കോണ്‍ഗ്രസ് വിതച്ചതാണ് ബിജെപി കൊയ്യുന്നത്

കോണ്‍ഗ്രസ് കുറേശ്ശെയായി തൃപ്തിപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദുത്വ താല്പര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തരായ മറ്റൊരു സംരക്ഷകരെത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണയേറി എന്നതാണ് ബിജെപി കൈവരിക്കുന്ന നേട്ടത്തിനുപിന്നിലുള്ളത്. ഗുജറാത്ത് പോലെയുള്ള വര്‍ഗീയ പരീക്ഷണശാലകളില്‍ വിജയം കൈവരിച്ച നരേന്ദ്രമോദിയെന്ന കരുത്തനായ ഹിന്ദുത്വതാല്പര്യ സംരക്ഷകനുള്ളപ്പോള്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പിന്തുണയുടെ ആവശ്യം ഹിന്ദുത്വവാദികള്‍ക്ക് ഇല്ലാതെയാവുന്നു. തങ്ങള്‍ ഒരു നൂറ്റാണ്ടോളമായി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി വിതച്ചിരുന്ന ഹിന്ദുത്വത്തിന്റെ വിത്തുകളുടെ വിള കൊയ്യാന്‍ ഇപ്പോള്‍ ബിജെപിക്കാണ് കഴിയുക. അതാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നാം കണ്ടതും.

കോണ്‍ഗ്രസ് വിതച്ചതാണ് ബിജെപി കൊയ്യുന്നത്

അനു വാര്യര്‍

പാടത്ത് വിതച്ചവര്‍തന്നെ എല്ലാക്കാലത്തും കൊയ്ത്തുകാരാവുമെന്ന് പ്രതീക്ഷിക്കരുത്. നമ്മളുകൊയ്യുന്ന വയലുകളൊക്കെ നമ്മുടേതാവുമെന്ന് പറഞ്ഞുനടക്കാനേ പറ്റൂ. അതുള്ളതാവില്ലെന്ന് ചരിത്രം തെളിയിച്ചതാണ്. മറ്റൊന്നുമല്ല, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെപ്പറ്റിത്തന്നെയാണ്. ബിജെപിയുടെ പടുകൂറ്റന്‍ വിജയത്തെപ്പറ്റിയും.

ബിജെപി നേതൃത്വം പോലും ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്ന അവകാശവാദം മാത്രം വോട്ടെണ്ണലിന് മുമ്പുവരെയും ഏതായാലും 300 സീറ്റെന്ന് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞും അവകാശപ്പെട്ടിടത്തുനിന്നാണ് 324 സീറ്റെന്ന വിജയത്തിലേക്കെത്തിയത്. വിജയത്തിനു പിന്നില്‍ ഹിന്ദുവോട്ടുകളുടെ കണ്‍സോളിഡേഷനാണെന്ന് ഒട്ടുമിക്കവാറും പേരും അവകാശപ്പെടുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോട് താരതമ്യം ചെയ്താല്‍ വോട്ടുകളുടെ കാര്യത്തില്‍ ചെറുതായെങ്കിലും നേട്ടമുണ്ടാക്കിയത് മായാവതി മാത്രമാണ്. എന്നാല്‍ 2012ലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലത്തോട് താരതമ്യം ചെയ്താലോ, പ്രയോജനം ബിജെപിക്കും. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഇത്തവണ ഒന്നിച്ച് മത്സരിച്ചതുകൊണ്ട് അവരുടെ വേറിട്ടുള്ള വോട്ട് ഷെയര്‍ എടുത്തിട്ട് കാര്യമില്ലതാനും.

എങ്കിലും ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും നഷ്ടം ഉണ്ടാകാന്‍ സാധ്യത കോണ്‍ഗ്രസിന്റെ വോട്ടുകളിലാവണം. അതിനുള്ള കാരണക്കാരോ കോണ്‍ഗ്രസ് തന്നെയും. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ബിജെപി ഇരിപ്പുറപ്പിച്ചു എന്ന ലളിതമായ മറുപടിയാണ് എനിക്ക് പറയാനുള്ളത്. അത് വിശദീകരിക്കണമെങ്കില്‍ സ്വാതന്ത്ര്യസമരകാലം മുതലുള്ള കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിക്കണം. ബാലഗംഗാധരതിലകനില്‍ തുടങ്ങി ഇന്നുവരെയും കോണ്‍ഗ്രസില്‍ ഒരു ശക്തമായ വിഭാഗം എക്കാലത്തും മൃദുഹിന്ദുത്വമോ തീവ്രഹിന്ദുത്വമോ ആയ സമീപനം പുലര്‍ത്തുന്നവരായിരുന്നു എന്നുകാണാം. ഇവരുടെ പിന്മുറക്കാര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് കൂടുതല്‍ ശക്തരായ ബിജെപിയിലേക്ക് ചേക്കേറുന്നതും എല്ലാക്കാലത്തും നാം കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ബിജെപി ശക്തിപ്രാപിച്ച കാലത്ത്.

ബിജെപിയുടെ മുന്‍ തലമുറയായിരുന്ന ഹിന്ദുമഹാസഭയോട് ചേര്‍ന്നുനിന്നിരുന്നയാളാണ് ഗാന്ധിജി ലോകമാന്യപട്ടം നല്‍കി ആദരിച്ച ബാലഗംഗാധര തിലകും ലാലാ ലജ്പത് റായിയുമെന്ന് ചരിത്രം പറയുന്നു. ഇവര്‍ രണ്ടുപേര്‍ക്കും കോണ്‍ഗ്രസില്‍ ശക്തമായ സ്ഥാനങ്ങളുമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കപ്പെടാനും പിന്നീട് രാജ്യം വെട്ടിമുറിക്കാനും കാരണമായത് കോണ്‍ഗ്രസില്‍ ആരോപിക്കപ്പെട്ട ഹിന്ദുത്വവികാരമാണെന്നത് മറക്കരുത്. 1923ല്‍ സവര്‍ക്കര്‍ ദ്വിരാഷ്ട്രവാദം ഉന്നയിച്ചപ്പോള്‍ പോലും രാജ്യം വിഭജിക്കലിനെക്കുറിച്ച് മുസ്ലിംലീഗ് അവകാശങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്ന് ചരിത്രം പറയുന്നു. അവസാന നിമിഷം വരെയും സ്വതന്ത്രഭരണാവകാശമുള്ള മുസ്ലിം പ്രവിശ്യകളെന്ന വാദമാണ് ലീഗ് മുന്നോട്ടുവച്ചത്. മുഹമ്മദലി ജിന്നയും രാജേന്ദ്രപ്രസാദും തമ്മില്‍ ഇതേക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ അലസിപ്പിരിയാന്‍ ഇടവരുത്തിയ സംഭവങ്ങളെക്കുറിച്ചുകൂടി പരിശോധിച്ചാല്‍ അക്കാലത്തുതന്നെ കോണ്‍ഗ്രസിലുണ്ടായിരുന്ന ഹിന്ദുത്വസമീപനം വ്യക്തമാവുന്നതേയുള്ളൂ.

ഗാന്ധിജിയുടെ കാലത്തുതന്നെ കോണ്‍ഗ്രസില്‍ ഹിന്ദുദേശീയതാവാദികള്‍ക്കുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്ന മറ്റൊരു സംഭവമാണ് ഹിന്ദുമഹാസഭയുടെ സഹചാരിയായിരുന്ന പണ്ഡിറ്റ് കെ എം മുന്‍ഷിക്ക് കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തിന്റെ നിലപാടുകളുടെ പേരില്‍ പുറത്തുപോകേണ്ടിവന്നതും കഷ്ടിച്ച് നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ അവയില്‍ മാറ്റം വരുത്താതെ തന്നെ തിരിച്ചുവരാനാവുന്നതും. ഗാന്ധിജിയുടെ കൊലയ്ക്കുശേഷം ഒട്ടൊന്ന് പിന്‍വാങ്ങിനിന്ന ഹിന്ദുമഹാസഭ വര്‍ധിത വീര്യത്തോടെ തിരിച്ചുവരുന്നത് 1949ല്‍ ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചുകൊണ്ടാണ്.

അന്ന് അതിന് പൂര്‍ണപിന്തുണ നല്‍കിയതോ അന്നത്തെ യുണൈറ്റഡ് പ്രൊവിന്‍സിലെ മുഖ്യമന്ത്രിയായിരുന്ന ജി ബി പന്തും അദ്ദേഹത്തിന്റെ സംരക്ഷകനായിരുന്ന ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായിപട്ടേലും. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് കോണ്‍ഗ്രസിന്മേലുണ്ടായിരുന്ന വിശ്വാസം ഒരു പരിധി വരെ നഷ്ടപ്പെടാന്‍ ഇടയാക്കിയ ആ സംഭവത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിച്ചെടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന പ്രഖ്യാപിത സോഷ്യലിസ്റ്റിന്റെ നിലപാടുകളാണ്. നെഹ്രുവിന്റെ രോദനങ്ങളും രോഷപ്രകടനങ്ങളും പോലും കണക്കിലെടുക്കാന്‍ ജിബി പന്തിന് മനസ്സുണ്ടായിരുന്നില്ലെന്ന് ചരിത്രം പറയുന്നു.

പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഹിന്ദു-മുസ്ലിം കലാപങ്ങളില്‍ പലപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അപ്രധാനമല്ലാത്ത പങ്കുണ്ടായിരുന്നു. കോണ്‍ഗ്രസിലെ വിഭാഗീയതയോ നേതാക്കളുടെ ഹിന്ദുത്വസംരക്ഷക നിലപാടുകളോ ഇവിടെയെല്ലാം വിഷയമായിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ ഉരുക്കുമുഷ്ടിയില്‍ നിന്നും പുറത്തുകടന്ന് രാജീവ് ഗാന്ധിയിലേക്കെത്തുമ്പോഴേക്കും വീണ്ടും കോണ്‍ഗ്രസിലെ മൃദു-തീവ്രഹിന്ദു സമീപനത്തിന് ശക്തി പ്രാപിക്കാനായി. വോട്ട് ലക്ഷ്യമാക്കി സംസ്ഥാന നേതാക്കള്‍ നടത്തിയിരുന്ന ഒത്തുതീര്‍പ്പുകള്‍ക്കപ്പുറം വടക്കേ ഇന്ത്യയിലെ ഹിന്ദുസംഘടനകള്‍ക്ക് ആശ്വാസമായത് രാജീവ് ഗാന്ധി ബാബരി മസ്ജിദിനുള്ളിലെ രാമക്ഷേത്രം ആരാധനക്കായി തുറന്നുകൊടുത്ത നടപടിയായിരുന്നു. അതില്‍ പിടിച്ചാണ് ബിജെപിയെന്ന രാഷ്ട്രീയകക്ഷി ജനിക്കുന്നതും ശക്തിപ്രാപിക്കുന്നതും.

രാജീവ് ഗാന്ധിയുടെ മരണശേഷം മസ്ജിദ് തകര്‍ക്കലിനു ബിജെപി നേതൃത്വം നല്‍കിയപ്പോള്‍ കണ്ണടച്ചിരുട്ടാക്കിയ നരസിംഹറാവുവെന്ന പ്രധാനമന്ത്രിയാണ് കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെ അവസാനത്തെ മണ്ണും നീക്കംചെയ്തത്. അക്കാലമായപ്പോഴേക്കും ഹിന്ദുത്വ വാദികള്‍ക്ക് ശക്തമായ ഒരു രാഷ്ട്രീയ കക്ഷി ഉണ്ടാവുകയും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളുടെ ആവശ്യം ഇല്ലാതാവുകയും ചെയ്തു. അതേസമയം മുസ്ലിം വോട്ടുകളെ ഭിന്നിപ്പിക്കാന്‍ പലതായിപ്പിരിഞ്ഞ സോഷ്യലിസ്റ്റ് കക്ഷികള്‍ക്കും പുതുതായി ഉയര്‍ന്നുവന്ന തീവ്ര മുസ്ലിം സംഘടനകള്‍ക്കും കഴിഞ്ഞു എന്നതും പ്രസക്തമാണ്.

മറ്റൊരു ശ്രദ്ധേയമായ കാര്യം കോണ്‍ഗ്രസില്‍ നിന്നുണ്ടായ കൊഴിഞ്ഞുപോക്കാണ്. സീറ്റുനഷ്ടത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കും തിരിച്ച് അപൂര്‍വമായെങ്കിലും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്കും നേതാക്കള്‍ കാലുമാറുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഏറ്റവും അവസാനമായി റീത്ത ബഹുഗുണ ജോഷി എന്ന നേതാവിനെത്തന്നെ ഉദാഹരിക്കാവുന്നതേയുള്ളൂ. അങ്ങോട്ടുമിങ്ങോട്ടും മാറാന്‍ തക്ക വ്യത്യാസങ്ങളേ ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഉള്ളൂ എന്ന ബോധ്യമാണ് ഇരുവിഭാഗം നേതാക്കള്‍ക്കുമുള്ളത് എന്നതാണ് ഇതിലെ ഏറ്റവും ദയനീയമായ വസ്തുത.

കോണ്‍ഗ്രസ് കുറേശ്ശെയായി തൃപ്തിപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദുത്വ താല്പര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തരായ മറ്റൊരു സംരക്ഷകരെത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണയേറി എന്നതാണ് ബിജെപി കൈവരിക്കുന്ന നേട്ടത്തിനുപിന്നിലുള്ളത്. ഗുജറാത്ത് പോലെയുള്ള വര്‍ഗീയ പരീക്ഷണശാലകളില്‍ വിജയം കൈവരിച്ച നരേന്ദ്രമോദിയെന്ന കരുത്തനായ ഹിന്ദുത്വതാല്പര്യ സംരക്ഷകനുള്ളപ്പോള്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പിന്തുണയുടെ ആവശ്യം ഹിന്ദുത്വവാദികള്‍ക്ക് ഇല്ലാതെയാവുന്നു. തങ്ങള്‍ ഒരു നൂറ്റാണ്ടോളമായി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി വിതച്ചിരുന്ന ഹിന്ദുത്വത്തിന്റെ വിത്തുകളുടെ വിള കൊയ്യാന്‍ ഇപ്പോള്‍ ബിജെപിക്കാണ് കഴിയുക. അതാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നാം കണ്ടതും.