മാദ്ധ്യമപ്രവര്‍ത്തനവും മംഗളപ്രവര്‍ത്തനവും

ഈ ലേഖനത്തിലൂടെ ഞാന്‍ നടത്തുന്നതും മംഗളപ്രവര്‍ത്തനമാണ്. മംഗളം വര്‍ഗീസിനു സ്തുതിയായിരിക്കട്ടെ- നാരദ റെസിഡന്റ് എഡിറ്റര്‍ സെബിന്‍ എ ജേക്കബ് എഴുതുന്നു.

മാദ്ധ്യമപ്രവര്‍ത്തനവും മംഗളപ്രവര്‍ത്തനവും

രണ്ടുവഴികളെക്കുറിച്ചല്ല പറയുന്നത്. ഒറ്റ വഴിയെക്കുറിച്ചാണ്. നിളയെന്നും ഭാരതപ്പുഴയെന്നും ഒറ്റ മണല്‍പ്പരപ്പിനെ കുറിച്ചുപറയുംപോലെ തന്നെ. പേരെന്തായാലും അവിടെ വര്‍ഷകാലത്തൊഴികെ പുഴയൊഴുകുന്നില്ല. അഥവാ മാദ്ധ്യമപ്രവര്‍ത്തനമായാലും മംഗളപ്രവര്‍ത്തനമായാലും അവിടെ രണ്ടിന്റെയും എസന്‍ഷ്യല്‍ പ്രീകണ്ടീഷനായ വാര്‍ത്തയില്ല. പകരം വാര്‍ത്തയുന്തുകാരുടെ താത്പര്യങ്ങള്‍ മാത്രമാണുള്ളത്. അവയിങ്ങനെ കയറിയുമിറങ്ങിയും കിടക്കുന്നു.

മലയാളിക്കെന്നല്ല, ലോകത്തെവിടെയും ഇതൊക്കെത്തന്നെയാണു നടപ്പ്. സായിപ്പിനൊരു daily mail. നമുക്കൊരു... അല്ലെങ്കില്‍ വേണ്ട. എന്തുകൊണ്ടു ഞങ്ങളുടെ പേരു പറഞ്ഞില്ല എന്ന് ഒരു പത്രക്കാരനും ധര്‍മ്മസങ്കടം തോന്നേണ്ടല്ലോ.

പറഞ്ഞുവന്നത്, വോയറിസം കേവലം ലൈംഗികതയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എന്നാണ്. ചെറി ഓവര്‍ ദി ഐസിങ് എന്നൊക്കെപ്പറയുംപോലെ നാലാമത്തെ പെഗ്ഗില്‍ വന്നുവീഴുന്ന ഐസുകട്ടയാണു കമ്പിതവര്‍ത്തമാനം. അതിനു പ്രത്യേക കമ്പോളമുണ്ട്. പോണോഗ്രഫി ഔദ്യോഗികമായി നിരോധിച്ച രാഷ്ട്രങ്ങളില്‍ വിറ്റുപോകുന്നതിനു ചില വെബ് സൈറ്റുകള്‍ ബോധപൂര്‍വ്വം തയ്യാറാക്കുന്ന സോഫ്റ്റ് പോണ്‍ വാര്‍ത്തകള്‍ പോലെ വൈകുന്നേരത്തെ പരിപാടിക്കിട്ട ഒരു കട്ട.

ഏന്‍ വഴി തനിവഴി എന്നു സ്ഥാപിക്കാനാണു പലരും മംഗളപ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നത്. തരംകിട്ടിയപ്പോഴൊക്കെ മംഗളപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ ആണു ഭൂരിപക്ഷവും. നേരത്തെ പറഞ്ഞതുപോലെ സെക്സ് ആയിരിക്കില്ല പിവറ്റല്‍ പോയിന്റ് എന്നുമാത്രം. രാഷ്ട്രീയവിരോധവും വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളും ഒക്കെയാവാം. ചിലപ്പോള്‍ ജാതി, വര്‍ഗ്ഗ നിലകളാവാം.

'വായനപ്രവര്‍ത്തകരെന്നും കാഴ്ചപ്രവര്‍ത്തകരെന്നും കേള്‍വിപ്രവര്‍ത്തകരെന്നും' ഉള്ള നിലയ്ക്ക് ചില കമ്പിത വര്‍ത്തമാനങ്ങളെ നമ്മുടേതെന്നും ചില കമ്പിത വര്‍ത്തമാനങ്ങളെ അവരുടേതെന്നും തരംതിരിക്കാനുള്ള അവസരം മാത്രമാണു നമുക്കുള്ളത്. പച്ചക്കളസമിട്ടയാളാണോ കുടുങ്ങാന്‍ പോണത്? അതു നമ്മുടെ മുത്തല്ലേ? ചുമലക്കളസമിട്ടയാളാണോ കുടുങ്ങാന്‍ പോണത്? അതവരുടെ കെണിയല്ലേ? അത്രയും വിഭജിതമാണു പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും.

മംഗളപ്രവര്‍ത്തനം എന്നതു ന്യൂനീകരിച്ച പ്രയോഗമാണ് എന്ന അഭിപ്രായമുള്ളവരുണ്ടാവാം. ഉദാഹരണത്തിനു നന്ദകുമാരനും നന്ദകുമാരനെ പോറ്റിയ മറ്റേ കുമാരനും അടങ്ങിയ പ്രവര്‍ത്തനത്തിന് ആ പേരു പോതുമോ എന്നു ചിലര്‍ ചോദിക്കുന്നു. അല്ലെങ്കില്‍ ദക്ഷിണാവര്‍ത്തിയിലെ ഭൂപാളരാഗത്തിലുള്ള പുതിയ മീട്ടലിന്... അങ്ങനെ പലവിധ പ്രവര്‍ത്തനങ്ങളുണ്ട്.

അമേധ്യപ്രവര്‍ത്തനം എന്നായിരുന്നു പ്രമോദ് രാമന്‍ വിശേഷിപ്പിച്ചത്. സംഗതി എന്താണെങ്കിലും വന്‍ ചര്‍ച്ചയാണ്. പിണറായി മന്ത്രിസഭയില്‍ പ്രണയമുള്ളവരൊക്കെ ഉണ്ടല്ലേ എന്നു പഞ്ചപാവം ടോണില്‍ പോ.മോ.കള്‍.

വൈകിയെങ്കിലും വാര്‍ത്തയുടെ ധാര്‍മ്മികതയെക്കുറിച്ചൊക്കെ നമ്മുടെ മാദ്ധ്യമപ്രവര്‍ത്തകശിങ്കങ്ങള്‍ ബോധവാന്മാരാകുന്നതില്‍ ഒരു കാവ്യനീതിയൊക്കെയുണ്ട്. സമൂഹമെന്ന നിലയില്‍ കിട്ടാക്കനിയുടെ പുളിപ്പില്‍ നിന്ന് ആനന്ദരാഷ്ട്രീയത്തിന്റെ വിഹായസ്സിലേക്കുള്ള മലയാളിയുടെ വിരിഞ്ഞുനടത്തത്തിന്റെ തുടക്കമാണത് എന്നു കാണാനാണ് എനിക്കിഷ്ടം. നാണം എന്ന 'അധമവികാരം' നഷ്ടപ്പെടുകയും പറഞ്ഞുറപ്പിച്ചതിന്‍പ്രകാരം ഭോഗം എന്ന സൗകര്യക്കിടക്ക വിരിച്ചിടുകയും ചെയ്യുന്ന ആ സുദിനത്തിലേക്ക് എന്റെ നാടുണരണേ ദൈവമേ എന്നു 'ഗീതാഞ്ജലിയില്‍ ടാഗോര്‍'! അതിനെ നന്നെന്നോ മോശമെന്നോ പറയാന്‍ ഞാന്‍ ആളല്ല. തരംകിട്ടുക എന്നതു തന്നെയാണു കാര്യം. തരംകിട്ടാനുള്ള പെടാപ്പാടിനിടയില്‍ വസ്തുനിഷ്ഠത എന്ന കളഞ്ഞുപോയ ഉപകരണം ഇനിയെങ്കിലും തപ്പിയെടുക്കും എന്നു പ്രതീക്ഷിക്കാം.

മലയാളി പുരുഷന്റെ ധാര്‍മ്മികതയെ കുത്തിനോവിച്ച ചിത്രം എന്നൊക്കെ മറ്റൊരു അമേധ്യപ്രവര്‍ത്തനത്തെ കുറിച്ച് അരികുവത്കരിക്കപ്പെട്ട പീഡോഫീല്‍ കുഞ്ഞുങ്ങളുടെ മിശിഹ വാദിച്ചിട്ടു ദിവസങ്ങളായില്ല. ധാര്‍മ്മികതയൊക്കെ എത്രയോ മോശപ്പെട്ട കാര്യമാണ് എന്നു സ്ഥാപിച്ചുകൊണ്ടിരിക്കയായിരുന്നു, ഫേസ്ബുക്കിലെ കമ്പിതപ്രവര്‍ത്തകരും അമാനവ അനാക്രി ബുജികളും. അതിനിടയിലാണു സ്വകാര്യ പോണ്‍ സംഭാഷണം കടന്നുവരുന്നത്. വിഷയാസക്തി വിട്ടു കളിയില്ലാത്തതിനാല്‍ ഇവിടെ അഭിപ്രായം തിരിച്ചാണ്. നന്നായി. ആദിമദ്യാന്തപ്പൊരുത്തമെന്നത് എപ്പിസ്റ്റമോളജിക്കല്‍ വയലന്‍സ് ആയതിനാല്‍ ചോദ്യം ചെയ്യാനില്ല.

ചോദ്യം ഇത്രയേയുള്ളൂ. മന്ത്രിക്കു ഫോണ്‍ സെക്സ് ആകാമോ? സംഗതിവശാല്‍ ഏറ്റവും സേഫ് ആയ സെക്സാണ്, ഫോണ്‍ സെക്സ്. കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇടയില്‍ സ്മാര്‍ട് ഫോണിലെ

പ്രോക്സിമിറ്റി സെന്‍സര്‍ നല്‍കുന്ന ബ്ലാക്ക് മിറര്‍ ആണുള്ളത്. അതായതു ശബ്ദമല്ലാതെ ഒന്നുമില്ല. അമേരിക്കക്കാരന്‍ പറയുന്ന റബ്ബറിന്റെ അമിതോപയോഗം മൂലമുള്ള പരിസ്ഥിതിനാശമില്ല. അതു പെറുക്കാന്‍ ക്വൊട്ടേഷന്‍ എടുത്തവര്‍ ജെഎന്‍യു വിട്ടുവന്നിട്ടു പ്രത്യേകിച്ചു കാര്യമില്ല. അബദ്ധംപറ്റിയോ എന്നു പേടിച്ച് മോണിങ് ആഫ്റ്റർ പില്‍ തേടി അലയേണ്ട. ചിലയിനം അര്‍ബുദങ്ങളെ അകറ്റുമെന്നു പഠനത്തില്‍ തെളിഞ്ഞ DHEAയും ഓക്സിടോക്സിനും പോലെയുള്ള ഹോര്‍മോണുകള്‍ ഫോണ്‍വഴിയും ഉത്പാദിപ്പിക്കാം എന്ന സാധ്യതയുമുണ്ട്.
ഗുളുഗുഗ്ഗുളുഗുഗ്ഗുളൂ
പോലെയുള്ള പ്രശസ്തമായ ചില സമസ്യാപൂരണങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദമാന്ത്രികത അധികവിശേഷം. പിന്നെ ആര്‍ക്കാണു പ്രശ്നം??

പ്രശ്നം ഇതിനെയൊക്കെ മനോമുകുരത്തില്‍ കണ്ട് സങ്കല്പസാമ്രാജ്യത്തിലെ അര്‍ദ്ധകിരീടംകൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്ന മുറിനാക്കന്‍മാര്‍ക്കാണ്. മന്ത്രിയെക്കാള്‍ സമയവും സന്ദര്‍ഭവും ഏറ്റവും പ്രധാനമായി പരസ്പരം ആവശ്യങ്ങള്‍ അറിയുന്ന സൗഹൃദവുമുണ്ടെങ്കില്‍ മുറിനാക്കനാവേണ്ടിവരില്ല. ആ നാക്കില്‍ സ്റ്റിച്ച് ഇട്ടോളൂ.

പറഞ്ഞുവച്ചാല്‍ ഈ ലേഖനത്തിലൂടെ ഞാന്‍ നടത്തുന്നതും മംഗളപ്രവര്‍ത്തനമാണ്. മുത്താണു മംഗളം. ചിപ്പിയില്ലാത്ത മുത്ത്. മംഗളം വര്‍ഗീസിനു സ്തുതിയായിരിക്കട്ടെ. കറണ്ടുകട്ടുകാലത്തെ വി.സി.പി.ക്കു മുമ്പ് മെത്തപ്പായയില്‍ ഒട്ടിപ്പോയ കൗമാരങ്ങള്‍ക്ക് അദ്ദേഹത്തെ തള്ളിപ്പറയാനാവണമെന്നില്ല.

മന്ത്രി രാജിവയ്ക്കണമോ വേണ്ടയോ എന്ന തീരുമാനം പൊതുസമൂഹത്തിന്റെ ധാര്‍മ്മികതയ്ക്കു വിടേണ്ട കാര്യമല്ലതന്നെ. അതില്‍ തീരുമാനമെടുക്കാനുള്ള അയാളുടെ വ്യക്തിപരമായ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. കുവൈറ്റ് ചാണ്ടി കത്തിച്ച മെഴുകുതിരികള്‍ക്ക് അതുണ്ടാക്കിയ കമ്പനിയുടെ അദ്ധ്വാനമൂല്യമെങ്കിലും ഉണ്ടാവേണ്ടതല്ലേ? കുട്ടനാടിന് ഒരു നൊവേന. ചാണ്ടിക്കുവേണ്ടി ആ കുരിശേറ്റിയ ജയചന്ദ്രന് ഒരു ഒപ്പീസ്.

ഇനി തീരുമാനമാകേണ്ട പ്രശ്നം, ഫോണ്‍ സംഭാഷണം ചോര്‍ത്താമോ എന്നതാണ്. അതിനുള്ള ഉത്തരം മലപ്പുറം സമ്മേളനം തന്നിട്ടുണ്ട്. ആ ഉത്തരം ഒരു ക്ലൂ ആയി എടുത്താല്‍ ആളുകള്‍ക്കു കൊള്ളാം. ഇല്ലെങ്കില്‍ ഹാപ്പിലി മാരീഡ് ഫോറെവര്‍ എന്നു നാട്ടുകാരെക്കൊണ്ടു വെറുതെ പറയിക്കാമെന്നു മാത്രം.