പ്രമേഹൗഷധി ഉണ്ടെങ്കില്‍ എത്ര ലഡ്ഡു തിന്നാം ?

ഒരു പ്രമേഹരോഗിയുടെ ശരീരത്തില്‍ പ്രമേഹം നിര്‍ണ്ണയിക്കപ്പെടുുമ്പോള്‍ തന്നെ 70% ബീറ്റാ കോശങ്ങളും നശിച്ചിരിക്കും. പ്രമേഹം നിര്‍ണ്ണയിച്ചതിന് ശേഷവും അമിതമായി മധുരം കഴിക്കുന്നത് ശരീരത്തില്‍ ബാക്കിയുള്ള ബീറ്റാ കോശങ്ങള്‍ നേരത്തെ നശിക്കുന്നതിന് കാരണമാകുകയും ഇതോടെ രോഗി പൂര്‍ണ്ണമായും ഇന്‍സുലിന്‍ അധിഷ്ഠിത ചികിത്സയിലേക്ക് വീഴുകയും ചെയ്യും. മധുര ചികിത്സ ഇത്തരത്തില്‍ ദോഷകരമായ ചികിത്സാ രീതികളിലൊന്നാണ്. - വിപിൻ രാജ് എഴുതുന്നു.

പ്രമേഹൗഷധി ഉണ്ടെങ്കില്‍ എത്ര ലഡ്ഡു തിന്നാം ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവംബര്‍ 14 ശിശുദിനമാണ്. എന്നാല്‍ നവംബര്‍ 14 ലോക പ്രമേഹദിനം കൂടെയാണ് എന്നറിയാമോ?

ലോകത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന ഗുരുതരമായ രോഗമാണ് പ്രമേഹം. പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് വികസനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളില്‍ മുന്നിലാണ് പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍. നവംബര്‍ 14 ന് ഇന്ത്യ ശിശുദിന ആഘോഷങ്ങളില്‍ മതിമറക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്നത് പ്രമേഹമെന്ന നിശബ്ദ കൊലയാളിയെയാണ്.

അതെ. പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. ലോകത്തെ പ്രമേഹ ബാധിതരില്‍ 50% പേര്‍ക്കും പ്രമേഹം ഉണ്ടെന്ന് പോലും അറിയില്ല എന്ന് ഐഡിഎഫ് (ഇന്‍റര്‍നാഷണല്‍ ഡയബീറ്റിസ് ഫെഡറേഷന്‍) റിപ്പോര്‍ട്ട് പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 422 മില്ല്യണ്‍ പ്രമേഹരോഗികള്‍ ആണ് ഉള്ളത്. 2035 ആകുമ്പോഴേക്കും ഇത് 592 മില്ല്യണ്‍ ആയി ഉയരുമെന്ന് കണക്കാക്കുന്നു. അത്ര വേഗത്തിലാണ് പ്രമേഹം പടരുന്നത്. പ്രതിവര്‍ഷം 20 ലക്ഷം ആളുകള്‍ പ്രമേഹം മൂലം മരണപ്പെടുന്നുണ്ട്. പ്രമേഹത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ മൂലം മരണപ്പെടുന്ന കണക്ക് കൂടെയാകുമ്പോള്‍ സ്ഥിതി അതിഭീകരമാകുന്നു. ലോകത്ത് ജനിക്കുന്ന ഓരോ ഏഴാമത്തെ കുഞ്ഞിനും പ്രമേഹം ബാധിക്കുന്നുണ്ടെന്നാണ് ഐഡിഎഫ് ഈ വര്‍ഷം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്.

ലോകത്തെ ആകെ പ്രമേഹരോഗികളുടെ 15 ശതമാനത്തിലേറെയും ഇന്ത്യയിലാണ്. ഏകദേശം 70 മില്ല്യണ്‍ പ്രമേഹ രോഗികളാണ് നമ്മുടെ രാജ്യത്തുള്ളത്. മറ്റു രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹം കൂടുതല്‍ അപകടകരമാകുന്നത് ഒരിക്കല്‍ പിടിപെട്ടാല്‍ പ്രമേഹം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ്. മാത്രമല്ല, പ്രമേഹത്തെ വേണ്ടവിധം നിയന്ത്രിച്ചില്ലെങ്കില്‍ അത് റെറ്റിനോപ്പതി (കണ്ണിനെ ബാധിക്കുന്നത്), ന്യൂറോപ്പതി (നാഡിയെ ബാധിക്കുന്നത്), നെഫ്രോപ്പതി (വൃക്കയെ ബാധിക്കുന്നത്), ഡയബറ്റിക് ഫൂട്ട് (വിരലോ കാലോ മുറിച്ചു കളയേണ്ടിവരുന്നത്), ഹൃദ്രോഗം (രക്ത ധമനികളെ ബാധിക്കുന്നതുകൊണ്ട്), സ്ട്രോക്ക് (തലച്ചോറിലെ ധമനികളെ ബാധിക്കുന്നതുകൊണ്ട്), ഡയബറ്റിക് കീറ്റോ അസിഡോസിസ്, ഹോങ്ക് തുടങ്ങിയ സങ്കീര്‍ണ്ണമായ മറ്റ് പല രോഗങ്ങള്‍ക്കും കാരണമായേക്കും. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം ഗൗരവമേറിയ വെല്ലുവിളിയാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

വികസിത രാജ്യങ്ങളേക്കാള്‍ അവികസിത രാജ്യങ്ങളിലും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലുമാണ് പ്രമേഹം കൂടുതല്‍ ബാധിക്കുക.വികസിത രാജ്യങ്ങളിലെ ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും കാരണമാണിത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് പ്രമേഹം അധികമായി കണ്ടുവരുന്നത്. ഇന്ത്യയില്‍ നഗരങ്ങളില്‍ ജീവിക്കുന്നവരുടെ 6% പേര്‍ക്ക് പ്രമേഹം ബാധിച്ചപ്പോള്‍ ഗ്രാമങ്ങളില്‍ ഇത് 12% ആണ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ പോഷകാഹാരക്കുറവ്, പ്രമേഹത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ആശുപത്രി സേവനങ്ങളുടെയും മരുന്നുകളുടെയും ലാബുകളുടെയും അഭാവം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടാണിത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിലാണെന്നതും ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും താരതമ്യേന കുറവാണ് എന്നതും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു.

പ്രമേഹത്തിന്‍റെ സോഷ്യോ-ഇക്കണോമിക് ഇംപാക്റ്റ് അതീവ ഗുരുതരമാണ്. പണക്കാരന്‍റെ രോഗമാണ് പ്രമേഹം എന്നാണ് പൊതുവെ പ്രമേഹത്തെ വിശേഷിപ്പിക്കാറ് എങ്കിലും സമ്പന്നരേക്കാള്‍ പാവപ്പെട്ടവരെയാണ് പ്രമേഹം കൂടുതല്‍ ബാധിക്കുക. പ്രമേഹ ചികിത്സ വളരെ ചെലവേറിയതാണ്. കണ്‍സള്‍ട്ടേഷന്‍, മരുന്നുകള്‍, ലാബ് ടെസ്റ്റുകള്‍, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സ തുടങ്ങിയ നേരിട്ടുള്ള ചെലവുകളും ആശുപത്രിയിലേക്കുള്ള പോക്കുവരവ്, രോഗിയുടെ കൂടെ വരുന്ന ആളുകളുടെ ചെലവുകള്‍, ആശുപത്രിവാസകാലത്തെ വരുമാന നഷ്ടം തുടങ്ങിയ നേരിട്ടല്ലാത്ത ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ജീവിതകാലം മുഴുവന്‍ പ്രമേഹം ചികിത്സിക്കേണ്ടിവരുന്നു എന്നതും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളിയാണ്. പ്രമേഹത്തിന്റെ ചികിത്സാ ചെലവുകളെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 25,000 മുതല്‍ 35,000 രൂപ വരെ ചെലവ് കണക്കാക്കുമ്പോള്‍ ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് 15,000 മുതല്‍ 20,000 രൂപവരെ ചെലവ് കണക്കാക്കുന്നു. 10 മാസത്തെ കാര്യമാണെങ്കില്‍ പോലും ഗര്‍ഭാവസ്ഥായിലെ പ്രമേഹവും വളരെ ചെലവേറിയതാണ്.

പ്രമേഹവും പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകളും വളരെ ഗൗരവമേറിയതാണെങ്കിലും വളരെ പതുക്കെയാണ് പ്രമേഹം മൂര്‍ച്ഛിക്കുക. സാധാരണയായി പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങള്‍ ബാധിക്കുമ്പോഴാണ് പ്രമേഹം കണ്ടെത്തുന്നത് തന്നെ. ഈ സ്ഥിതി അടിയന്തരമായി മാറേണ്ടതുണ്ട്. ആറ് മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ എങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്. പ്രമേഹം നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിന് ഇത് സഹായിക്കും. എത്ര നേരത്തെ രോഗം നിര്‍ണ്ണയിക്കുന്നുവോ അത്രയും ലളിതമായതും ചെലവ് കുറഞ്ഞതുമായ ചികിത്സയിലൂടെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുവാനും അതിലൂടെ പ്രമേഹത്തിന്റെ അനുബന്ധ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുവാനും‍ കഴിയും എന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം.

ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ശരിയായ മരുന്നുകളുടെ ഉപയോഗത്തിലൂടെയും (പ്രത്യേകിച്ച് ഇന്‍സുലിനുകള്‍) വ്യായാമത്തിലൂടെയും പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്. പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തിന്റെ മറ്റ് സങ്കീര്‍ണ്ണതകള്‍ വരുന്നത് വൈകിപ്പിക്കാനോ അതിന്റെ വ്യാപനത്തെ തടയാനോ സാധിക്കും. ഇതിനായി പ്രമേഹം എന്താണെന്ന് പഠിക്കുകയാണ് പരമപ്രധാനമായ കാര്യം. പ്രമേഹത്തെ ഏറ്റവും നന്നായി പഠിച്ചവര്‍ക്ക് ഏറ്റവും നന്നായി നിയന്ത്രിക്കാന്‍ സാധിക്കും.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ പിന്നോട്ടടിക്കുന്ന ഈ മഹാവ്യാധിയെ ഭാരതസര്‍ക്കാര്‍ അതിന്റെ ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ശിശുദിനാഘോഷത്തിന്റെ തിരക്കില്‍ പലപ്പോഴും ലോക പ്രമേഹദിനം മുങ്ങിപ്പോകാറാണ് പതിവ്. കച്ചവടലാക്കോടുകൂടി ഫാര്‍മാ കമ്പനികളും സ്വകാര്യ ആശുപത്രികളും നടത്തുന്ന പ്രമേഹ നിര്‍ണ്ണയ ക്യാമ്പുകളോ പേഷ്യന്റ് എഡ്യൂക്കേഷന്‍ പ്രോഗ്രാമുകളോ ചാനല്‍ പ്രോഗ്രാമുകളോ അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് എടുത്ത് പറയത്തക്ക പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഉണ്ടാകാറില്ലാത്തത് നിരാശാജനകമാണ്.

പ്രമേഹത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രമേഹത്തെ ഇത്ര സങ്കീര്‍ണ്ണമാക്കുന്നത്. മുകളില്‍ സൂചിപ്പിച്ചതു പോലെ നഗരങ്ങളേക്കാള്‍ താരതമ്യേന വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയും കുറവുള്ള ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കിടയിലാണ് പ്രമേഹം കൂടുതലായി കണ്ടുവരുന്നത്. ആശുപത്രി സേവനങ്ങള്‍ കുറവായതു കൊണ്ട് തന്നെ ഇത്തരം പ്രാന്തപ്രദേശങ്ങളില്‍ ഒറ്റമൂലി വൈദ്യം, മധുര ചികിത്സ, പാരമ്പര്യ ചികിത്സ തുടങ്ങിയ അശാസ്ത്രീയമായ ചികിത്സാ രീതികളുമായി തട്ടിപ്പുകാര്‍ സജീവമാണ്. ചികിത്സയ്ക്കായി നഗരങ്ങളിലേക്ക് വരേണ്ടതിന്റെ ചെലവും ബുദ്ധിമുട്ടും പ്രമേഹം എന്നെന്നേക്കുമായി ഇല്ലാതാക്കാം എന്ന വ്യാമോഹവുമാണ് ജനങ്ങളെ ഇത്തരം തട്ടിപ്പ് ചികിത്സാ രീതികളിലേക്ക് ആകര്‍ഷിക്കുന്നത്.

സര്‍ക്കാരിന്റെ തന്നെ ഉത്പന്നമായ 'പ്രമേഹൗഷധി' എന്ന ആയുര്‍വ്വേദ പ്രമേഹമരുന്നിന്റെ പരസ്യത്തില്‍ ലഡു തിന്നുന്ന ഭര്‍ത്താവിനോട് ''നിങ്ങള്‍ക്ക് പ്രമേഹമുള്ളതല്ലേ'' എന്ന് ഓര്‍മ്മിപ്പിക്കുന്ന ഭാര്യയോട് ''പ്രമേഹമുണ്ടെങ്കിലെന്താ, പ്രമേഹൗഷധിയുണ്ടല്ലോ'' എന്ന് ഭര്‍ത്താവ് മറുപടി പറയുന്നുണ്ട്. പ്രമേഹൗഷധി ഉണ്ടെങ്കില്‍ എന്ത് വേണമെങ്കിലും തിന്നാം എന്നാണ് പരസ്യത്തിലൂടെ പറഞ്ഞുവെക്കുന്നത്. ഇത് തികച്ചും അബദ്ധജടിലമായ വാദമാണ്. പാന്‍ക്രിയാസിലുള്ള ബീറ്റാ കോശങ്ങളാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഈ ബീറ്റാ കോശങ്ങള്‍ ഒരിക്കല്‍ നശിച്ചു കഴിഞ്ഞാല്‍ വീണ്ടും ഉണ്ടാകുകയില്ല. ഒരു പ്രമേഹരോഗിയുടെ ശരീരത്തില്‍ പ്രമേഹം നിര്‍ണ്ണയിക്കപ്പെടുുമ്പോള്‍ തന്നെ 70% ബീറ്റാ കോശങ്ങളും നശിച്ചിരിക്കും. പ്രമേഹം നിര്‍ണ്ണയിച്ചതിന് ശേഷവും അമിതമായി മധുരം കഴിക്കുന്നത് ശരീരത്തില്‍ ബാക്കിയുള്ള ബീറ്റാ കോശങ്ങള്‍ നേരത്തെ നശിക്കുന്നതിന് കാരണമാകുകയും ഇതോടെ രോഗി പൂര്‍ണ്ണമായും ഇന്‍സുലിന്‍ അധിഷ്ഠിത ചികിത്സയിലേക്ക് വീഴുകയും ചെയ്യും. മധുര ചികിത്സ ഇത്തരത്തില്‍ ദോഷകരമായ ചികിത്സാ രീതികളിലൊന്നാണ്. ഇത്തരം അശാസ്ത്രീയമായ ചികിത്സാ രീതികളെ ആശ്രയിച്ച് ഒടുവില്‍ രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്ക് എത്തിയശേഷം നൂതന ചികിത്സാ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്ന കാഴ്ച്ച പതിവാണ്. അപ്പോഴേക്കും പ്രമേഹത്തിന്റെ മറ്റ് സങ്കീര്‍ണ്ണതകളും രോഗികളില്‍ ആരംഭിച്ചിരിക്കും.

ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ വേണ്ട അടിയന്തരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.Read More >>