ചന്ദ്രികയെ സ്വന്തമാക്കുവാൻ എന്താണ് രമണന്‍ ചെയ്തിരുന്നത് ?

വനത്തിലെ സസ്യലതാദികൾക്കും മൃഗങ്ങൾക്കും അവൾ പരിചിതയാണ്. എന്നിട്ടും ഒരു ചെറു പുഷ്പം കൊണ്ടു പോലും തന്റെ പ്രേയസിയെ അനുരാഗ വിവശയാക്കേണ്ടതില്ലായെന്ന് രമണൻ ചിന്തിക്കുന്നു - കാരണം, ചന്ദ്രിക രമണന് ആകാശത്തിലെ വെള്ളിനക്ഷത്രമാണ്...

ചന്ദ്രികയെ സ്വന്തമാക്കുവാൻ എന്താണ് രമണന്‍ ചെയ്തിരുന്നത് ?

കൂട്ടുകാരൻ തന്നോട് എന്തോ ഒളിപ്പിക്കുന്നു എന്ന് മദനൻ പരിഭവിക്കുന്നിടത്താണ് 'രമണൻ' എന്ന കാവ്യം ആരംഭിക്കുന്നത്. ഒരു പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കിയ ആത്മമിത്രം ഇടപ്പള്ളിയുടെ സ്മരണികയായി ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച ഈ കാവ്യം എക്കാലത്തെയും മികച്ച പ്രണയഗീതമായി അവശേഷിക്കുന്നു. ഈ കവിതയെ ആസ്‌പദമാക്കി 1967ല്‍ പുറത്തിറങ്ങിയ രമണന്‍ എന്ന ചിത്രത്തിലൂടെ കാനന ഛായയിൽ "ആടുമേയ്ക്കാൻ... ഞാനും വരട്ടെയോ നിന്റെ കൂടെ..എന്ന് ആരംഭിക്കുന്ന ഗാനത്തിലൂടെ കവിതാസ്വാദകരല്ലാത്തവരെയും രമണനും ചന്ദ്രികയും ഒന്നാം വനത്തിലെ കാഴ്ചകളിലേക്ക് കൂട്ടികൊണ്ടു പോയി.

ധനികയായ ചന്ദ്രിക തന്നോട് പ്രണയം അഭ്യർത്ഥിച്ചതായി രമണൻ തന്റെ സുഹൃത്തായ മദനനോടു പറയുന്നു. തന്റെ ഓടക്കുഴൽ നാദത്തിൽ ചന്ദ്രിക സർവ്വവും മറന്നു ഓടിയെത്തും... ആട്ടിടയനായി തനിക്ക് ചന്ദ്രികയെ മോഹിക്കുവാൻ അർഹതയില്ലെന്നും, പിന്മാറുവാൻ പലവുരു ആവശ്യപ്പെട്ടിട്ടും അവൾ തന്നോട് കൂടുതൽ അടുക്കുകയാണ് എന്നും രമണൻ പറയുന്നു. അപ്പോഴെല്ലാം പ്രണയത്തിന്റെ മാസ്മരികതയെ വിവരിച്ചു മദനന്‍ തന്റെ സുഹൃത്തിനെ ധൈര്യപ്പെടുത്തി. ഇതേസമയം,ചന്ദ്രിക രമണനോടുള്ള തന്റെ പ്രണയ സ്വപ്നങ്ങൾ പങ്കിടുന്നത് തോഴിയായി ഭാനുമതിയോടാണ്. ചങ്ങമ്പുഴയുടെ വരികളിൽ അവരുടെ പ്രണയത്തിന്റെ തീവ്രത വായനക്കാർ അനുഭവിച്ചു.

ചന്ദ്രികയുടെ വാക്കുകളിലെ ധൈര്യം പലപ്പോഴും അതിശയിപ്പിക്കുന്നതാണ്

എല്ലാ പ്രതിസന്ധികളെയം അതിജീവിക്കുവാൻ അവൾ ഒരുക്കമാണ്. അവരുടെ പ്രേമം വിടർന്നതിൽ പിന്നെ ഇന്നൊരു വർഷമായെന്നും, അതിനാൽ ഇന്ന് തന്റെ അപേക്ഷയെ കൈവെടിയാതെ, രമണൻ എന്നും പോകുന്ന കാനനത്തിലേക്ക് തന്നെയും കൂട്ടി കൊണ്ടു പോകണമെന്നും ചന്ദ്രിക ആവശ്യപ്പെടുന്നതും അതു കൊണ്ടാണ്.

"നിന്നെ ഒരിക്കൽ ഞാൻ കൊണ്ടു പോകാം, പക്ഷെ ഇന്ന് വേണ്ട എന്ന് രമണൻ പറയുമ്പോൾ ഭാവനാ ലോലനായി.. ഏകനായി, പോവുക പോവുക ജീവ നാഥാ.."

എന്നു കണ്ണീരോടെ മറുപടി നൽകുന്ന ചന്ദ്രികയെ വരച്ചിടുന്നതും ചങ്ങമ്പുഴയുടെ തന്നെ തൂലികയാണ്. മാതാപിക്കാൻമാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുമ്പോൾ ചന്ദ്രിക ആത്മഹത്യയ്ക്കൊരുങ്ങിയതും എന്തുകൊണ്ടോ നമ്മള്‍ ചര്‍ച്ച ചെയ്തില്ല. ആ തീരുമാനത്തിന്റെ ചപലത തിരിച്ചറിയാന്‍ അവള്‍ക്ക് കഴിഞ്ഞു. അങ്ങനെയാണ് സര്‍വ്വവും ത്യജിച്ചു,ഒരു പക്ഷെ ജീവന്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറായ തീവ്രതയോടെ താന്‍ പ്രണയിക്കുന്ന രമണനൊപ്പം പോകുന്നതിനെ കുറിച്ച് ചന്ദ്രിക വീണ്ടുവിചാരം നടത്തുന്നുത്. ഒടുവിൽ, മാതാപിതാക്കൻമാരെ അനുസരിക്കുവാൻ അവൾ നിശ്ചയിക്കുന്നു. അവളുടെ ഈ തീരുമാനം അറിയുന്ന തോഴിയായ ഭാനുമതിയുടെ ആശങ്ക രമണനെ കുറിച്ചാണ്.ആ സാധു ഇതെങ്ങനെ ഉൾകൊള്ളും എന്നു ഭാനുമതിയുടെ ഭയത്തിന്- "സാരമില്ല .... അദ്ദേഹം എന്നെ ഒരു അനുജത്തിയായി കരുതി കൊള്ളും.."എന്ന് ചന്ദ്രിക ആശ്വസിക്കുന്നു. ഒടുവിൽ തന്റെ നൈരാശ്യം മുഴുവന്‍ പാടി തീര്‍ത്തു. രമണൻ ഒരു കുരുക്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുന്നതാണ് നമ്മള്‍ കാണുന്നത്.

ആത്മമിത്രത്തിന്റെ നിർജീവ ശരീരത്തിനു മുന്നിൽ മദനന്റെ വിലാപത്തോടെ ചങ്ങമ്പുഴ ഈ കാര്യം അവസാനിപ്പിക്കുന്നു.(മദനന്റെ സ്നേഹത്തോടെയുള്ള പരിഭവത്തിൽ ആരംഭിക്കുന്ന കാവ്യം അവസാനിക്കുന്നത്, മദനന്റെ വേദനയിൽ പൊതിഞ്ഞ രോദനത്തിലാണ്!) രമണൻ എന്ന മഹാകാവ്യം പലരിലും സമ്മാനിച്ചത് പ്രണയനൈരാശ്യത്തിന്റെ വേദനയായിരുന്നില്ലേ? കപടതയേതുമില്ലാത്ത രമണൻ എന്ന ഇടയ യുവാവിനേയും, അവനെ മരണത്തിലേക്ക് തള്ളിവിട്ട വഞ്ചകിയുടെ മുഖമായി ചന്ദ്രിക എന്ന 'ധനിക' യുവതിയും ചിത്രീകരിക്കപ്പെട്ടു.

ചന്ദ്രിക ആരായിരുന്നു? ഒരു വഞ്ചകിയോ?

ആധുനിക കാലത്ത് മനസ്സിൽ തോന്നിയ വികാരത്തെ പ്രണയമെന്ന് തിരിച്ചറിഞ്ഞവളാണ് ചന്ദ്രിക. രമണനു തന്നെ പ്രണയിക്കുവാൻ സാധിക്കും എന്ന് അവൾ തെളിയിച്ചു. അസാധാരണമായ പ്രണയത്തിൽ ഒരു പുരുഷനില്‍ നിന്നും പ്രതീക്ഷിക്കുന്ന ധീരത പ്രകടിപ്പിക്കുന്ന ഒരു രമണനെ നമ്മള്‍ കാവ്യത്തില്‍ എവിടെയെങ്കിലും കണ്ടുമുട്ടുന്നുണ്ടോ? എന്നാല്‍ ഫെമിനിസം' അത്ര ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ഒരു കാലത്തും അസാധാരണ ധൈര്യവും വിവേകവും പ്രകടിപ്പിച്ച ചന്ദ്രികയെ നമുക്ക് കാണാനും കഴിയും. താന്‍ ജീവിക്കുന്ന മണിമേട വിട്ടിറങ്ങി വന്നത് ചന്ദ്രികയായിരുന്നില്ലേ? രമണന്റെ ഓടക്കുഴൽ നാദത്തിൽ സുഖലോലുപതയിൽ നിന്നും കാനനത്തിന്റെ താഴ്വാരത്തിലെത്തി തന്റെ കാമുകനെ കാണുന്നതും ചന്ദ്രികയാണ്. എല്ലാ കൂടി കാഴ്ചകൾക്കും മുൻകൈ എടുത്തതും അവളായിരുന്നു എന്ന് പറയാം. എന്നാൽ രമണനോ, ഒരിക്കൽ പോലും അവളെ തേടി പോകുന്നില്ല. എന്നാൽ അവളെ പ്രണയിക്കുന്നുണ്ട് താനും! മണിമേടയിലേക്ക് പോകുവാൻ തന്റെ അപകർഷതാ ബോധം ഒരു പക്ഷെ അദ്ദേഹത്തെ അനുവദിച്ചിരിക്കില്ല.

സ്വപ്നങ്ങള്‍ ജീവിത്മാകില്ല എന്ന് തിരിച്ചറിഞ്ഞവളാണ് ചന്ദ്രിക

പ്രണയം തളിർത്തതിന്റെ ഒരു വർഷം തികയുന്ന ദിനം, തന്റെ കാമുകനോടൊപ്പം ചെലവിടുവാൻ ആഗ്രഹിക്കുന്നവളാണ് ചന്ദ്രിക. രമണൻ എന്നും പോകുന്ന കാട്ടിലേക്ക് തന്നെയും കൂട്ടികൊണ്ടു പോകണം എന്നവൾ കെഞ്ചി. പക്ഷെ, രമണൻ അതും അനുവദിക്കുന്നില്ല. ചന്ദ്രികയുടെ പ്രണയ ചേഷ്ടകളെക്കാൾ സമൂഹം അതെങ്ങനെ കാണും എന്നാണ് രമണന്റെ ചിന്തകൾ. നൈരാശ്യത്തിന്റെ കണ്ണുനീരുമായി ചന്ദ്രികയെ തനിയെ വിട്ടിട്ടു രമണൻ തന്റെ ജോലിയിലേക്ക് പോകുന്നു. രമണന്റെ ഇത്തരം ആകുലചിന്തകൾ ചന്ദ്രികയെ സ്പർശിച്ചിട്ടല്ലായെന്ന് വേണോ കരുതാൻ? തന്റെ പ്രാണനായകനെ ഒരിക്കലും നഷ്ടപ്പെടരുത് എന്ന ചിന്തയിൽ രമണനെ ചന്ദ്രിക പൂമാലയിട്ടു വരിക്കുന്നു. തന്റെ കാമുകിയ്ക്കായി രമണൻ എന്തെങ്കിലും സമ്മാനിക്കുന്നതായി കാവ്യത്തിൽ പറയുന്നില്ല.( സിനിമയിൽ ഒരു ഓടക്കുഴൽ സമ്മാനമായി ചിത്രീകരിച്ചിട്ടുണ്ട്). വനത്തിലെ സസ്യലതാദികൾക്കും മൃഗങ്ങൾക്കും അവൾ പരിചിതയാണ്. എന്നിട്ടും ഒരു ചെറു പുഷ്പം കൊണ്ടു പോലും തന്റെ പ്രേയസിയെ അനുരാഗ വിവശയാക്കേണ്ടതില്ലായെന്ന് രമണൻ ചിന്തിക്കുന്നു - കാരണം, ചന്ദ്രിക രമണന്ന് ആകാശത്തിലെ വെള്ളിനക്ഷത്രമാണ്...

ഒടുവിൽ.. തന്റെ തീരുമാനത്തിൽ നിന്നു പിന്നോട്ട് പോകുമ്പോൾ, രമണൻ തന്നെ ഒരു അനുജത്തിയായി കണ്ടു കൊള്ളും എന്ന് ചന്ദ്രിക പറയുന്നതിലും, അവളുടെ മനോഭാവം വ്യക്തമാണ്. ഒരു കാമുകി എന്നതിന് പകരം, ഒരു അനുജത്തിയോടുള്ള കരുതലും സമീപനമായിരുന്നിരിക്കാം ആ പ്രണയത്തിൽ രമണനിൽ നിന്നും അവൾക്ക് അനുഭവപ്പെട്ടിരുന്നത്. (സിനിമയിൽ ചന്ദ്രികയുടെ കഥാപാത്രത്തെ ഈ രംഗത്ത് ചിത്രീകരിച്ചിരിക്കുന്നത് കാവ്യത്തിൽ നിന്നും മാറി അൽപ്പം നെഗറ്റീവ് മനോഭാവത്തോടെയാണ്. ചന്ദ്രികയെ ലോകം അറിയേണ്ടത് ഒരു വഞ്ചകിയായിട്ടാവണം എന്ന കാഴ്ചപ്പാടോടു കൂടിയാവാം അത് )

ഒരു വർഷത്തിലധികമായി തന്നോടു പറ്റി ചേർന്നു നടന്ന ചന്ദ്രികയെ സ്വന്തമാക്കുവാൻ എന്താണ് രമണന്‍ ചെയ്തിരുന്നത് ? തന്റെ ലോകത്ത് നിന്ന്പുറത്തു കടക്കുവാന്‍ ആ കാമുക ഹൃദയം എപ്പോഴെങ്കിലും ശ്രമിച്ചിരുന്നോ? അറിയില്ല...കാത്തിരിക്കണം എന്ന് ഒരു വാക്ക് പോലും ചന്ദ്രികയ്ക്കു അദ്ദേഹം നല്‍കുന്നില്ല.. ചന്ദ്രികയോട്

ഭാനുമതി പറയുന്ന വാക്കുകളില്‍ രമണന്റെ മനസ്സ് വായനകാരന് കാണാന്‍ കഴിയും.

"ആ ശുദ്ധാത്മാവിന്നു എന്തിനും ഭയമാണ്...ആ നിഷ്കളങ്കന് നിന്നെ ആരാധിക്കുവാനെ കഴിയു ചന്ദ്രികേ..അദ്ദേഹത്തിന്റെ കണ്ണില്‍ നീ രക്തവും മാംസവും ഉള്ള മത്സ്യകന്യകയല്ല..സ്വര്‍ഗ്ഗ ഗന്ധമുള്ള ദേവതയാണ്..ആകാശത്തിലെ വെള്ളിനക്ഷത്രമാണ്..."

ഇവരുടെ പ്രണയം എന്നും നയിച്ചിരുന്നത് ചന്ദ്രിക ആയിരുന്നു. ആരംഭിച്ചതും, പ്രണയിച്ചതും, ഒടുവില്‍ അവസാനിപ്പിക്കുന്നതും അവള്‍ തന്നെ..അവള്‍ ചിന്താശക്തിയുള്ള ധൈര്യവതിയായ ഒരു സ്ത്രീ തന്നെ ആയിരുന്നിരിക്കണം. വിവേകം വികാരത്തെ അടിമപ്പെടുത്താത്തവള്‍.. ഇനി അവര്‍ പിരിഞ്ഞിരുന്നില്ലെങ്കില്‍ തന്നെയോ, എന്തായിരിക്കും നടക്കുക? രമണന് ഒപ്പം ഉള്ള ഒരു ജീവിതം ഒരു പക്ഷെ, ഇരുവരുടെയും ആത്മഹത്യയിലേക്ക് ആയിരുന്നിരിക്കാം നയിക്കുക..കാരണം, അവളുടെ കാമുകന്‍ എപ്പോഴും ഭീരുവായിരുന്നു..ആ ഭീരുത്വം തന്നെയാണെല്ലോ അദ്ദേഹത്തെ മരണത്തിലേക്ക് കൂട്ടി കൊണ്ട് പോയതും! കാര്യങ്ങള്‍ എന്ത് തന്നെ ആയാലും, ചന്ദ്രികയ്ക്കു ഇപ്പോഴും ഇന്നിന്റെ ഭൂതകാലത്തില്‍ ഒരു വഞ്ചകിയുടെ മുഖമാണ് ..അത് അങ്ങനെ തന്നെ ആയിരിക്കും..ചന്തു ചതിക്കാത്തവനാണെന്ന് വിളിച്ചു പറയുവാന്‍ ധൈര്യപ്പെട്ട എം.ടി യുടെ ശബ്ദതിന്നു സമാനമായ ഒരുശബ്ദം ഉയരും വരെ എങ്കിലും..


Read More >>