യുവാക്കളെ കൊന്നുതള്ളുന്ന രാജ്യം; മൂത്രത്തിൽ ഉല്ലസിക്കുന്ന പുഴുക്കളാവുകയാണ് മനുഷ്യര്‍

ജാതീയമായ പീഡനങ്ങൾ കാരണം സ്വയം ജീവനൊടുക്കിയ ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി നേതാവ് രോഹിത് വെമുല ഈ സവർണ്ണ സമൂഹത്തിന്റെ ഇരയായിത്തീർന്നവനാണ്. മനുഷ്യനു വേണ്ടി ശബ്‌ദിച്ചു എന്നതാണ് ഈ അവർണ്ണൻ ചെയ്ത കുറ്റം.

യുവാക്കളെ കൊന്നുതള്ളുന്ന രാജ്യം; മൂത്രത്തിൽ ഉല്ലസിക്കുന്ന പുഴുക്കളാവുകയാണ് മനുഷ്യര്‍

അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് രാജ്യം നാല് പതിറ്റാണ്ട് പിന്നിടുന്നു. പരോക്ഷത്തിൽ ഇന്നും ആ ഭരണകൂട ഭീകരത ഒരിരുണ്ട അധ്യായമെന്നപോൽ തുടർന്നു കൊണ്ടിരിക്കുകയാണ്.വികസനത്തിന്റെ പുകച്ചൂടിൽ ഇന്നും എരിയുകയാണ് ആ തീക്കനൽ. കാലം ആധുനികതയിലേക്ക് വഴിവെട്ടുമ്പോഴും മനുഷ്യൻ ജാതിയുടെ അതിർവരമ്പുകളെ നീക്കം ചെയ്യുന്നില്ല. വിദ്യയിൽ നാം മുന്നേറുമ്പോഴും മാനുഷികത പഠിക്കുന്നില്ല. മൂത്രത്തിൽ ഉല്ലസിക്കുന്ന പുഴുക്കളാവുകയാണ് മനുഷ്യനും. അവര്‍ സ്നേഹിക്കുന്നത് ജാതിയെയാണ് , വെറുക്കുന്നത് തനിക്ക് കീഴ്‌പ്പെട്ടവരെയും.

ജാതീയമായ പീഡനങ്ങൾ കാരണം സ്വയം ജീവനൊടുക്കിയ ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി നേതാവ് രോഹിത് വെമുല ഈ സവർണ്ണ സമൂഹത്തിന്റെ ഇരയായിത്തീർന്നവനാണ്. മനുഷ്യനു വേണ്ടി ശബ്‌ദിച്ചു എന്നതാണ് ഈ അവർണ്ണൻ ചെയ്ത കുറ്റം. ജീവിക്കാൻ സമ്മതിച്ചില്ല, ഈ ഉന്നതകുലം. ജീവിതത്തേക്കാൾ തനിക്ക് നല്ലത് മരണമാണെന്ന് ആ പ്രതിഭ ചിന്തിച്ചു കാണു. പ്രാണഹത്യയേക്കാൾ വലിയൊരു ശിക്ഷയുണ്ടെന്ന് തോന്നുന്നില്ല. ഈ ശിക്ഷ സമ്മാനിക്കുന്നവർ എന്ത് നേടിയെന്നതും അറിയില്ല.

കലുഷിതമായ സമൂഹത്തിലാണ് നാം ജീവിതം തള്ളിനീക്കുന്നത്. നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ്ക്കും സംഭവിച്ചത് ഈ വിപത്തു തന്നെ. പക്ഷെ, നീതിയുക്തമായ അന്വേഷണം നടന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണകൂടം ഇത്രയും അധപതിച്ചു പോയതിൽ നാം ദു:ഖിക്കേണ്ടിയിരിക്കുന്നു.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥി നജീബിന്റെ തിരോധാനവും ഈ കഴിവുകേടിനെ സൂചിപ്പിക്കുന്നു. ഈ മൂന്നു പേരുടേയും അമ്മമാർ ഇന്ന് തെരുവിലാണ്, അവർ നീതിക്കു വേണ്ടി ഇരക്കുകയാണ്. അസ്ഥി നുറുങ്ങുന്ന വേദന അനുഭവിച്ച് തങ്ങളുടെ മക്കൾക്ക് പിറവി കൊടുത്തവരാണവരും. ഇവിടെ നീതിയെന്നത് അധികാരം കൈയിലുള്ളവർക്ക് മാത്രം അവകാശപ്പെട്ടതാകുന്നു. ചരിത്രം ആവർത്തിക്കപ്പെടുകയാണിവിടെ, ഒരു കാലഘട്ടത്തിന്റെ ഹിംസയേയും ചതിയേയും നമ്മുടെ മറവിയിൽ നിന്നും പൊടിതട്ടിയെടുക്കപ്പെടുന്നു, 1976 അടിയന്തരാവസ്ഥക്കാലം. ഇന്ദിരാഗാന്ധി ഇന്ത്യൻ ജനതയ്ക്ക് കാഴ്ചവെച്ച ആ കാലം കാക്കിയുടേയും പട്ടാളഭരണത്തിന്റെയും നേർക്കാഴ്ച്ചയായിരുന്നു.

പി.രാജൻ. കോഴിക്കോട് റീജിയണൽ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി.പോലീസിന്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടപ്പെട്ടു പോയവരിൽ ഒരാൾ. നീതി നിഷേധിക്കപ്പെട്ടുപ്പോയ ആ മകനെ അന്വേഷിച്ചിറങ്ങിയ ഒരച്ഛനുണ്ടായിരുന്നു കേരളത്തിൽ. പ്രൊ. ടി.വി. ഈച്ചരവാര്യർ. 1976 മാർച്ച് 1 ന് രാജനെ നക്സൈലേറ്റെന്ന് മുദ്രകുത്തി തുറുങ്കിലടക്കുന്നു. ഈച്ചരവാര്യരുടെ പ്രയാണം ഈ ദിനം കുറിക്കുകയാണ് .ഭരണം കൈയിലാറാടുന്ന മേലധികാരികളുടെ മുഖംമൂടികൾ ഇവിടെ അഴിക്കപ്പെടുന്നു. എ.കെ ആന്റണി, സി അച്യുതമേനോൻ പിന്നെ സുപരിചിതനായ കെ.കരുണാകരനും. മലയാളക്കരയിൽ ഇവർ കൊത്തി വെച്ച മൂർച്ചയുള്ള വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു .ഇവർ മൂവരും കൂടുതൽ കാലം കേരളം ഭരിച്ചവർ തന്നെ. എന്നാൽ ആ സദ്ഭരണത്തിൽ ഒരിറ്റു ധർമ്മത്തിന്റെയോ കർമ്മത്തിന്റെയോ അംശമുണ്ടായിരുന്നില്ല. അതിനേറ്റവും വലിയ തെളിവാണ് രാജൻ കൊലക്കേസ്. ഇന്ത്യയെ കൊടിമ്പിരി കൊള്ളിച്ച ഈ സംഭവം ഈ മൂവരുടെ അനാസ്ഥ മൂലമെന്ന് പറഞ്ഞാലും സത്യമറിഞ്ഞവർ തെറ്റുപറയില്ല .അവർ കാണിച്ച ക്രൂരത രാജനോടായിരുന്നില്ല, ഈ സമൂഹത്തോടായിരുന്നു, നീതിയോടായിരുന്നു.

കണ്ണീരുകൊണ്ടും അജയ്യമായ സഹനശക്തി കൊണ്ടും ഒടുങ്ങാത്ത പോരാട്ട വീര്യത്താൽ മരണം വരെ പോരാടിയ ആ അച്ഛൻ മുട്ടാത്ത വാതിലുകളില്ല, പിടിക്കാത്ത കാലുകളും. നാടു മുഴുവൻ നീതിക്ക് വേണ്ടി ഓടി നടന്നു അദ്ദേഹം. കാരുണ്യമുള്ള ഒരു നോട്ടം പോലും കിട്ടിയില്ല ആ മനുഷ്യന്. പരാതിയില്ലദ്ദേഹത്തിന്, പരിഭവവുമില്ല .തീർത്തും രാജൻ ഒരു കുടുoബത്തിന്റെ മാത്രം വേദനയിലൊതുങ്ങി. സമൂഹം ഇദ്ദേഹത്തെ തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു പാട് വൈകി.മകന്റെ തിരോധാനത്താൽ ചിത്ത രോഗിയായിത്തീർന്ന ഭാര്യ, സമനില തെറ്റിപ്പോയ കുടുംബം. എന്തിനേറെ, ഒരു മനുഷ്യന് ഒരായുസ്സ് മുഴുവൻ അനുഭവിച്ച് തീർക്കേണ്ടത് അദ്ദേഹം തന്റെ കുറഞ്ഞ പ്രായത്തിനുള്ളിൽ അനുഭവിച്ചു തീർത്തു.

കലയുടെ മാസ്മരിക ലോകത്ത് ജീവിച്ചിരുന്ന രാജൻ കാക്കിയെന്ന ക്രൂരതയുടെ ഇ രയായിത്തീർന്നു. നിസ്സഹായമായ അലർച്ചകൾ നിറഞ്ഞൊഴുകി വറ്റിപ്പോയ കണ്ണുകൾ, ഒരിര പിടഞ്ഞു തീരുമ്പോൾ പിടഞ്ഞവസാനിക്കാൻ വേണ്ടി മറ്റൊരിര കാത്തു നിൽക്കുന്നു. കക്കയം ക്യാമ്പിലെ നേർക്കാഴ്ചയായിരുന്നു ഇത്. ഉണങ്ങാത്ത വ്രണങ്ങൾ പ്പോലെ അനുഭവസ്ഥർ പറയുന്നു.ഡി.ഐ.ജി ജയറാം പടിക്കൽ ഈ ശാന്തത കാരണമാവാം ഇവിടം തിരഞ്ഞെടുത്തത്. പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയാവുന്ന ജീവിതങ്ങൾ, ഉരുട്ടൽ മുറകൾ, പെൻസിൽ മുനപ്രയോഗം, വേദന മരണത്തിന്റെ രൂപത്തിൽ എത്തി രാജനു മുമ്പിൽ. പിടിച്ചു നിൽക്കാൻ ആ പ്രതിഭക്ക് കഴിഞ്ഞില്ല. ഇതാണൊ നീതിപീഠം അനുശാസിക്കുന്ന ജനാധിപത്യം?, പൗരനു വേണ്ടുന്ന നീതിയെവിടെ? ,അവകാശങ്ങളെവിടെ? പ്രതികരണമില്ലായ്മക്കും ഉദാസീനതക്കും ചരിത്രം ഒരിക്കലും മാപ്പു കൊടുത്തിട്ടില്ല . കഥയുടെ ലോകം അകലുകയാണ്. ഓരോ അറിവിലും സത്യത്തിന്റെ മുഴക്കമുണ്ട്. വേട്ടക്കാർ വേട്ട തുടരുകയും ഇരകൾ കൈകൂപ്പി ജീവനു വേണ്ടി യാചിച്ചു നിൽക്കുകയും ചെയ്യുന്നു.

രാജന്മാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്കു വേണ്ടി പൊരുതുന്ന അച്ഛനമ്മമാർ ഏറി വരുന്നു. നീതി നിഷേധിക്കപ്പെടുന്നു.അവർ അനീതിക്കിരയാവുന്നു. ഈ കാലചക്രം ഇനിയും തിരിഞ്ഞു കൊണ്ടേയിരിക്കും . അവസാനമില്ലതിന്, അഴിമതിയുടെ കരങ്ങൾ വെട്ടിയകറ്റുന്നത് വരെ...

Read More >>