സ്പെൻസറുടെ ചോക്ലേറ്റും മൈക്രോവേവ് അവനും

പെഴ്‌സി സ്‌പെന്‍സര്‍ എന്ന അമേരിക്കക്കാരനാണ് മൈക്രോവേവ് അവന്‌റെ സൃഷ്ടാവ്. ഭൗതികശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായിരുന്നു സ്‌പെന്‍സര്‍. റഡാര്‍ ട്യൂബ് ഡിസൈനില്‍ ലോകത്തിലെ തന്നെ അതികായനായിരുന്നു അദ്ദേഹം. ഒരിക്കല്‍ റഡാറുകളില്‍ ഉപയോഗിക്കുന്ന മാഗ്നട്രോണുകളില്‍ പരീക്ഷണം നടത്തുകയായിരുന്നു സ്‌പെന്‍സര്‍. മൈക്രോവേവുകള്‍ ഉത്പാദിപ്പിക്കുന്ന മാഗ്നട്രോണുകള്‍ക്കരികിലായിരുന്നു അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നത്. അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്, അടുത്തു വച്ചിരുന്ന ചോക്ലേറ്റ് പതുക്കെ ഉരുകാന്‍ തുടങ്ങുന്നു.

സ്പെൻസറുടെ ചോക്ലേറ്റും മൈക്രോവേവ് അവനും

മൈക്രോവേവ് അവന്‍ ഇപ്പോള്‍ നമ്മുടെ അടുക്കളകളിലെ ഒരു സാധാരണ ഉപകരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മൈക്രോവേവ് അവന്‍ കണ്ടുപിടിച്ചത് ഒരു ആകസ്മികസംഭവത്തില്‍ നിന്നായിരുന്നു.

പെഴ്‌സി സ്‌പെന്‍സര്‍ എന്ന അമേരിക്കക്കാരനാണ് മൈക്രോവേവ് അവന്റെ സൃഷ്ടാവ്. ഭൗതികശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായിരുന്നു സ്‌പെന്‍സര്‍. റഡാര്‍ ട്യൂബ് ഡിസൈനില്‍ ലോകത്തിലെ തന്നെ അതികായനായിരുന്നു അദ്ദേഹം. ഒരിക്കല്‍ റഡാറുകളില്‍ ഉപയോഗിക്കുന്ന മാഗ്നട്രോണുകളില്‍ പരീക്ഷണം നടത്തുകയായിരുന്നു സ്‌പെന്‍സര്‍. മൈക്രോവേവുകള്‍ ഉത്പാദിപ്പിക്കുന്ന മാഗ്നട്രോണുകള്‍ക്കരികിലായിരുന്നു അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നത്. അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്, അടുത്ത് വച്ചിരുന്ന ചോക്ലേറ്റ് പതുക്കെ ഉരുകാന്‍ തുടങ്ങുന്നു. മൈക്രോവേവ് അവന്റെ ജനനത്തിനു കാരണമായത് ആ ചോക്ലേറ്റ് ആയിരുന്നു.

സ്‌പെന്‍സറും കൂട്ടുകാരും ചേര്‍ന്ന് മറ്റ് വസ്തുക്കളും അതുപോലെ ചൂടാക്കാന്‍ ശ്രമിച്ചു. ആദ്യം ശ്രമിച്ചത് പോപ് കോണ്‍ ആയിരുന്നു. പിന്നെ മുട്ട പുഴുങ്ങാനും ശ്രമിച്ചു. ഒരു കെറ്റിലില്‍ തുളയിട്ട് മുട്ട അതിനുള്ളില്‍ വച്ച് മാഗ്നട്രോഡിന്റെ അരികില്‍ വച്ചു. മുട്ട ഒരു സഹപ്രവര്‍ത്തന്റെ മുഖത്തേയ്ക്ക് തെറിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് സ്‌പെന്‍സര്‍ ഒരു തകരപ്പെട്ടിയില്‍ ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡ് ജനറേറ്റര്‍ ഘടിപ്പിച്ച് ആദ്യത്തെ മൈക്രോവേവ് അവന്‍ ഉണ്ടാക്കി. തകരപ്പെട്ടിയ്ക്കുള്ളില്‍ മാഗ്നട്രോണ്‍ ഇലക്ട്രോമാഗനറ്റിക് തരംഗങ്ങള്‍ തെറിപ്പിയ്ക്കും. തരംഗങ്ങള്‍ക്ക് പുറത്തേയ്ക്ക് പോകാനുള്ള പഴുതുകളുമില്ല. അതില്‍ പലതരം ആഹാരസാധനങ്ങള്‍ വച്ച് ചൂടാക്കി തകരപ്പെട്ടിയ്ക്കുള്ളിലെ താപനില പരിശോധിക്കാന്‍ തുടങ്ങി.

1945 ഒക്ടോബര്‍ 8 ന് സ്‌പെന്‍സര്‍ ജോലി ചെയ്യുന്ന റെയ്‌തോണ്‍ എന്ന കമ്പനി മൈക്രോവേവ് അവന്റെ പേറ്റന്റ് എടുത്തു. റഡാറേഞ്ച് എന്നായിരുന്നു അതിന്റെ പേര്. വാണിജ്യാവശ്യത്തിനായി അവര്‍ ഉണ്ടാക്കിയ ആദ്യത്തെ അവന് ആറടി ഉയരവും 750 പൗണ്ട് ഭാരവുമുണ്ടായിരുന്നു. 5000 ഡോളര്‍ ആയിരുന്നു വില. 1967 വരെ മൈക്രോവേവ് അവന്‍ വിലപിടിച്ച ഒന്നായിരുന്നു. പിന്നീടാണ് വലുപ്പത്തില്‍ ചെറുതും താങ്ങാവുന്ന വിലയുള്ളതുമായ അവനുകള്‍ വിപണിയിലെത്തിയത്.

വളരെ ലളിതമായ ഉപകരണമാണ് മൈക്രോവേവ് അവന്‍. ഉയര്‍ന്ന വോള്‍ട്ടേജ് നല്‍കുന്ന സ്രോതസ്സില്‍ പിടിച്ചിട്ടിരിക്കുന്ന മാഗ്നെട്രോണ്‍ ഒരു പെട്ടിയില്‍ അടച്ചു വച്ചിരിക്കുന്നതാണ് അതിന്റെ ഘടന. മൈക്രോവേവുകള്‍ ഉണ്ടാകുമ്പോള്‍ അവ പെട്ടിയ്ക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിത്തെറിയ്ക്കുന്നു. ഡൈഇലക്ട്രിക് നഷ്ടം വഴി ആഗിരണം ചെയ്യപ്പെടുന്ന അവയുടെ തന്മാത്രകള്‍ ചൂടുപിടിയ്ക്കുന്നു. അത് അവനിലെ വസ്തുക്കളേയും ചൂടാക്കുന്നു എന്നതേയുള്ളൂ മൈക്രോവേവ് അവന്റെ സാങ്കേതികവിദ്യ.

മൈക്രോവേവ് അവനിലെ റേഡിയേഷന്‍ അയണീകരണം ഇല്ലാത്തതാണ്. എന്നുവച്ചാല്‍ എക്‌സ്-റേ, അള്‍ട്രാ വയലറ്റ് രശ്മികള്‍ തുടങ്ങിയവയെ പോലെ ക്യാന്‍സറിന് കാരണമാകില്ല മൈക്രോവേവ് അവന്‍. പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ടെന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നും അവന്‍ കാരണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല.