ഈ പ്രതിഭകളൊക്കെ പിന്നീട് എവിടെപ്പോകുന്നു എന്നതാണ്, കലോത്സവങ്ങളിലെ വേദനിപ്പിക്കുന്ന ചോദ്യം

വേദിയ്ക്ക് മുന്നില്‍ മാര്‍ക്കിടാനിരിക്കുന്ന ജഡ്ജസിനു മുന്നില്‍ സാധാരണ കാണാറുള്ള മിനറല്‍ വാട്ടറിന് പകരം മണ്‍കുപ്പിയില്‍ വെള്ളം, കൂടെയൊരു സ്റ്റീല്‍ ഗ്ലാസും. എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍മ്മിച്ച പേപ്പര്‍ പേനകളും- സുമം തോമസ് എഴുതുന്നു

ഈ പ്രതിഭകളൊക്കെ പിന്നീട് എവിടെപ്പോകുന്നു എന്നതാണ്, കലോത്സവങ്ങളിലെ വേദനിപ്പിക്കുന്ന ചോദ്യം

അഞ്ച് ദിവസം. കേരളത്തിന്റെ സാംസ്‌കാരിക നഗരി കൗമാരകലയുടെ നിറക്കൂട്ടില്‍ ആടിത്തിമിര്‍ത്ത അഞ്ചുദിനങ്ങള്‍ അവിസ്മരണീയമായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ കലോത്സവത്തിന്റെ ബുക്ക്‌ലെറ്റ് നല്‍കി വരവേല്‍ക്കാന്‍ സ്റ്റാള്‍. ഇരുപത്തിയഞ്ച് വേദികള്‍. ദശപുഷ്പങ്ങളുടെയും വൃക്ഷങ്ങളുടെയും പേരില്‍ അറിയപ്പെട്ട വേദികള്‍. നീര്‍മാതളം, നിശാഗന്ധി, നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിവയായിരുന്നു വേദികള്‍.

ചുട്ടുപൊള്ളുന്ന വെയിലായിരുന്നു കലോത്സവ വേദികളിലെ പ്രധാന വില്ലന്‍. എന്നിട്ടും ചൂട് സഹിച്ച് ജനത്തിരക്കേറിക്കൊണ്ടിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാമേളയെന്നാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ അറിയപ്പെടുന്നത്. ഓരോ വര്‍ഷവും പ്രതിഭകളുടെ തിളക്കവും എണ്ണവും വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നേയില്ല. കലോത്സവങ്ങളിലെ വേദനിപ്പിക്കുന്ന ചോദ്യം, ഈ പ്രതിഭകളൊക്കെ പിന്നീട് എവിടെപ്പോകുന്നു എന്നതാണ്. ഓരോ വര്‍ഷവും ഒന്നോ രണ്ടോ പേര്‍ സിനിമയിലെത്തും. എ ഗ്രേഡും ഒന്നാംസ്ഥാനവും വാങ്ങി വേദി വിട്ടിറങ്ങുന്ന ഇവരൊക്കെ പിന്നെ എങ്ങോട്ടാണ് മറഞ്ഞു പോകുന്നത്? അതിനെക്കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. കലയെ ഉപജീവനമാര്‍ഗ്ഗമെന്ന നിലയില്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഇവര്‍ക്കൊക്കെ തോന്നിയിട്ടുണ്ടാകാം.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് കലോത്സവം പൂരങ്ങളുടെ മണ്ണിലെത്തുന്നത്. പൂരം കാണാനെത്തുന്ന അതേ കൗതുകത്തോടെ തന്നെയാണ് കാണികള്‍ കലോത്സവത്തിന്റെ വേദിയിലെത്തിയത്. എന്നാല്‍ വേദികള്‍ തമ്മിലുള്ള ദൂരം കാഴ്ചയുടെ ഭംഗി കുറച്ചെന്ന് തന്നെ പറയാം. തേക്കിന്‍കാട് മൈതാനിയിലെ മൂന്ന് വേദികളില്‍ നിന്ന് മറ്റ് വേദികളിലേക്ക് പോകണമെങ്കില്‍ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. അല്ലെങ്കില്‍ നടക്കണം. കുട ചൂടിയിട്ടും യാതൊരു കാര്യവുമില്ലാത്ത പൊരിവെയിലാണ് കാണികളെ വലച്ചത്. എല്ലാ വേദികളിലും എത്താന്‍ സാധിക്കാത്തവര്‍ ഇഷ്ടകലാപരിപാടികള്‍ നടക്കുന്ന വേദികളില്‍ വന്ന് കണ്ടു മടങ്ങി. നാടകത്തിനും നൃത്തവിഭാഗങ്ങള്‍ക്കും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വേദിക്ക് പുറത്ത് സ്ഥാപിച്ചിരുന്നു സ്‌ക്രീനിന് മുന്നിലും നല്ല തിരക്കായിരുന്നു.

സംഘാടനത്തിന്റെ പരിമിതി എല്ലാ വേദികളിലും വ്യക്തമായിരുന്നു. മേക്കപ്പിട്ടതിന് ശേഷം മണിക്കൂറുകളോളം, ഭക്ഷണം പോലും കഴിക്കാതെ കുട്ടികള്‍ കാത്തിരിക്കുന്ന കാഴ്ചയായിരുന്നു എല്ലാ വേദികളിലും. രണ്ട് മണിക്ക് ആരംഭിക്കുമെന്ന പറഞ്ഞ ഒപ്പനയ്ക്ക് പതിനൊന്ന് മണി മുതല്‍ മേക്കപ്പിട്ടിരുന്നു. മത്സരം നടന്നത് ആറുമണിക്ക്. ഒപ്പനയില്‍ പങ്കെടുത്ത ഒന്ന് രണ്ട് കുട്ടികള്‍ വേദിയില്‍ നിന്നിറങ്ങിയതും കുഴഞ്ഞുവീണു. മത്സരം ആരംഭിക്കുന്ന സമയമല്ലാതെ കൃത്യസമയം എപ്പോഴാണെന്നോ സമയമോ ആരെയും അറിയിച്ചിരുന്നില്ല. കുറച്ചു കൂടി സമയനിഷ്ഠയോടെ മത്സരം ആരംഭിക്കണമെന്നായിരുന്നു മത്സരാര്‍ത്ഥികളിലൊരാളുടെ അഭിപ്രായം.

പരിഷ്‌കരിച്ച മാനുവല്‍ പ്രകാരം നടത്തിയ കലോത്സവത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഗ്രീന്‍ പ്രോട്ടോക്കോള്‍ ആയിരുന്നു. പ്ലാസ്റ്റിക്കിന്റെ ഒരു കഷണം പോലും ഒരിടത്തും കാണാന്‍ സാധിച്ചില്ല. കുപ്പിവെള്ളം പോലും അനുവദനീയമായിരുന്നില്ല. പകരം കുടിവെള്ളത്തിന് വിവിധ സംഘടനകളുടെ കുടിവെള്ള വിതരണം. വൃത്തിയാക്കാന്‍ കുടുംബശ്രീ വനിതകള്‍, ജനമൈത്രി പൊലീസ്, ട്രാഫിക് നിയന്ത്രണത്തിന് കുട്ടിപ്പൊലീസുകാര്‍ ഇവരെല്ലാം ചേര്‍ന്നാണ് കലോത്സവത്തെ കളറാക്കിയത് എന്ന് വേണം പറയാന്‍. വേദിയ്ക്ക് മുന്നില്‍ മാര്‍ക്കിടാനിരിക്കുന്ന ജഡ്ജസിന് മുന്നില്‍ സാധാരണ കാണാറുള്ള മിനറല്‍ വാട്ടറിന് പകരം മണ്‍കുപ്പിയില്‍ വെള്ളം, കൂടെയൊരു സ്റ്റീല്‍ ഗ്ലാസും. എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍മ്മിച്ച പേപ്പര്‍ പേനകളും. മീഡിയകള്‍ക്ക് നല്‍കിയ പാസ് വരെ തയ്യാറാക്കിയത് കട്ടിയുള്ള പേപ്പറിലായിരുന്നു.

തൃശൂര്‍ കലോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റം എന്ന് വേണമെങ്കില്‍ പറയാം, ട്രാന്‍സ് വനിതകളായ അലീന, ഷംന, വര്‍ഷ, മോനിഷ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ജ്യൂസ് സ്റ്റാള്‍. പൊതുസമൂഹം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ട്രാന്‍സ് വനിതകളുടെ വിജയമെന്ന് തന്നെ ഈ സംരംഭത്തെ വിശേഷിപ്പിക്കാവുന്നതാണ്. അവര്‍ക്കും ഒരിടം നല്‍കാന്‍ നമ്മുടെ സമൂഹം ഒരുങ്ങുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്. വേദികള്‍ തമ്മിലുള്ള ദൂരവും സമയനിഷ്ഠയില്ലായ്മയും വെയിലും കാണികളെ വലച്ചെങ്കിലും കലോത്സവം കളറായിരുന്നു എന്ന് തന്നെ പറയാം. തുടര്‍ച്ചയായി നാലാം തവണ കോഴിക്കോട് കിരീടം സ്വന്തമാക്കിയാണ് കലോത്സവത്തിന് തിരശ്ശീല വീണത്. ഇനി അടുത്ത വര്‍ഷം ആലപ്പുഴയില്‍.

Read More >>