ഓൺലൈനിൽ ഇരുന്നോളൂ; ഇത് ഡിജിറ്റൽ ഫെസ്റ്റിവലാണ്

സദാ നേരവും ഓൺലൈൻ അക്സസ്സ് ഉള്ളവർക്ക് മാത്രമേ ഇനിമേൽ ഫിലിം ഫെസ്റ്റിവലിന് പോകാൻ സാധിക്കു- കാരണം ഇത് ഡിജിറ്റൽ ഫെസ്റ്റിവൽ ആണ്- ശ്യാം ജെയ്സൺ എഴുതുന്നു.

ഓൺലൈനിൽ ഇരുന്നോളൂ; ഇത് ഡിജിറ്റൽ ഫെസ്റ്റിവലാണ്

ഇത്തവണ ഫിലിം ഫെസ്റ്റിവൽ പാസ്സ് കിട്ടിയില്ല. ഓൺലൈൻ രജിസ്ട്രേഷൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തുടരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് രണ്ടു ദിവസം, പൊതുജനങ്ങൾക്ക് മൂന്നു ദിവസം, സാങ്കേതിക പ്രവർത്തകർക്കും മാധ്യമങ്ങൾക്കും പ്രത്യേകം ദിവസങ്ങൾ എന്നൊക്കെ നിശ്ചയിച്ചിട്ടാണ് ഇത്തവണയും ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയത്. എന്നാൽ ഓരോ വിഭാഗത്തിലും ആദ്യമണിക്കൂറിൽ തന്നെ നിശ്ചിത എണ്ണം തികഞ്ഞു. അതിനാൽ രജിസ്ട്രേഷൻ തുടരാനാവില്ല എന്നാണ് ഇപ്പോൾ ഓൺലൈനിൽ കാണുന്നത്. ആരെയാ ഒന്ന് വിളിക്കുക? ആരോടാ ഒന്ന് തിരക്കുക?

കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 8 മുതൽ 14 വരെ തിരുവനന്തപുരത്തു നടക്കും. ഓൺലൈൻ വഴിയുള്ള മുൻ‌കൂർ രജിസ്ട്രേഷൻ തന്നെയാണ് ഇത്തവണയും പാസ്സ് വിതരണത്തിന് അവലംബിച്ചിട്ടുള്ളത്. എന്നാൽ വ്യക്തികളെ ഡിജിറ്റലാക്കുക എന്ന ആധാരനിയമത്തിന്റെ അതിനിശിതമായ പിന്തുടർച്ച, ഓൺലൈൻ രജിസ്ട്രേഷൻ പ്രോസസ്സുകളെ സരളമായും കാര്യക്ഷമമായും പൂർത്തീകരിക്കുവാൻ മേളയുടെ സംഘാടകരെ മാത്രമേ സഹായിക്കുന്നുള്ളു. വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, സിനിമാപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ ചലച്ചിത്രോത്സവത്തിന് എത്തുന്നവരെ വിഭജിക്കുകയും ഓരോ വിഭാഗത്തിനുമായി നവംബർ മാസത്തിലെ രണ്ടാമത്തെ ആഴ്ച മുതൽ നിശ്ചിത ദിവസങ്ങൾ ഓൺലൈൻ രജിസ്ട്രേഷനായി ക്ലിപ്തപ്പെടുത്തുകയും ചെയ്തു.

വിഭജനങ്ങളേതുമില്ലാതെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഒരേ സമയം കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായി ഓൺലൈൻ രജിസ്ട്രേഷനിൽ ഏർപ്പെടുമ്പോൾ ഉണ്ടാകാവുന്ന സൈബർ ട്രാഫിക് ഞെരുക്കങ്ങൾ ഒഴിവാക്കാൻ ഇത്തരം ക്ലിപ്തപ്പെടുത്തലുകൾ സഹായിച്ചു എന്ന സ്വയം വിമർശനത്തിൽ ആയിരിക്കുമിപ്പോൾ സംഘാടകർ. തിരക്ക് കുറഞ്ഞതോടെ, ആദ്യ മണിക്കൂറിൽ തന്നെ എല്ലാ അപേക്ഷകർക്കും രജിസ്ട്രേഷൻ കിട്ടി. പിന്നാലെയുള്ള മണിക്കൂറുകളിൽ രജിസ്ട്രേഷന് എത്തിയവർക്ക് മുന്നിൽ ഇമ്മാതിയൊരു നിസഹായത എഴുതി കാണിച്ചു. "The registration for the International Film Festival of Kerala for General Delegates is temporarily stopped since the number crossed the passes allowed"

മേളയുടെ ജൈവികതയെ വൈവിധ്യമാക്കുവാനുള്ള സംഘാടകരുടെ ശ്രമം വിജയം കാണുന്നത് ലോക സിനിമയെ തീയേറ്ററുകളിൽ തന്നെ അനുഭവിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന ഒരുപിടി ആൾക്കൂട്ടങ്ങളെ മേളയുടെ അവിഭാജ്യ ഭാഗമായി നിലനിർത്തുമ്പോൾ മാത്രമാണ്. ഡിജിറ്റൽ വേഗത്തിൽ അല്പം പിന്നിലായി പോയി എന്ന കാരണത്താലാണ് തീയേറ്ററിനുള്ളിലെ സിനിമയെ സ്നേഹിക്കുന്നവർ മേളയ്ക്ക് പുറത്താകുന്നത്. അവർക്കായി ക്ലിപ്തപ്പെടുത്തിയിട്ടുള്ള എഴുപതോളം മണിക്കൂറുകൾ ഇനിയും അവശേഷിക്കുന്നു. വിദേശികളല്ലാത്തവർക്ക് അടുത്താണ്ട് മുതൽ ആധാർ നിർബന്ധമാക്കിയാൽ കാര്യങ്ങൾ വീണ്ടും സരളമായും കാര്യക്ഷമമായും നിർവഹിക്കപ്പെടുവാനുള്ള സാധ്യത ഓർത്തുകൊണ്ടുതന്നെ ചോദിക്കട്ടെ, ഇത്തവണത്തെ പാസ്സ് കിട്ടാൻ ഇനിയും സാധ്യതയുണ്ടോ?

-ശ്യാം ജെയ്സൺ


Story by
Read More >>