ഞങ്ങളുടെ കുട്ടിയെ ഞങ്ങൾ എന്തും ചെയ്യും, അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വേദന തനിക്കെന്തിനാണ്; ഈ വാദം വിവരക്കേടാണ്

പയ്യന്നൂരില്‍ ശോഭയാത്രയ്ക്കിടെ കുഞ്ഞിനെ ആലിലയില്‍ കെട്ടിയിട്ട പ്ലോട്ടിന്‍റെ ചിത്രം പകര്‍ത്തിയ ശ്രീകാന്ത് ഉഷ പ്രഭാകരന്‍ എഴുതുന്നു.

ഞങ്ങളുടെ കുട്ടിയെ ഞങ്ങൾ എന്തും ചെയ്യും, അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വേദന തനിക്കെന്തിനാണ്; ഈ വാദം വിവരക്കേടാണ്

ഞാൻ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത ശോഭായാത്രയുമായി ബന്ധപ്പെട്ട പോസ്റ്റ്‌ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. ബാലാവകാശവുമായി ബന്ധപ്പെട്ട്‌ ഒരു ചർച്ച ഉയർന്നു വരുന്നതിനു ആ പോസ്റ്റ്‌ കാരണമായെന്നു കാണുന്നതിൽ സന്തോഷമുണ്ട്‌. കഴിഞ്ഞ ദിവസം, പുറത്തിറങ്ങിയാൽ വച്ചേക്കില്ല എന്നു പറഞ്ഞ്‌ ഫോൺകോളും വരികയുണ്ടായി. പല രാഷ്ട്രീയ പാർട്ടികളും മത-സാംസ്കാരിക സംഘടനകളും ഇത്തരം ആഘോഷങ്ങളിലും ജാഥകളിലും കുട്ടികളെ ഉപയോഗപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്‌.

കുട്ടിയുടെ മേലുള്ള അവകാശങ്ങൾ പൂർണ്ണമായും ഇവിടെ നിർവ്വചിക്കപ്പെട്ടിട്ടുണ്ടോ എന്നതൊരു പ്രശ്നമാണ്. ഞങ്ങളുടെ കുട്ടി, ഞങ്ങൾ എന്തും ചെയ്യും അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വേദന തനിക്കെന്തിനാണ് തുടങ്ങിയ വാദങ്ങൾ വിവരക്കേടാണ്. കുട്ടി ഒരു ജീവിയാണെന്നും കുട്ടിക്കും മനുഷ്യപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ ഉണ്ടെന്നും അത്‌ അനുവദിച്ചു നൽകാൻ സാധിക്കാത്തവർ മനുഷ്യത്വമില്ലാത്തവരുമാണെന്നാണ് ഞാൻ പറഞ്ഞു വരുന്നത്‌.

യുഎന്നിന്റെ ശിശുക്ഷേമവുമായി ബന്ധപ്പെട്ട കമ്മിറ്റി UNCRC-യുടെ കൺവെൻഷൻ കുട്ടികൾക്ക്‌ നിർബന്ധമായും ലഭ്യമാക്കേണ്ടുന്ന അടിസ്ഥാനപരമായ അവകാശങ്ങളെ നാലായി തിരിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌.

നിലനിൽപ്പിനുള്ള അവകാശം, സംരക്ഷണത്തിനും, പങ്കാളിത്തത്തിനും, വികസിക്കാനും ഉള്ള അവകാശങ്ങൾ എന്നിങ്ങനെയാണവ. പങ്കാളിത്തത്തിനുള്ള അവകാശമെന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ കുട്ടിക്കുള്ള നിർണ്ണയാവകാശവും, വികസിക്കാനുള്ള അവകാശമെന്നാൽ വിശ്രമിക്കാനും കളിക്കാനും ബുദ്ധിപരമായും വൈകാരികമായും വളരുവാനുള്ള അവകാശത്തെയും, നിലനിൽക്കുവാനുള്ള അവകാശം ആവശ്യമായ ഭക്ഷണത്തിനും സംരക്ഷണത്തിനും അന്തസ്സോടുകൂടി ജീവിക്കുന്നതിനുമുള്ള അവകാശങ്ങളെ കുറിക്കുന്നു. സംരക്ഷണത്തിനുള്ള അവകാശമെന്നാൽ എല്ലാത്തരം ക്രൂരതകളിൽ നിന്നും ശാരീരികവും ലൈംഗികവുമായ ദുരുപയോഗത്തിൽ നിന്നും ഉള്ള സംരക്ഷണത്തിനും കുട്ടികൾക്ക്‌ അവകാശമുണ്ടെന്നും മുഴുവൻ ഗവണ്മെന്റുകളും അവ നിർബന്ധമായും ഉറപ്പാക്കണം എന്നു പറഞ്ഞ്‌ ചില അടിസ്ഥാന മനുഷ്യാവകാശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്‌.

അതിനെ പിൻപറ്റി ഇന്ത്യയിലും ഒട്ടനവധി നിയമങ്ങളും സർക്കാർ സംവിധാനങ്ങളും നിലനിൽക്കുന്നുണ്ട്‌. അത്തരത്തിൽ പെട്ട ഒന്നാണു ചെെൽഡ് ലൈൻ. അടിയന്തിര സന്ദർഭങ്ങളിൽ പരാതിപ്പെടാൻ അവർക്ക്‌ 1098 എന്ന ഒരു ഫോൺ സംവിധാനവും നിലവിൽ ഉണ്ട്‌.

ഞാൻ ചെെൽഡ്‌ ലൈനുമായി ബന്ധപ്പെട്ട്‌ നൽകിയ പരാതിയെ കുറിച്ച്‌ പറയുന്നതിനു മുൻപ്‌ ഒരു സുഹൃത്തിനുണ്ടായ അനുഭവം പറയാം. കുറച്ചു വർഷം മുൻപ്‌ ദീപക്‌ എന്ന ഒരു സുഹൃത്ത്‌ ചെറുവത്തൂർ ബസ്സ്റ്റാന്റിൽ 8,10 വയസ്സു പ്രായം തോന്നിക്കുന്ന അഞ്ചോളം പെൺകുട്ടികൾ ഉച്ചയോടെ ഭിക്ഷാടനത്തിനെത്തിയതായി കണ്ട്‌ ചെയിൽഡ്‌ ലൈൻ നമ്പറിൽ വിളിച്ച്‌ വിവരം പറഞ്ഞു. അവർ ഇപ്പോൾ സ്ഥലത്തെത്താം കുട്ടികളെ ഒന്നു ശ്രദ്ധിക്കൂ എന്നു പറഞ്ഞു. മണിക്കൂറുകൾ കുട്ടികളുടെ പിറകെ നടന്ന് ചങ്ങാതി ഉദ്ദ്യോഗസ്ഥരെ വിളിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴെത്തുമെന്ന് അവർ ആവർത്തിക്കുകയും, കുട്ടികൾ വൈകുന്നേരം ഒരു വാനിൽ കയറി പോവുകയും ചെയ്തു. ഇതു പറഞ്ഞത്‌ എത്രത്തോളം കാര്യക്ഷമമാണ് ഈ ചെയിൽഡ്‌ ലൈൻ എന്നു സൂചിപ്പിക്കാനാണ്.

പയ്യന്നൂരിൽ ആലിലയിൽ കുട്ടികിടക്കുന്ന പ്ലോട്ടുമായുള്ള വാഹനം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം ഏകദേശം 3 മണിക്കു ശേഷമാണ് ബസ്സ്റ്റാന്റ്‌ റോഡിലേക്ക്‌ പ്രവേശിക്കുന്നത്‌. അന്നത്തെ ദിവസത്തെ കാലവസ്ഥ രാവിലെ മുതൽ വൈകുന്നേരം വരെ നല്ല വെയിൽ ഉണ്ടായിരുന്നുവെന്നതാണ്. അടുത്ത ദിവസം പുലർച്ചെ 2 മണിയോടെ മഴ വരുന്നതിനു മുന്നോടിയായുള്ള ചൂട്‌. റോഡിലൂടെ നീങ്ങുന്ന വാഹനത്തിൽ കുട്ടിയുടെ രൂപം അനങ്ങാതെ കിടക്കുന്നതാണു ഞാൻ ആദ്യം കണ്ടത്‌. ഇത്രയും ഭംഗിയിൽ പ്രതിമയുണ്ടാകുമോ എന്ന സംശയമാണ് കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കിയത്‌. കുറച്ചു ദൂരം ചെന്നപ്പോൾ പുതിയസ്റ്റാന്റിനു സമീപം വണ്ടി ഒതുക്കി നിർത്തിയപ്പോഴാണ് കുട്ടി ചുറ്റുപാടും നോക്കുകയും അനങ്ങുകയും മറ്റും ചെയ്യുന്നത്‌. ആ സമയത്താണു ഞാൻ ഫോട്ടോ എടുക്കുന്നത്‌. ഒരു ഇരുപതു മിനിറ്റോളം അവിടെ നിന്നതിനു ശേഷമാണു ചെയിൽഡ്‌ ലൈനിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണെന്ന് തോന്നി 1098ലേക്ക്‌ വിളിക്കുന്നത്‌. ആദ്യം ഫോൺ എടുത്ത ഉദ്ദ്യോഗസ്ഥനോട്‌ കാര്യങ്ങൾ പറഞ്ഞപ്പോഴാണ് അയാൾ തിരിച്ച്‌ ഇത്തരം പരിപാടികൾ കൃത്യമായ അനുവാദത്തോടെയാണ് നടത്തുന്നതെന്നും, കുട്ടിക്കു പരാതിയുണ്ടോ രക്ഷിതാവിനു പരാതിയുണ്ടോ എന്നു പരിഹസിച്ചത്‌. തുടർന്ന് ഇതൊരു മനുഷ്യാവകാശ പ്രശ്നമാണെന്നും പരാതി എനിക്കാണെന്നും പറഞ്ഞു ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പയ്യന്നൂരിലെ ബന്ധപ്പെട്ടവരോട്‌ സംസാരിക്കാനായതും, പോലീസിനു പരാതി കൈമാറിയെന്നെന്നെ അറിയിക്കുന്നതും.

അതിനുശേഷം രാത്രിയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും വിഷയം മീഡിയകൾ ഏറ്റെടുക്കുകയും ചെയ്തു. പിറ്റേന്നാൾ രാത്രിയിൽ +3146041 എന്ന നമ്പറിൽ നിന്നും വന്ന ഇന്റർനെറ്റ്‌ കോളിൽ ഒരു ചെറുപ്പക്കാരൻ " ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ ഇഷ്ടം പൊലെ ചെയ്യും അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വിഷയം നിനക്കാവിശ്യമില്ല... ------- ---- -- നീ പുറത്തിറങ്ങി നടക്കുന്നത്‌ കാണാമല്ലോ...----. ---" എന്നു തുടങ്ങിയ ഭീഷണികാൾ ഉണ്ടാകുന്നതും.

ഞാൻ ചോദ്യം ചെയ്തത്‌ ആ ദൃശ്യത്തിലെ ബിംബത്തെയൊ വിശ്വാസത്തെയോ അല്ല. അവിടെ ഉണ്ടായിട്ടുള്ള മനുഷ്യാവകാശ ധ്വംസനത്തെയാണ്. കുട്ടിയുടെ രക്ഷിതാക്കൾ ആരായിരുന്നാലും കുട്ടി ഈ സമൂഹത്തിന്റെ സ്വത്താണ്. എന്റെയും നിങ്ങളുടെയും കുട്ടിയാണ്. കുട്ടികളെ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പരിപാലിക്കണം എന്നുള്ളതിന് ചില നിയമപരമായ നിർദ്ദേശങ്ങളും അതിനുമപ്പുറം മനുഷ്യസ്നേഹവും നമ്മൾ പരിഗണിക്കേണ്ടതാണ്. കുട്ടികളെ ഇത്തരം കാര്യങ്ങൾക്ക്‌ ഉപയോഗിക്കുമ്പോൾ നിലവിൽ ഉള്ള നിയമവ്യവസ്ഥകളൊന്നും തന്നെ ഒരു മിനിമം പ്രായപരിധി നിർദ്ദേശിക്കുന്നില്ല എന്നാണു ഞാൻ അറിയുന്നത്‌. 18 വയസ്സിനു താഴെയുള്ളവരെ കുട്ടിയായി കണക്കാക്കുന്നു.ഒരു കുറഞ്ഞ പ്രായപരിധി നിർദ്ദേശിക്കാത്തത്‌ വേദനാജനകമാണ്.

എന്നെ ഫോൺ ചെയ്ത വ്യക്തി പറഞ്ഞതിന്റെ അർത്ഥം പുറത്തിറങ്ങിയാൽ എന്നെ ഇല്ലാതാക്കും എന്നാണ്. അയാൾ ഏതെങ്കിലും ഒരു സംഘടനാഭാരവാഹിയോ വക്താവോ ആണെന്നു ഞാൻ കരുതുന്നില്ല. അയാൾ നിലനിൽക്കുന്ന പൊതുബോധത്തിന്റെ ഹിന്ദുത്വഫാസിസത്തിന്റെ വക്താവാണ്. നിലവിലുള്ള അധികാര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്‌ ഹിന്ദുത്വ ശക്തികളാണ്. അതിനോട്‌ ഓരോ മനുഷ്യനും താദാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളിൽ പോലും അതിന്റെ സ്വാധീനം ഉണ്ടാകുന്നുണ്ട്‌. ഇത്തരം സംഘപരിവാർ അജണ്ടകളുള്ള പരിപാടികൾ നമ്മുടെ കുട്ടികളെ ഫാസിസത്തിന്റെ അച്ചിലിട്ട്‌ വാർത്തെടുക്കുകയാണു ചെയ്യുന്നത്‌.

സമൂഹത്തിന്റെ പൊതുധാരയ്ക്ക്‌ പുറത്തുനിന്ന് അതിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികൾ രാജ്യദ്രോഹികളാവുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. ഈ സമൂഹം വളരെ ഭ്രാന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്‌ ഇത്തരം ഹിംസകളെ ആഘോഷിക്കുകയാണ്. ആ ആൾക്കൂട്ട ഭ്രാന്തിന്റെ പ്രതിഫലനമാണ് ഫോൺ ചെയ്ത ആ സുഹൃത്തിലും കാണുന്നത്‌. അതിനെല്ലാം കൂട്ടുനിൽക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന ഒരു ഭരണകൂടവും പോലീസുമാണ് ഇവിടെ നിലനിൽക്കുന്നത്‌ എന്നതാണ് അവരുടെ ശക്തി.

മുൻപ്‌ കണ്ണൂരിൽ ജസീല എന്ന സ്ത്രീ മണ്ണു മാഫിയകൾക്കെതിരെ സമരം നടത്തിയപ്പോൾ അവരുടെ കുട്ടികളുടെ അവകാശലംഘനത്തെ ഉയർത്തി സ്റ്റേറ്റും പൊതുബോധവും ആ സമരത്തെ നേരിടുന്ന കാഴ്ച്ച നാം കണ്ടതാണ്. അന്ന് ഇതേ ശിശു സംരക്ഷണ സംവിധാനങ്ങൾ എത്ര കാര്യക്ഷമമായാണ് പ്രവർത്തിച്ചത്‌.

ശ്വേതാമേനോൻ പ്രസവം ചിത്രീകരിക്കുന്നുവെന്ന വാർത്ത വന്നപ്പോൾ കുട്ടിയുടെ അവകാശം പൊക്കിപ്പിടിച്ച്‌ കൊണ്ട്‌ അവരെ വിമർശിക്കാൻ മുന്നിൽ നിന്നതും ഇതേ ഹിന്ദുത്വ ശക്തികളാണ്. കുട്ടികളുടെ അവകാശസംരക്ഷണം എന്നും ഒരു തർക്കവിഷയമായി നിൽക്കുകയാണ്. ശിശുദിനത്തിലും ഹിരോഷിമ-നാഗസാക്കി ദിനങ്ങളിലുമൊക്കെയായി അത്‌ ഒതുക്കപ്പെടുകയാണ്. പോക്സോ പോലുള്ള നിയമങ്ങൾ കുട്ടികളുടെ സംരക്ഷണത്തിനെന്ന പേരിൽ നിർമ്മിക്കുകയും അത്‌ അടിച്ചർത്തപ്പെട്ടവരെ ഒതുക്കി നിർത്താനുള്ള ആയുധമായി മാറുകയും ചെയ്യുന്നു. ശിശുപീഡനത്തിനു പിടിക്കപ്പെട്ടാൽ ഉന്നതർ എളുപ്പം രക്ഷപ്പെടുകയും ആദിവാസി വിഭാഗങ്ങളിലെ യുവാക്കൾ ജയിലിലാവുകയും ചെയ്യുന്നു. പൊതുവിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ ഭരണകൂടങ്ങൾ പരാജയമാണ്.

അടുത്ത കാലത്താണു ആൾക്കൂട്ടം ഇത്രയധികം ഭീകരമായ രീതിയിൽ ഭ്രാന്തമായ ഫാസിസ്റ്റ്‌ പ്രവണതകൾ പ്രകടമാക്കാൻ തുടങ്ങിയതെന്നു തോന്നുന്നു. ചുംബന സമരത്തിനെതിരായുയർന്ന ആൾക്കൂട്ടം, ഗിലാനി കേരളത്തിൽ വന്നപ്പോൾ ഉണ്ടായ കോലാഹലങ്ങൾ, ഇക്കഴിഞ്ഞ ഹർത്താലിൽ തിരുവനന്തപുരത്ത്‌ സംഘപരിവാർ ശക്തികൾ കാണിച്ച അഴിഞ്ഞാട്ടങ്ങൾ, നിലമ്പൂർ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ഹൈന്ദവശക്തികളുടെ ഇടപെടലുകൾ ഇവയെല്ലാം നമ്മുടെ സമൂഹത്തിൽ അക്രമാസക്തമായ ഹിന്ദുത്വ ഫാസിസം പ്രബലമാകുന്നതിന്റെ തെളിവുകളാണ്. ഇതിന് അധികാര കേന്ദ്രങ്ങളും പോലീസ്‌ സംവിധാനവും കീഴ്പ്പെട്ടു നിൽക്കുകയാണ്.

ഭരണവർഗ പാർട്ടികളെല്ലാം തന്നെ ഈ ഹിന്ദുത്വഫാസിസവുമായി താദാത്മ്യം പ്രാപിക്കുന്ന പ്രക്രിയയ്ക്ക്‌ അവരറിയാതെ തന്നെ വിധേയമായിക്കൊണ്ടിരിക്കുകയാണ്. ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസം അതിന്റെ പാരമ്യത്തിലേക്ക്‌ വളർന്ന് കൊണ്ടിരിക്കുകയുമാണ്. സമൂഹത്തിൽ ഭൂരിഭാഗം പേരും നിശബ്ദരാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സാംസ്കാരിക-സാഹിത്യ പ്രവർത്തകർ ഇത്തരം വിഷയങ്ങളോട്‌ പ്രതികരിക്കാൻ ഭയപ്പെടുന്ന ഒരു അവസ്ഥ വളർന്നു വരുന്നുണ്ട്‌. സമൂഹം ഷണ്ഡീകരിക്കപ്പെടുകയും ഫാസിസത്തിനെതിരെ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ വെടിവച്ച്‌ ഇല്ലാതാക്കുകയും ചെയ്യുന്ന കാലമാണിത്‌. തോക്കുകൾക്ക്‌ വാക്കുകൾകൊണ്ട്‌ മറുപടി നൽകാൻ സാധിക്കാത്ത കാലമാണിത്‌. ഹിന്ദുത്വ ഫാസിസത്തിനെതിരെ സജീവമായ പ്രവർത്തനങ്ങൾ ഉയർന്നു വരുന്നില്ലെന്നത് സത്യമാണ്. മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെല്ലാം തന്നെ അതിൽ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്‌. ഫാസിസത്തെ എല്ലാ വിധത്തിലും നേരിടാൻ ശക്തമായ ഒരു സംവിധാനം ഉയർന്നു വരാത്ത കാലത്തോളം ധാബോൽക്കറേയും ഗൗരീ ലങ്കേഷിനെയും പോലെ നാളെ നാം തന്നെ അവരുടെ വെടിയുണ്ടകൾക്കിരയായെന്നു വരാം.

ഹിന്ദുത്വ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രത്തെ നമുക്ക്‌ പ്രതിരോധിക്കാൻ സാധിക്കും. അതിന്റെ ഭ്രാന്തമായ ഹിംസാത്മകതയെ അത്രതന്നെ സംഘടിതമായ ശക്തിയെ കൊണ്ടുമാത്രമേ എതിരിടാൻ സാധിക്കുകയുള്ളൂവെന്നാണു ഞാൻ കരുതുന്നത്‌. ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തിന്റെ ജനങ്ങൾക്കുമേലുള്ള മേൽക്കൈയും ഈ ഭയത്തിലും കബളിപ്പിക്കലിലുമാണ്.

ഹൈന്ദവ ഫാസിസത്തിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസം മറന്ന് വിശാലമായ ഐക്യമുന്നണി ഉയർന്നുവരേണ്ടുന്ന കാലം അതിക്രമിച്ചു കഴിഞ്ഞു.

Read More >>