പൂക്കോട്ടുംപാടം വിഗ്രഹ നിന്ദ: പിടിയിലായത് കുട്ടിക്കുരങ്ങൻ; ശ്രീ വാസ്തവയുടെ ഉപദേശം തേടാതെ വാസ്തവം കണ്ടെത്തണം

വിദേശവരുമാനത്തിലാണ് മലയോരത്തു അക്രമമുണ്ടായതെന്നും ഉടൻ റിപ്പോർട്ടുകൾ വരും. അതോടെ അവിടങ്ങളിൽ ജീവിക്കുന്നവരുടെ ബാങ്ക് അക്കൌണ്ടുകൾ നിരീക്ഷിക്കാൻ തുടങ്ങും. ബാങ്ക് ഇടപാടുകൾക്ക് പിന്നീട് സത്യവാങ്മൂലം നിര്ബന്ധമാകും. ഇതാണ് അരാജകത്വം - നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവേൽ എഴുതുന്നു

പൂക്കോട്ടുംപാടം വിഗ്രഹ നിന്ദ: പിടിയിലായത് കുട്ടിക്കുരങ്ങൻ; ശ്രീ വാസ്തവയുടെ ഉപദേശം തേടാതെ വാസ്തവം കണ്ടെത്തണം

മലപ്പുറം പൂക്കോട്ടുംപാടം ക്ഷേത്രത്തിൽ വിഗ്രഹ നിന്ദ നടത്തി അവിടെ മലവിസർജനം ചെയ്ത കേസിൽ സർക്കാർ ഒരു പ്രത്യേക പോലീസ് ടീമിനെ വച്ചു തന്നെ കേസ് അനേഷിക്കേണ്ടതാണ്. ഒരു വിദഗ്‌ധ ടീം സ്വതന്ത്രമായി ഈ ഗൂഢാലോചന അന്വേഷിക്കണം. അവർക്കു അന്വേഷണത്തിനുള്ള പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കണം. ഇതിന്റെ എല്ലാ ഗൂഢാലോചനയും പുറത്തുവരണം. എത്ര ഉന്നതർ ഇതിന്റെ പിന്നിലുണ്ടായാലും അവരെയും ചോദ്യം ചെയ്യണം. ഒരു നാടിനെയും അതിലെ ജനങ്ങളെയും വർഗീയ കലാപത്തിലേക്ക് തള്ളിയിടാനുള്ള നീക്കം ഏതായാലും വെറുതെയല്ല. ഭയാനകമായ ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ട് എന്ന് പകൽ പോലെ വ്യക്തം.

പോലീസ് അറസ്റ്റ് ചെയ്ത പ്രതി വെറും ഒരു കുട്ടിക്കുരങ്ങൻ മാത്രമാണെന്നു ആർക്കാണ് അറിയാത്തത്? റംസാൻ വ്രതം തുടങ്ങുന്ന ദിവസം തന്നെ തിരഞ്ഞെടുത്തത് വെറുതെയല്ല. നിമിഷാർദ്ധത്തിൽ വർഗ്ഗീയ സ്പർധ ആളിക്കത്തിക്കുവാൻ ഇതിലും മികച്ച ഒരു ദിവസമുണ്ടോ? ഒരു സമൂഹത്തെ മുഴുവൻ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തുന്നതും പോരാ ഇനി മതാന്ധന്മാർ ആണെന്നും കൂടി ഇവർക്ക് വരുത്തി തീർക്കണം.

കേന്ദ്ര അർധസൈനിക വിഭാഗത്തെ വർഗ്ഗീയ ലഹള അടിച്ചു അമർത്തുവാൻ കൊണ്ടുവരുന്നതോടെ സംഭവങ്ങളുടെയും അന്വേഷണത്തിന്റെയും ഗതി മാറും. വിദേശവരുമാനത്തിലാണ് മലയോരത്തു അക്രമമുണ്ടായതെന്നും ഉടൻ റിപ്പോർട്ടുകൾ വരും. അതോടെ അവിടങ്ങളിൽ ജീവിക്കുന്നവരുടെ ബാങ്ക് അക്കൌണ്ടുകൾ നിരീക്ഷിക്കാൻ തുടങ്ങും. ബാങ്ക് ഇടപാടുകൾക്ക് പിന്നീട് സത്യവാങ്മൂലം നിര്ബന്ധമാകും.ഇതാണ് അരാജകത്വം.പക്ഷെ പറഞ്ഞിട്ടെന്ത്....?

ഭീകരവാദിയാകാതിരിക്കാൻ ഇതും സഹിക്കണം.

ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ മുന്നിൽ ഒരപേക്ഷ വയ്ക്കുകയാണ്, ഈ അനേഷണത്തിൽ അങ്ങേയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവയെ ദയവായി ഒഴിവാക്കണം. ഈ ഒരു അന്വേഷണത്തിനു അങ്ങേയ്ക്കു ആരുടെയും ഉപദേശം ആവശ്യമില്ല. ഇതു ഒരു വലിയ വിഭാഗത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്, ആത്മാഭിമാനത്തിന്റെയും !