'മെഡിക്കല്‍ അമ്മമാര്‍' വര്‍ദ്ധിക്കുന്ന ഒരു മാതൃദിനത്തില്‍...

ദൃശ്യമാധ്യമങ്ങളോട് ഒരു അപേക്ഷയാണ്...അവരെ അമ്മയെന്ന് സംബോധന ചെയ്യുന്നത് ഒഴിവാക്കിക്കൂടെ?

മെഡിക്കല്‍ അമ്മമാര്‍ വര്‍ദ്ധിക്കുന്ന ഒരു മാതൃദിനത്തില്‍...

ഹേ സ്ത്രീയെ...

മെഡിക്കല്‍ ന്യൂനതകള്‍ ഇല്ലാത്ത ഗര്‍ഭപാത്രവും ആരോഗ്യമുള്ള ബീജവും ലഭിക്കുന്ന ഏതൊരാള്‍ക്കും സായത്തമാകുന്ന ഒരു പദവി മാത്രമായി അമ്മയെ ചുരുക്കിയ നിങ്ങളോട്...

ഏതു ശരീരത്തിലും എന്തിന് മെഡിക്കല്‍ ലാബിലെ ചില്ല് ഗ്ലാസിലും ഇന്ക്യുബെറ്ററിലും വളരെ ജീവിതങ്ങള്‍ ജനിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ നിങ്ങളെയും അമ്മയെന്ന് തന്നെ വിളിക്കാം, അതില്‍ ലജ്ജിക്കേണ്ടതായി ഒന്നുമില്ല. നിര്‍ജ്ജീവ വസ്തുകള്‍ക്ക് പോലും ഗര്‍ഭം പേറാമെങ്കില്‍, നിങ്ങളെ അമ്മയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. പക്ഷെ... ഇന്ന് മാതൃദിനമായിരുന്നിട്ടും, ചാനലുകളില്‍ തെരുതെരെ നിങ്ങളെ മുന്‍നിര്‍ത്തി - 'അമ്മ പറയുന്നത്..' 'അമ്മ തുറന്നു സമ്മതിച്ചു...' എന്നെല്ലാം കേള്‍ക്കേണ്ടി വരുമ്പോള്‍ ആ പദത്തിനോട് എന്തോ അനീതി കാണിക്കുന്നത് പോലെ.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിമര്‍ശക ആരാണെന്ന് അറിയാമോ? അവളെ സ്വാതന്ത്ര്യത്തോടെ ശാസിക്കാനും അവള്‍ക്ക് ചുറ്റും ഒരു പ്രായം വരെ സാന്നിധ്യം കൊണ്ടു സംരക്ഷണമൊരുക്കുവാനും കഴിയുന്ന ഏക വ്യക്തി ആരാകും എന്നറിയാമോ? 'അമ്മ' എന്ന രണ്ടക്ഷരത്തിലെ മഹാകാവ്യം എന്നും മറ്റും വിശേഷിപ്പിക്കുന്ന ജീവിതമാണ് അത്.

ചില സന്ദര്‍ഭങ്ങളില്‍ 'പുറകെ നടന്നു ശല്യപ്പെടുത്തുന്ന' ഒരു ഉത്തരവാദിത്തവുമാണ് അമ്മ. അപരിചിതമായ സാഹചര്യമെന്ന് തോന്നിക്കുമ്പോള്‍ ജാഗ്രതയുള്ള കണ്ണുകളുമായി പിന്തുടരുന്ന ഒരാള്‍! വസ്ത്രധാരണ ശൈലിയില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ മുഖത്തടിച്ച പോലെ തുറന്നു ഒരാള്‍, 'അഹങ്കാരി' എന്നു ശാസിക്കുന്ന ഒരാള്‍! കണ്ടിട്ടില്ലേ, മിക്ക വീടുകളിലും നമ്മുടെ സഹോദരിമാരോട് നിരന്തരം കലഹിക്കുന്നതും ഇതേ അമ്മമാരായിരിക്കും.

'ഈ അമ്മയ്ക്കിതെന്താ, എപ്പോഴും എന്റെ പിന്നാലെ നടക്കാനേ നേരമുള്ളോ' എന്ന് ദേഷ്യം തോന്നാത്ത അവസരങ്ങള്‍ പലതുണ്ടായിട്ടുണ്ട് ജീവിതത്തില്‍. ആ സ്നേഹം ബന്ധനമായി തോന്നിയ അവസരങ്ങളും കുറവല്ല. 'പെണ്‍കുട്ടികള്‍ക്ക് അപ്പനോടും ആണ്‍കുട്ടികള്‍ക്ക് അമ്മയോടുമാണ് അടുപ്പം കൂടുതല്‍' എന്നൊരു പഴമൊഴി തന്നെ അങ്ങനെയുണ്ടായതാണ് എന്ന് തോന്നും. സ്നേഹാധിക്യവും ഉത്തരവാദിത്തബോധവും കടുപ്പിച്ച ജീവിതങ്ങളെയാണ് ഞങ്ങള്‍ അമ്മയെന്നു വിളിച്ചിരുന്നത്‌. എന്നിരുന്നാലും സ്നേഹവും സമത്വവും ആത്മവിശ്വാസവും ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു അവര്‍ അറിഞ്ഞ 'അമ്മയില്‍ നിന്നു തന്നെയാണ്.

പറഞ്ഞു വരുന്നത്, സദാചാരത്തെയും, ജീവിതഭാരം പേറുന്ന കദനകഥകളെയും കുറിച്ചല്ല,

ഹേ സ്ത്രീയെ...

നിങ്ങള്‍ ഒരു ദിവസം കൊണ്ടു സമൂഹത്തിനു മുന്നില്‍ നിസ്സാരമാക്കിയ ഒരു ബന്ധത്തെ കുറിച്ചാണ്... അമ്മയ്ക്കൊപ്പം പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന്, നിങ്ങളുടെ മുഖം മറച്ച ചിത്രം ഉപയോഗിച്ചു ചര്‍ച്ചകള്‍ ഉയരുമ്പോള്‍, അറിയുന്നുണ്ടോ...പെണ്മക്കളുടെ കൈ ചേര്‍ത്തു പിടിക്കുന്ന എത്ര അമ്മമാരുടെ കൈകള്‍ക്ക് നേരെ സംശയദൃഷ്ടി ഉയരുന്നുണ്ടെന്നു?

പ്രസവത്തിനും പ്രസവാനന്തര ശുശ്രുഷകള്‍ക്കും സ്ത്രീകളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നതും പരസ്പരമുള്ള അനിര്‍വചനീയമായ ഒരു ബന്ധത്തിന്റെ ഉറപ്പുള്ളത് കൊണ്ടാണ്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ അതിവേദനയില്‍ കൂടി കടന്നു പോകുമ്പോള്‍, അമ്മയെന്ന ഒരു പുതിയ ഉത്തരവാദിത്തത്തിലേക്ക് ജീവിതം സമരസപ്പെടുമ്പോള്‍, ആശങ്കപ്പെട്ടും വഴക്ക് പറഞ്ഞും ആ 'സാന്നിധ്യം' നല്‍കുന്ന ധൈര്യം ചെറുതല്ലാത്തതിനാലാണ് ആ ജീവിതത്തെ ഞങ്ങള്‍ അമ്മയെന്നു വിളിച്ചിരുന്നത്‌.

അതിപുലര്‍ച്ചെ എഴുന്നേറ്റു മുറ്റമടിച്ചു 'കാപ്പിയനത്തി' ഇച്ചായാനെയും മക്കളേം വിളിച്ചുണര്‍ത്തി...' തുടങ്ങിയ ക്ലീഷേ ഡയലോഗില്‍ മാത്രം വിശേഷിപ്പിക്കുവാന്‍ കഴിയുന്നവരല്ല ഇന്നിന്റെ അമ്മമാര്‍! കുടുംബവും പ്രഫഷണല്‍ ജോലിയും സാമൂഹിക ഉത്തരവാദിത്തങ്ങളും മുന്‍പത്തെക്കാള്‍ ഏറെ ഏറ്റെടുത്തു മിടുക്കികളായ ഇന്നത്തെ സ്ത്രീകളും അമ്മമാരായുണ്ട്.

ഒരു ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷയായി ചുമതല വഹിക്കുമ്പോള്‍ ഇങ്ങനെയുള്ള മിടുക്കികളായ അമ്മമാരെ അതിശയത്തോടെ നോക്കി നിന്ന സന്ദര്‍ഭങ്ങളുണ്ട്. അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനോടുള്ള ബഹുമാനാര്‍ത്ഥം അടുത്ത ഞായറാരാഴ്ച ശമ്പളമില്ലാത്ത പ്രവൃത്തിദിനമാക്കാന്‍ തലേന്ന് ഭരണസമിതി തീരുമാനിക്കുകയും ഈ നിര്‍ദ്ദേശം ജീവനക്കാര്‍ക്കും കൈമാറുകയും ചെയ്തു. പൊടുന്നവേ കൊടുത്ത അറിയിപ്പായിരുന്നതിനാല്‍ സ്ത്രീജീവനക്കാര്‍ക്ക് വേണമെങ്കില്‍ ഇളവ് നല്‍കാം എന്നും സൂചിപ്പിച്ചിരുന്നു. പക്ഷെ, അഭിമാനത്തോടെ പറയട്ടെ, ആ ഞായറാഴ്ച ഒരു വനിതാ ജീവനക്കാരിയുടെ സീറ്റും ഒഴിഞ്ഞു കിടന്നില്ല. പകരം പലരുടെയും സീറ്റിനു അടുത്തായി ഒന്നും രണ്ടും കുഞ്ഞു സീറ്റുകള്‍ കൂടി ക്രമീകരിച്ചു- കൊച്ചുകുട്ടികളുള്ള ഈ അമ്മമാര്‍ അന്നു ഓഫീസില്‍ എത്തിയത് മക്കളുമായിട്ടായിരുന്നു. ഇവരെ പലരെയും ഓഫീസില്‍ എത്തിച്ചു മടങ്ങിയത് അവരുടെ ഭര്‍ത്താക്കന്മാര്‍ തന്നെയായിരുന്നു.

ജോലി സംബന്ധിച്ചു ആലുവയിലേക്ക് പോകുമ്പോള്‍ പലപ്പോഴും മക്കളെയും കൂടെ കൂട്ടാറുണ്ട്. അവര്‍ക്ക് അവധിയാണ് എങ്കില്‍ പ്രത്യേകിച്ചും. രണ്ടും മൂന്നും ദിവസം കഴിഞ്ഞാകും മടക്കം. കഴിയുമെങ്കില്‍ സിനിമയ്ക്കും ഷോപ്പിംഗിനും അവരെ കൊണ്ടുപോകാറുണ്ട്. പക്ഷെ ഇന്നു വരെ അതൊന്നും വീട്ടുകാര്‍ക്ക് മക്കള്‍ സുരക്ഷിതരാണോ എന്ന് ആശങ്കപ്പെടാനുള്ള കാരണങ്ങള്‍ നല്‍കിയില്ല.

അതൊരു വിശ്വാസമാണ് സ്ത്രീയേ! നമ്മുടെ മക്കള്‍ നിന്റെ കൂടെ സുരക്ഷിതമാണ് എന്ന് ജീവിതപങ്കാളിയും കുടുംബവും സമൂഹവും നല്‍കുന്ന ഒരു വിശ്വാസം! എത്ര വലിയ സമ്മര്‍ദ്ദത്തിലാണ് എങ്കിലും മക്കള്‍ നിന്റെ കൂടെയും നീ അവരുടെ കൂടെയും അപകടരഹിതമായ ചുറ്റുപാടുകളില്‍ ആയിരിക്കുമെന്ന ഉറപ്പ്! അതൊക്കെയാണ്‌ തീയേറ്ററിന്‍റെ തണുപ്പിലും സുഖത്തിലും നിങ്ങള്‍ ചോദ്യം ചെയ്യാനായി വിട്ടു നല്‍കിയത്.

എല്ലാവരും എന്നില്ല, ചില വീടുകളില്‍ എങ്കിലും നാളെ പെണ്‍കുട്ടികളെയും കൊണ്ടു പുറത്തേക്ക് പോകുന്ന അമ്മമാര്‍ ആ ചോദ്യം നേരിട്ടെന്നു വരാം- "എവിടെക്കാണ്‌? വേണമെങ്കില്‍ നീ പൊയ്ക്കോ... മക്കള്‍ ഇവിടെ നില്‍ക്കട്ടെ!". എന്ന്.

ആ കുട്ടിയുടെ ഐഡന്റിറ്റി മുന്‍നിര്‍ത്തി ഒരു പക്ഷെ നിന്റെ മുഖം ചാനലുകള്‍ കാണിച്ചെന്നു വരില്ല. ഞങ്ങള്‍ എന്ന അമ്മമാര്‍ മക്കള്‍ക്ക്‌ നല്‍കുന്ന സുരക്ഷിതത്തെയും സ്നേഹത്തെയും പോലും ചോദ്യം ചെയ്യാന്‍ ഇടയാക്കിയ നിങ്ങളുടെ മുഖം ടിവി സ്ക്രീനില്‍ കാണണം എന്ന് തന്നെയാണ് ആഗ്രഹം. അതു കാണുന്ന ഓരോരുത്തരും നിന്നെ ഏറ്റവും രൂക്ഷമായി അസഭ്യം പറയുന്നത് കേള്‍ക്കണം എന്ന് തന്നെയാണ് ആഗ്രഹം.

ഗര്‍ഭവും മുലയൂട്ടലും മാത്രം ഒരാളെ അമ്മയാക്കില്ല എന്ന് തെളിയിച്ച സ്ത്രീയെ...വെറുപ്പാണ് നിങ്ങളോട്!

Read More >>