ഇത് ഹിന്ദു തീവ്രവാദമാണ്, ഹിന്ദു തീവ്രവാദം എന്ന് തന്നെ പറഞ്ഞു ശീലിക്കുക

ദിവസവും ഹിന്ദുതീവ്രവാദം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന പ്രതീഷ് വിശ്വനാഥന്‍ സസുഖം ജീവിക്കുന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ്. പ്രതീഷിന്റെ സ്ഥാനത്ത് മുജാഹിദ് ബാലുശേരിയോ അബ്ദുള്‍ നാസര്‍ മദനിയോ പോലുള്ളവരാണ് ഈ പ്രവൃത്തി ചെയ്യുന്നതെങ്കില്‍ അവര്‍ പണ്ടേ ഇരുമ്പഴിക്കുള്ളിലായിരുന്നേനെ എന്നതാണ് സത്യം.

ഇത് ഹിന്ദു തീവ്രവാദമാണ്, ഹിന്ദു തീവ്രവാദം എന്ന് തന്നെ പറഞ്ഞു ശീലിക്കുക

ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ഹിന്ദു തീവ്രവാദി തീ കൊളുത്തി കൊന്ന സംഭവമുണ്ടായത് ഇന്നാണ്. ലൗ ജിഹാദ് എന്ന കെട്ടിച്ചമച്ച ആരോപണമുന്നയിച്ചാണ് നിസഹായനായ യുവാവിനെ പുറകില്‍ നിന്ന് ആക്രമിച്ച് വീഴ്ത്തിയ ശേഷം ഹിന്ദു തീവ്രവാദി മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നത്. കൊലപാതകത്തിന് ശേഷം 'ലൗ ജിഹാദിന് ശ്രമിക്കുന്ന ഏതൊരു മുസ്ലീമിനും സമാനമായ അനുഭവമുണ്ടാകും' എന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോയും ഇയാള്‍ അഭിമാനത്തോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം മുസ്ലീങ്ങള്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലോ നവമാധ്യമങ്ങളിലോ കണ്ടില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ പേജിലെ കമന്റുകള്‍ ഭയപ്പെടുത്തുന്നതും ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ലജ്ജിപ്പിക്കുന്നതുമാണ്. കൊലപാതകത്തെ ന്യായീകരിച്ച് നിരവധി പേരാണ് ഇവിടങ്ങളില്‍ കമന്റിട്ടിരിക്കുന്നത്. ഈ വാര്‍ത്ത വന്ന ഇന്ത്യ ടുഡേയുടെ ഫെയ്സ്ബുക്ക് പേജില്‍ 400ഓളം പേരാണ് ലവ് റിയാക്ഷന്‍ ഇട്ടിരിക്കുന്നത്.

കൊലപാതകത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥന്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത് 'രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു' എന്ന ക്യാപ്ഷനിട്ടാണ്. കൊലപാതകം നടത്തിയ രാജസ്ഥാനിലെ ഹിന്ദു തീവ്രവാദിയുടെ അതേ സ്വരമാണ് ബിജെപിക്ക് ഏറ്റവും സ്വാധീനം കുറവുള്ള കേരളത്തിലെ ഹിന്ദു തീവ്രവാദിക്കുമുള്ളതെന്ന് കാണാം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് താഴെ ആഹ്ലാദം പ്രകടിപ്പിക്കുന്ന കമന്റുകളും ലവ് റിയാക്ഷനുകളുമിടുന്നവര്‍ സംഘപരിവാര്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ജനതയുടെ മുഖമാണ് വെളിവാക്കുന്നത്. ഈ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നത് ഒരു ഹിന്ദു യുവാവാണെന്ന് കരുതുക. രാജ്യം തന്നെ കത്തിയെരിയുമായിരുന്നില്ലേ? അതിന്റെ പേരില്‍ ഗുജറാത്തില്‍ നടത്തിയതുപോലെ വംശഹത്യ നടത്തുമായിരുന്നില്ലേ? കൊല്ലപ്പെട്ടത് മുസ്ലീം യുവാവായതു കൊണ്ട് സോഷ്യല്‍ മീഡിയയിലടക്കം പതിവ് പ്രതിഷേധ തൊഴിലാളികളുടെ പേന ചലിച്ചും കണ്ടില്ല.

ലവ് ജിഹാദ് നടത്തിയിട്ടല്ലേ, അതുകൊണ്ട് ആ യുവാവ് കൊല്ലപ്പെടേണ്ടതാണെന്ന് ചിന്തിക്കുന്ന തരത്തിലേക്കാണ് ഇന്ത്യയുടെ സെക്കുലര്‍ മുഖത്തിന് മാറ്റമുണ്ടായതെന്ന് ഈ വാര്‍ത്തയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചാല്‍ മനസിലാകും. കൊല്ലപ്പെട്ട മുഹമ്മദ് പുട്ട ഷെയ്ഖെന്ന യുവാവ് മരണം അര്‍ഹിക്കുന്നു എന്ന് നിരവധി പേര്‍ ഇന്ത്യ ടുഡേയുടെ പേജില്‍ കമന്റിട്ടപ്പോള്‍ 'ഈ കേസ് അന്വേഷിക്കുന്നതിന് മുമ്പ് മുല്ലാക്കമാര്‍ക്ക് എത്ര ഭാര്യമാരുണ്ടെന്ന കാര്യം അന്വേഷിക്കണം' എന്നാണ് ഒരാളുടെ കമന്റ്. ദുഖകരമെന്ന് പറയട്ടെ, കൊലപാതകത്തെ അപലപിക്കുന്ന കമന്റുകള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. ദിവസവും ഹിന്ദുതീവ്രവാദം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന പ്രതീഷ് വിശ്വനാഥന്‍ സസുഖം ജീവിക്കുന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ്. പ്രതീഷിന്റെ സ്ഥാനത്ത് മുജാഹിദ് ബാലുശേരിയോ അബ്ദുള്‍ നാസര്‍ മദനിയോ പോലുള്ളവരാണ് ഈ പ്രവൃത്തി ചെയ്യുന്നതെങ്കില്‍ അവര്‍ പണ്ടേ ഇരുമ്പഴിക്കുള്ളിലായിരുന്നേനെ എന്നതാണ് സത്യം. ഹിന്ദു തീവ്രവാദം നടത്തുന്നതിന് മൗനാനുവാദം നല്‍കുന്ന പൊതുബോധമാണ് ഇന്ത്യയിലേതെന്ന് ഇത്തരം ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

മുസ്ലീം വിരുദ്ധ-മൃദു ഹിന്ദു നിലപാടുകള്‍ സ്വീകരിക്കുന്ന ദേശീയ മാധ്യമങ്ങളാണ് ഈ പൊതുബോധ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് അവ വാര്‍ത്തകളെ സമീപിക്കുന്ന രീതിയില്‍ നിന്ന് മനസിലാകും. ഹാദിയ കേസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ലവ് ജിഹാദ്' എന്ന തലക്കെട്ട് കൊടുത്തായിരുന്നു. ലവ് ജിഹാദ് ആരോപണം കെട്ടിച്ചമച്ചതാണെന്ന് അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടും ഹാദിയ കേസില്‍ ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ച മാധ്യമങ്ങള്‍ ആരുടെ താല്‍പര്യത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്? ഏതെങ്കിലും മുസ്ലീം യുവാവ് ഇതരമതസ്ഥയെ പ്രണയിച്ചാല്‍ ഉടന്‍ അത് ലവ് ജിഹാദിന്റെ കള്ളിയില്‍ അടയാളപ്പെടുത്തുന്നവര്‍ മുസ്ലീങ്ങള്‍ പ്രതിസ്ഥാനത്ത് വരുന്ന അക്രമ സംഭവങ്ങളെ തീവ്രവാദം എന്നാണ് വിളിക്കുന്നത്. മതഭ്രാന്ത് മൂത്ത് മനുഷ്യനെ പച്ചക്ക് കത്തിച്ചു കൊന്ന ഇന്നത്തെ സംഭവം ഏതെങ്കിലും വ്യക്തി നടത്തിയ കുറ്റകൃത്യമല്ല, മറിച്ച് അത് ഹിന്ദു തീവ്രവാദമാണ്, നമുക്ക് ഇത്തരം സംഭവങ്ങളെ ഹിന്ദു തീവ്രവാദമെന്ന് വിളിച്ച് ശീലിക്കാം.

Read More >>