മിസ്റ്റര്‍ മോദി... ഇനിയും ഞങ്ങളുടെ ഹൃദയത്തിലേക്ക് 0.2 മില്ലീഗ്രാം വീതമുള്ള കണ്ണീര്‍ തൊടുക്കരുത്

​ഗോരക്ഷാ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ 0.2 മില്ലീ​ഗ്രാം വീതമുള്ള മുതലക്കണ്ണീർ പൊഴിച്ച്, നിങ്ങളെപ്പോള്‍ അപലപന മന്ത്രങ്ങളും പ്യാടിപ്പിക്കലും നടത്തുന്നോ അപ്പോള്‍ തന്നെ ഇവിടെയൊരു ഗോരക്ഷ കൊലയോ അക്രമമോ നടന്നിരിക്കും. അതുകൊണ്ട്, മിസ്റ്റര്‍ മോദീ... വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. ഇനിയെങ്കിലും ഞങ്ങളെയിങ്ങനെ സ്‌നേഹിക്കരുത്.

മിസ്റ്റര്‍ മോദി... ഇനിയും ഞങ്ങളുടെ ഹൃദയത്തിലേക്ക് 0.2 മില്ലീഗ്രാം വീതമുള്ള കണ്ണീര്‍ തൊടുക്കരുത്

മാമലക്കാട്ടില്‍ വലിയൊരു അനുസ്മരണ യോഗം നടക്കുന്നു. അടുത്തിടെ കൊല്ലപ്പെട്ട മുട്ടനാടിന്റെ വിയോഗത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തിയുള്ള അനുസ്മരണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം പ്രധാനമന്ത്രി മൃഗേന്ദ്ര പുലിയാണ്. പ്ലാവില കഴിച്ചുവെന്ന കുറ്റത്തിന് ആ കാട്ടിലെ തന്നെ ഒരു സംഘം പുലി ഭീകരരാണ് ആടിനെ കടിച്ചുകൊന്നത്. ആടിനെ കൊന്ന 'മൃഗീയത'യെ അദ്ദേഹം കടുത്ത ഭാഷയില്‍ അപലപിച്ചു. ശേഷം രണ്ടു പ്ലാവില സ്പൂണ്‍ തുള്ളി കണ്ണുനീരും ഇറ്റിച്ചു. കവിളിലൂടെ ഒലിച്ചിറങ്ങിയ അവസാന രണ്ടു തുള്ളികള്‍ അദ്ദേഹം തുടച്ചുകളഞ്ഞില്ല. മനസ്സു നീറി പുറത്തുവന്ന ആ തുള്ളികള്‍ നാലാള്‍ കണ്ട് തന്റെ നിഷ്‌കളങ്ക മനസ്സൊന്നറിഞ്ഞോട്ടെയെന്ന് ഓര്‍ത്തായിരുന്നു അത്.

ഇത് ഒരു സാങ്കല്‍പ്പിക കഥയാണെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ ഏതെങ്കിലും വ്യക്തിയുമായോ പൗരന്മാരുമായോ സാദൃശ്യം തോന്നിയാല്‍ അത് സ്വാഭാവികം മാത്രം. 2017 ജൂണ്‍ 29ന്റെ നട്ടുച്ച. സൂര്യന്‍ തലയ്്ക്കു മുകളില്‍ നിന്നു കിഴക്കോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നു. ഈ സമയം, അങ്ങ് അഹമ്മദാബാദിലെ സബര്‍ബന്‍ ആശ്രമത്തിലൊരു പരിപാടി നടക്കുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ കഷ്ടപ്പെട്ട്, അങ്ങ് ഫിലാഡല്‍ഫിയായില്‍ ആണെങ്കിലും ഇവിടുത്തെ 127 കോടി ജനതയേയും 24 ക്യാരറ്റ് പൊന്നുപോലെ നോക്കുന്ന ഈ നാടിന്റെ 'പൊന്നോമന പ്രധാനമന്ത്രി' അവിടുത്തെ വിറതാങ്ങിയുടെ മുന്നില്‍ നിന്നൊരു പ്രഖ്യാപനം നടത്തി.

പശുവിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന കൊലകളെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആ പ്രഘോഷണം. മാത്രമല്ല, രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ 0.2 മില്ലീഗ്രാം വീതമുള്ള മൂന്നു തുള്ളി കണ്ണീര്‍പൊഴിക്കുകയും (ഉപ്പില്ലാത്തത്) കണ്ണുരുട്ടുകയും പുച്ഛഭാവത്തില്‍ വടക്കുകിഴക്കു ദിശയിലേക്കു 45 ഡിഗ്രിയില്‍ ചുണ്ടുകള്‍ ചലിപ്പിക്കുകയും കണ്ണുകളില്‍നിന്നു മുളകുപൊടിക്കളറില്‍ നാലു കിലോ ദേഷ്യം നിര്‍ഗളിപ്പിക്കുകയും ചെയ്തു അദ്ദേഹം. രാജ്യത്തിന്റെ നാലുദിക്കിലുമുള്ള ഉരുക്കുഭിത്തികളെ ആ വചനങ്ങള്‍ പ്രകമ്പനം കൊള്ളിച്ചു.

അപ്പോള്‍, ആട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന ദാദ്രി സ്വദേശി മുഹമ്മദ് അഖ്‌ലാഖിന്റേയും, കാലികളെ നിയമാനുസൃതം കച്ചവടത്തിനു കൊണ്ടുവന്നുവെന്ന ഭീകരകുറ്റത്തിന് ഗോമാതാ പുത്രരാല്‍ തല്ലിക്കൊന്നു കെട്ടിത്തൂക്കപ്പെട്ട മുസ്ലിം-ദളിത് യുവാക്കളും, പെരുന്നാള്‍കോടിയും വാങ്ങി വീട്ടിലേക്കു വരവെ പാര്‍ലമെന്റിരിക്കുന്ന ഡല്‍ഹിയിലെ ഓടുന്ന ട്രെയിനില്‍ രാജ്യസ്‌നേഹികളാല്‍ എണ്ണമറ്റ കത്തിക്കുത്തുകളേറ്റു ജീവനറ്റ കൗമാരക്കാരന്‍ ജുനൈദിന്റെയുമൊക്കെ ആത്മാവ് മോദിക്കു പിന്നിലെ ഭിത്തിയില്‍ കണ്ണീരുമായി ഇടംപിടിച്ചിരുന്നു.

ആകാശത്തോളം പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ആ തണലുകളില്‍ ചാഞ്ഞിരുന്ന വീട്ടുകാരുടെ നെഞ്ചിലെ നീറ്റല്‍ അലയടിച്ചിരുന്നു. കുരുന്നുമക്കളുടെ, ഉമ്മമാരുടെ നിലവിളികള്‍ പടര്‍ന്നിരുന്നു. മിസ്റ്റര്‍ മോദി, ഇതൊന്നും നിങ്ങള്‍ കണ്ടോ എന്നറിയില്ല. പക്ഷേ, ഭിത്തിയില്‍ തൂങ്ങിയിരുന്ന ആടിന്റെ ചിത്രം കാട്ടിലെ പ്രധാനമന്ത്രി മൃഗേന്ദ്ര പുലി കണ്ടിരുന്നു. അല്ലെങ്കിലും മൃഗീയതയേക്കാള്‍ ക്രൂരമാണല്ലോ 'മനുഷ്യത്വം'. കാരണം മൃഗങ്ങള്‍ കൊല്ലുന്നത് വിശക്കുമ്പോള്‍ മാത്രമാണല്ലോ.

എന്തായാലും നിങ്ങളുടെ ആ വാക്കുകള്‍ അതേ പടി അനുസരിച്ചുകൊണ്ട് അന്നേ ദിവസം തന്നെ ഝാര്‍ഖണ്ഡില്‍ ഗോമാതാവിന്റെ മക്കള്‍ ഒരു 'രാജ്യദ്രോഹി'യെ കൂടി ശരിയാക്കി. പതിവുപോലെ അതും ഒരു മുസ്ലിമായിരുന്നു- അലീമുദ്ദീന്‍ അസ്ഗര്‍ അലി. വീട്ടിലേക്കു ബീഫും വാങ്ങിപ്പോവുമ്പോള്‍ ഈ വയോധികന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല- അത് തന്റെ മരണത്തിനു കാരണമാവുമെന്ന്. ഉപ്പാപ്പയുടെ കാല്‍പ്പെരുമാറ്റം കാത്തിരുന്ന കൊച്ചുമക്കളൊരിക്കലും കരുതിക്കാണുമോ- വരുന്നത് അദ്ദേഹത്തിന്റെ ജീവനറ്റ ദേഹമാണെന്ന്. എന്നാല്‍ ഞങ്ങള്‍ക്കറിയാം, ഇതൊക്കെ സംഭവിക്കാന്‍ കാരണം നിങ്ങളുടെയും നിങ്ങളുടെ പ്രസ്ഥാനത്തിന്റേയും ചാണകമണമുള്ള പശുത്തിയറികളാണെന്ന്. അതിനിയും സംഭവിച്ചില്ലെങ്കിലേ അത്ഭുമുള്ളൂ എന്നും.

വിശുദ്ധ ഗോമാതാ പുസ്തകത്തില്‍ പറയുന്നതുപോലെ ഗോമാതാവിനെ നോക്കി കണ്ണുരുട്ടുന്നതു പോലും രാജദ്രോഹമാണല്ലോ. അത്തരക്കാരെ കൊന്നുതള്ളുന്നതാണല്ലോ പ്രകടമായ രാജ്യസ്‌നേഹം. അതിനുപയോഗിക്കുന്ന ഓരോ വടികളും വാളുകളും കല്ലുകളും കാലുകളും രാജ്യസ്‌നേഹ ഉപകരണങ്ങളാണല്ലോ. പക്ഷെ, അവിടം കൊണ്ടും തീര്‍ന്നില്ല മോദീ, നിങ്ങളുടെ അനുചരന്മാരുടെ അനുസരണ. അടുത്തതായി 'രാജ്യസ്‌നേഹ പ്രവര്‍ത്തന'ത്തിന് ഇരയായത് നിങ്ങളുടെ തന്നെ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു.

നാഗ്പൂരിലെ കഠോള്‍ താലൂക്ക് ന്യൂനപക്ഷ മോര്‍ച്ചാ ജനറല്‍ സെക്രട്ടറി സലീം ഷാ എന്ന 41കാരനെയാണ് ഗോമാതാ പുത്രസഹോദരന്മാര്‍ 'സ്‌നേഹിച്ചത'്. 12 വര്‍ഷമായി നിങ്ങള്‍ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ തന്നെ തണലില്‍ ജീവിക്കുന്ന, നിങ്ങളും അമിഷ് ഷാജീയും വിളിക്കുന്ന അതേ മുദ്രാവാക്യം വിളിക്കുന്ന, നിങ്ങളുടെയൊക്കെ വിജ്രംഭിച്ച ചിത്രത്തോടൊപ്പം തന്റെയും പടം വച്ച് കവലകള്‍ തോറും ഫ്‌ളക്‌സടിച്ചു വച്ച് കോള്‍മയിര്‍ കൊണ്ടിരുന്ന പ്രാന്ത പ്രമുഖനായിരുന്നു അദ്ദേഹം. പറഞ്ഞിട്ടെന്തു കാര്യം, ഗോമാതായെ തൊട്ടാല്‍ സ്വന്തം പാര്‍ട്ടിക്കാരനാണേലും കാക്കിക്കളസം ഇടുന്നവന്‍ ആണേലും കുഴപ്പമില്ല, മുസ്ലിം ആണോ എങ്കിലവനെ ഇഞ്ചപ്പരുവമാക്കാമെന്ന സംഘപരിവാര്‍ വിശുദ്ധവാക്യം മൂപ്പിലാനു തിരിയാതെ പോയി. സാരമില്ല, സംഘിസത്തെ ചക്കരക്കുടമായി കണ്ടിരുന്ന സലീം ഷാ പക്ഷേ താന്‍ അവരുടെ കണ്ണില്‍ അങ്ങനെയായിരുന്നില്ല എന്നു മനസ്സിലാക്കിയത് കല്ലും വടികളും കൈയും കാലും ഒരുമിച്ചു മേത്തുവീണപ്പോഴാണ്.

അന്നേ ദിവസം തന്നെ അക്രമികളെ ജീവനോടെ പിടികൂടി മാതൃകാ പൊലീസത്വം തെളിയിച്ച ഏമാന്‍ജീകള്‍ സലീമിന്റെ കൈയിലുണ്ടായിരുന്ന ഇറച്ചി ബീഫ് ആണോയെന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്്ക്കുകയും ചെയ്ത കാര്യം നിങ്ങളറിഞ്ഞിരുന്നോ. പരിശോധനാഫലം ഇന്നലെവന്നു- ഇറ്റ് ഈസ് പോസിറ്റീവ്. പിന്നെ, അധികം താമസിച്ചില്ല, സഹോദരസ്ഥാനീയരുടെ തല്ലുകൊണ്ട് എണീക്കാന്‍പോലുമാവാതെ ആശുപത്രിയില്‍ ദേശീയഗാനം കേട്ടു മയങ്ങിയ സലീമിന്റെ തൃക്കൈകളില്‍ പൊലീസ് മറ്റൊരു രാജ്യസ്‌നേഹ ഉപകരണമായ വിലങ്ങുവച്ചു. സര്‍ക്കാരിന്റെ പുതിയ നയം പ്രകാരം ബീഫ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നു പറഞ്ഞായിരുന്നേ്രത ഈ പരിപാടി.

മിസ്റ്റര്‍ മോദീ, ഈ സലീമിനുമുണ്ട് ഒരു കുടുംബം. ഭാര്യ, മക്കള്‍. അവരുമിതുവരെ സുരക്ഷിതത്വം കാംക്ഷിച്ചിരുന്നത് നിങ്ങളുടെ താമരപ്പാര്‍ട്ടിയിലായിരുന്നു. 12 വര്‍ഷമായി ഈ പാര്‍ട്ടിയോടൊപ്പം ജീവിച്ച സലീമും കുടുംബവും എത്ര സന്തോഷിച്ചിട്ടുണ്ടാവും നിങ്ങള്‍ പ്രധാനമന്ത്രിയായപ്പോള്‍. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും ഉറച്ചുവിശ്വസിക്കുന്ന ബീഫ് പാപമാണെന്ന ബോധം, അതുപയോഗിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന ബോധം സലീമും കുടുംബവും അറിയാന്‍ വൈകിയെന്നു മാത്രം. എന്തായാലും ഈ സലീം ഇനിയും നിങ്ങള്‍ക്കു വേണ്ടി ജയ് വിളിക്കുമോയെന്നറിയില്ല. പക്ഷേ, ഗുജറാത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കത്തിക്കരിഞ്ഞ ആയിരങ്ങളുടെ മൃതദേഹങ്ങള്‍ക്കു മുകളിലൂടെ ഇളിച്ചുകൊണ്ടു നടന്ന നിങ്ങള്‍ക്കിതൊന്നുമൊരു വിഷയമേയല്ലെന്നു ഞങ്ങള്‍ക്കറിയാം.

ഈ അറസ്റ്റിനു തൊട്ടുമുമ്പായിരുന്നല്ലോ നിങ്ങളുടെ രണ്ടാം 'പേടിപ്പിക്കല്‍ പ്രഖ്യാപനം'. പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും രാജ്യതാത്പര്യത്തിന് എതിരാണ് അതെന്നുമായിരുന്നു നിങ്ങളുടെ മഹത് വചനങ്ങള്‍. പശു സംരക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും നിങ്ങള്‍ മൊഴിഞ്ഞിരുന്നല്ലോ. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തിലായിരുന്നല്ലോ ഈ ആഹ്വാനം. ഈ കണ്ണില്‍പ്പൊടിയിടല്‍ ആഹ്വാനം പൊലീസ് കേട്ടോ എന്നറിയില്ല, എന്തായാലും കര്‍ശന നടപടി അധികം വൈകാതെ തന്നെയെത്തി.

ഇതൊക്കെ കേവലം ഉദാഹരണങ്ങള്‍ മാത്രമാണ്. നിങ്ങളുടെ തിരുനാവ് അകത്തുനിന്നും എപ്പോള്‍ പുറത്തേക്കെടുത്തിടുന്നോ അപ്പോള്‍ തന്നെ ഇവിടെയൊരു ദുരന്തം നടന്നിരിക്കും എന്നതിന്റെ. ഏറ്റവും കുറഞ്ഞതൊരു പശുനാമവധമോ അക്രമമോ എങ്കിലും. അതെന്തോ കാലത്തിന്റെ അസാമാന്യ കളിതമാശപോലെ നടക്കുന്നതാണ്. മുമ്പൊരിക്കല്‍ ഇതുപോലൊരു പ്രകൃതിദുരന്തം വന്നത് കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനു രാത്രി ഏഴിനായിരുന്നു. ഇന്ത്യയാകെ കീഴ്‌മേല്‍ മറിഞ്ഞ കാളരാത്രി. അന്നായിരുന്നല്ലോ നിങ്ങളുടെ എക്കാല്ലത്തേയും വലിയ മണ്ടത്തരമായ നോട്ടുനിരോധന പ്രഖ്യാപനം. അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ വലിച്ചുകീറിയൊട്ടിക്കലിനു വിധേയമായ ആ മഹത്തായ പ്രഖ്യാപനം അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള മറ്റൊരു ഇന്ത്യന്‍ ദുരന്തമായിരുന്നു മോദീ... ഏതാണ്ട് അതുപോലെയാണ് ജൂണ്‍ 28ലേയും കഴിഞ്ഞദിവസത്തേയും ആഹ്വാനവും.

അതുകൊണ്ടു മിസ്റ്റര്‍ മോദീ... വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. ഇനിയെങ്കിലും ഞങ്ങളെയിങ്ങനെ സ്‌നേഹിക്കരുത്. കാരണം ഞങ്ങള്‍ക്കറിയാം, നിങ്ങളുടെയീ പ്യാടിപ്പിക്കലൊക്കെ ഇവിടുത്തെ ഗോമാതാ പുത്രന്മാര്‍ക്കുള്ള രാജ്യസ്‌നേഹ കൊലപാതക-അക്രമങ്ങള്‍ക്കുള്ള ലൈസന്‍സാണെന്ന്. അതുകൊണ്ട്, വീണ്ടും മിസ്റ്റര്‍ പ്രധാനമന്ത്രീ, വിനീതമായി പറയുകയാണ്. ഇനിയെങ്കിലും ഞങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അകത്തു കത്തിയും പുറത്തു പത്തിയുമായി മുതലക്കണ്ണീരില്‍ ചാലിച്ച അനുശോചനമന്ത്രവും അപലപന വചനങ്ങളുമായി ഇനിയും ഇ വഴി വരരുത്... കാരണം, വീണ്ടുമൊരു മുസ്ലിമിന്റെ, ദളിതന്റെ ചോര കാണാന്‍ ഞങ്ങള്‍ക്കു വയ്യ... അവരുടെ കുടുംബത്തിന്റെ നെഞ്ചുപൊട്ടിയുള്ള നിലവിളി കാണാന്‍ വയ്യ...


Read More >>