അമേരിക്കയെ കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്ന അറേബ്യന്‍ ഭരണകൂടം

തരാതരംപോലെ തൊമ്മനും പട്ടേലരും ആകാനുള്ള വഴക്കമാണ് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുടെ പ്രത്യേകത. ഭക്ഷ്യധാന്യങ്ങൾ മുതൽ തുണിത്തരങ്ങൾ വരെ എല്ലാ അവശ്യവസ്തുക്കൾക്കും യൂറോപ്പിനെയും യുഎസിനെയും അടക്കം ആശ്രയിക്കുന്ന എണ്ണ സമ്പന്ന രാഷ്ട്രങ്ങൾക്ക് പരാശ്രയമില്ലാതെ ജീവിതമില്ല എന്നതാണവസ്ഥ. അതുകൊണ്ടുതന്നെ, പലപ്പോഴും സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന അഭിനയം പുറത്തെടുക്കേണ്ടിവരും. എന്നാൽ അതേ നിലപാടാവില്ല, മൂന്നാംലോക രാഷ്ട്രങ്ങളോടു സ്വീകരിക്കുന്നത്.

അമേരിക്കയെ കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്ന അറേബ്യന്‍ ഭരണകൂടം

ബ്രിട്ടീഷ് പ്രധാനമത്രി തെരേസ മെ സൗദി അറേബ്യ സന്ദർശിച്ചപ്പോള്‍ തലയിൽ സ്കാര്‍ഫ് ഇട്ടില്ല. സൗദി ഭരണകൂടം അനങ്ങിയില്ല. മിഷേല്‍ ഒബാമ അവരുടെ ഭർത്താവായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയോടോപ്പം തല മറയ്ക്കാതെ കിങ്ഡം ഓഫ് സൗദി അറേബിയ സന്ദര്‍ശിച്ചു, ഒന്നും സംഭവിച്ചില്ല. ആംഗല മെർക്കൽ എന്ന ജര്‍മ്മന്‍ ചാൻസലർ സൗദി സന്ദർശിച്ചു. അവരും സാധാരണ ധരിക്കുന്ന ട്രൗസേഴ്സും കോട്ടുമാണ് ഇട്ടിരുന്നത്. ഒരു കുന്തവും അവിടെ സംഭവിച്ചില്ല. ഇനിയുമുണ്ട്, പ്രിൻസസ് മേരി അവരുടെ കാമുകനുമായി റിയാദിൽ എത്തി അറബ് ഭരണകൂടവുമായി ചർച്ചകൾ നടത്തി, അവരും തലയൊന്നും പുതച്ചു കണ്ടില്ല. ഇങ്ങനെത്തന്നെയായിരുന്നു ഹിലരി ക്ലിന്റൺ ആ രാജ്യം സന്ദര്‍ശിച്ചപ്പോഴും ഉണ്ടായത്. എന്നാല്‍, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവിടെയെത്തിയപ്പോള്‍ തലയിൽ സാരി പുതച്ചിരിക്കുന്നതാണ് നമ്മള്‍ കണ്ടത്. അപ്പോൾ പാവം പിടിച്ച മൂന്നാം ലോകരാജ്യങ്ങളോടു മാത്രം ഇതൊക്കെ നടക്കും.

ഇംഗ്ലണ്ട് പ്രധാനമന്ത്രി സൗദി സദർശിക്കുന്നതിനു മുൻപ് ബിബിസിയ്ക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. വിഷയം പ്രധാനമായും സൗദിയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു. അവർക്കു ഡ്രൈവിംഗിന് സ്വാതന്ത്ര്യമുണ്ടെന്നും സ്ത്രീശക്തി ഉറപ്പുവരുത്തുമെന്നും പറഞ്ഞ കാര്യങ്ങള്‍ ടെലികാസ്റ് ചെയ്തതിനു ശേഷമാണ് തെരേസ മെ അവിടെ പോയതും. ഒരു കാര്യംകൂടി അവര്‍ ഓർമിപ്പിച്ചു - തന്റെ യാത്രയും സന്ദർശനവും തലയിൽ സ്കാർഫ് ഇടാതെയായിരിക്കുമെന്നും ഇതൊരു സന്ദേശമാണെന്നും അവർ പറഞ്ഞു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൗഹാനിയെ സന്ദർശിച്ചപ്പോൾ


ഇനിയും കാര്യത്തിലേക്കു കടക്കാം - പശ്ചിമേഷ്യയിൽ ഏറ്റവും വലിയ സമ്പന്നരാഷ്ട്രമാണ് 'സഊദി അറേബ്യ'. എണ്ണയുടെ ഉപയോഗം ഇൻഡുസ്ട്രിയൽ റവല്യൂഷന്റെ ശേഷം ഉത്പാദക ഘടകമായി മാറി. അറബ് രാജ്യങ്ങൾ വികസനത്തില്‍ കുതിച്ച് 'ഓയിൽ റിച്ച്' നേഷൻസ് എന്ന ബഹുമതിയോടെ മുന്നേറി. പക്ഷെ അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് അവർ ഒന്നും നേടിയില്ല. അതിനു വേണ്ടി അവർ കാര്യമായ ഒരു നേട്ടവും കൊണ്ടുവന്നില്ല.

മൊട്ടുസൂചി മുതൽ പാറ്റൺ ടാങ്ക് വരെ, അല്ലെങ്കില്‍ കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ ഉപ്പു തൊട്ടു കർപ്പൂരം വരെ എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ചു, പ്രത്യേകിച്ച്, അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും അവര്‍ അളവറ്റ് ആശ്രയിച്ചു. അറബ് രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സഊദി അറേബ്യയുടെ സൈനികശേഷി പോലും അങ്ങനെയായിരുന്നു എന്ന് പറയാം. അവരുടെ യൂണിഫോം, ഹെൽമെറ്റ്, ബൂട്ട്, അസോൾട് റൈഫിൾ, വോട്ടർ ബോട്ടിൽ എന്നു വേണ്ടാ, എല്ലാ സാധനവും അമേരിക്കയിൽ നിന്നോ അല്ലെങ്കിൽ യൂറോപ്പില്‍ നിന്നോ വരണം.

ഒരു വർഷം ഏകദേശം രണ്ടായിരം അമേരിക്കൻ സൈനികർ / സൈനിക തലത്തിലുള്ള ടെക്നീഷ്യന്‍സ് സഊദി അറേബ്യയിൽ എപ്പോഴും ഉണ്ടാകും. ഇതെല്ലാം നോക്കിയും കണ്ടും നടത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും സായിപ്പു തന്നെ വേണം എന്നായി. വെള്ളം മുതൽ ആഹാരം വരെ സായിപ്പ് അവിടെ നിന്നും കൊണ്ടുവരും. അവനെ ഉരിഞ്ഞു നോക്കാൻ സഊദി ഭരണത്തിന് കഴിയുമോ? ഇവര്‍ക്ക് ആവശ്യമെങ്കില്‍ പന്നിയിറച്ചിയും ആഹാരത്തിനായി വിതരണം ചെയ്യുന്നുണ്ട്. ഹോളിസിറ്റിയും അവിടെ ഹോളി മോസ്കുകളും നിലനിൽക്കുന്ന സഊദി അറേബ്യയില്‍ ഈ അമേരിക്കന്‍ സൈനികരെ തൊടാൻ കഴിയുമോ? പോട്ടെ, ഒരു വാക്ക് പറയാൻ കഴിയുമോ?

യു.എസ് മറൈൻസിൽ ജോലിയുണ്ടായിരുന്ന ഒരു ഓഫീസറുമായി ഞാൻ പരിചയപ്പെട്ടിരുന്നു. അദ്ദേഹം സഊദിയില്‍ രണ്ടു വർഷത്തോളമുണ്ടായിരുന്നു. അമേരിക്കൻ-യൂറോപ്യൻ അല്ലെങ്കില്‍ നമ്മുടെ ഭാഷയിലെ സായിപ്പുമാര്‍ അവിടെ ശരിക്കും സായിപ്പാണ്.

അടുത്ത സമയത്തു മിക്ക മുസ്ലിം രാജ്യങ്ങളിൽനിന്നും അമേരിക്കയിലേക്കു പോകുന്ന വിമാനങ്ങളിൽ ലാപ്ടോപ്പ്, ടാബ്, പിന്നെ ടാബ് വലിപ്പമുള്ള ഫോണുകൾ എന്നിവ ഹാൻഡ്ബാഗിൽ കൊണ്ടുപോകാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നു. എയർലൈൻസ് അതിനും മറുമരുന്നു കണ്ടുപിടിച്ചു. അവരുടെ ബിസിനസ് ക്ലാസ്സുകളില്‍ പറക്കുന്നവർക്കു ലാപ്ടോപ്പും ടാബും ഏർപ്പാടാക്കി കൊടുത്തു. ഇക്കോണമി ക്ലാസ്സിൽ ഒന്നുമില്ല. ഇതിനോടെങ്കിലും ഒരക്ഷരം മറുത്തുപറയാൻ ഈ രാജ്യഭരണാധികാരികൾക്കു കഴിഞ്ഞോ? അമേരിക്കയ്ക്കു തോന്നും പോലെ ഓരോന്നു നിരോധിക്കും, ഇവർ മിണ്ടാതെ അനുസരിക്കും.

അതുപോലെ തന്നെയാണ് ഏകദേശം ഏഴു രാഷ്ട്രങ്ങളുടെ വിസ ഒരു എക്സിക്യൂട്ടീവ്British PM Theresa May

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ സഊദി സന്ദർശനം

ഓർഡറിൽ തടഞ്ഞതും. ആരും ഒന്നും പറഞ്ഞില്ല. ഇറാഖ് മാത്രം എതിർത്തു. അമേരിക്കക്കാരെ ഇങ്ങോട്ടും കയറ്റുകയില്ല എന്ന് അവരും പറഞ്ഞു. അടുത്ത ഓർഡർ അമേരിക്കയിൽ നിന്നും ഉടനെ ഉണ്ടായി. ഇറാഖിനെ ഒഴിവാക്കി അവര്‍ പുതിയ വിസാ നിരോധന ഓർഡർ പുറത്തിറക്കി.

ഒരു സമയത്തെല്ലാം അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യാൻ ഇന്ത്യക്കാർ ആശ്രയിച്ചത് ബ്രിട്ടീഷ് എയർവേസ് അല്ലെങ്കിൽ ലുഫ്താന്‍സ വിമാനങ്ങളെയാണ്. ഈ വിമാനങ്ങളെ ആശ്രയിച്ചാല്‍ ഏകദേശം മുപ്പതു-മുപ്പത്തഞ്ചു മണിക്കൂർ യാത്രയുണ്ട് അമേരിക്കയിലെ എതെങ്കിലും നഗരത്തിലെത്താൻ. അത് പതിനാറു മുതൽ ഇരുപതുവരെ മണിക്കൂറാക്കി കുറച്ചാണ് എമിരേറ്റ്സ് ദുബായിൽ നിന്നും ഇതേ സര്‍വ്വീസ് നടത്തുന്നത്. മാത്രമല്ല, ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ നിന്നും സർവീസുമുണ്ട്. യാത്രക്കൂലിയും കുറവ്.

എമിറേറ്റ്സില്‍ അമേരിക്കയ്ക്കു യാത്ര ചെയ്യുന്ന നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. ഏകദേശം പതിനൊന്ന് അമേരിക്കൻ നഗരങ്ങളിലേക്ക് പറക്കുന്നുമുണ്ട്. എമിരേറ്റ്സില്‍ ഈ പതിനാറു മുതൽ ഇരുപതു വരെ മണിക്കൂർ യാത്ര ചെയ്യുന്നവർ ഇനി താഴെ ആകാശത്തേക്കു നോക്കി ഇരിക്കണം. അല്ലെങ്കിൽ മുഴുവൻ സമയം മുൻപിലെ ടി വി സ്ക്രീൻ നോക്കിയിരിക്കണം.

മറ്റൊരു കാര്യമുണ്ട്- എയർ ഇന്ത്യയുടെ വരുമാനം അറുപതു ശതമാനം വർധിച്ചു. യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നുമുള്ള എയർലൈൻസുകള്‍ക്കും ഇതുപോലെ വർദ്ധനവ് ഉണ്ടാകും. ഖത്തർ എയര്‍വേസ്, എത്തിഹാദ് എന്നിവയെല്ലാം നിരോധന ഗണത്തിലുള്ളതാണ്. ഇനി ഈ സാഹചര്യം ഇന്ത്യൻ വിമാന കമ്പനികള്‍ക്കു നേരെ ആയിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്നു നോക്കാം. സമ്പന്നതയില്‍ അത്ര മുന്‍പന്തിയില്‍ അല്ലെങ്കിലും നമ്മൾ ഇങ്ങനെ ഒരു കാര്യമുണ്ടായാല്‍ ഉടനടി പ്രതികരിക്കും - അങ്ങനെയെങ്കില്‍ അമേരിക്കയിലെ ഡെൽറ്റ എയർലൈൻസിലെയും യുണൈറ്റഡ് എയർലൈൻസിലെയും ലാപ്ടോപ്പും ടാബുകളും ഞങ്ങളും നിരോധിച്ചിരിക്കുന്നു. കിട്ടിയോ അടി?

ഒരിക്കൽ ഒരു ഇന്ത്യൻ ഡിപ്ലോമാറ്റിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. അവരുടെ ഹോം മേഡിനോട് മോശമായി പെരുമാറിയെന്നാണ് കേസ്. ഡിപ്ലോമാറ്റ് തെറ്റുകാരിയാണ് എന്നുള്ളത് സത്യം. പക്ഷെ നമ്മൾ അവർക്കു താക്കീതു നല്‍കി. അന്നത്തെ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ് അമേരിക്കയുടെ ഇന്ത്യൻ അംബാസഡിറെ വിളിച്ചു കാര്യങ്ങള്‍ അറിയിച്ചു. എന്നിട്ടും അവർ കേട്ടില്ല. അടുത്ത വഴി ഇന്ത്യ കണ്ടുപിടിച്ചു. അവരുടെ ഡൽഹിയിലെ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് ഡൽഹി പോലീസും കേന്ദ്രസേനയും കൊടുത്തിരുന്ന സെക്യൂരിറ്റി ഒറ്റരാത്രി കൊണ്ട് പിൻവലിച്ചു. അമേരിക്ക അറസ്റ്റ് ചെയ്ത നമ്മുടെ സ്ത്രീ ഡിപ്ലോമാറ്റിനെ രായ്ക്കുരാമാനം അവർ പറഞ്ഞു വിട്ടു. കാര്യങ്ങൾ ശുഭം!

ന്യൂയോർക്കില്‍ നടന്ന 9/11 ആക്രമണത്തിനു ശേഷം മൂന്നാം ലോകരാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കു പോകുന്ന, പ്രത്യേകിച്ചു മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങളിൽ ബോർഡ് ചെയ്യുന്നതിനു മുൻപ് ഒരു സെക്യൂരിറ്റി പരിശോധന കൂടിയുണ്ട്. അതു പൂർണമായും അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരാണു കൈകാര്യം ചെയ്യുന്നത്. നീല യൂണിഫോം ധരിച്ച TSA ട്രാസ്പോർട്ട് സെക്യൂരിറ്റി മിഷൻസ് നമ്മുടെ നാട്ടിലെ എയർ പോർട്ടുകളിലും കുറച്ചുനാൾ പരിശോധിച്ചു നടന്നു. നമ്മുടെ സർക്കാർ അവരോടു പറഞ്ഞു, ഇതു നടക്കില്ല, ഞങ്ങളുടെ എയർപോർട്ടിൽ പരിശോധിക്കുന്നത് ഞങ്ങള്‍ ആയിരിക്കും. ഒടുവില്‍ എന്താ, അവർ പെട്ടിയും കിടക്കയും മടക്കി തിരികെ പോയി, അത്രമാത്രം! പക്ഷെ ഇന്നും മറ്റുള്ള രാജ്യങ്ങളിൽ ഈ പരിശോധന യഥേഷ്ടം നടക്കുന്നുണ്ട്.

വാജ്പേയി സർക്കാർ അണ്വായുധ പരീക്ഷണം നടത്തിയപ്പോൾ അമേരിക്ക നമുക്കും നിരോധനം കൊണ്ടുവന്നു. ബ്രിട്ടൻ ഉൾപ്പെടെ അതു ചെയ്തു. എന്നിട്ടു നമ്മൾ ഭയന്നോ? നമ്മൾ അതിനെയും മറികടന്നു. ചെറിയ പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നല്ല. പട്ടിണിയാണെങ്കിലും ദാരിദ്ര്യമാണെങ്കിലും ഈ പറയുന്ന അറബ് ഭരണാധികാരികളെപ്പോലെ അമേരിക്ക പറയുന്ന എന്തിന്റെയും ചൊൽപ്പടിക്കു നമ്മൾ നിന്നുകൊടുക്കില്ല. കഴുകി വെളുത്ത കോണകം പുരപ്പുറത്തു തന്നെ ഉണക്കാന്‍ ഇടുമായിരിക്കാം. പക്ഷെ ആഹാരം കഴിച്ചില്ലെങ്കില്‍ ഇല്ലെന്നെ ഉള്ളൂ എന്നങ്ങു കരുതും!