നിങ്ങള്‍ കയ്യടിക്കുന്നതൊന്നും ഇടതുപക്ഷ സിനിമകള്‍ക്കല്ല...

ഇടതുപക്ഷ സിനിമകളെന്നു തെറ്റിദ്ധരിക്കപ്പെട്ട് മലയാളികള്‍ തിയറ്ററുകളിലേക്കു തള്ളിക്കയറുമ്പോള്‍ അരാഷ്ട്രീയ സിനിമകള്‍ കമ്മ്യൂണിസ്റ്റ് ചിത്രങ്ങളാകുന്നു. കേരളീയന്റെ ഇടതുപക്ഷ ചിന്താഗതിയെ ചൂഷണം ചെയ്ത് കമ്മ്യൂണിസ്റ്റ് കാല്പനികത മാര്‍ക്കറ്റ് ചെയ്യുന്ന മലയാള സിനിമയുടെ വഴികളെക്കുറിച്ചു നാരദാന്യൂസ് പ്രതിനിധി എസ് വിനേഷ് കുമാര്‍ എഴുതുന്നു

നിങ്ങള്‍ കയ്യടിക്കുന്നതൊന്നും ഇടതുപക്ഷ സിനിമകള്‍ക്കല്ല...

പഴയകാല കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന ടോം ഇമ്മട്ടി ഒരുക്കിയ 'മെക്‌സിക്കല്‍ അപാരത' തെറ്റിദ്ധരിക്കപ്പെട്ട യൗവ്വനങ്ങളില്‍ നിന്നു കയ്യടി നേടിയ ചിത്രമാണ്. കാരണം അതൊരു ഇടതുപക്ഷ ചിത്രമേയല്ലായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ രൂപം കൊണ്ടതിന്റെ ചരിത്രം എന്ന തരത്തില്‍ വലതുപക്ഷ അജണ്ട ഒളിച്ചുകടത്തുന്നതില്‍ ടോം ഇമ്മട്ടി വിജയിച്ചപ്പോള്‍ തിയറ്ററുകളില്‍ കയ്യടിച്ച യുവത്വങ്ങളില്‍ ഏറിയ പങ്കും എസ്എഫ്ഐക്കാരായിരുന്നു. കെഎസ്‌യുവിന്റെ ഹീറോയിസവും എസ്എഫ്‌ഐ മൂവ്‌മെന്റിന്റെ ചില സ്വീക്കന്‍സുകളും തുന്നിച്ചേര്‍ത്ത് അതിഭാവുകത്വം ആവോളം കുത്തിനിറച്ച ഒരു അരാഷ്ട്രീയ സിനിമയായിരുന്നത്. സിദ്ധാര്‍ത്ഥ ശിവ ഒരുക്കിയ 'സഖാവ്' എന്ന ചിത്രത്തിലേക്കു കടക്കുമ്പോള്‍ എടുത്തുപറയാനുള്ളത് തോട്ടം മേഖലയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പ്രമേയമാക്കാന്‍ കഴിഞ്ഞുവെന്നതു മാത്രമാണ്.

മൂന്നാര്‍ കേന്ദ്രീകരിച്ചുള്ള തോട്ടംമേഖലയിലെ കങ്കാണി സമ്പ്രദായവും തൊഴിലാളികളുടെ ദുരിതവുമൊക്കെ തീവ്രതയോടെ അവതരിപ്പിക്കുന്നതില്‍ 'സഖാവ്' പരാജയമായിരുന്നു. അതിലേറെ അപകടം ഈ സിനിമ മുന്നോട്ടുവെയ്ക്കുന്ന ചില സന്ദേശങ്ങളായിരുന്നു. പുതിയ തലമുറയിലെ കമ്മ്യൂണിസ്റ്റുകാരന്‍ മോശക്കാരനും സഖാവ് കൃഷ്ണനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് യഥാര്‍ഥ ഇടതുപക്ഷക്കാരനുമെന്നൊക്കെയുള്ള തെറ്റായ സന്ദേശമാണ് 'സഖാവ്' നല്‍കുന്നത്. റോള്‍മോഡലുകള്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ വിദ്യാര്‍ഥി നേതാക്കളുടെ സമൂഹ്യകാഴ്ച്ചപ്പാടില്ലായ്മയ്ക്കു കാരണമെന്നും ചിത്രം പറയുന്നുണ്ട്. ഇന്നുള്ള നേതാക്കളെയൊന്നും റോള്‍ മോഡലാക്കാന്‍ കഴിയില്ലെന്നാണു സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം.

സഖാവ് കൃഷ്ണന്റെ ഐഡിയല്‍ ഇമേജ് ഗ്ലോറിഫൈ ചെയ്യുന്നതിനപ്പുറത്തേക്ക് എന്താണ് ഇടതുപക്ഷം, എന്താണു തൊഴിലാളികളുടെ പ്രശ്‌നം എന്നതിലേക്കു ചിത്രം എത്തുന്നുമില്ല. നിവിന്‍ പോളിയുടെ ഹീറോയിസം ലക്ഷ്യം വച്ചുള്ള ഒരു ന്യൂജന്‍ ചിത്രം എന്നതിലപ്പുറം ഒന്നുമല്ല 'സഖാവ്'. അതേസമയം അമല്‍ നീരദിന്റെ 'ഇയ്യോബിന്റെ പുസ്തകം' മൂന്നാര്‍ രാഷ്ട്രീയം പറയാന്‍ ശ്രമിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് തോട്ടംമേഖല രൂപപ്പെടുന്നതും കങ്കാണി സമ്പ്രദായവും നാടന്‍ സായ്പന്‍മാരുടെ ആധിപത്യവും നക്‌സല്‍ മൂവ്‌മെന്റുമെല്ലാം 'ഇയ്യോബിന്റെ പുസ്തകം' മുന്നോട്ടുവച്ചിരുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രമായ 'സിഐഎ' (കോമ്രേഡ് ഇന്‍ അമേരിക്ക) ഒരു ന്യൂജന്‍ സിനിമയ്ക്കപ്പുറം അന്താരാഷ്ട്ര വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെന്നത് എടുത്തുപറയേണ്ടതുണ്ട്.

ആഭ്യന്തരകലാപവും ദാരിദ്ര്യവും മൂലമുള്ള അമേരിക്കന്‍ കുടിയേറ്റത്തിന്റെ ദുരിതവും ദുരന്തങ്ങളും അതിതീവ്രമായി സിഐഎയ്ക്കു പറയാനായില്ലാ എന്നതു മറ്റൊരു കാര്യം. അതേസമയം കുടിയേറ്റത്തിന്റെ നൂലാമാലകളും അഭയാര്‍ത്ഥി പ്രശ്നങ്ങളുമൊക്കെ ദൃശ്യവത്ക്കരിക്കുന്നതില്‍ അമല്‍ വേറിട്ട നിലപാടു തന്നെ കാണിക്കുകയുണ്ടായി. കാമുകിയെത്തേടി നായകന്‍ മെക്‌സിക്കന്‍ അതിര്‍ത്തി കടക്കുന്നതിലൂടെയൊണെങ്കിലും അഭയാര്‍ത്ഥി രാഷ്ട്രീയം പറഞ്ഞുവയ്ക്കുക തന്നെ ചെയ്തിരുന്നു. ആഗോള സമകാലിക വിഷയത്തിന് ഊന്നല്‍ കൊടുക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ഇതൊരു ഇടതുപക്ഷ സിനിമയാണെന്നു പറയാനും കഴിയില്ല. രാജീവ് രവിയുടെ 'കമ്മട്ടിപ്പാട'ത്തിനോളം രാഷ്ട്രീയ നിലപാടുള്ള ചിത്രങ്ങളല്ലാഞ്ഞിട്ടും ഇവയില്‍ പലതും കമ്മ്യൂണിസ്റ്റ് സിനിമകളായി കൊട്ടിഘോഷിച്ചവയായിരുന്നു. മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്' ആകട്ടെ കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ചിത്രമായിരുന്നു താനും. ഐഡിയല്‍ ഇമേജില്‍ അഭിരമിക്കുന്നതിനപ്പുറം ചില യാഥാര്‍ത്ഥ്യങ്ങളെങ്കിലും പറയാന്‍ ശ്രമിച്ചത് 1970-80 കാലഘട്ടങ്ങളിലിറങ്ങിയിരുന്ന ചില ചിത്രങ്ങളായിരുന്നു.

ഹീറോയിസത്തിനപ്പുറത്തേക്കു ചലിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കു കഴിഞ്ഞിരുന്നു. മെലോഡ്രാമയുടെ അകമ്പടിയിലായിരുന്നെങ്കില്‍പോലും റിയലിസത്തോട് ഒട്ടിനില്‍ക്കാന്‍ ശ്രമിക്കുന്നതായിരുന്നു വിരലിലെണ്ണാവുന്ന ചിത്രങ്ങളെങ്കിലും. മുഖ്യാധാരാ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഒരു ഐഡിയല്‍ ലെഫ്റ്റ് മൂവ്‌മെന്റ് എന്നതിലേക്കു പലചിത്രങ്ങളും കടന്നുവരികയും ചെയ്തു. 1976ല്‍ പുറത്തിറങ്ങിയ തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും കെ എസ് സേതുമാധവന്റെ 'മൂലധന'വുമെല്ലാം ലെഫ്റ്റ് ഓറിയന്റഡായ ചിത്രം എന്ന നിലയിലാണു ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതിന്റെയെല്ലാം അടിസ്ഥാനം ഹീറോയിസം തന്നെയായിരുന്നു.

1975 മുതല്‍ 80 വരെയുള്ള കാലയളവിലാണ് നക്സല്‍ പോരാട്ടവും ചരിത്രവും അനുഭവങ്ങളും പറയുന്ന ചിത്രങ്ങള്‍ പുറത്തുവരുന്നത്. അടിയന്തിരാവസ്ഥയും പൊലീസ് ഭീകരതയുമെല്ലാം പതിവ് പോലെ പറഞ്ഞുവച്ചു പോയിരുന്ന ഇത്തരം ചിത്രങ്ങളാവട്ടെ, നക്സല്‍ പതനത്തെ ഒരു ആഘോഷമാക്കി അവതരിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമുണ്ടായി. മുഖ്യധാരാ രാഷ്ട്രീയത്തിനപ്പുറം തീവ്രമായ ധാരയെ അവതരിപ്പിച്ച 1978ല്‍ പുറത്തിറങ്ങിയ ബക്കറിന്റെ 'കബനീനദി ചുവന്നപ്പോള്‍' എന്ന ചിത്രം വയനാടിന്റെ നക്‌സല്‍ പോരാട്ടങ്ങളുടെ കഥയാണെന്നു തെറ്റിദ്ധരിച്ചവരായിരുന്നു നല്ലൊരു ശതമാനം ആസ്വാദകരും.

അടിയന്തരാവസ്ഥയുടെ കരാളഹസ്തത്തില്‍ നിന്നു രാജ്യം മോചനം നേടി നില്‍ക്കുന്ന കാലത്തായിരുന്നു ഈ ചിത്രം ഇറങ്ങിയത്. പിന്നീടു വന്ന 'രാജന്‍ പറഞ്ഞ കഥ'യും സമാനമായ നക്‌സലിസം പ്രമേയമാക്കിയ ചിത്രമായിരുന്നു. ചിന്ത രവിയുടെ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഹരിഹരന്‍ - എം ടി ടീമിന്റെ ആരണ്യകം, പഞ്ചാഗ്നി, ഭരതന്റെ ഇത്തിരിപ്പൂവെ ചുവന്ന പൂവെ, മര്‍മ്മരം, പാഥേയം തുടങ്ങിയ ചിത്രങ്ങളെല്ലാം തീവ്രമായ ഇടതുപക്ഷ ധാരയെ പ്രമേയമാക്കി അവതരിപ്പിക്കപ്പെട്ട സിനിമകളായിരുന്നു. നക്‌സല്‍ വര്‍ഗ്ഗീസിന്റെ കഥ പറയുന്ന മധുപാലിന്റെ തലപ്പാവും ജയരാജിന്റെ ഗുല്‍മോഹറുമെല്ലാം നക്‌സല്‍ ലൈനുകളെ ന്യായീകരിക്കപ്പെടുന്നതിനപ്പുറമുള്ള തലങ്ങളിലേക്ക് നീങ്ങിയതുമില്ല. എണ്‍പതുകളില്‍ ജോണ്‍ എബ്രഹാമിന്റെയും ഒഡേസ സത്യന്റെയുമെല്ലാം സമാന്തര സിനിമകളാകട്ടെ ഇടതുപക്ഷ കേന്ദ്രീകൃതമായ പ്രമേയം ആസ്പദമാക്കിയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. ജോയ് മാത്യു നായകനായ 'അമ്മ അറിയാന്‍' എന്ന ചിത്രമൊക്കെ ഉണ്ടായത് ഇങ്ങനെയായിരുന്നു. ഇതിലധികം ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടതായിരുന്നെന്നത് മറ്റൊരു വസ്തുത.

ഇടതുപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം സമാന്തര സിനിമകളെ വിസ്മരിച്ചാണു വാണിജ്യ താല്‍പര്യമുള്ള ചിത്രങ്ങൾ കമ്മ്യൂണിസ്റ്റ് സിനിമകളായി ആഘോഷിക്കപ്പെട്ടതും ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നതും. മലയാള സിനിമയെ ലെഫ്റ്റ് ഓറിയന്റഡ് ആക്കി കൃത്യമായി മാര്‍ക്കറ്റ് ചെയ്തത് ഐ വി ശശിയായിരുന്നു. തൊഴിലാളി സമരങ്ങളും കര്‍ഷക പ്രക്ഷോഭങ്ങളും ഉള്‍പ്പെടുത്തി നായകനെ കമ്മ്യൂണിസ്റ്റുകാരനാക്കി വാണിജ്യ സിനിമയുണ്ടാക്കുന്നതില്‍ മലയാളത്തില്‍ വിജയക്കൊടി പാറിച്ചവരായിരുന്നു ഐ വി ശശി -ടി ദാമോധരന്‍ കൂട്ടുകെട്ട്. ഇടതുചാരി മുന്നോട്ടുപോയ ഇത്തരം ചിത്രങ്ങളൊന്നും തന്നെ രാഷ്ട്രീയ സിനിമകളായിരുന്നില്ല. മറിച്ച് കമ്മ്യൂണിസത്തെ മാര്‍ക്കറ്റ് ചെയ്യുകയും ആഘോഷിക്കുകയും നായകന്റെ വിപ്ലവത്തെ പുകഴ്ത്തുകയും പ്രമോട്ട് ചെയ്യുകയുമായിരുന്നു എണ്‍പതുകളിലെ ഐ വി ശശിയുടെ ഉള്‍പ്പെടെയുള്ള സിനിമകള്‍.

1981ല്‍ ഇറങ്ങിയ അഹിംസ, 84ലെ ഈനാട്, 85ലെ വാര്‍ത്ത, 87ലെ അടിമകള്‍ ഉടമകള്‍, 91ലെ അപാരത, മണിരത്‌നത്തിന്റെ ഉണരൂ തുടങ്ങിയവയെല്ലാം രാഷ്ട്രീയ ചിത്രങ്ങളെന്ന പേരില്‍ ഇറങ്ങിയ വാണിജ്യ സിനിമകളായിരുന്നു. ഇതെല്ലാം തന്നെ ബോക്‌സോഫീസ് വിജയങ്ങളായിരുന്നുതാനും. അതേസമയം കമ്മ്യൂണിസ്റ്റ് ചരിത്രം പറയുകയും രാഷ്ട്രീയ സിനിമയായെത്തുകയും ചെയ്ത വാണിജ്യ കേന്ദ്രീകൃത ചിത്രങ്ങളായിരുന്നു വേണുനാഗവള്ളിയുടെ ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നിവ. എന്നാല്‍ കൃത്യമായ നിലപാടോടെ സ്ത്രീപക്ഷ രാഷ്ട്രീയം പറയാന്‍ പത്മരാജന്‍ ചിത്രങ്ങള്‍ തന്റേടം കാണിക്കുകയും ചെയ്തു. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും ദേശാടനക്കിളി കരയാറില്ലായും തൂവാനത്തുമ്പികളുമൊക്കെ മുന്നോട്ടുവച്ച രാഷ്ട്രീയം ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

മലയാളിയുടെ ഇടതുപക്ഷ മനസ്സിനൊപ്പം നില്‍ക്കുന്നുവെന്നു തോന്നിക്കുന്ന നായകകേന്ദ്രീകൃത സിനിമകളാണു രാഷ്ട്രീയ ചിത്രങ്ങളെന്ന പേരില്‍ അവതരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. സിനിമ ഒരു വ്യവസായമാണെന്ന കാര്യം തള്ളിക്കളയാനാവില്ലെങ്കിലും വാണിജ്യ ചിത്രങ്ങളില്‍ കമ്മ്യൂണിസം ഒരു മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ആശയമാകുകയാണിവിടെ. ചെഗുവേരയുടെ ചിത്രമുള്ള ബനിയനും ചുവന്ന മുണ്ടും കറുപ്പു ഷര്‍ട്ടുമെല്ലാം പുതിയ ട്രെന്‍ഡാകുമ്പോള്‍ മലയാള സിനിമയും ഇത്തരം ഇന്‍സ്റ്റന്റ് എന്റര്‍ടെയ്നർ മാത്രമാകുന്ന കാലമാണിത്, രാഷ്ട്രീയം പറയാതെ...

Story by