അവൾ കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ടുമാത്രമാണ്; ഒരു കശ്മീരി മുസ്ലിം

നാഴികയ്ക്കു നാൽപ്പതു വട്ടം ഓൺലൈനിലും ഓഫ് ലൈനിലും അലറിവിളിക്കുന്ന സോകോൾഡ് സെലക്ടീവ് ഫെമിനിസ്റ്റുകളും ബുദ്ധിജീവികളും വനിതാ സംഘടനകളും ജമ്മുകശ്മീരിൽ ഒരു പെൺകുരുന്നിനെ ശവംതീനികൾ പിച്ചിച്ചീന്തിയതിനെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. അതിനുകാരണം അവളൊരു മുസ്ലിമായതിനാലാണ്. അതിലുപരി ഒരു കശ്മീരി മുസ്ലിമാണ് എന്നതുകൊണ്ടാണ്- നാരദാ ന്യൂസ് സീനിയർ റിപ്പോർട്ടർ ഷിയാസ് ബിൻ ഫരീദ് എഴുതുന്നു

അവൾ കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ടുമാത്രമാണ്; ഒരു കശ്മീരി മുസ്ലിം

ബലാത്സം​ഗത്തിനു പോലും ജാതിയും മതവുമുള്ള ഏക രാജ്യം ഇന്ത്യ മാത്രമാണ്. ഏതെങ്കിലും സ്വപ്നത്തിൽ കണ്ട സംഭവം വച്ച് പറയുന്നതല്ല ഇത്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾ മാത്രമല്ല, ഭൂതകാല സംഭവങ്ങളും അതു തന്നെയാണ് അടയാളപ്പെടുത്തുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജമ്മുവിലെ കത്വയിൽ മുസ്ലിമായ എട്ടുവയസ്സുകാരി ക്രൂരമായി ക്രൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. മുസ്ലിം നാടോടി കുടുംബങ്ങളായ ബഖർവാല ആട്ടിടയരെ ആട്ടിയോടിക്കാൻ അവിടുത്തെ ബ്രാഹ്മണിക്- ഹിന്ദുത്വ ശക്തികൾ കച്ചകെട്ടി ആസൂത്രണം ചെയ്ത ക്രൂരതയുടെ ഇര. ഇവിടെ അവളെ കൊന്നൊടുക്കാൻ പ്രേരിതമായത് അവളുടെ മതം തന്നെയായിരുന്നു.


തണുപ്പുകാലത്ത് ജമ്മുവിലേക്കും വേനലില്‍ കശ്മീരിലേക്കും ആടുകളെയും കൊണ്ട് കുടിയേറിപ്പാർക്കുന്നവരാണ് അവളുടേതടക്കമുള്ള കുടുംബങ്ങൾ. ഈ സമൂഹത്തിന് സ്വന്തമായി ഭൂമിയോ കൃത്യമായ സര്‍ക്കാര്‍ രേഖകളോ ഇല്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ പതിവ് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നുപോലും ഇവര്‍ പുറത്താണ്. വോട്ടര്‍ ഐഡികാര്‍ഡ് പോലും ഇവരില്‍ ഭൂരിഭാഗത്തിനുമില്ല. ഇതുകൊണ്ടൊക്കെ തന്നെ ഈ കുടുംബങ്ങളെ അടിച്ചമർത്താനും ഭയപ്പെടുത്തി ആട്ടിപ്പായിക്കാനും രാജ്യത്തിന്റെ അധികാരച്ചെങ്കോൽ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്ന ഒരു വിഭാ​ഗത്തിന്റെ പ്രതിനിധികൾക്ക് ഒരു ഇല നുള്ളും പോലെ എളുപ്പമാണ്. എന്നാൽ അതിനവർ കണ്ടെത്തിയ ഏറ്റവും ലഘുവായ മാർ​ഗം മുസ്ലിമായൊരു കുരുന്നിനെ ക്രൂരമായി ബലാത്സം​ഗം ചെയ്തു കൊന്ന്, കുടുംബങ്ങളെ ഭയപ്പെടുത്തുക എന്നതായിരുന്നു. മുസ്ലിമായ നിങ്ങൾക്ക് ഞങ്ങൾ ബ്രാഹ്മണർക്കൊപ്പം ജീവിക്കാൻ അവകാശമില്ലെന്ന ദാർഷ്ട്യം ആണ് ഇത്തരമൊരു ഹീനകൃത്യത്തിലേക്ക് അവരെക്കൊണ്ടെത്തിച്ചത്. അതായത് തികച്ചും മതപരമായ ഉദ്ദേശം, അല്ലെങ്കിൽ വർ​ഗീയമായ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുണ്ടായിരുന്നത്.

പെണ്‍കുട്ടി ഉള്‍പ്പെട്ടിരുന്ന കത്വായിലെ മുസ്ലിം സമുദായത്തെ ഭയപ്പെടുത്താനായിരുന്നു ബലാത്സംഗവും കൊലയും നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു സമ്മതിക്കുകയും ചെയ്തിരുന്നു. അതെ, മുസ്ലിമായതു കൊണ്ടുമാത്രമാണ് അവൾ മൂന്നു തവണ ക്രൂരമായി ബലാത്സം​ഗം ചെയ്യപ്പെട്ടത്. മയക്കുമരുന്ന് കുത്തിവയ്ക്കപ്പെട്ട് ആ ക്ഷേത്രത്തിലെ ദേവസ്ഥാനത്തിട്ട് പിച്ചിച്ചീന്തപ്പെട്ടത് അവൾ മുസ്ലിമായതു കൊണ്ടുമാത്രമായിരുന്നു. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചതും അവൾ മുസ്ലിമായതു കൊണ്ടുമാത്രമായിരുന്നു. അവളുടെ മൃതദേഹം മറവു ചെയ്യാൻ പോലും ഈ നാട്ടിൽ അനുവദിക്കില്ലെന്നാണ് അവിടുത്തെ തീവ്ര ഹിന്ദുത്വജ്വരം മൂത്ത ചെറുപ്പക്കാർ പറഞ്ഞത്. ബ്രാഹ്മണന്‍റെ ഭൂമിയില്‍ ഒരു മുസ്ലീമിനെ അടക്കാന്‍ അനുവദിക്കില്ലെന്നവർ ഭീഷണിപ്പെടുത്തി. അവളുടെ മൃതദേഹം അവിടെ സംസ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചില്ലെങ്കിൽ പ്രദേശത്തു കടുത്ത വർഗീയ സംഘട്ടനമുണ്ടാകുമെന്നും ഈ യുവാക്കള്‍ ആക്രോശിച്ചു. പിന്നീട് എട്ടു കി.മീ ദൂരെയാണ് അവൾക്ക് വേണ്ടി ഖബർ വെട്ടിയത്- കൊന്ന് കൊലവിളിച്ചിട്ടും തീരാത്ത ഈ വിദ്വേഷവും പകയും വെറുപ്പും അവളൊരു മുസ്ലിമായതു കൊണ്ടു മാത്രമല്ലെന്ന് എങ്ങനെ പറയാൻ പറ്റുന്നു നിങ്ങൾക്ക്...


കഴിഞ്ഞില്ല, പെണ്‍കുട്ടി കൂട്ടബലാത്സം​ഗക്കൊലയിൽ പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ അവരെ പിന്തുണച്ച് ജമ്മു ന​ഗരത്തിൽ വൻ പ്രതിഷേധം നടന്നു. ദേശീയ പതാകയേന്തി നടന്ന ഈ പ്രകടനം നടത്തിയത് സംസ്ഥാനത്തെ ബിജെപി മന്ത്രിമാരുടേയും എംഎൽഎമാരുടേയും കാർമികത്വത്തിൽ രൂപീകരിച്ച ഹിന്ദു ഏക്താ മഞ്ചായിരുന്നു. റാലിയുടെ മുൻനിരയിൽ നിന്നവരും ഈ ബിജെപി മന്ത്രിമാരായിരുന്നു. ദേശീയപതാകയേന്തി പ്രതികൾക്കായി പ്രകടനം നടത്താൻ അവരെ പ്രേരിപ്പിച്ചത് ഇരയൊരു ദേശദ്രോഹിയും കൊല്ലപ്പെടേണ്ടവൾ ആണെന്നുമുള്ള ധാരണ കൊണ്ടുമാത്രമാണ്. എന്നിട്ടാണ് കുമ്മനഞ്ചീ ഇവിടിരുന്നു അപലപന നാടകം കളിക്കുന്നത്. ബിജെപി സഖ്യസർക്കാരിനെ പുകഴ്ത്തുന്നത്. അതേ മന്ത്രിസഭയിലെ തന്നെ രണ്ടം അം​ഗങ്ങൾ തന്നെ ക്രൂരബലാത്സം​ഗകരായ പ്രതികൾക്കു വേണ്ടി റാലി നടത്തിയത് നിങ്ങൾ കണ്ടില്ലേയെന്ന് കുമ്മനത്തോട് ചോദിക്കുന്നില്ല. കാരണം അതിലും നല്ലത് ഐസുകട്ടയ്ക്ക് പെയിന്റടിക്കുന്നതാണെന്ന നല്ല ബോധ്യമുണ്ട്. പറഞ്ഞുവന്നത്, ബിജെപി മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംഘപരിവാർ സംഘടന റാലി നടത്തിയത് അവൾ മുസ്ലിമായതു കൊണ്ടുമാത്രമായിരുന്നു. അതായത്, മുസ്ലിമായ അവൾ കൊല്ലപ്പെടേണ്ടവൾ തന്നെയാണെന്ന ചാണക ബോധം.


അവളുടെ സ്വത്വം തന്നെയാണ് ഇത്തരമൊരു ക്രൂര കൊലപാതകത്തിന് ഇരയാവാൻ കാരണമെന്ന് വ്യക്തമാക്കാൻ ഇനിയും ഉദാ​ഹരണങ്ങളുണ്ട് ഹൈപ്പോ ലിബറൽ ബുദ്ധിജീവികളേ, സങ്കി രാജ്യസ്നേഹികളേ... ആ കുരുന്നു ദേഹത്തോട് വർ​ഗീയതയാൽ ആളിക്കത്തിയ കാമവെറി തീർക്കാൻ യുപിയിലെ മീററ്റിൽ നിന്നടക്കമാണ് ആളുകളെത്തിയത്. അത്ര പെട്ടെന്നൊന്നും കേസ് തെളിയില്ലെന്ന് പ്രദേശത്തെ സവർണരായ ഖജൗരികൾക്ക് ആത്മവിശ്വാസം നൽകിയത് ബഖർവാല നാടോടി മുസ്ലിം കുടുംബങ്ങൾ അനുഭവിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായി അനാഥത്വം മാത്രമാണ്. ഇനിയുമുണ്ട് തെളിവുകൾ... സംഘപരിവാറുകാരായ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജമ്മുവിൽ നടന്ന ഏറ്റവും ഒടുവിലെ ഹർത്താലിന് ആഹ്വാനം ചെയ്തതും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെ കായികമായി നേരിട്ടതും ആസിഫയുടെ കുടുംബത്തിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ദീപിക സിങ് രജാവത്തിനെ ഒറ്റെപ്പെടുത്തിയതും ജമ്മുവിലെ ബ്രാഹ്മണിക് കോട്ടണിഞ്ഞ ബാർ കൗൺസിൽ ആണെന്ന സത്യം സംഘികൾക്കും ഹൈപ്പോ ലിബറൽ ബുദ്ധിജീവികൾക്കും അറിയാമോ എന്നറിയില്ല. അറിഞ്ഞാലും കാര്യമില്ല.

ഇനി, രാജ്യമൊട്ടാകെ അവളുടെ കൂട്ടബലാത്സം​ഗക്കൊലപാതകത്തിൽ കേഴുമ്പോൾ ഇങ്ങ് കേരളത്തിലിരുന്ന് ആ ക്രൂരതയിൽ ആത്മരതി കൊള്ളുകയും ആനന്ദിക്കുകയും ചെയ്യുന്ന സംഘി സൈബർ ചാണകത്തലയന്മാരേയും നമ്മൾ കണ്ടു. അവൾ അങ്ങനെ തന്നെ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെടേണ്ടവൾ തന്നെയാണെന്നും അല്ലെങ്കിൽ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെയന്നും വിഷ്ണു നന്ദകുമാർമാരെക്കൊണ്ട് പറയിക്കുന്നത് അവരുടെ മനസ്സിൽ കുടിയിരിക്കുന്ന മുസ്ലിം വിരോധം ഒന്നുകൊണ്ടുമാത്രമാണ്. ആർഎസ്എസ് ശാഖകളിൽ, വിചാരധാരാ താളുകളിൽ വിളമ്പുന്ന മുസ്ലിം വിരുദ്ധതയുടെ ഛ​ർദ്ദിക്കൽ മാത്രമാണിത്.


മാത്രമല്ല, പർദ്ദയും ഹിജാബും സൃഷ്ടിക്കുന്ന 'സ്വീ സ്വാതന്ത്ര്യം ഹനിക്കലിനേയും ചാക്കുവൽക്കരണത്തേയും' ഒക്കെപ്പറഞ്ഞ് നാഴികയ്ക്കു നാൽപ്പതു വട്ടം ഓൺലൈനിലും ഓഫ് ലൈനിലും അലറിവിളിക്കുന്ന സോകോൾഡ് സെലക്ടീവ് ഫെമിനിസ്റ്റുകളും ബുദ്ധിജീവികളും ജമ്മുകശ്മീരിൽ ഒരു പെൺകുരുന്നിനെ ശവംതീനികൾ പിച്ചിച്ചീന്തിയതിനെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. അവർക്കിതിൽ യാതൊരു സ്ത്രീപ്രശ്നമോ സ്ത്രീവിരുദ്ധതയോ ദ്യോതിച്ചില്ല. മാതൃത്വം പേറുന്ന, കുരുന്നുകളുടെ വിലാപവും വേദനയും കണ്ണീരും കദനവും അറിയുന്ന അമ്മമാരിൽതന്നെ പാെതുവിടത്തിൽ ഇടപെടുന്ന നിരവധി പേരുണ്ട്. ഇവരൊന്നും ഈ വിഷയത്തെ പറ്റി കേട്ടിട്ടുപോലുമില്ല. മുസ്ലിം പക്ഷത്തു നിന്നും എന്തെങ്കിലും സ്ത്രീവിരുദ്ധ പരാമർശമുണ്ടായാൽ അതിനെതിരെ മാത്രം നിയമത്തിന്റെ വാളുമായി ജാമ്യമില്ലാക്കുറ്റം ചുമത്താൻ വെമ്പുന്ന സംസ്ഥാന- ദേശീയ വനിതാ കമ്മീഷന്മാരും അടുക്കളയിൽ പപ്പടം പൊരിക്കുന്ന തിരക്കിലാണ്. അതിർത്തിയിൽ ഒരു പശു ചത്താൽ പോലും കണ്ണീർക്കടലുമായി ബ്ലോ​ഗെഴുതുന്ന കംപ്ലീറ്റ് ആക്ടർ കടുത്ത തിരക്കിലാണ്. മുസ്ലി നാമധാരികൾ പ്രതികളായാൽ മാത്രം ട്വിറ്ററിൽ രാജ്യസ്നേഹ ബാറ്റുന്തുന്ന സേവാ​ഗ് പുതിയ രാജ്യദ്രോഹികളെ തപ്പിയുള്ള യാത്രയിലാണ്. ഇവരെക്കൊണ്ടൊക്കെ വായിൽ സെല്ലോടേപ്പ് ഒട്ടിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം അവളൊരു മുസ്ലിമാണ് എന്നതാണ്. അതിലുപരി ഒരു കശ്മീരി മുസ്ലിമാണ് എന്നതുകൊണ്ടാണ്


ഈ മുസ്ലിം വിരുദ്ധത ഒന്നുകൊണ്ടുമാത്രമാണ് ഹരിയാനയിൽ ചെറിയ പെരുന്നാളിന്റെ തലേന്ന് ജുനൈദെന്ന 15 വയസ്സുകാരനെ കൊന്നത്. കാരണം ബീഫ് കൈവശം വയ്ക്കുന്നതും തിന്നുന്നതും മുസ്ലിങ്ങൾ മാത്രമാണല്ലോ. മുസ്ലിമായതു കൊണ്ടുമാത്രമാണ്, യുപിയിലെ ദാദ്രിയിൽ അഖ്ലാഖെന്ന വൃദ്ധൻ ക്രൂരമായി തല്ലിക്കൊല്ലപ്പെട്ടത്. ആട്ടിറച്ചിയായിട്ടും പശുവിറച്ചിയാണെന്ന് ആരോപിച്ചതിനു പിന്നിലെ ലക്ഷ്യം ഉന്മൂലനം മാത്രമായിരുന്നു. അവിടെ അഖ്ലാഖെന്ന മുസ്ലിമിനെ ഇല്ലാതാക്കാനുള്ള ഒരുപാധി മാത്രമായിരുന്നു ബീഫ് ആരോപണം. മതേതര കേരളം എന്ന ലേബൽ നെറ്റിയിലൊട്ടിച്ചു നടക്കുന്ന നമ്മുടെ സമത്വസുന്ദര കേരളത്തിൽ മലപ്പുറം കൊടിഞ്ഞിയിൽ ഫൈസലെന്ന യുവാവ് കൊല്ലപ്പെട്ടതും അയാൾ ആശ്ലേഷിച്ച മതം കൊലയാളികളുടെ രാഷ്ട്രീയബോധത്തിന് പ്രശ്നമായതിനാൽ ആയിരുന്നു. കാസർ​ഗോ‍‍ഡ് റിയാസ് മൗലവിയെന്ന മദ്രസാ അധ്യാപകനെ അർധരാത്രി പള്ളിയിൽ കയറി ഉറക്കത്തിൽ വെട്ടിക്കൊന്നതിനു പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

1992 ൽ ബാബറി മസ്ജിദ് പൊളിച്ചതും 2002ൽ ​ഗുജറാത്തിൽ ആയിരക്കണക്കിന് മുസ്ലിങ്ങൾ വെന്തുമരിച്ചതും 2013ൽ മുസഫർ ന​ഗറിൽ നൂറുകണക്കിന് മുസ്ലിങ്ങൾ കലാപത്തിൽ കൊല്ലപ്പെട്ടതുമൊക്കെ അവരുടെ പ്രത്യേക സ്വതം ഒന്നു കൊണ്ടുമാത്രമായിരുന്നു. അതിനെ അങ്ങനെ തന്നെ അടയാളപ്പെടുത്താൻ ഭയക്കുന്നവർ ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാൻ ഏതൊരു പൗരനും അവകാശമുണ്ടെന്ന ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ തന്നെയാണ് തള്ളുന്നത്.

Read More >>