സംഘപരിവാരമേ... നിങ്ങളുടെ കണ്ണുകളിലെ മഞ്ഞ നിങ്ങളുടെ മാനസിക വൈകൃതമാണ്

ഓര്‍മ്മയുണ്ടാകുമല്ലോ ഗുജറാത്ത് ? നിങ്ങള്‍ക്കു പെണ്ണ് കാമവും രോഷവും തീര്‍ക്കാനുള്ള ഉപകരണമായിരുന്നല്ലോ? നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തില്‍ എവിടെയാണു പെണ്ണിന്റെ ഇടമെന്ന് നിങ്ങള്‍ക്കു തന്നെ നന്നായിട്ടറിയാമല്ലോ. നിങ്ങളുടെ കണ്ണുകള്‍ മഞ്ഞളിച്ചിരിക്കുന്നു. എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജത്ത് സുഹൈല എഴുതുന്നു.

സംഘപരിവാരമേ... നിങ്ങളുടെ കണ്ണുകളിലെ മഞ്ഞ നിങ്ങളുടെ മാനസിക വൈകൃതമാണ്

ഖദീജത്ത് സുഹൈല

ചൂരല്‍ പ്രയോഗം കൊണ്ട് ഈ കേരളത്തെ പുറകോട്ട് വലിക്കാമെന്ന് ധരിക്കുന്നുവെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. സംഘ പരിവാരമേ...'മഞ്ഞക്കണ്ണു കൊണ്ടു നോക്കിയാല്‍ ഒക്കെ മഞ്ഞയായിട്ടേ കാണൂ. നിങ്ങളുടെ കണ്ണുകളിലെ മഞ്ഞ നിങ്ങളുടെ മാനസിക വൈകൃതമാണ്. അതു നിങ്ങളുടെ ചരിത്രവും ഭൂതകാലവുമാണ്. ഓര്‍മ്മയുണ്ടാവുമല്ലോ ഗുജറാത്ത്? നിങ്ങള്‍ക്ക് പെണ്ണ് കാമവും രോഷവും തീര്‍ക്കാനുള്ള ഉപകരണമായിരുന്നല്ലോ?

നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തില്‍ എവിടെയാണ് പെണ്ണിന്റെ ഇടമെന്ന് നിങ്ങള്‍ക്കു തന്നെ നന്നായിട്ടറിയാമല്ലോ. നിങ്ങളുടെ കണ്ണുകള്‍ മഞ്ഞളിച്ചിരിക്കുന്നു. നിങ്ങളുടെ ബോധത്തിലും അബോധത്തിലും അത് നിങ്ങളെ ഭ്രാന്തന്മാരും മന്ദബുദ്ധികളും മൃഗങ്ങളുമാക്കുന്നു. അതു തന്നെയാണ് മറൈന്‍ ഡ്രൈവിലും സംഭവിച്ചത്. നിങ്ങളുടെ ചൂരല്‍ പ്രയോഗം കൊണ്ട് പ്രണയങ്ങളെ പൊതു ഇടങ്ങളില്‍ നിന്നും പിഴുതെറിയാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.

ഇനിയുമിനിയും കവിത പൂക്കുന്നിടത്തെല്ലാം ഞങ്ങള്‍ ഒരുമിച്ചിരിക്കും. 'ഗിരി നിരകളിലെ ശങ്കു പുഷ്പങ്ങളെക്കുറിച്ചും ഹെയ്‌സല്‍ പുഷ്പങ്ങളെക്കുറിച്ചും' ഞങ്ങള്‍ നിര്‍ത്താതെ സംസാരിക്കും.

ജാതിക്കും മതത്തിനും ഭാഷയ്ക്കും ലിംഗത്തിനുമെല്ലാമപ്പുറം ഈ ലോകം മനുഷ്യരുടേതാണ്. സ്‌നേഹം കൊണ്ടും പ്രണയം കൊണ്ടും മാത്രമാണ് ഈ ഭൂമിയും ആകാശവും മനുഷ്യന്റെ സാന്നിധ്യം അനുഭവിച്ചറിയുന്നത്. 'നിങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും തിന്നാന്‍ ഗോതമ്പും കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സ്‌നേഹം തിന്നുകയും കണ്ണീര്‍ കുടിക്കുകയും വേണമെന്ന് 'ദാര്‍വിഷ് .

അവിടെ ജാതിയില്ല
മതമില്ല
ലിംഗമില്ല
ഭാഷയില്ല
മനുഷ്യന്‍ മാത്രമാണ്. അവിടെ നിറമുള്ള ഭൂമിയും അതിരുകളില്ലാത്ത ആകാശവുമുണ്ടാകുന്നു...
അവിടെ പൂക്കള്‍ക്ക് സുഗന്ധമുണ്ടാകുന്നു ..

അവിടെ പുഴകള്‍ പാടുന്നു. കുഞ്ഞുങ്ങളുടെ അരുവിച്ചിരികളെ നമുക്ക് നോക്കിനില്‍ക്കാനാവുന്നു. (ഇതൊന്നും സംഘികള്‍ക്കും രമേശ് ചെന്നിത്തലയ്ക്കുമൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല).
പ്രണയം സാധ്യമാണ്
അതൊരു സാധ്യതയാണ്
അതൊരു തരം വിപ്ലവ പ്രവര്‍ത്തനമാണ് അത് കൊണ്ട്
ഞങ്ങള്‍ പ്രണയിക്കുന്നവരുടെ കൂടെയാണ്.
ഞങ്ങള്‍ നല്ല സൗഹൃദം പങ്കിടുന്നവരുടെ കൂടെയാണ്.

മറൈന്‍ ഡ്രൈവിലും അഴീക്കല്‍ ബീച്ചിലും കോഴിക്കോട് കടപ്പുറത്തും തുടങ്ങി നിങ്ങള്‍ സദാചാരത്തിന്റെ വടിയുമായി ചെല്ലുന്ന സകലമാന ഇടങ്ങളിലും ഇനിയും ഞങ്ങള്‍ കൈ കോര്‍ത്തു നടക്കും.
.ഇനിയും ഞങ്ങള്‍ സൗഹൃദം പങ്കിടും.
ഇനിയും ഞങ്ങള്‍ ഉറക്കെ സംസാരിക്കും.
ഇനിയും ഞങ്ങള്‍ ആര്‍ത്തു ചിരിക്കും
ഇനിയുമിനിയും ഞങ്ങള്‍
ഒറ്റ ബെഞ്ചിലിരിക്കും.
ആയിരമായിരം വട്ടം മനുഷ്യ സ്‌നേഹത്തിന്റെയും നിത്യ പ്രണയത്തിന്റേയുംകൂടെ തന്നെയാണ്.