുക്ക് ചെയ്താൽ 3500 രൂപയാകും. കേവലം മൂന്ന് മണിക്കൂർ കൊണ്ട് യാത്ര പൂർത്തീകരിക്കുന്ന സ്ഥിതിയായി. അതായത് മുതലാളിയ്ക്കു മാത്രമല്ല, മുതലാളിയുടെ ഡ്രൈവറിനും വിമാനയാത്ര അത്ര വലിയ സംഭവമല്ല. ഇതേ യാത്രയ്ക്കു ട്രെയിൻ ടിക്കറ്റ് രണ്ടു മാസം മുൻപ് ബുക്ക്‌ ചെയ്യുന്നു എന്ന് കരുതുക. തിരുവനന്തപുരം- ഡൽഹി ത്രീ ടയർ എ/സി ത്രീ ടയർ ടിക്കറ്റ്‌ നിരക്ക് 2400 രൂപയും, ബസ് ഫെയർ ടു ടയർ 3840 രൂപയും ആണ്. മൂന്ന് ദിവസം ആഹാരവും വെള്ളവും അധിക പണം കണ്ടെത്തി വാങ്ങണം. ഒരു ദിവസം മുന്നൂറു മുതൽ നാനൂറു രൂപ ചെലവ് ഇതിനു വേണ്ടി വരും. എല്ലാം കൂടെ കൂട്ടിയാൽ 4500 രൂപ വരെ ചെലവ്. ഏതാണ്‌ ലാഭം? സമയത്തിന്റെ ലാഭം മറ്റൊരു കാര്യം. റെയിൽവേ നമ്മളെ കൊള്ളയടിക്കുന്നത്‌ ഇങ്ങനെയെല്ലാമാണ്.


റെയില്‍വേ സ്വകാര്യവത്കരിക്കണം എന്നു പലരും മുറവിളികൂട്ടുന്നത് കണ്ടിട്ടുണ്ട്. നമ്മള്‍ റെയില്‍വേയ്ക്കു അടയ്ക്കുന്ന പണത്തിന്‍റെ പകുതി മതി ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചമായ രീതിയിലും കുറഞ്ഞ സമയത്തിലും നമുക്ക് സേവനം ലഭിക്കാൻ. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയും ലോകത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നതുമായ ഒരു സംവിധാനമാണ് നമ്മുടെ സ്വന്തം റെയില്‍വേ. പക്ഷെ എന്നിട്ടും എക്സ്പ്രസ്സ് ട്രെയിനുകളുടെ വേഗത ശരാശരി മണിക്കൂറില്‍ 60 കിലോമീറ്ററാണ്. കഴിഞ്ഞില്ല, ഏറ്റവുമധികം അഴിമതി കൊടിക്കുത്തി വാഴുന്ന പ്രസ്ഥാനം. കൂടാതെ ഓരോ ആഴ്ചയിലും അപകടവും.


2011 ല്‍ ചൈന തങ്ങളുടെ നല്ലൊരു ശതമാനം റെയിൽവേയും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലേക്ക് വര്‍ദ്ധിപ്പിച്ചെടുത്തു. സ്വകാര്യ ബജറ്റ് വിമാന സീരിസുമായി മത്സരിക്കാന്‍ പ്രാപ്തമായ 10% ട്രെയിനുകൾ ഓടിത്തുടങ്ങി. 300 കിലോമീറ്ററിന് മുകളിലായി ഇതിന്‍റെ വേഗത. ഒപ്പം ട്രെയിൻ ടിക്കറ്റ് നിരക്കും കുറച്ചു. ട്രെയിനുകൾ കൂടുതൽ സർവീസ് നടത്താൻ തുടങ്ങി. സമയം ക്രമീകരിച്ചതോടെ ലാഭവും വര്‍ദ്ധിച്ചു എന്ന് പറയേണ്ടതില്ലെലോ.


നമ്മുടെ നാട്ടിൽ ബ്രിട്ടീഷുകാരന്‍ പണിത പാലങ്ങൾ, അന്‍പതില്‍ അധികം വർഷം പുരാതനമായ ടെലികമ്മ്യൂണിക്കേഷൻസ് സംവിധാനം, ഇന്നും ടോര്‍ച്ചടിച്ച് നോക്കി സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജി, മലിന ജലം മാത്രം വിതരണം ചെയ്യുന്ന ആധുനികത, വൃത്തിഹീനമായ റെയിൽവേ ബോഗികൾ, ഭിക്ഷാടന മാഫിയയുടെ വിളയാട്ടം... അഴിമതി ഭരിക്കുന്ന ഭീകരനാണ് ഇന്ത്യന്‍ റെയില്‍വേ.


ആദ്യം സർക്കാർ ചെയ്യേണ്ടത് ഇന്ത്യൻ റെയിൽവേ സർവീസ് (ഐ.ആര്‍.എസ്) നിർത്തലാക്കുക എന്നുള്ളതാണ്. ഈ സർവീസാണ് റയിൽവെയുടെ തീരാശാപം. ഏറ്റവും വലിയ നിഗൂഡ റാക്കറ്റ് കൂടിയാണ് ഇത്. മറ്റൊരു സര്‍വീസുകാരനേയും ഡെപ്യുട്ടെഷന്‍ നല്‍കാന്‍ പോലും ഈ സംവിധാനം തയാറാകില്ല. ഇതിന്റെ വിജിലൻസ് സംവിധാനവും 'ഗംഭീര'മാണ്- ഒരു കള്ളന്‍ മറ്റൊരു റാക്കറ്റ് കള്ളനെ പിടിക്കാന്‍ പോകുന്നത് പോലെ. എത്ര ചെറുതും വലുതുമായ തെറ്റ് ചെയ്താലും എത്ര റെയിൽവേ ഉദ്യോഗസ്ഥർ നാളിതുവരെ ശിക്ഷിക്കപ്പെട്ടു എന്ന കണക്കെടുത്താല്‍ മതി. രണ്ടു മാസം മുൻപേ ടിക്കറ്റ് ബുക്കു ചെയ്യുമ്പോൾ അതിന്റെ പലിശ മാത്രം കോടികള്‍ ഉണ്ടാക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ പലിശ സമ്പാദിക്കുന്ന ഒരു സ്ഥാപനം, ഏറ്റവും മോശമായ സർവീസ് തരുന്ന സ്ഥാപനം- ഇന്ത്യൻ റെയിൽവേ! എല്ലാ മോശമായ ഗണത്തിലുമുണ്ട് നമ്മുടെ ഭാരത് റെയിൽ!


Story by
Read More >>