എകെജി വിവാദം; കോൺഗ്രസ് നേതൃത്വത്തിലേയ്ക്ക് കുതിക്കാൻ ബൽറാം കണ്ടെത്തിയ എളുപ്പവഴി

അമൂൽ ബേബി പ്രയോഗം വി.എസ്സിനുള്ള മറുപടിയിൽ ഉൾപ്പെടുത്തി രാഹുൽ ഗാന്ധിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചതോടെ നേതാക്കൾ ഒന്നൊന്നായി വി.ടി ക്കൊപ്പം പ്രതിരോധിക്കാൻ നിർബന്ധിതരായി. രാഹുലിനെ പപ്പുമോൻ എന്നു വിളിച്ചതുൾപ്പടെ നെഹ്റു കുടുംബത്തിനും മഹാത്മാഗാന്ധിക്കുമെതിരെയുള്ള വ്യക്തിഹത്യക്കെതിരെ അന്നൊന്നും പ്രതികരിക്കാതെ അകലെ നിന്ന് വീക്ഷിച്ച ബൽറാം തന്റെ അവിവേകത്തെ പ്രതിരോധിക്കാനുള്ള കവചമായാണ് ഇവരെ ഉപയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്.- സുകേഷ് ഇമാം എഴുതുന്നു

എകെജി വിവാദം; കോൺഗ്രസ് നേതൃത്വത്തിലേയ്ക്ക് കുതിക്കാൻ ബൽറാം കണ്ടെത്തിയ എളുപ്പവഴി

സോഷ്യൽ മീഡിയ വഴി ഒരു സുപ്രഭാതത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പൊട്ടി വീണയാളാണ് വിടി ബൽറാം. പോസ്റ്ററൊട്ടിച്ചോ മുദ്രവാക്യം വിളിച്ചോ കോളേജ് രാഷ്ട്രീയത്തിൽ ഒരു ബസ്സിന് കല്ലെറിഞ്ഞോ പരിചയമില്ലെങ്കിലും ബൽറാം ഇന്ന് കസേര രാഷ്ട്രീയത്തിൽ എത്തി. രാഹുൽ ഗാന്ധി നടത്തിയ ടെസ്റ്റിൽ വിജയം നേടി എന്നതു കൊണ്ടാണ് ഒരു ഭാഗ്യപരീക്ഷണം എന്ന നിലയിൽ തൃത്താല സീറ്റ് മത്സരിക്കാൻ കിട്ടിയതും സിപിഐഎമ്മിന്റെ ഗ്രൂപ്പിസം കൊണ്ട് ജയിച്ച് കേറിയതും. ഇന്ന് ആ സീറ്റിലൂടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മുൻനിരയിലേക്ക് കുതിക്കാനുള്ള ഓട്ടത്തിലാണ് ബൽറാം. അതിന് കണ്ടെത്തിയ എളുപ്പവഴിയാണ് വഴിയാണ് എകെജി, കമ്മിനേതാവ് ബാലപീഡകൻ തുടങ്ങിയ വിവാദ പ്രയോഗങ്ങൾ.

തലയിൽ മുടി സമൃദ്ധമായി വളരാൻ നല്ലതെന്ന് പറഞ്ഞ് പരസ്യങ്ങളിൽ ഇടിച്ച് കയറി വരുന്ന ഒരു കേശ തൈലം ഉണ്ട്. ഈ എണ്ണ തേച്ച് ഒരാളുടെ തലയിലും മുടി കിളിർക്കയോ കൊഴിയാതിരിക്കുകയോ ചെയ്തിട്ടില്ല. ഈ എണ്ണ കമ്പനി മുതലാളിയുടെ തലയിലും പേരിന് പോലും ഒരു രോമമില്ല. പക്ഷെ പരസ്യങ്ങളിൽ പറയുന്നത് മുടി കൊഴിച്ചിലിനുള്ള ഏക പരിഹാരമാർഗം ഈ എണ്ണയാണ് എന്നാണ്. അത്യാവശ്യ മരുന്ന് പോലും! വാങ്ങിയില്ലെങ്കിലും നാനൂറിലേറെ രൂപ കൊടുത്ത് ഈ എണ്ണ വാങ്ങി തേയ്ക്കാൻ മടിക്കാത്തവരാണ് മലയാളികൾ. കേരളത്തിൽ ഇന്ന് കോടി കണക്കിന് രൂപ വരുമാനം ഉണ്ടാക്കുന്ന എല്ലാ കമ്പനികളും പരസ്യത്തിൽ നിന്ന് പച്ച പിടിച്ചവരാണ്. ഈ തന്ത്രം പിന്നിട് ചലച്ചിത്ര താരങ്ങൾ ഏറ്റെടുത്തു. തങ്ങളുടെ പടം റിലീസാവുന്ന ദിവസം പഞ്ചവാദ്യവും, പാലഭിഷേകവും, ആനയെഴുന്നള്ളിപ്പും നടത്തിയായിരുന്നു തുടക്കത്തിൽ ഈ പരസ്യം. പിന്നീടത് സോഷ്യൽ മീഡിയ വഴിയായി. ഇപ്പോൾ ഇത് രാഷ്ട്രീയത്തിൽ പരീക്ഷിച്ച് വിജയിച്ച് താരമായിരിക്കുകയാണ് ബൽറാം. പത്ത് കാശിന് കൊള്ളില്ലെങ്കിലും നാനൂറും അഞ്ഞൂറും കൊടുത്ത് വാങ്ങുന്ന തലയിൽ തേക്കുന്ന എണ്ണ പോലെ ബൽറാം കുറച്ച് കാലം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുൻനിരയിൽ ഉണ്ടാകും. മറ്റൊരു കേശ തൈലം വരുന്നത് വരെ അതിന് മാറ്റം ഉണ്ടാവില്ല.

രാഷ്ട്രീയ പരിചയം കുറവാണെങ്കിലും വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കുള്ള യാത്രാ മധ്യേ വി.ടി.ബൽറാം കോൺഗ്രസ്സിന്റെ ഒന്നാം നിരയിലേക്കുയർന്നു. കൃത്യമായ അജണ്ടയോടെ രാഹുൽ ഗാന്ധിയെയും മൻമോഹനെയും വരെ വിവാദങ്ങളിലേക്ക് മനപൂർവ്വം വലിച്ചിഴച്ച് പാർട്ടിയെയും നേതൃത്വത്തെയും തനിക്കു പിന്നിലാക്കിയാണ് വി.ടി.യുടെ യാത്ര.

ഏ.കെ.ഗോപാലൻ അപ്രതീക്ഷിതമായി ചർച്ചകളിലേക്ക് കടന്നു വന്ന അഥിതിയാണ്. ജന്മദിനത്തിലോ ചരമദിനത്തിലോ പോലും അദ്ദേഹം ഇത്രമാത്രം സ്മരിക്കപ്പെട്ടിട്ടില്ല. ബൽറാമിന്റെ കീപാഡിലെ കൈയ്യബദ്ധമാണ് ഏ കെ ഗോപാലനെയും പിന്നീട് സുശീലയെയും ചർച്ചയിലെ കേന്ദ്ര ബിന്ദുവാക്കിയത്. പ്രണയത്തിന് പകരം പീഡനം പറഞ്ഞു വച്ച ബൽറാം ആദ്യ മണിക്കൂറുകളിൽ തന്നെ സൈബർ അക്രമണത്തിനു വിധേയനായി. പിന്നീട് ചാനലുകളും പത്രങ്ങളും ഏറ്റെടുത്തതോടെ വിഷയം കനത്തു. തെറിവിളി ഭയന്ന് ബൽറാം ഫോണെടുക്കാതെയായി. പിറ്റെ ദിവസം പുലർച്ചെ എം.എൽ.എ ഓഫീസിലേക്ക് ബിയർ ബോട്ടിലെറിഞ്ഞും വൈകുന്നേരം മാർച്ച് നടത്തിയും പ്രതിഷേധം തെരുവിലെത്തി.

സംരക്ഷണവും പ്രതിരോധവുമില്ലാതെ വി.ടി ഒറ്റപ്പെട്ടു. ടിപി കേസ് ഒത്തുതീർപ്പ് പരാമർശത്തിലെ അമർഷം തീർക്കാൻ കിട്ടിയ അവസരം ആദ്യം ഉപയോഗിച്ചത് തിരുവഞ്ചൂരാണ്. പുറകെ ഉമ്മൻ ചാണ്ടി, എം എം.ഹസ്സൻ, കെ.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരും ബൽറാമിനെ കൈവിട്ടു. പാർട്ടിയിൽ ഒറ്റപ്പെട്ട ബൽറാമിന്റെ മാപ്പിനു വേണ്ടി കേരളം കാതോർത്തിരുന്നു.

പീഡനം എന്ന പദവും മലീമസമായ സമൂഹമാധ്യമ ഭാഷയും പുനർവിചിന്തനത്തിന് വിധേയമാക്കുന്നത് ജനപ്രതിനിധിയെന്ന നിലയിൽ തന്റെ വ്യക്തിത്വത്തിന് കളങ്കമാവുമെന്ന് തിരിച്ചറിഞ്ഞ വി.ടി ബൽറാം പുതിയ വാദമുഖങ്ങൾ തുറന്നാണ് എകെജി വിവാദത്തെ പ്രതിരോധിച്ചത്

ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവൻ മൻമോഹൻസിങ്ങന്ന വാദമുയർത്തി വി.ടി പുതിയ വാദമുഖം തുറന്നു. എകെജിക്കു മുകളിൽ മൻമോഹനെ പ്രതിഷ്ഠിച്ചതോടെ ചർച്ചകൾ വീണ്ടും കൊഴുത്തു. സിപിഐഎം സൈബർ അക്രമണത്തിൽ പരിക്കുപറ്റിയ മൻമോഹനെ അനുകൂലിച്ച് കോൺഗ്രസ് രംഗത്തെത്താൻ നിർബന്ധിതരായതോടെ വിവാദം ചൂടുപിടിച്ചു. അമൂൽ ബേബി പ്രയോഗം വി.എസ്സിനുള്ള മറുപടിയിൽ ഉൾപ്പെടുത്തി രാഹുൽ ഗാന്ധിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചതോടെ നേതാക്കൾ ഒന്നൊന്നായി വി.ടി ക്കൊപ്പം പ്രതിരോധിക്കാൻ നിർബന്ധിതരായി.

രാഹുലിനെ പപ്പുമോൻ എന്നു വിളിച്ചതുൾപ്പടെ നെഹ്റു കുടുംബത്തിനും മഹാത്മാഗാന്ധിക്കുമെതിരെയുള്ള വ്യക്തിഹത്യക്കെതിരെ അന്നൊന്നും പ്രതികരിക്കാതെ അകലെ നിന്ന് വീക്ഷിച്ച ബൽറാം തന്റെ അവിവേകത്തെ പ്രതിരോധിക്കാനുള്ള കവചമായാണ് ഇവരെ ഉപയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്.

പാർട്ടിയെയും നേതൃത്വത്തെയും തനിക്കു പിന്നിലാക്കിയശേഷമാണ് വി.ടി. മറ്റൊരു എം.വി.രാഘവനാവൻ ബോധപൂർവ്വം ശ്രമിച്ചത്. സിപിഐഎമ്മിനോട് മുഖാമുഖം പോരാടുന്ന വ്യക്തിത്വം എന്ന നിലയിൽ ഡൽഹിയിൽ ലഭിക്കുന്ന സ്വീകാര്യതയും പിറകെ പാർട്ടിയിൽ ലഭ്യമായേക്കാവുന്ന അംഗീകാരവുമാണ് ഇന്നലെ മനപൂർവ്വം സൃഷ്ടിച്ചെടുത്ത കൂറ്റനാട്ടെ സംഭവം വിരൽ ചൂണ്ടുന്നത്.

പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി വി.ടി ക്ക് പരസ്യ പിന്തുണ നല്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംരക്ഷണത്തിലാണ് വി.ടി ഉദ്ഘാടനം നടത്തിയതെങ്കിലും അതിനുശേഷം പുറത്തിറങ്ങിയ ഫേസ്ബുക്ക് കുറിപ്പിൽ വി.ടി. ഇങ്ങനെ എഴുതി. 'ഗോപാല സേനക്ക് കീഴടങ്ങാനില്ല. എന്നെ സംരക്ഷിച്ച യു ഡി.എഫ് പ്രവർത്തകർക്ക് നന്ദി'.

കോൺഗ്രസിലെ ഒരു വിഭാഗമാണ് ഈ " ഗോപാല സേന "യിൽ നിന്നും രക്ഷിച്ചത്. ഒരു ഗ്രൂപ്പിലും പെടാതെ പാർട്ടിക്കും മീതെ വളർന്ന ബൽറാമിനെ രക്ഷിക്കാൻ ആദ്യ രണ്ട് ദിവസം ആരും എത്തിയിരുന്നില്ല. മാപ്പ്‌ പറയേണ്ടി വരുമോ എന്ന ഘട്ടത്തിലാണ് ഐ ഗ്രൂപ്പ് പിന്തുണച്ച് വന്നത്. എ ഗ്രൂപ്പ് പൂർണമായി പിന്തുണക്കാൻ ഇപ്പോഴും തയ്യാറല്ല. ഇതിനിടയിൽ കോൺഗ്രസിനുള്ളിൽ തന്നെ വി ടി ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ വഴി ഉണ്ടാക്കുന്ന സാധാരണ പ്രവർത്തകരിൽ നിന്ന് കിട്ടുമോയെന്ന് കണ്ട് തന്നെ അറിയണം

Read More >>